ADVERTISEMENT

ആത്മഹത്യ ചെയ്ത ദേവിക മോളോട് ഹൃദയം ചേർത്ത് കൊണ്ട് എന്റെ ഒരു അനുഭവം പറയട്ടെ .

ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ സമ്പന്നനായ ഒരു കുട്ടിക്ക് മാത്രം കണക്ക് അധ്യാപിക ആനി  ടീച്ചർ ട്യൂഷൻ എടുത്തിരുന്നു.അവന്റെ ഉപ്പ   പ്രത്യേകം  കാശു കൊടുത്ത്  അറേഞ്ച് ചെയ്തതാണ് .കണക്കിൽ ഞാൻ മോശമായിരുന്നു. പക്ഷെ മറ്റുള്ള വിഷയങ്ങളിൽ ക്ലാസിൽ ഒന്നാമനുമായിരുന്നു .ഇതറിയുന്ന ആനി ടീച്ചർ എന്നോട് മാത്രം ഈ ട്യൂഷനിൽ വരാൻ പറഞ്ഞു.

വൈകുന്നേരത്തെ ഫുട്‍ബോൾ കളി മുടങ്ങുമെന്നതു കാരണം  സത്യം പറഞ്ഞാൽ എനിക്ക് ട്യൂഷന്  പോകുന്നതൊന്നും ഇഷ്ടമുണ്ടായിരുന്നില്ല. ട്യൂഷൻ വേണമെന്നുണ്ടെങ്കിൽ ഗൾഫിലുണ്ടായിരുന്ന ഉപ്പാക്ക് ഒരു പക്ഷെ ഫീസ്  തരാൻ പറ്റുമായിരിക്കും. അന്നു ഞങ്ങളുടെ സ്‌കൂളിൽ അധികം പേരും ട്യൂഷനു പോയിരുന്നില്ല .

സ്‌കൂൾ വിട്ടു ,ഞാൻ ടീച്ചർ പറഞ്ഞ പോലെ ട്യൂഷനിരുന്നു. എന്റെ സുഹൃത്തിന് അത് ഇഷ്ടപ്പെട്ടില്ല , അവന്റെ പിതാവ് കാശു കൊടുത്ത് ഏർപ്പാട് ചെയ്ത ക്ലാസ്സിലല്ലേ എന്നെ ഇരുത്തിയിരിക്കുന്നത്. സ്വാഭാവികം . ആനി ടീച്ചർ എന്നോടുള്ള സ്നേഹം കാരണം ഇതൊക്കെ മറന്നു .

ട്യൂഷൻ കഴിഞ്ഞപ്പോൾ അവൻ  അവന്റെ ഉപ്പയുടെ എക്സ്പോർട്ട് ബിസിനസ്സിനെ കുറിച്ചു പറഞ്ഞു ,വാങ്ങിയ  കാറിനെ കുറിച്ചും താമസിക്കുന്ന വലിയ ബംഗ്ളാവിനെ കുറിച്ചും വീട്ടിലെ ടിവിയെ കുറിച്ചുമൊക്കെ പറഞ്ഞു .

എന്റെ വീട്ടിലാണെങ്കിൽ കാറില്ല ,ടിവിയില്ല ,ഉപ്പ ഗൾഫിലായതിനാൽ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്ന ഒരു മിഡിൽ ക്‌ളാസ് കുടുംബം . പക്ഷെ ആ സമയത്ത് എന്റെ മനസ്സിൽ എന്തായിരുന്നുവെന്നും ഞാൻ  ആ സുഹൃത്തിനോട് പറഞ്ഞ  മറുപടിയും ഇന്നും ഓർക്കുന്നു.

ആ മറുപടി നിങ്ങൾ അറിയുന്നതിന് മുൻപ്  എന്റെ ഈ  പശ്ചാത്തലം  കൂടി അറിയണം ..ഞാൻ അന്നു നന്നായി  വായിക്കുമായിരുന്നു. അക്ഷരങ്ങളോട് ആർത്തിയായിരുന്നു. അമ്മാവന്റെ പലചരക്കു കടയിലിരിക്കുമ്പോൾ പുസ്തകങ്ങളും മാസികകളും രണ്ടു പത്രവും ദിവസവും  വായിക്കും .

അമ്മാവന്റെ സുഹൃത്തുക്കൾ എല്ലാ ദിവസവും വൈകുന്നേരം നടത്തുന്ന രാഷ്ട്രീയ ചർച്ചകൾ കേൾക്കും ,എന്നും കമ്യൂണിസ്റ്റ് ,ലീഗ് ,കോൺഗ്രസ്സ് വാഗ്വാദങ്ങളാണ് .എന്ത് രസമായിരുന്നു. ഇന്നത്തെ ”മുൻഷി ” കാണുന്നതിന്റെ പത്തിരട്ടി രസമായിരുന്നു .

പത്രത്തിലെ എഡിറ്റോറിയൽ പേജ്  വരെ  വായിക്കുമായിരുന്നു .അങ്ങനെയാണ്  അദ്‌നാൻ ഖഷോഗിയെ അറിയുന്നത് .ലോകത്തിലെ ഏറ്റവും സമ്പന്നനായ ആയുധ വ്യാപാരി . ലോകത്തിലെ ഏറ്റവും വലിയ ആഡംബര നൗകയുള്ളയാൾ ,അയാളുടെ ആഡംബര നൗകക്ക്  ഏകദേശം  ഇന്നത്തെ വാല്യൂ വച്ച് നോക്കിയാൽ നാനൂറു മില്യൻ ഡോളർ വരും . ജയിംസ് ബോണ്ട് സിനിമയിൽ ഈ നൗകയുണ്ട് .അദ്‌നാൻ ഖാഷോഗി  കുറെ കാലം ഉപയോഗിച്ചു വിറ്റ  നൗകയാണ് പിന്നീട് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് വാങ്ങിയതെന്ന് പറയുമ്പോൾ ഊഹിക്കാവുന്നതേയുള്ളൂ. അന്ന് ഈ നൗകയെ കുറിച്ച്  മലയാള മനോരമയിൽ ഒരു ഫീച്ചർ വന്നിരുന്നു .അതിൽ വിരിച്ചിട്ടുള്ള കാർപെറ്റിനു തന്നെ കോടികൾ വില വരുമെന്ന് ഞാൻ വായിച്ചിരുന്നു .

ഞാൻ എന്റെ  സമ്പന്നനായ സുഹൃത്തിനോട്  പറഞ്ഞത് ഇങ്ങനെയാണ് ..ഇപ്പോൾ ഓർക്കുമ്പോൾ ചിരിവരും .

“ നിനക്ക് അദ്നാൻ ഖഷോഗിയെ അറിയാമോ ? അയാളുടെ കാർപെറ്റിന്റെ വിലപോലുമില്ല നിന്റെ വീടിന് “

പിന്നീട് ഒരിക്കലും ആ സുഹൃത്ത് തന്റെ സമ്പത്തിനെ  കൂറിച്ച്‌ സംസാരിച്ചിട്ടില്ല .

വേറൊരു  രസകരമായ കാര്യം പിന്നീട് എസ്എസ്എൽസി പൊതുപരീക്ഷയിൽ ഞാൻ സ്‌കൂൾ ടോപ്പാറായി എന്നതാണ് ,ഫുട്‍ബോൾ  കളിച്ചും സിനിമകൾ  കണ്ടു നടന്നിട്ടും ,ട്യുഷന് പോകാതെയും തന്നെ .

ടിവിയില്ലാത്ത, ട്യൂഷന് പോകാൻ കഴിയാത്ത കുട്ടികളോട് പറയുവാനുള്ളത്  ഇന്നത്തെ കാലത്ത്  നിങ്ങൾ അൽപം  മനസ്സു വച്ചാൽ ഇതൊക്കെ നേടുവാനാകും  .നിരവധി  സംഘടനകൾ ,ഗവണ്മെന്റ് സംവിധാനങ്ങൾ നിങ്ങളുടെ ചുറ്റിലുമുണ്ട് .പല പ്രശ്നങ്ങളും ഒരു ഫെയ്സ്ബുക്ക് ലൈവിൽ പോലും തീർക്കുവാൻ കഴിയുന്ന കാലമാണ്.

ഇവിടെ ദേവിക മോളുടെ പ്രശ്നം ഒരു ദിവസത്തെ ക്ലാസ്സല്ല , കേടായ ടിവി യല്ല .മാറ്റമില്ലാതെ തുടരുന്ന ദാരിദ്രം എന്ന  അവസ്ഥയിൽ  മനം  നൊന്താണ്  ആ കുഞ്ഞ് ആത്മഹത്യചെയ്തത് .

കുഞ്ഞുങ്ങളെ , നിങ്ങൾ വായിക്കുക ,വിശാലമായ ലോകത്തെ കുറിച്ചറിയുക .അത് നിങ്ങളെ എന്തും നേരിടാൻ പ്രാപ്തരാക്കും . കരയുന്ന കുഞ്ഞിനെ പാലുള്ളൂവെന്ന് മനസിലാക്കുക .പണക്കാരന്റെ , ഭരിക്കുന്നവന്റെ ഉറക്കം നഷ്ടപ്പെടുമ്പോൾ മാത്രമാണ് പാവപ്പെട്ടവനു നീതി ലഭിക്കുന്നത് .നിങ്ങൾ ഭീരുക്കളാകരുത് ,സാഹചര്യങ്ങൾ നിങ്ങൾ ആരാണെന്ന് തീരുമാനിക്കരുത് .സാഹചര്യങ്ങളെ മാറ്റാൻ  വേണ്ടി പൊരുതണം .അവകാശങ്ങൾക്ക്  വേണ്ടി വാദിക്കുമ്പോൾ നിങ്ങൾ തല  താഴ്ത്തരുത്. ഒരു സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയിലെ പൗരനായ നിങ്ങളുടെ അവകാശമാണ് സമത്വം എന്നത്‌ .പൊരുതുക പോരാടുക വിജയം താനെ വരും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com