ADVERTISEMENT

 

ഒരു പ്രവാസിയുടെ എല്ലാ ഭാഗ്യ നിർഭാഗ്യങ്ങളോടെയും  മരുഭൂമിയിലെ പറുദീസയിൽ  ഞാൻ താമസമാക്കിയിട്ട് വർഷങ്ങളായി. ഏതൊരു സാധാരണ പ്രവാസിയെയും പോലെ ഈ മരുഭൂമിയിലെ കെട്ടിട സമുച്ചയങ്ങളിലൊന്നിൽ അഞ്ചാം നിലയിൽ ഇടുങ്ങിയ ബാൽക്കണിയും, കുടുസ്സു മുറികളുമുള്ള ഒരു  ഫ്ലാറ്റിൽ ഞാനും, ഭാര്യയും, രണ്ടു മക്കളും  വാടകയ്ക്ക് താമസമാക്കി. സ്കൂളിലെ കൃഷിപാഠം പഠനത്തിലൂടെയോ, അവരുടെ  അപ്പൻറെ കൃഷി ഭാഷണത്തിലൂടെയോ, അമ്മയുടെ പ്രോത്സാഹനത്താലോ  എങ്ങനെയോ കുഞ്ഞിലേ മുതൽ എൻറെ രണ്ടു മക്കളിലും  കൃഷിയിൽ  കുറച്ചു വാസന കണ്ടു വന്നിരുന്നതിനാലും, മക്കൾ  അതിൽ അതീവ തല്പരരായതിനാലും, കുറച്ചേറെ ചെടിച്ചട്ടികളും, അതിനുള്ള മണ്ണും വളവും ഞങ്ങളെല്ലാം കൂടെ ചുമന്നു ബാൽക്കണിയിൽ എത്തിച്ചിരുന്നു.

കാലക്രമേണ മക്കൾക്കു കിട്ടിയ ചെറിയ, ചെറിയ അറിവുകളനുസരിച്ചു കണ്ണിൽ കണ്ട എല്ലാ ചെടികളും, പച്ചക്കറികളും, പഴ വർഗ്ഗങ്ങളും  വെച്ച് പിടിപ്പിക്കാൻ ആ പാവങ്ങൾ  ശ്രമിച്ചു. നടീലും, നനക്കലുമെല്ലാം എന്റെ മൂത്ത മകളും, ഭാര്യയും  ഏറ്റെടുത്തു. ചിലപ്പോഴൊക്കെ ആ ശ്രമങ്ങൾക്ക് ഫലവും കണ്ടു.

കാന്താരി, മുളക്, തുളസി, കറ്റാർവാഴ , ചേമ്പ്, പനിക്കൂർക്ക, കറിവേപ്പ്, പാവൽ, പടവലം, തണ്ണിമത്തൻ, ഉരുളക്കിഴങ്ങു, തക്കാളി, പുളി, കാരറ്റ്, ബീറ്റ്റൂട്ട്, കരിമ്പ്, റംബൂട്ടാൻ, മാവ്, പ്ലാവ്, പൈനാപ്പിൾ, വിവിധയിനം പൂച്ചെടികൾ, അങ്ങനെ പലതും മക്കളുടെ  ആഗ്രഹപ്രകാരം നട്ടു. ചിലതു തളിർത്തു, ചിലതു തളർന്നു, ചിലതു വളർന്നു, ചിലതു ചരിഞ്ഞു, മറ്റു ചിലതു കരിഞ്ഞു.

ഓരോ പ്രാവശ്യവും നാട്ടിൽ പോയി വരുമ്പോഴേക്കും മിക്കതും കരിഞ്ഞു പോകുമെങ്കിലും പ്രതീക്ഷ കൈ വിടാതെ, വാശിയോടെ എൻറെ മൂത്ത മകൾ കയ്യിൽ കിട്ടിയ  വിത്തുകൾ ചെടിച്ചട്ടികളിൽ നട്ടു നനച്ചു കൊണ്ടിരുന്നു. പാവയ്ക്കാ  കഴിക്കാത്ത മൂത്ത മകൾ പാവൽ നട്ടു പടർത്തി വിളവെടുത്ത പാവയ്ക്കാ അപ്പനെയും,  അമ്മയെയും, അനുജത്തിയേയും കഴിപ്പിച്ചു സായൂജ്യമടഞ്ഞു.

മരുഭൂമിയിലെ കെട്ടിട സമുച്ചയങ്ങൾക്കിടയിലെ ഒരു ബാൽക്കണിയിലെ പച്ചപ്പ്‌ കണ്ടിട്ടാവണം ഇതിനിടയിൽ കുറച്ചു അതിഥികളും താമസത്തിനെത്തി. ഒരു പ്രാവ് ചെടിച്ചട്ടിയിൽ രണ്ടു മുട്ടയിട്ടു, അടയിരുന്നു. പ്രതികൂല കാലാവസ്ഥയിൽ മുട്ട  വിരിയാഞ്ഞതിനാലാവണം അത് രണ്ടു തവണ കൂടെ അതേ ചെടിച്ചട്ടിയിൽ മുട്ടയിട്ട്  അടയിരുന്നത്. അവയുടെ സങ്കേതം പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസായ മൈനകൾ കയ്യേറിയത് പ്രാവുകൾ സമാധാനപ്രിയരായതിനാലായിരിക്കാം.

ഈ അനധികൃത കയ്യേറ്റ കോലാഹലങ്ങൾ വക വയ്ക്കാതെ കുരുവികൾ പാവൽപ്പടർപ്പുകൾക്കിടയിൽ സാമാന്യം വലിയ ഒരു കൂടു കൂട്ടി. മിടുക്കരായ അവരെ കാണാതിരിക്കത്തക്ക വിധത്തിൽ ഇലകളും, പൂവുകളും, കമ്പുകളും വെച്ച് മറച്ചിരിക്കുന്ന കൂടിൻറെ വാതിൽ ഞങ്ങളാരും കാണാത്ത ഭാഗത്തേക്കാക്കിയാണ് പണിതത്. അകത്തു നിന്നും ഞങ്ങളെവ്യക്തമായി കാണുന്ന വിധത്തിലും, എന്നാൽ ആരും എത്തി വലിഞ്ഞു അകത്തേക്ക് നോക്കിയാൽ പോലും ഉള്ളിലുള്ള കിളികളെ  കാണാത്തത്ര പ്ലാനിങ്ങോടെയായിരുന്നു കൂടിൻറെ നിർമ്മിതി.

ചല ഒറ്റപ്പെട്ട സംഭവങ്ങളിൽ, ചി തരം ഭക്ഷണപദാർഥം കഴിക്കുന്നവർക്കെതിരായി ചുരുക്കം ചിലർ പ്രതികരിക്കുന്ന നാട്ടിൽ നിന്നും വന്ന ഭാരതീയരാണെന്നറിഞ്ഞതിനാലാകാം ഞങ്ങൾ വെക്കുന്ന തിനയും,  മറ്റാഹാരങ്ങളുമൊന്നും അത്  കഴിക്കാതിരുന്നത്. ഭാരതീയരെ അപേക്ഷിച് പറവകൾക്കു  ധാന്യമാണ് നിഷിദ്ധമെന്ന് അത്  കരുതിക്കാണണം.

പിന്നീട് ഈ കൂട്ടിൽ രണ്ടു പെൺകിളികളും, ഒരു ആൺകിളിയും കയറിയിറങ്ങിയിരുന്നത് പലപ്പോഴും കണ്ട എന്നിലെ "മലയാളി"  ഉണർന്നു, "സദാചാരം"   തിളച്ചുമറിഞ്ഞു. എന്തെങ്കിലും അനാശ്യാസം അവിടെ നടക്കുന്നുണ്ടോ എന്നൊരു ആശങ്ക!. 

 നമ്മുടെ നാട്ടിലെ "ചില" ആളുകൾ എതിരാളികളെ നിർദാക്ഷിണ്യം  അപായപ്പെടുത്തുന്നതുപോലെ  അപായപ്പെടുത്തുമോ എന്നും, ഭക്ഷണം പോലും കൊടുക്കാതെ അട്ടപ്പാടിയിലെ മധുവിനെ വകവരുത്തിയതുപോലെ  എറിഞ്ഞു കൊല്ലുമോ എന്നും, അവസരവാദവും, കാലുമാറ്റവും കൈമുതലാക്കിയ മനുഷ്യരെ വിശ്വസിക്കരുതെന്നും  വിശ്വസിച്ചതിനാലുമായിരിക്കാം  എനിക്ക് പിടി തരാതെ വഴുതി മാറി,  കൊഞ്ഞനം കാട്ടി ഓരോ പ്രാവശ്യവും അവറ്റകൾ  പറന്നു പോയത്.

അപ്പോഴേക്കും എല്ലാ ദിവസവും രാവിലെ തന്നെ ബാൽക്കണി വിശേഷങ്ങൾ കണ്ടറിഞ്ഞു, ഓരോ ചെടികളുടേയും വിശേഷങ്ങൾ ആരാഞ്ഞു, ആ കുരുവികളുടെ കൂട്‌ കണ്ടു സായൂജ്യമടയുന്നത്‌ എന്റെ ഭാര്യയുടെയും, മക്കളുടെയും ദിനചര്യയായി മാറിക്കഴിഞ്ഞിരുന്നു. ഞാൻ ദിവസത്തിൽ  വല്ലപ്പോഴുമൊക്കെ അതെല്ലാം ശ്രദ്ധിക്കുമായിരുന്നു. 

ആ ഒരു വെള്ളിയാഴ്ചയും  അവരുടെ ആ ദിനചര്യ മുടക്കാതെ ബാൽക്കണി വിസിറ്റ് കഴിഞ്ഞു അകത്തു കയറി ഗ്ലാസ് ഡോറിനു പകരമുള്ള നെറ്റ് കൊണ്ടുള്ള ഡോറടച്ചു. എന്നാൽ  അച്ഛൻ കിളിയും അമ്മക്കിളിയും തീറ്റ കൊണ്ടുവന്നു കൂട്ടിനകത്തു കയറിയതിനു ശേഷം മാത്രം കേട്ട കലപില ശബ്ദങ്ങളിലൂടെയാണ് ആ യുവ മിഥുനങ്ങൾക്ക്‌  കുഞ്ഞുങ്ങളുണ്ടായ കാര്യം അന്ന്‌  ഞങ്ങൾ അറിഞ്ഞത് തന്നെ.

വദ്ധരെയോ, പിഞ്ചു കുഞ്ഞുങ്ങളെയോ പോലും തിരിച്ചറിയാതെ  പിച്ചിച്ചീന്തുന്നതോ കൂട്ട ബലാൽസംഘത്തിന് ശേഷം അങ്കക്കലി മാറാതെ നിഷ്ക്കരുണം കൊലപ്പെടുത്തുന്നതോ ഹരമാക്കി മനുഷ്യ കുലത്തിനു തന്നെ അപമാനവും , ഭൂമിക്കു തന്നെ ഭാരവും, രാക്ഷസരെക്കാളും വന്യ മൃഗങ്ങളെക്കാളും ക്രൂരന്മാരുമാണ് എല്ലാ ഭാരതീയരെന്നും, അവരുടെ മുന്നിൽ പക്ഷി മൃഗാദികൾക്കു പോലും രക്ഷയില്ലെന്നും തെറ്റിദ്ധരിച്ചതിനാലാകാം, പറക്ക മുറ്റിയ നാലു കുരുവിക്കുഞ്ഞുങ്ങളെയും കൊണ്ട് അച്ഛൻ കുരുവിയും അമ്മക്കുരുവിയും ഒരു യാത്ര പോലും ചോദിക്കാതെ, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ, ജീവനും കൊണ്ട് രക്ഷപെട്ട് അവ അന്ന് ഞങ്ങളുടെയടുത്തു നിന്നും പറന്നു പോയത്.    

അവറ്റകൾക്കു സുരക്ഷിതമായി കൂടു കൂട്ടാൻ ഇടം നൽകിയിട്ടും, ഒരു നന്ദിപോലും കാണിക്കാതെ അവ പറന്നു പോയതിൽ പരിഭവം തോന്നിയ എനിക്ക്, പിന്നീട് ആലോചിച്ചപ്പോൾ അവറ്റകളാണ് ശരിയെന്ന്‌ തോന്നി.

പെൺകുഞ്ഞുങ്ങൾ പ്രായപൂർത്തിയാകുമ്പോൾ മാത്രം അവരുടെ ഭാവിയെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും ആധി പൂണ്ടിരുന്ന പണ്ടുകാലത്തെ അവസ്ഥയിൽ നിന്ന് നമ്മുടെ നാട് എത്രയോ മാറി?.ജനിച്ചു വീഴുന്ന അന്ന് മുതൽ മരണക്കിടക്കയിൽ കിടക്കുന്ന പ്രായമായവരെ വരെ ആൺപെൺ ഭേദമില്ലാതെ പിച്ചിച്ചീന്തി കൊല്ലുവാൻ സാമൂഹ്യ ദ്രോഹികളായ വളരെ കുറച്ചുപേർ കൊതിച്ചിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടിൽ, അത് ചോദ്യം ചെയ്യുന്ന മാതാപിതാക്കളെ അപായപ്പെടുത്തുന്ന നാട്ടിൽ, പിഞ്ചു കുഞ്ഞുങ്ങളുള്ള എല്ലാ മാതാപിതാക്കളും തൻറെ നിഴലിനെപ്പോലും പേടിക്കണം. അത് മാത്രമല്ലേ ആ കുരുവികളും ചെയ്തുള്ളൂ?

അതിന് ശേഷം അവ ഞങ്ങളോട് ചെയ്തത് തികഞ്ഞ അപരാധമാണെന്ന തിരിച്ചറിവ് മൂലമുണ്ടായ കുറ്റബോധം കൊണ്ടാണോ എന്നറിയില്ല,  വല്ലപ്പോഴുമൊക്കെ രണ്ടു മൂന്നു കിളികൾ ഞങ്ങളുടെ ബാൽക്കണിയിൽ വന്നിരുന്ന്  ഞങ്ങളെയൊക്കെ ഒളികണ്ണാൽ നോക്കിക്കണ്ടു പറന്നു  പോകുമായിരുന്നു. പിന്നീട് അവയുടെ ഇരിപ്പ്  സന്ദർശക മുറിയുടെ ഗ്ലാസ് ജനാലയുടെ മുന്നിലായി.

എന്നാലിന്ന് ജനാലപ്പടിയിൽ അവയെക്കണ്ട ഞാൻ ഗ്ലാസ് ജനാല ഒരു സ്വൽപ്പം തുറന്നതും, ഇനിയൊരിക്കലും ഇവിടെ  വരില്ലായെന്ന മട്ടിൽ മുഖം വെട്ടിച്ചു,   വെറുപ്പോടെ ഒരൊറ്റ പോക്ക്. ഭാര്യയെ ഒഴിവാക്കാനായി,  

നമ്മുടെ നാട്ടിലെ ഒരു "മനുഷ്യൻ"  വിഷപ്പാമ്പുകളേയുപയോഗിച് മൂന്നു നാലു പ്രാവശ്യം ശ്രമിച്ചു, സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയെന്നു  മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന ( അതിനെക്കുറിച്ചുള്ള  കുറ്റാന്വേഷണം സമഗ്രമായി നടന്നു കൊണ്ടിരിക്കുന്നു ) വാർത്ത അവയും അറിഞ്ഞിരിക്കാം. ഇപ്രാവശ്യവും ആ പാവം പറവകളെ കുറ്റപ്പെടുത്തുവാൻ എനിക്കാവില്ലല്ലോ. കാരണം  ഞാനും, ആ "മനുഷ്യനും"   ദൈവത്തിന്റെ സ്വന്തം നാടായ മലയാളക്കരയിൽ നിന്നാണല്ലോ.

ഒരുപക്ഷെ,  നാളികേരത്തിന്റെ നാട്ടിലെ ബഹുഭൂരിപക്ഷം മനുഷ്യരും  നല്ലവരാണെന്ന്‌ അവറ്റകൾക്കറിയില്ലായിരിക്കാം. അവരുടെ തെറ്റിധാരണകൾ മാറി എന്നെങ്കിലും ഒരിക്കൽ അവരോ, അവരുടെ മക്കളോ, മക്കളുടെ മക്കളോ ഞങ്ങളെ തേടി തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷകളോടെ...

നിങ്ങളുടെ സ്വന്തം, 

ഗീവർഗീസ് ഫിലിപ്പ് മലയിൽ ..... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com