ADVERTISEMENT

"എടീ ഞാൻ തന്ന ആ പത്തു ദിനാർ ഇങ്ങ് തന്നെ" "അത് ഇപ്പൊ അച്ചായന് എന്തിനാ?". "നമുക്ക് ഈ പ്രയാസഘട്ടത്തിലും ഈശ്വരൻ ഇത്രയും ഒക്കെ തരുമ്പോൾ ജോലി നഷ്ട്ടപ്പെട്ടു ഭക്ഷണത്തിനു വകയില്ലാതെ വീട്ടിലിരിക്കുന്നവരെ ഓർക്കണ്ടേ?". "അത് കുഞ്ഞിന് പാൽപ്പൊടി മേടിക്കാൻ വെച്ചേക്കുന്നതല്ലേ? സാലറി വരാൻ ഇനിയും ദിവസമില്ലേ?". "അതൊക്കെ ദൈവം കരുതിക്കോളും. നീ വിഷമിക്കണ്ട".

"എന്റെ പൊന്ന് അച്ചായാ. നിങ്ങൾ കാരണം ഞാനും മക്കളും ഭിക്ഷ എടുക്കേണ്ടിവരും". "പോടീ.  ഇനി ഞാൻ മരിച്ചാൽ പോലും നിനക്കും കൊച്ചുങ്ങൾക്കും രാജകീയമായി ജീവിക്കാം. ഒന്ന് പുറത്ത് പോയി വരാം ".  ജോയിച്ചാൻ  പോയി പത്ത് മിനിറ്റ് കഴിഞ്ഞപ്പോ കോളിംഗ് ബെൽ ചിലച്ചു. ഒരു മധ്യവയസ്‌കൻ

"ജോയിക്കുഞ്ഞ് ഉണ്ടോ?" "ഇല്ല. ആരാന്ന് മനസ്സിലായില്ല" അപരിചത്വത്തോടെ എന്നിൽ നിറഞ്ഞുനിന്നു. 

മുഷിഞ്ഞ കുപ്പായത്തിൽ നിന്ന് അയാൾ \പത്ത് ദിനാറിന്റെ നോട്ട് നീട്ടി. പിന്നെ മൃദുവായി പറഞ്ഞു. "ഇത് ജോയ്‌ക്കുഞ്ഞിന് കൊടുക്കണം" "ചേട്ടാ നിങ്ങൾ ആരാന്നു പറയാതെ ഞാൻ ഇതെങ്ങിനെ മേടിക്കും?" "ഭക്ഷണം കഴിക്കാതെ തളർന്നു  വഴിയരികിൽ ഇരുന്നപ്പോൾ ജോയ്‌ക്കുഞ്ഞു എനിക്ക്  തന്നതാണിത്. ഈ കാശ് തിരിച്ചു തരാനാണ് ഞാൻ വന്നത്" "അയ്യോ ചേട്ടാ, ഇത് ഞാൻ വാങ്ങില്ല. തിരിച്ച്  പ്രതീക്ഷിച്ച് അദ്ദേഹം ഒന്നും ചെയ്യാറില്ല. അത് പറയുമ്പോൾ എന്നിലെ മാതൃഹൃദയം ഒന്ന് തേങ്ങി. കുഞ്ഞിന്റെ പാൽപ്പൊടി.

പകച്ചുനിന്ന എന്റെ കൈ വെള്ളയിൽ ആ പണം വച്ചുതന്ന് വൃദ്ധൻ നടന്നകന്നു. ജോയിച്ചായൻ പറയാറുള്ള ഈശ്വരന്റെ എന്നതിന്റെ ഒന്നാമത്തെ തെളിവ്.  

ദിവസങ്ങൾ കാന്നുപോയപ്പോൾ കാര്യം വഷളായി. അച്ചായന് ജോലിയും സാലറിയും ഇല്ല. കാരുണ്യ പ്രവർത്തനങ്ങൾ കൂടിവന്നതേയുള്ളു ഒപ്പം എന്റെ ആവലാതിയും. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ അച്ചായൻ പറഞ്ഞു. "ലിസി നീ അറിഞ്ഞോ? അപ്പുറത്തെ ശ്രീലങ്കക്കാർക്ക് കോവിഡ് ആണെന്ന്"

"ദൈവമേ! നിങ്ങൾ ആ പരിസരത്തൊട്ടു പോലും പോവണ്ട". "ഇല്ലെടോ, ഇതൊക്കെ എനിക്കറിയാവുന്നതല്ലേ. ദൈവം അറിയാതൊന്നും വരുന്നില്ല. പിന്നെ ഒരുകാര്യം മറന്നു. അവരുടെ വീട്ടിൽ കുട്ടികൾ ഉള്ളതല്ലേ? പച്ചക്കറി മേടിച്ചപ്പോൾ അവർക്കുംകൂടി മേടിച്ചു." "ഇച്ചായ! ആ പൈസ ഇനി തിരിച്ചുകിട്ടുമോ? നിങ്ങള്ക്ക് ഒരു പണിയുമില്ലേ? ഈ പരിസരത്തുള്ളവർക്കൊന്നും തോന്നാത്തത് നിങ്ങള്ക്ക് എന്തിനാ? "ടീ ഈ പണം ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്. കൂട്ടിവെച്ചിട്ട് ആരേലും കൊണ്ട് പോകുമോ?. ഒരു കാര്യം കൂടി,  നീ ബിപി കൂട്ടണ്ട. ഞാൻ അവരുടെ വാടക കൂടി കൊടുക്കാൻ പോവാ" 

"എന്റെ ദൈവമേ! ഇങ്ങേരെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടാക്കാൻ ആരുമില്ലല്ലോ! എന്റെ വിധി. അധ്വാനിക്കുന്നത് മുഴുവൻ നാട്ടുകാർക്ക്" "എടൊ നാളെ ഈ ഗതി നമുക്ക് വന്നുകൂടാ എന്നുണ്ടോ?" "അത് വരുമ്പോഴല്ലേ . അപ്പൊ നോക്കാം". "ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ നീ സംസാരിക്കരുത്". "പിന്നെ ഇങ്ങനെ അല്ലാതെ ഞാൻ എങ്ങനെ സംസാരിക്കണം? നിങ്ങൾ  പൈസ കൊടുത്തിട്ടുള്ളവർ ആരേലും തിരിച്ചു തന്നിട്ടുണ്ടോ?" 

"തരുമെടി" "ഹമ്മ്, കാലും നീട്ടിയിരുന്നോ. കിട്ടും " ദിവസങ്ങൾ കഴിഞ്ഞു. അന്ന് ഞാൻ ഡ്യൂട്ടിയിൽ. അപ്പോൾ ഇച്ചായന്റെ ഫോൺ. "ഹലോ, എടൊ നീ അറിഞ്ഞോ? നമ്മുടെ വീട്ടുവാടക പകുതിയാക്കി". "ആണോ!? സന്തോഷവാർത്ത ആണല്ലോ". "ഇതാണ് ഞാൻ പറഞ്ഞത്. നമ്മൾ എളിയവനെ കരുതിയാൽ ഈശ്വരൻ നമ്മെ കരുതുമെന്ന്". ഇച്ചായന്റെ അഡീഷണൽ ഡയലോഗ്. ഈശ്വരൻ ഉണ്ടെന്നുള്ളതിനു രണ്ടാമത്തെ തെളിവ്. മുഖം മറക്കുന്നതിനൊപ്പം മനസ്സ് മറയ്ക്കാൻ പാടില്ല. കൈകഴുകുന്നതിനൊപ്പം ഹൃദയവും കഴുകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com