sections
MORE

അതിഥി ദുരിതം

SHARE

അതിഥി ദേവോ ഭവ

അതിഥി ദേവോ ഭവ

വന്ദനം മഹാത്മാവേ വന്ദനം

വന്ദനം മഹാത്മാവേ വന്ദനം

നഗ്നപാതനായ് അങ്ങ് താണ്ടിയ ദുരിതപർവ്വ പാതയത്രയും

അനുധാവനം ചെയ്തവർ, എൻപിതാമഹർ

അധിനിവേശത്തിൻ അടിമത്തം പേറിയോർ

ആശയായ്, ആവേശമായ്, സ്വപനമായീ...

തൻ പിൻമുറക്കായ് ജന്മഭൂമിയിൽ,

പുഷ്പ പാതുകം നേർന്നവർ

ദണ്ഡനങ്ങളെല്ലാം ഒന്നായ് സഹിച്ചവർ,

പിറന്ന മണ്ണിന്റെ ഉപ്പായി മാറീ,

ഉയിരും നിവേദിച്ച് കിനാ കണ്ട് മടങ്ങിയോർ

തൻ പിൻമുറക്കായ് സ്വപന ഭൂമിയിൽ

സ്വരാജിൻ്റെ സ്വർഗ്ഗ ഗ്രാമങ്ങൾ

സ്വമാത്മാവിൻ ചർക്കയിൽ ഒരുമിച്ച് നെയ്തവർ...

ദണ്ഡിയാത്രയിൽ, ദുരിത വാഗണിൽ,

ജാലിയൻവാലയിൽ, ഇരുൾ ജയിലറകളിൽ

ദുരിതപൂർണ്ണ പാതയിൽ അങ്ങയെ അനുധാവനം ചെയ്തവർ, 

സ്വദേശത്തിനാത്മാവ് തിരികെ പിടിക്കുവാൻ

സ്വാഭിമാനം സ്വയം സമർപ്പിതർ

ധീര രക്തസാക്ഷികൾ, എൻ പിതാമഹർ

വന്ദനം മഹാത്മാവേ വന്ദനം

വന്ദനം മഹാത്മാവേ വന്ദനം

അവിടുത്തെ ചുടുചോര പുണ്യാഹമായ് ചിതറി തെറിച്ച ഈ ഭൂമിക

ഏഴു പതിറ്റാണ്ടു കിതച്ചും, കുതിച്ചിട്ടും,

ഏഴകൾ ഞങ്ങളിന്നും ഏഴാം കൂലികൾ

പശിയടയ്ക്കാൻ പലായനം പതിവാക്കിയോർ

ഇന്നെന്റെ ഗ്രാമത്തിൽ തൊഴിലില്ല -കൃഷിയില്ല

തെളിനീരു പോലും കണി കാണാനില്ല

ദരിദ്ര കോടികൾ തൻ അടുപ്പിൽ പുകയില്ല

വിഷം വമിക്കും പുകക്കുഴലുകൾ ചുറ്റിലും

ശുദ്ധശ്വാസവും നിഷിദ്ധമാക്കീ...

കാടിന്റെ മക്കൾക്കും മണ്ണിൻമണമുള്ളോർക്കും

നഷടമായ് സ്വത്വം, സ്വസ്തമാം വാസം

തട്ടി നിരത്തിയും വെട്ടിപ്പിടിച്ചും, 

വിരളരാം വരേണ്യവർഗ്ഗത്തിനടിമകളാക്കി

നെടുവീർപ്പുകൾ തീർത്ത നെരിപ്പോടുകൾ തൻ ദുരിതമെരിയും കുടിലുകൾ മാത്രമെൻ ഗ്രാമങ്ങളിൽ

രാജ്യത്തിനാത്മാവ് ഗ്രാമങ്ങളിൽ കണ്ട

വന്ദ്യ പിതാവേ മാപ്പരുളേണേ ...

വന്ദനം മഹാത്മാവേ വന്ദനം

വന്ദനം മഹാത്മാവേ വന്ദനം

അഞ്ചാണ്ടിലൊരു നാൾ വിരലിൽ പുരട്ടുന്ന മഷിയടയാള സാക്ഷ്യം മാത്രം,

പശിയടങ്ങാത്ത ഞങ്ങളിൽ ചാർത്തുന്നു

അവകാശമായ് നാടിൻ്റെ പൗരധർമ്മം...

വിവിധ വർണ്ണങ്ങളിൽ, സിദ്ധാന്ത വൈവിധ്യ

വർഗ്ഗ ഭേദങ്ങളിൽ, ചൂതാടിനേടി -

അഭിനവ കൗരവർ കാലങ്ങളായ് കടിഞ്ഞാണീ നാടിൻ്റെ...

ഏഴഴകിൽ വിരിയിക്കും വാഗ്ദാനമെല്ലാം

മഴവില്ലുപോലെ മാഞ്ഞു പോയെന്നും,

പട്ടാഭിഷേക പൗർണ്ണമിയോടെ...

അധികാര ബിന്ദുവിൽ ബന്ധ വൈരികൾ,

സന്ധി ചെയ്തെല്ലാം പങ്കിട്ടെടുക്കുമ്പോൾ

പിന്നെയും, പിന്നെയും നീതിക്കു പിന്നിലായ്

വരേണ്യവർഗ്ഗത്തിന്നടിമകൾ ഞങ്ങൾ...

പിതൃഹത്യ നടത്തിയ നാടിന്റെ ശാപമാൽ,

പിറവിയെടുത്തില്ല പിന്നെയും പാണ്ഡവർ -  രാജധർമം പുലർത്തുന്ന ധർമ്മപുത്രർ...

വന്ദനം മഹാത്മാവേ വന്ദനം

വന്ദനം മഹാത്മാവേ വന്ദനം

പട്ടിണി കോലങ്ങൾ, പൈതങ്ങളെൻ പശിയടക്കുവാൻ,

പട്ടണ പകിട്ടിൽ ചേക്കേറി ഞങ്ങൾ...

പണിതുയർത്തുവാൻ അംബരചുംബികൾ

സുന്ദരമാക്കുവാൻ രാജവീഥികൾ...

ചന്തമുള്ളൊരു ഇന്ത്യ തൻ പ്രതിബിംബം

നഗരങ്ങൾ തോറും അണിയിച്ചൊരുക്കുവാൻ...

വന്ദനം മഹാത്മാവേ വന്ദനം

സ്വരാജിൻ്റെ സ്വർഗ്ഗ ഗ്രാമങ്ങൾ തീർക്കുവാൻ

അങ്ങയെ അനുധാവനം ചെയ്തവർ,

എൻ പിതാമഹർ...!

നാട്യങ്ങളെല്ലാം നിരർത്ഥകമാക്കി,

സൂഷ്മാണുവായെല്ലാം നിശ്ചലമായി...

പൊയ്മുഖങ്ങളിൽ വിരാജിക്കും ലോകം  അണിഞ്ഞൂ മുഖം മൂടികൾ വീണ്ടും.

ദുർവിധി ഞങ്ങളെ ദൈന്യരാക്കീ

പട്ടിണിയിൽ, പെരുവഴി ആധാരമായി

അറിയുന്നതിഥിയെന്നോമന പേരെങ്കിലും

ആധി ഒഴിഞ്ഞ നേരമില്ലൊരു ദിക്കിലും...

അധികാരമുള്ളവർ കൈമലർത്തി,

ലക്ഷ്യമായ്, തായ് ഗ്രാമങ്ങൾ തേടി

ലക്ഷങ്ങൾ താണ്ടുന്നു കാതങ്ങളെത്രയോ

തിളക്കും ഹൃത്തുക്കളിൽ വെന്ത നൊമ്പരങ്ങൾ മാത്രം പാഥേയമായ്

പാതയോരങ്ങളിൽ, പൊള്ളും പാളങ്ങളിൽ

പാലങ്ങൾക്കടിയിലും, ഓടകൾക്കിടയിലും

കൊഴിഞ്ഞ് വീഴുന്നു, അരഞ്ഞു തീരുന്നു,

പേരുകളില്ലാത്ത പ്രേതങ്ങളായ്, എൻ പ്രിയർ...

പേക്കിനാക്കൾ ചക്രമൊടിച്ചെൻ ചലനമറ്റ ചർക്കയിൽ, നെയ്തെടുക്കുവാൻ

ഇനി ഏതു പുലരിതൻ കിരണങ്ങൾ

പൈതൃക സ്വപ്നമായ് കൈമാറിടാൻ ഏൻ കിടാങ്ങൾക്ക് ...?

വന്ദനം മഹാത്മാവേ വന്ദനം

വന്ദനം... വന്ദനം... വന്ദനം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA