ADVERTISEMENT

പ്രണയമഴച്ചില്ലുകൾ 

അവസാന ദിവസങ്ങളിലാണ് ആ മാറ്റമുണ്ടായത്. കോളജ് യൂണിയൻ ഉദ്ഘാടന പരിപാടിക്ക്  ചീഫ് ഗസ്റ്റ് ആയി വരാമെന്ന് ഏറ്റിരുന്ന സിനിമാ നടൻ കാലുമാറി.  പകരം യുവ എഴുത്തുകാരി ദുർഗ ചന്ദ്രശേഖരനെ കൊണ്ടുവരാനാണ് കുട്ടികളുടെ പ്ലാൻ. ആളു ഫാമിലിയായി ബാംഗ്ലൂർ സെറ്റിലാണ് എങ്കിലും ഇപ്പോൾ കേരളത്തിൽ ഉണ്ട്. കുട്ടികൾ പ്രിൻസിപ്പലുമായി സംസാരിച്ച്‌  അക്കാര്യം അങ്ങ്  ഉറപ്പിച്ചു.

അങ്ങനെ പരിപാടിയുടെ ദിവസമെത്തി.  ദുർഗ ചന്ദ്രശേഖർ കൃത്യസമയത്ത് തന്നെ എത്തി. കുട്ടികളുടെ തിക്കി തിരക്കലുകൾക്ക് ഇടയിലൂടെ പ്രിൻസിപ്പലും യൂണിയൻ ചെയർമാൻ കൂടി അവരെ സ്വീകരിച്ചു. അവരെ നേരെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. "സ്റ്റാഫിനൊക്കെ  മാഡത്തിന്റെ  ഓട്ടോഗ്രാഫ് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. പരിപാടിക്കായി സ്റ്റേജിൽ പോകുന്നതിനു മുൻപ് മാഡത്തിന് വിരോധമില്ലെങ്കിൽ... ".   പ്രിൻസിപ്പൽ പറഞ്ഞു മുഴുമിക്കുന്നതിന് മുൻപേ അവർ ചിരിച്ചുകൊണ്ട് സമ്മതം മൂളി.  ഓരോരുത്തരായി ഓട്ടോഗ്രാഫ് വാങ്ങി. അവസാനം ഞാൻ അവർ ഇരുന്നിരുന്ന കസേരയുടെ പുറകിലൂടെ ചെന്ന് എന്റെ തുറന്നുപിടിച്ച ഓട്ടോഗ്രാഫ് ബുക്ക് അവർക്ക് നേരെ നീട്ടി.  ആ ബുക്കിന്റെ  നടുവിലെ പേജുകൾ ആയിരുന്നു ഞാൻ അവർക്ക് നൽകിയത്.  അതിന്റെ ഒരു വശത്ത് "അവളുടെ പ്രണയത്തിനായി ഒഴിച്ചിട്ട എന്റെ ഹൃദയത്തിന്റെ നടുപ്പേജുകൾ"  എന്ന് എഴുതിയിരുന്നു. മറുഭാഗം അവർക്ക് ഓട്ടോഗ്രാഫ് എഴുതാനായി ഒഴിച്ച് ഇടുകയും ചെയ്തിരുന്നു. ആ എഴുതിയത് വായിച്ച്‌ അവർ പുറകിലേക്ക് തിരിഞ്ഞു നോക്കി.  ഞാൻ എന്റെ താടിയിൽ തടവി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അവർ കുറച്ചുനേരം മൗനമായി ഇരുന്നു.  എന്നിട്ട് ആ ബുക്ക് എടുത്ത് അവരുടെ ഹാൻഡ്ബാഗിന് അകത്തേക്ക് എടുത്തു വച്ചു. ഇയാൾക്ക് ഓട്ടോഗ്രാഫ് ഞാൻ പോകുമ്പോൾ തരാം എന്നു പറഞ്ഞ് അവർ എണീറ്റ് സ്റ്റേജിലേക്ക് പോയി.

ഉദ്ഘാടന പ്രസംഗത്തിനു ശേഷം അവർ നേരെ കാന്റീനിലേക്ക് പോകുന്നത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കുട്ടി വന്നു പറഞ്ഞു "ദുർഗ മേടത്തിന് ജെപി സാറിനെ കാണണമെന്ന്. കാന്റീനിലേക്ക് ചെല്ലാൻ പ്രിൻസി പറഞ്ഞു". ഞാൻ അങ്ങോട്ടു പോയി. ഒഴിഞ്ഞ കാന്റീനിലെ വലതു മൂലയിലെ ഒരിടത്ത് അവർ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ട് പോയി അവിടെ ഇരുന്നു. അടുത്തൊന്നും ആരുമില്ലെങ്കിലും അകലെ നിന്നുകൊണ്ട് എല്ലാവരുടെയും കണ്ണുകൾ ഞങ്ങളിലേക്ക് ആയിരുന്നു. അവർ കാപ്പി കുറേശ്ശെയായി കുടിച്ചു കൊണ്ടിരുന്നു. കുറച്ചുനേരം പരസ്പരം മൗനം മാത്രം. 

"ഓട്ടോഗ്രാഫ് തന്നിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു". 

അതു കേട്ട് കുറച്ച് ഈർഷ്യയോടെ അവരെന്നെ നോക്കി. 

"കുറച്ചായി ആഗ്രഹിക്കുന്നു, ഒന്നു കാണണമെന്ന്". 

"ആരെ?"

"ജയപ്രകാശിനെ തന്നെ. അല്ലാതെ ആരെ. തനിക്ക് തോന്നിയിട്ടില്ലേ  പിന്നെ എന്നെ കാണണമെന്ന്?".

"ഞാൻ കാണാറുണ്ടല്ലോ പത്രവാർത്തകളിലും ചാനലുകളിലെ അഭിമുഖങ്ങളിലും".

"അല്ലാതെ എന്നെ കാണണം എന്നോ സംസാരിക്കണം എന്നോ തോന്നിയിട്ടില്ല ?"

എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. വീണ്ടും ഞങ്ങൾക്കിടയിൽ കുറച്ചുനേരം മൗനം മാത്രമായി.

"ഞാൻ ഇറങ്ങുന്നു. ഇന്നു വേറെ ചില കാര്യങ്ങൾ ഉണ്ട്. കുറച്ചായി ഞാൻ നാട്ടിലുണ്ട്. പഴയ തറവാട്ടിൽ. ഫ്രീ ആണെങ്കിൽ ജയപ്രകാശ് ഒന്ന് അങ്ങോട്ടേക്ക് ഇറങ്ങു. ഫ്രീ ആണെങ്കിൽ എന്നല്ല. എന്തായാലും വരണം. എനിക്ക് സംസാരിക്കാൻ ഉണ്ട്. അടുത്ത് തന്നെ തിരിച്ച് ബാംഗ്ലൂരിലേക്ക് പോകും. പിന്നെ ഇങ്ങോട്ടേക്ക്.... അറിയില്ല....അതുകൊണ്ടാണ്...."

"ഞാനങ്ങനെ നാട്ടിലോട്ടു അധികം പോകാറില്ല." ഞാൻ പറഞ്ഞു. അവരുടെ മുഖത്ത് നിരാശ നിഴലിച്ചു. ഹാൻഡ് ബാഗിൽ കൈയിട്ട് എന്റെ ഓട്ടോഗ്രാഫ് ബുക്ക് എടുക്കാൻ അവർ ശ്രമിച്ചു. "വേണ്ട.., ഞാൻ അങ്ങോട്ടേക്ക് ഇറങ്ങാം. അപ്പോൾ തിരികെ തന്നാൽ മതി ആ ബുക്ക്." ഞാൻ പറഞ്ഞു.അവർ ചിരിച്ചു കൊണ്ട് പോകാൻ എണീറ്റു. "പിന്നെ... പുതിയ മാറ്റങ്ങൾ ഒന്നും വേണ്ട. അപ്പോഴത്തെ പോലെ ജയൻ എന്ന് തന്നെ വിളിക്കാം". അതുകേട്ട് അവർ ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു പോയി.

ആ ഞായറാഴ്ച ഞാൻ നാട്ടിലേക്ക് പോയി. വൈകുന്നേരം സമയം. ആ വലിയ പടിപ്പുര കടന്ന് ഞാൻ ചെന്നു. 13 വർഷങ്ങൾക്ക് മുൻപ് ആ തറവാട്ടുമുറ്റത്ത് നിന്നും തിരിച്ചു നടന്നത് എന്റെ മനസ്സിലേക്ക് ഓർമ്മയിൽ വന്നു. അന്ന് ഞാൻ ദുർഗ്ഗയെ എനിക്ക് വിവാഹം ചെയ്തു തരണം എന്ന് അഭ്യർത്ഥിക്കാൻ പോയതാണ്. കുടുംബ മഹിമയുടെ പേരിൽ എന്നെ അപമാനിച്ച് ഇറക്കി വിടുമ്പോൾ നിസ്സംഗതയോടെ നോക്കി നിന്ന അവളോട് ഞാൻ ചോദിച്ചിരുന്നു. "നീ വരുമോ എന്റെ കൂടെ? വരുമെങ്കിൽ കൊണ്ടുപോകാൻ ഞാൻ തയ്യാറാണ് ". കരഞ്ഞു കണ്ണീർ വാർത്ത് മൗനമായി അവൾ ആ വാതിൽ പാളി പിടിച്ചുനിന്നു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. കുടുംബം, കുലം അങ്ങനെ എല്ലാം ഭാരമാകുന്ന ഒരു തറവാട്ടിലെ ആണും പെണ്ണും ആയുള്ള അവസാനത്തെ ആളായിരുന്നു അവൾ. അച്ഛനമ്മമാരെ ധിക്കരിക്കാൻ അവൾ പഠിച്ചിരുന്നില്ല. ആകെ അറിയാവുന്നത് കുറേ കരയാനും ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കാനും മാത്രമാണ്. അവളുടെ അച്ഛനും അമ്മയും ഇന്നില്ല. കല്യാണം കഴിഞ്ഞ് അവൾ ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ പോയി അവിടെ സെറ്റിലായി.

അങ്ങനെ ആ വീടിനകത്തേക്ക് ഞാൻ ആദ്യമായി കയറി. അവൾ ചിരിച്ചുകൊണ്ട് സ്വീകരിച്ചു. അവളുടെ പുഞ്ചിരിക്ക് പഴയപോലെ ഭംഗിയില്ല. തെളിഞ്ഞ മാനത്തെ മറച്ചുപിടിക്കുന്ന കാർമേഘങ്ങളെ അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു. അവൾ എനിക്ക് നല്ലൊരു ചായ ഇട്ടു തന്നു. അത് കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു, " ഇയാൾ എന്തേ നാട്ടിലേക്ക് ഒറ്റയ്ക്കാണോ വന്നത്. ഫാമിലിയൊക്കെ എവിടെ?". വിവാഹം, പത്തു വയസ്സുള്ള മകൾ, ബാംഗ്ലൂരിലെ ജീവിതം, ഭർത്താവിന്റെ ബിസിനസ് തിരക്കുകൾ, അവളുടെ എഴുത്തുമായുള്ള ഒറ്റപ്പെടലുകൾ,  സന്തോഷത്തിൽ നിന്നും അസ്വാരസ്യങ്ങളിലേക്കുള്ള നുഴഞ്ഞു കയറ്റം, കണ്ടുമടുത്ത സിനിമാക്കഥ പോലെ അവൾ അവരുടെ കഴിഞ്ഞ 13 വർഷത്തെ ജീവിതം വിവരിച്ചു. കഴിഞ്ഞ രണ്ടു വർഷമായി അവർ തമ്മിൽ പിരിഞ്ഞു ജീവിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് അവൾ നിറുത്തി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാൻ സാധിച്ചു. " ഇനിയുമിവൾ കരയാതിരിക്കാൻ പഠിച്ചില്ലേ "  മനസ്സിൽ വിചാരിച്ചു. അവളുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് തന്നെ സമാധാനിപ്പിക്കാൻ ആയി എന്തെങ്കിലും പറഞ്ഞാൽ അത് സന്ദർഭം കൂടുതൽ വഷളാക്കുകയുള്ളൂ എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ കഴിഞ്ഞകാലത്തെ യാത്രകളെക്കുറിച്ച് പറയാൻ തുടങ്ങി.

"നീ വിവാഹശേഷം ബാംഗ്ലൂരിൽ പോയതിൽ പിന്നെയാണ് എനിക്ക് ഈ ജോലി കിട്ടിയത്. അധ്യാപകൻ ആവുക എന്നത് ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്തതാണ്. അല്ലെങ്കിലും ആഗ്രഹിച്ചതൊന്നും എനിക്ക് കിട്ടിയിട്ടില്ലല്ലോ. ജോലിയൊക്കെ കിട്ടിയപ്പോൾ അമ്മ കുറേ നിർബന്ധിച്ചു ഒരു വിവാഹമൊക്കെ കഴിക്കാൻ. എന്തോ അറിയില്ല, എന്റെ ജീവിതം മറവികൾ കൊണ്ടുപോലും അനുഗ്രഹിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ കല്യാണം എന്നൊന്ന് ഉണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ പോയി. വീട്ടിൽ പിന്നെ ഒറ്റയ്ക്കായി. കോളജിനടുത്ത് ഒരു മുറിയെടുത്തു താമസം അങ്ങോട്ട് മാറ്റി. ചേച്ചിയും കുട്ടികളും ഇടയ്ക്കൊക്കെ വന്ന് വീട് വൃത്തിയാക്കിയിടും. അവരുടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിലേ ഞാൻ ഇങ്ങോട്ട് വരാറുള്ളൂ". പറഞ്ഞു നിർത്തി.

" എന്ത് ജീവിതമാണല്ലേ നമ്മുടെയെല്ലാം. പറയാനായി ആരൊക്കെയോ ഉണ്ട്. പക്ഷെ ആരും ഇല്ലാതെയങ്ങ്..." അവൾ പറഞ്ഞു. ശരിയാണെന്ന്‌ എനിക്കും തോന്നി.

"മകൾ?" ഞാൻ ചോദിച്ചു.

"അവളുടെ അച്ഛന്റെ കൂടെയാണ്. കാണാൻ പോലും സമ്മതിക്കാറില്ല".  മകളെ കുറിച്ചു പറഞ്ഞപ്പോൾ അവൾ കൂടുതൽ സങ്കടപ്പെടുന്നതായി എനിക്ക് തോന്നി.  അവൾ  എണീറ്റു പോയി ജനലിലൂടെ വിദൂരതയിലേക്ക് നോക്കി നിന്നു. ഞങ്ങൾ രണ്ടുപേരും ഇനി എന്ത് സംസാരിക്കണം എന്നറിയാതെ നന്നേ ബുദ്ധിമുട്ടി . 

"നിനക്ക് നമ്മുടെ കാര്യത്തിൽ ഒരു വിഷമവും ഉണ്ടായിട്ടില്ലേ?"  അത് അവളോട് ചോദിക്കുമ്പോൾ എന്റെ വാക്കുകൾ ഇടറുന്നതായി എനിക്ക് തോന്നി. 

"എന്താണ് ജീവിതം എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഇതൊക്കെയാണ് ജീവിതം എന്ന് എഴുതി എഴുതി ആളുകളോട് പറയുകയും അത്‌ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. അന്ന് നീ വിളിച്ചപ്പോൾ കൂടെ പോരണമായിരുന്നു എന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ". വിദൂരതയിൽ നിന്നും കണ്ണെടുക്കാതെ അവൾ പറഞ്ഞു. അത് പറയുമ്പോൾ വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞ്  കണ്ണുനീർ കവിളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. അസ്തമയ സൂര്യൻ അവളുടെ മുഖത്ത് ചുവപ്പ് പടർത്തി. ഞാൻ പതിയെ അടുത്തേക്ക് ചെന്നു. എന്റെ കൈകൾ അവളുടെ  അഴിച്ചിട്ട മുടിയിഴകൾക്കിടയിലൂടെ സഞ്ചരിച്ച്‌ കവിളിലെ കണ്ണുനീർ തുടച്ചു. അവൾ പതിയെ എന്നിലേക്കടുത്തുവന്നു. എന്റെ കൈകൾ മുറുകെ പിടിച്ച് കണ്ണുകളിലേക്ക് ഇമവെട്ടാതെ കുറച്ചു നേരം  അവൾ നോക്കി നിന്നു. "ആരുമില്ലാത്തവളാണ് ഞാനിപ്പോൾ. എന്റെ കൂടെ വരാമോ ഞാൻ പോകുമ്പോൾ. ഇനിയും വയ്യ ഇങ്ങനെ ഒറ്റയ്ക്ക്. ചിലപ്പോഴൊക്കെ തോന്നും മനസ്സ് കൈവിട്ടു പോവുകയാണെന്ന്. അപ്പോൾ എന്തൊക്കെയോ കുത്തിക്കുറിക്കും. ഇനിയും എത്രനാൾ ഇങ്ങനെ പോകും എന്ന് അറിയില്ല ". പറഞ്ഞു തീർത്തതും അവൾ എന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു പൊട്ടിക്കരഞ്ഞു. 

ജീവിതത്തിൽ എനിക്ക് നഷ്ടപ്പെട്ടത് എന്തൊക്കെയോ എന്നിലേക്ക് തന്നെ തിരിച്ചു വരുന്നത് പോലെ എനിക്ക് തോന്നി. അവൾ അടുത്തയാഴ്ച ബാംഗ്ലൂരിലേക്ക് തിരിച്ചു പോകും. എന്നോട് ഇവിടുത്തെ ജോലിയെല്ലാം ഉപേക്ഷിച്ച് കൂടെ ചെല്ലുവാൻ ആണ് പറയുന്നത്.കുറേ ആലോചിച്ചു. കാലമിപ്പോൾ കനിവ് തോന്നി തിരിച്ചുകൊണ്ടുവന്നു തരുന്നതാണ് എനിക്കവളെ. ഇനിയൊരിക്കൽ കൂടി വിട്ടുകളയാൻ മനസ്സുവരുന്നില്ല. അവൾ പറയുന്നതു പോലെ ചെയ്യാൻ തീരുമാനിച്ച്‌ അവിടെ നിന്ന് തിരികെ പോന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ ബാംഗ്ളൂരിലേക്ക് തിരികെ പോയി. ഞാൻ ജോലി എല്ലാം വേണ്ടെന്നുവച്ച് നാട്ടിലെ കാര്യങ്ങൾ എല്ലാം തീർത്ത്‌ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവളുടെ അടുത്തേക്ക് തിരിച്ചു. അവിടെ അവളുടെ ഫ്ലാറ്റിലെത്തി ബെല്ലടിച്ചു. അവൾ വന്ന് വാതിൽ തുറന്ന്‌ ഞാൻ അകത്തേക്ക് കയറുന്നതോടെ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. പക്ഷേ അവൾക്ക് പകരം വാതിൽ തുറന്നത് ഒരു മറ്റൊരാളായിരുന്നു.

" yes , മനസ്സിലായില്ല " അയാൾ ചോദിച്ചു.

"ദുർഗ്ഗയുടെ ഫ്ലാറ്റല്ലേ ?"

"അതെ"

"ഞാൻ നാട്ടിൽ നിന്നാണ്.  ദുർഗ്ഗയ്ക്ക് അറിയാം".

അയാൾ എനിക്കു മുൻപിൽ ഫ്ളാറ്റിന്റെ വാതിൽ മലർക്കെ തുറന്നു. മകളെ മടിയിലിരുത്തി കളിപ്പിക്കുന്ന ദുർഗയെ ആണ് ഞാൻ അവിടെ കണ്ടത്. അയാൾ എന്നെ അടുത്തേക്ക് ക്ഷണിച്ചു. അവൾ എന്നെ നിസ്സഹായയായി നോക്കി. അയാളുടെ ഫോൺ ബെല്ലടിച്ചു. അതെടുത്ത് സംസാരിച്ചു കൊണ്ട് അയാൾ പുറത്തേക്ക് പോയി.

"ഇന്നലെ വൈകിട്ടാണ് അവർ വന്നത്. മോൾക്ക് ഞാനില്ലാതെ പറ്റില്ലത്രേ. ഇനിയങ്ങോട്ട് അവൾക്ക് ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് വേണമെന്നാണ് പറയുന്നത്. ഞങ്ങൾ തമ്മിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മകൾക്ക് വേണ്ടി എല്ലാം മറന്ന് മുൻപോട്ടു പോകാം എന്നാണ് അദ്ദേഹം പറയുന്നത്. ഭർത്താവ് എന്ന അദ്ധ്യായം ഞാൻ പണ്ടേ അടച്ചതാണ്. പക്ഷേ മകളുടെ കാര്യത്തിൽ എനിക്ക് അങ്ങനെ പറ്റില്ലല്ലോ. മകളെ എനിക്ക് വേണം. ഞാൻ ഈ അവസരത്തിൽ എന്ത് ചെയ്യണം. ജയൻ പറയൂ..." ഇപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട്.ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. എനിക്ക് അതിനേ കഴിയുമായിരുന്നുള്ളൂ.

"മകൾ, ഭർത്താവ്, കുടുംബം.. അതിലും വലുതായി ഒന്നുമില്ല. ഇന്ന് നിനക്ക് തിരിച്ചു കിട്ടിയതൊന്നും നഷ്ടപ്പെടുത്താതിരിക്കുക".

ഞാൻ അവിടെ നിന്ന് ഇറങ്ങി. ഇനി എങ്ങോട്ട് പോകണം എന്ന് അറിയില്ല. നാട്ടിലേക്ക് പോകാനായി അവിടെ ഇനി ഒന്നുമില്ല. ജോലിയെല്ലാം കളഞ്ഞാണ് ഇറങ്ങിത്തിരിച്ചത്. ചേച്ചിയോട് പുതിയൊരു ജീവിതത്തിനാണ് എന്നും പറഞ്ഞ് ഇറങ്ങിയിട്ട് തോറ്റു കൊണ്ട് തിരിച്ചു പോകാൻ വയ്യ.എന്തു ചെയ്യണം, എങ്ങോട്ടു പോകണം എന്നറിയാതെ ഞാൻ ആ റോഡിൽ കുറേ  നേരം നിന്നു. മാനം ഇരുണ്ടു വന്നു. മിന്നലുകൾ ഭൂമിയിലേക്ക് പതിച്ചു. മേഘങ്ങൾ കണ്ണുനീരാൽ ആലിപ്പഴം വർഷിച്ചു. മഴത്തുള്ളികൾ ശരീരത്തിൽ പതിയുമ്പോൾ ചില്ലുകൾ കൊണ്ട് കുത്തിക്കീറുന്നത് പോലെ തോന്നി. മനസ്സും ശരീരവും ആ മഴയിൽ ലയിക്കുമ്പോഴും അടുത്തത് എന്ത് എന്ന് എനിക്ക് അറിയില്ലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com