ADVERTISEMENT

അവൾ 

മരിച്ച വീട്ടിൽ

മുലപ്പാലിന്റെ മണമാണ് 

 

 

മരണത്തെ

തൊട്ട നിമിഷം വരെയവൾ

അവസാനത്തെ കൊച്ചിനെ

മാറോട് ചേർത്ത് 

പിടിച്ചിട്ടുണ്ടായിരുന്നു

 

എന്ന് 

മരണമുറപ്പിച്ചയാൾ

സാക്ഷി പറയുന്നു 

 

കുളിപ്പിക്കുമ്പോഴും

മാറിൽ പറ്റിയ

മുലപ്പാൽക്കറ 

കഴുകിക്കളയാൻ

നന്നേ സങ്കടപ്പെട്ടെന്ന്

പറഞ്ഞ്

ആ സ്ത്രീ കരയുന്നുണ്ടായിരുന്നു 

 

 

അവൾ മരിച്ച വീട്ടിൽ

നിറയെ 

മുലപ്പാലിന്റെ മണമായിരുന്നു 

 

 

ഇഴഞ്ഞിഴഞ്ഞ് 

മുറിയിലാകെ 

അമ്മയെത്തിരയുന്ന കുഞ്ഞ്

ആ മണം പിടിച്ച്

ചുണ്ടു നുണയുന്നുണ്ടായിരുന്നു 

 

അവൾ മരിച്ച വീട്ടിൽ

നിറയെ 

മുലപ്പാലിന്റെ മണമായിരുന്നു 

 

വീടു നിറയെ താരാട്ട്

പാട്ടിന്റെ ഈണമായിരുന്നു 

മരിച്ചിട്ടും 

മച്ചിൽ തുക്കിയിട്ട 

തൊട്ടിലാടുന്നുണ്ടായിരുന്നു 

 

അവൾ മരിച്ച വീട്ടിൽ

നിറയെ

മുലപ്പാലിന്റെ 

മണമായിരുന്നു.

 

അമ്മയായ കാലം മുതൽ

വീടുവിട്ട് പോയിട്ടില്ലെന്ന്

സെറലാക്ക് കലക്കിയ

പാത്രം സദാ കൈയ്യിൽ

കാണുമെന്ന് 

അയൽക്കാരി

ആണയിടുന്നു 

 

അവൾ മരിച്ചു

അനാഥരാക്കപ്പെട്ട

കുഞ്ഞുവായകൾ

തൊണ്ട കീറിക്കരയുന്നുണ്ടായിരുന്നു

 

വീട്ടു വരാന്തയിലെ

ഇരിപ്പിടത്തിനരികിലെ മതിലിൽ

മടിയിൽ മക്കളെ 

മാറി മാറി വെച്ചുറക്കിയവളുടെ

തലപ്പാടുണ്ടായിരുന്നു 

 

അവൾ മരിച്ച വീട്ടിൽ

നിറയെ

മുലപ്പാലിന്റെ മണമായിരുന്നു !!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com