sections
MORE

ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളേക്കാൾ കൂടുതൽ മനുഷ്യരാവുന്നത് മാനസിക വളർച്ചയിലൂടെ

x-default
SHARE

വിദ്യാഭ്യാസത്തിന് ധാരാളം അർഥങ്ങൾ ജീവിതത്തിലുള്ള പോലെ തന്നെ വിദ്യ അഭ്യസിക്കുവാനും ധാരാളം മാർഗ്ഗങ്ങൾ ലോകത്തിലുണ്ട്. അറിവ് നേടുവാനുള്ള ജിജ്ഞാസ കുട്ടികളിൽ വളർത്തുന്നതിനൊപ്പം സമസ്ത ലോകസൃഷ്ടികളെയും സ്നേഹിക്കുവാനും പഠിപ്പിക്കുക എന്നുള്ളത് മാത്രമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം വ്യക്തികൾക്ക് ഭാവിയിൽ പരസഹായമില്ലാതെ ജീവിക്കുവാനും പിന്നീട് സാധിക്കുമെങ്കിൽ സമൂഹത്തിന് മുതൽകൂട്ടാകുവാനും കൂടിയാണെന്ന ഒരു ലക്ഷ്യം കൂടിയുണ്ട്. വിദ്യാഭ്യാസം അതായത് നന്മതിന്മകൾ തിരിച്ചറിയുവാനുള്ള കഴിവ് ഉളവാക്കുന്നതിലൂടെ മനുഷ്യന് ഇതുവരെ കൃത്രിമമായി വികസിപ്പിക്കുവാൻ സാധിക്കാത്ത ജീവിതത്തിനെ സംരക്ഷിക്കുന്നതിന്റെ കൂടെ, സ്വന്തം ജീവിതത്തെയും ഈ പ്രപഞ്ചത്തിൽ ജീവനുള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷണം ഉറപ്പാക്കുക. 

വളരെ ചുരുക്കത്തിൽ അനുയോജ്യമായ വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ സാധാരണ മനുഷ്യർക്ക് മറ്റു മനുഷ്യരും തങ്ങളെപ്പോലെ തന്നെ സാധാരണ മനുഷ്യരാണെന്ന തിരിച്ചറിവ് ലഭിക്കുന്നു. അങ്ങനെ തിരിച്ചറിവ് ലഭിക്കുന്ന മനുഷ്യർ മറ്റുള്ളവരെയും ഈ ലോകത്തിൽ സമാധാനമായി ജീവിക്കുവാൻ അനുവദിക്കുന്നു. അതിനു പുറമെ  മറ്റുള്ളവരുടെ ജീവിതം കൂടുതൽ സുഗമമാക്കുവാനുള്ള രീതിയിൽ തങ്ങളുടെ ജീവിതവും ക്രമീകരിക്കുന്നു. ഓരോ വ്യക്തികളും എല്ലാ അർത്ഥത്തിലും വ്യതിരസ്‌ഥരായതുപോലെ അവരോരുത്തരുടേയും വിദ്യ അഭ്യസിക്കുന്ന രീതികളിലും വ്യതിരസ്‌ഥരാണ്. ചിലർക്ക് സ്‌കൂളിലെ ക്‌ളാസ് മുറികളിലൂടെയുള്ള വിദ്യാഭ്യാസമാണ് ഫലപ്രദമെങ്കിൽ മറ്റു ചിലർക്ക് സ്വന്തം വീടുകളിൽ ഇരുന്നുള്ള പഠനരീതികളാണ്.  ചിലർക്ക് ഒരു പ്രാവശ്യം പറയുമ്പോൾ തന്നെ എല്ലാം മനസിലാകും പക്ഷെ മറ്റുചിലർക്ക് പല പ്രാവശ്യം ആവർത്തിക്കണം. ചിലർക്ക് എത്ര പഠിച്ചാലും മനസിലാവില്ല എന്നാൽ പ്രവർത്തനങ്ങളിലൂടെ എല്ലാം എളുപ്പത്തിൽ മനസിലാകും.

വിദ്യാഭ്യാസം നേടുന്നതിലും, കാര്യങ്ങൾ ഉൾക്കൊള്ളുന്നതിലും വ്യക്തികൾ തമ്മിൽ  ഇതുപോലുള്ള  അന്തരങ്ങൾ ജീവിത്തിലുടനീളം പലമേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. സത്യാവസ്ഥകൾ മനസിലാക്കുന്നതിലും സമയോചിതമായി പ്രാവർത്തികമാക്കുന്നതിലും വ്യത്യാസങ്ങൾ ഉണ്ടാവുന്നു കാലതാമസങ്ങൾ നേരിടുന്നു, അതോടൊപ്പം ചില അവസരങ്ങളിൽ പിഴവുകളും സംഭവിക്കുന്നു. വസ്തുതകൾ അപഗ്രഥിക്കുന്നതിലും ജീവിത യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നതിലും വേണ്ടതിലുള്ള വ്യക്തികളുടെ കഴിവുകൾ അവരുടെ വ്യക്തിഗത  ജീവിതത്തിലും കുടുംബ ജീവിതത്തിലും അതോടൊപ്പം ഒരു പരിധിവരെ തൊഴിൽ സംബദ്ധമായ ജീവിതത്തിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറില്ല. 

എന്നാൽ സാമൂഹിക സാംസ്‌കാരിക ജീവിത മേഖലകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്, പ്രത്യേകിച്ചും സാധാരണക്കാരെ അനുദിനം ബന്ദിപ്പിക്കുന്ന സാമൂഹിക സംഘടനകളിൽ. വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലും ഭാവങ്ങളിലും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലോകത്തിലുള്ള എല്ലാ മനുഷ്യരും ഒരൊറ്റ ജീവി തന്നെയാണെന്ന് ഇനിയും മനസിലാക്കിയിട്ടില്ലാത്ത മനുഷ്യരെ കൊറോണയെന്ന പകർച്ച വ്യാധി ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അദൃശ്യമായി നിന്നുകൊണ്ട് മനുഷ്യനെ തൊൽപ്പിക്കുവാൻ ശ്രമിക്കുന്ന കോവിഡ് -19 നെ തൽക്കാലം നിയന്ത്രണ വിധേയമാക്കുവാൻ മനുഷ്യർക്ക് സാധിച്ചത് സ്വന്തം വീടുകളിൽ  ഒളിച്ചിരുന്നതിനാലാണ്. വിദൂരമല്ലാത്ത ഭാവിയിൽ ഭൂമുഖത്തു നിന്നും നിശേഷമില്ലാതാക്കുവാനും സാധിക്കുമെന്ന് ശാസ്ത്രം അവകാശപ്പെടുന്നതും ലോകത്തിലുള്ള എല്ലാ മനുഷ്യരും ഒരുമയോട് പ്രവർത്തിക്കുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടു മാത്രമാണ്‌.  അതായത് ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും സഹകരണം ഉറപ്പിച്ചെങ്കിൽ മാത്രമേ തൽക്കാലം ഈ ഭൂമിയിൽ നിലനിൽപ്പുള്ളൂ.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ പ്രേക്ഷക മനസുകളിൽ ഇടം പിടിച്ച പല സിനിമകളിലൊന്നാണ് "മണിച്ചിത്രത്താഴ്". മനോരോഗിയായ നായികയുടെ യഥാർത്ഥ മുഖം ദൃശ്യമാകുവാൻ മനസ്ത്രജ്ഞനായ നായകൻ മുന്നോട്ട് വയ്ക്കുന്ന ഉപാധി നായികയുടെ ആവശ്യങ്ങൾ നിരാകരിക്കുവാനാണ്. ഉപനായകൻ സമയോചിതമായി നായികയുടെ ആവശ്യം നിരാകരിക്കുമ്പോൾ നായിക രോഷാകുലയാവുകയും ഉള്ളിന്റെ ഉള്ളിലുള്ള മാനസിക വിഭ്രാന്തി  പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് സിനിമ ക്ലൈമാക്സിലേയ്ക്ക് നീങ്ങുന്നത്.  ഇഷ്ടമുള്ളത് പ്രവർത്തിക്കുകയെന്നുള്ളത് വ്യക്തി സ്വാതന്ത്ര്യമാണെന്നിരിക്കെ മറ്റൊരാൾ ആ സ്വാതന്ത്ര്യത്തിന് വിഘ്‌നമാവുമ്പോൾ സ്വാഭാവികവും ദേഷ്യമുണ്ടാവുന്നത് മനുഷ്യസഹചമാണ് പക്ഷെ ആ ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയിലാണ് ആ വ്യക്തി മനോരോഗിയാണെന്ന് നായകൻ ഉറപ്പാക്കുന്നത്. സമൂഹങ്ങളിലും സംഘടനകളിലും ചില അംഗങ്ങൾ ഇതേരീതിയിൽ മറ്റുള്ളവരോട് പ്രതികരിക്കുന്നതിലൂടെ  വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയും വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾക്ക് വിള്ളലുകൾ വീഴുകയും ചെയ്യാറുണ്ട്. സമയോചിതമായി ഇടപെടുവാൻ സാധിക്കുന്നില്ലെങ്കിൽ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാവുകയും സംഘടനകളുടെ പ്രവർത്തനത്തെ തന്നെ സാരമായി ബാധിക്കുകയും ചെയ്യും.

മനുഷ്യരെല്ലാവരും തന്നെ ഒരേ മാനസികാവസ്ഥകളിൽ ജനിക്കുന്നവർ മാത്രമാണ് പക്ഷെ പിന്നീടുള്ള ജീവിതവും ജീവിത സാഹചര്യങ്ങളുമാണ് ഓരോരുത്തരെയും വേറിട്ട മാനസിക സ്ഥിതികളിലേയ്ക്ക് നയിക്കുന്നത്. എല്ലാ മനുഷ്യരുടെയും ജനനത്തോടൊപ്പം തന്നെ ശക്തമായ മാനസിക സ്ഥിതികൾ വളർത്തിയെടുക്കുവാനുള്ള  വിജ്ഞാനികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിച്ചെടുക്കുവാനുള്ള  കഴിവുകളുമുണ്ട്. വളർന്നു വരുന്ന ജീവിത സാഹചര്യങ്ങൾ തന്നെയാണ് പിന്നീട് ഓരോ മനുഷ്യരെയും മാനസികമായി രൂപപ്പെടുത്തന്നത്. വളർച്ചയുടെ പല ഘട്ടങ്ങളിലും ഈ സാഹചര്യങ്ങളിൽ വ്യത്യാസമുണ്ടാവുമ്പോഴും ഓരോ വ്യക്തികൾക്കും അനുകൂലമായത് മാത്രം ജീവിതത്തിൽ ഉൾകൊള്ളുമ്പോളാണ് മാനസികമായി വീണ്ടും ശക്തി പ്രാപിക്കുന്നത്. ശാരീരികമായ ആരോഗ്യം സംരക്ഷിക്കുന്നതിന് കഠിനാധ്വാനം ആവശ്യമായതുപോലെ തന്നെ മാനസികമായി ശക്തിപ്രാപിക്കണമെങ്കിൽ നിരന്തരമായ പരിശീലനവും  ആവശ്യമാണ്. ഓരോ വ്യക്തികൾക്കും നിർവൃതികൾ പ്രദാനം ചെയ്യുന്ന പ്രവൃത്തികളിൽ മാത്രം പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുക. തങ്ങൾക്ക്  അനുകൂലമല്ലാത്ത പരിസ്ഥിതികളിൽ അബദ്ധത്തിലെങ്കിലും എത്തിച്ചേർന്നാൽ ഒഴിഞ്ഞുമാറിപ്പോവുക. ഓരോരുത്തരുടെയും മാനസികാവസ്ഥകൾക്ക് അവരോരുത്തരും മാത്രം ഉത്തരവാദികളായതുകൊണ്ട് വ്യക്തികളിൽ അനുയോജ്യമല്ലാത്ത സ്വഭാവരീതികളുണ്ടെങ്കിൽ നിരുപാധികം നിർത്തലാക്കുകയും ചെയ്യണം.

മാനസികമായി വളരെയധികം ശക്തരായ വ്യക്തികൾക്കും സാധാരണക്കാരെ പോലെ തന്നെ അനുദിന ജീവിതത്തിൽ ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട് പക്ഷെ അവരുടെ പ്രതികരണങ്ങൾ വരും വരായ്കകളെ മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കും. അവരുടെ നൈമിഷികമായ വികാരങ്ങൾ അവരുടെ ചിന്തകളെയും പെരുമാറ്റങ്ങളേയും എത്രമാത്രം സ്വാധീനിക്കുമെന്ന് നന്നായി തിരിച്ചറിയുന്നുമുണ്ട്. നൈമിഷികമായ വികാരങ്ങളെ നിയന്ധ്രിച്ചുകൊണ്ടു പരമപ്രധാനമായ ലക്ഷ്യം കൈവരിക്കുവാനുള്ള പദ്ധതികളായിരിക്കും അവരുടെ മുൻപിലുള്ളത്.  മറ്റുള്ളവരെ സുഖിപ്പിക്കുന്ന സ്വഭാവരീതികളായിരിക്കില്ല എന്നതും മാനസികമായി പ്രബലരായ വ്യക്തികളുടെ സവിശേഷതയുമാണ്. എല്ലാ മേഖലകളിലും ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുമെങ്കിലും മറ്റുള്ളവരെ ഭരിക്കുവാനും നിയന്ത്രിക്കുവാനും ശ്രമിക്കാറില്ല. അതോടൊപ്പം ഒരിക്കൽ പോലും അനാവശ്യമായി മറ്റു വ്യക്തികളെ കൂട്ടുപിടിച്ച് ഒരു കലാപമുയർത്തുവാനോ മറ്റുള്ളവരെ ദ്രോഹിക്കുവാനോ ശ്രമിക്കത്തുമില്ല.  സാമൂഹിക ജീവിതത്തിൽ സംഘടന പ്രവർത്തനങ്ങളിലും ഗ്രൂപ്പ് കളിക്കാതെയും മറ്റുള്ളവരെ സുഖിപ്പിക്കാതെയും ജീവിക്കുവാൻ ശ്രമിക്കുന്നവർ പ്രായോഗികരല്ല എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടുതലും ധൈര്യക്കുറവുള്ളവരും  ഇടുങ്ങിയ ചിന്താഗതികളുമുള്ളവരുമാണ് ഇക്കൂട്ടർ, വിശാലമായ കാഴ്ചപ്പാടുകളിന്റെ അഭാവത്തിൽ അവരുടെ പ്രവർത്തനമേഖലകൾ വിപുലീകരിക്കുവാൻ താല്പര്യമില്ലാത്തവർ.

മാനസികമായി വളരെയധികം ശക്തിപ്രാപിച്ച വ്യക്തികൾ കൂടുതലും വേറിട്ട ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയവരായിരിക്കും. ചെറുതും വലുതുമായ എല്ലാ ജീവിത സാഹചര്യങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടതുകൊണ്ട് എല്ലായ്പ്പോഴും മറ്റുള്ളവരോട് സഹായം അഭ്യർഥിക്കുവാൻ മുതിരാറില്ല പക്ഷെ അവരുടെ അറിവുകൾക്ക് അതീതമായ മേഖലകളിൽ പ്രത്യേകിച്ചും നൈപുണ്യമുള്ള വ്യക്തികളിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുവാൻ മടികാണിക്കുകയുമില്ല. മാനസികമായ ശക്തിയുള്ള വ്യക്തികളെല്ലാം മറ്റുള്ളവരെക്കാൾ കായികശേഷി ഉള്ളവരായിരിക്കണമെന്നുമില്ല പക്ഷെ മെച്ചപ്പെട്ട ആരോഗ്യം സംരക്ഷിക്കുന്നവരായിരിക്കും. മാനം മുട്ടി നിൽക്കുന്ന കൊടുമുടികൾ കീഴടക്കിയില്ലെങ്കിലും ഹിംസ്ര ജന്തുക്കളിൽ നിന്നും അവസരോചിതമായി ഓടി ഒളിക്കുകയും ചെയ്യുമെങ്കിലും അനുനിമിഷവും സുബോധമുള്ളവരും സമകാലീനതകളോട് പ്രതികരിക്കുന്നവരുമായിരിക്കും. എന്നാൽ മെച്ചപ്പെട്ട മാനസിക ശക്തിയുള്ള വ്യക്തികളിലും മനസികാരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ടെങ്കിലും വളരെ എളുപ്പത്തിൽ മോചിതരാവുന്നുണ്ട്.

വ്യക്തികളുടെ മനസികാരോഗ്യത്തിന് അവരുടെ വിദ്യാഭ്യാസ നിലവാരവുമായി എത്രത്തോളം ബന്ധപെട്ടിട്ടുണ്ടെന്ന് അറിയുവാനായി ശാസ്ത്രീയ പഠനങ്ങൾ നടക്കുന്നുണ്ട് പക്ഷെ വിദ്യാഭ്യാസ രീതികൾ ഓരോ വ്യക്തികളുടെയും മനസികാരോഗ്യത്തിനേ ബാധിക്കുന്നതാണ് എന്നുള്ളതിന് ധാരാളം  തെളിവുകളുണ്ട്. പ്രത്യേകിച്ചും അറിവ് നേടുന്നതിലുപരി സഹപാഠിയെ തോല്പിക്കുന്ന വിദ്യാഭ്യാസ രീതികൾ അവലംബിക്കുന്ന കുട്ടികളിൽ. ചെറുപ്പും മുതലേ മറ്റൊരുവനെ തോൽപ്പിക്കുവാൻ മാത്രം പഠിക്കുന്ന കുട്ടികൾ അവരുടെ പിന്നീടുള്ള ജീവിതത്തിലും ജീവിക്കുന്നതിനുപരി മറ്റുള്ളവരെ തോൽപിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കും. ജീവിതത്തിൽ മറ്റുള്ളവരോട് നിരന്തരം മത്സരിച്ചു കൊണ്ടിരിക്കുന്നവർ ഒരുകാലത്തും സമൂഹത്തിനും സംഘടനകൾക്കും ഗുണമാകുന്നില്ല, കാരണം അവരോരുത്തരും വ്യക്തികളോടാണ് മത്സരിക്കുന്നത് സാമൂഹിക വ്യവസ്ഥിതികളോടല്ല. എല്ലായ്പ്പോഴും വ്യക്തിഗത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കുന്നതിനാൽ സാമൂഹിക താൽപര്യങ്ങൾ അവഗണിക്കപ്പെടും. സമൂഹങ്ങളിലും സംഘടനകളിലും ക്രിയാത്‌മകമായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനു പകരം വ്യക്തിഗതമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഗ്രൂപ്പ് കളികളിലും തൽപരരായിരിക്കും, വീണ്ടും വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കുവാനായി മാനസിക ദൗർബല്യങ്ങളുള്ളവരെയും ലക്ഷ്യബോധ്യങ്ങളിലാത്ത വ്യക്തികളെ ആകർഷിക്കുവാനായി നിരന്തരം സുഖിപ്പിച്ചുകൊണ്ടിരിക്കും.

ആധുനിക ലോകത്തിൽ കൂടുതൽ വ്യക്തികൾ വിവിധ മാർഗ്ഗങ്ങളിലൂടെ മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കുവാൻ ശ്രമിക്കുമ്പോൾ സാധാരണക്കാരുടെ മാനസികാരോഗ്യത്തിന് അമിതമായ പ്രാധാന്യം നൽകേണ്ടതുണ്ട്. സമൂഹങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങളിൽ ഓരോരുത്തരുടെയും കഴിവിനേക്കാൾ കൂടുതൽ മറ്റുള്ളവരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് അധികാരം സ്ഥാപിക്കുവാൻ ശ്രമിക്കുന്നത്. ചില അവസരങ്ങളിൽ വ്യക്തികളെ ഒഴിവാക്കികൊണ്ടും പാർശ്വവൽസരിച്ചുകൊണ്ടും സമൂഹങ്ങളിലും സംഘടനകളിലും അധികാരം സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നാനാഭാഗങ്ങളിലും നടക്കുന്നുണ്ട്. നന്മകളേക്കാൾ കൂടുതൽ പോരായ്മകൾ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യങ്ങളിൽ സാമൂഹ്യ പുരോഗതി മുൻപിൽ കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് സ്വീകാര്യത അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാനസികമായി വികസനമുള്ള സമൂഹത്തിന് മാത്രമാണ് മറ്റുള്ളവരെ ശ്രവിക്കുവാനുള്ള ശാന്തശീലങ്ങളുള്ളത്, അതിലൂടെ മാത്രമാണ് ശാശ്വതമായ സാമൂഹിക വികസനവും സാധ്യമാവുന്നത്. ലോകം വളർന്നതിലൂടെ ആധുനിക വിദ്യാഭ്യാസ രീതികളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും വ്യക്തികളിൽ മാറ്റങ്ങൾ മന്ദഗതിയിൽ തന്നെയാണ്, പ്രത്യേകിച്ചും മാനസിക മുറിവുകളുള്ള വ്യക്തികളിൽ. വിദ്യ അഭ്യസിക്കുന്ന വിദ്യാർത്ഥികൾ ഉന്നത വിദ്യഭ്യാസം നേടുന്നതിനൊപ്പം കൂടുതൽ നല്ല മനുഷ്യരാകുവാൻ കൂടുതൽ മാനസിക ശക്തിയുള്ളവർ തന്നെയാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA