ADVERTISEMENT

യാത്രകൾ എന്നും ഒരു പുതിയ ഉണർവുകളാണ്, അത് ഉല്ലാസയാത്രകൾ ആകുമ്പോൾ പ്രത്യേകിച്ചും. മനം കുളിർക്കുന്ന സ്ഥലങ്ങൾ ആകുമ്പോൾ അതിന്റെ മാറ്റ് പത്തിരട്ടിയാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽനിന്ന് അൽപം മാറി നിൽക്കാൻ, മനസിനെ ഒന്ന് കുളിർപ്പിക്കാൻ അതിനെല്ലാം കൂടിയാണ് പൊതുവെ തിരക്ക് കുറവായ ജോർജിയ എന്ന രാജ്യം തിരഞ്ഞെടുക്കാൻ കാരണം. ഈ കോവിഡ് കാലത്തിന് മുൻപായിരുന്നു യാത്രയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ബഹ്‌റൈനിൽ നിന്നുള്ള അൽ അറേബ്യ വിമാനം ജോർജിയയുടെ തലസ്ഥാനനഗരമായ തിബ്ലിസിയിൽ എത്തുമ്പോൾ നേരം പുലർന്നിട്ടില്ല. ഞങ്ങളുടെ ഗൈഡ് തമുന്ന അയച്ച ഡ്രൈവർ എയർ പോർട്ടിന്റെ പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. പതിനഞ്ച് മിനുറ്റിനുള്ളിൽ പരമ്പരാഗതമായ ജോർജിയൻ രീതിയിൽ നിർമ്മിച്ച ഒരു പഴയ കെട്ടിടത്തിന് മുൻപിലെത്തി. അത് തമുന്നയുടെ വീടാണ്. അമ്മയുടെ കൂടെ അവർ ഞങ്ങളെ സ്വീകരിച്ചു. എല്ലാവരും കുളിച്ചു ഫ്രഷ്  ആയപ്പോഴേക്കും, നല്ല പച്ചക്കറികൾ അരിഞ്ഞ സാലഡ്, ജോർജിയൻ ബ്രഡ്, ചീസ്, ചായ തുടങ്ങി വീട്ടിൽ ഒരുക്കിയ നല്ല ബ്രേക്ക് ഫാസ്റ്റ്. 

Guide--Churchkhela-Georgian-cuisine-candle-shaped-candy

അൽപ നേരം കഴിഞ്ഞപ്പോൾ ഞങ്ങൾ തിബ്ലിസി കാണാനിറങ്ങി. തിബ്ലിസി- നിങ്ങളെ സ്‌നേഹിക്കുന്ന നഗരമെന്ന ടാഗ് ലൈൻ പോലെ കാഴ്ചകളും  അനുഭവങ്ങളും. ജോർജിയയുടെ ചരിത്രത്തെ പറ്റി നല്ല അവഗാഹമുള്ളവളായിരുന്നു ഞങ്ങളുടെ ഗൈഡ്. നന്നായി ഇംഗ്ലീഷ് സംസാരിക്കും. മൂന്നു ദിവസത്തെ സന്ദർശനം കഴിഞ്ഞു തിരിച്ചു എയർപോർട്ടിൽ കൊണ്ടുവിടുന്നതുവരെയുള്ള അവരുടെ സേവനം അത്രയധികം ആത്മാർഥതയും അർപ്പണ മനോഭാവവും നിറഞ്ഞതായിരുന്നു.

തലസ്ഥാനനഗരിയിൽ അതിമനോഹരമായ രീതിയിൽ പണി കഴിപ്പിച്ച, കെട്ടിടങ്ങൾ, കത്തിഡ്രൽ, മൗണ്ടൗൻ ചർച്ചുകൾ, ഭക്ഷണശാലകൾ, കേബിൾ കാറിലുള്ള സഞ്ചാരം എന്നിങ്ങനെയുള്ള കാഴ്ചകൾ അനവധിയാണ്. ജോർജിയയിലെ ഏറ്റവും വലിയ കത്തിഡ്രൽ തിബ്ലിസിയിലാണ്, ലോകത്ത് മൂന്നാം സ്ഥാനത്തു നിൽക്കുന്നതും.

ഒട്ടേറെ അധിനിവേശങ്ങൾക്ക് ഇരയാകേണ്ടി വന്ന ഒരു രാജ്യത്തിന്റെ അവശേഷിപ്പുകൾ ചരിത്രം ഇന്നും കാത്തു സൂക്ഷിച്ചു വെക്കുന്നു. ലോകത്തിന്റെ പറുദീസ എന്ന് വിശേഷിപ്പിച്ചാലും ഒട്ടും അതിശയോക്തിയില്ല. അത്രക്ക് മനോഹരവും കൗതുകമുളവാക്കുന്നതുമാണ് ജോർജിയൻ കാഴ്ചകൾ. ഒരിക്കൽ പോയാൽ വീണ്ടും പോകാൻ മനസ് കൊണ്ട് ആഗ്രഹിക്കുന്ന ഒരു യാത്ര. അടുത്ത കാലം വരെ ഒരു ട്രാവലർ ചാർട്ടിലും സുപ്രധാന സ്ഥാനം വഹിക്കാതിരുന്ന ഒരു രാജ്യമായിരുന്നു ജോർജിയ. അതുകൊണ്ട് തന്നെയാണ് സന്ദർശക ബാഹുല്യം കൊണ്ട് അവിടുത്തെ അന്തരീക്ഷം ഇന്നും  മലിനമാകാതെയും അരുവികൾ ശാന്തമായും ഒഴുകുന്നത്.

gudauri-mountain--paragliding

ഇത്രയും വൃത്തിയും സുന്ദരവുമായ ഒരു നഗരം ലോകത്തിലെ മറ്റൊരു രാജ്യത്തും ഇല്ലാത്ത മറ്റൊരു കാഴ്ച തന്നെയാണ്. അലസമായി കിടക്കുന്ന ഒരു കടലാസ് തുണ്ട് പോലും അവിടെയില്ലെന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെ. ജുട്ട മലനിരകൾ, പച്ചവിരിച്ച കുന്നുകൾ, പരന്നു കിടക്കുന്ന പർവ്വതനിരകൾ, പുൽമേടുകൾ അതിനിടയിലൂടെ ശാന്തമായി ഒഴുകുന്ന അരുവികളുടെ നിശബ്ദസംഗീതം ആൾക്കൂട്ടത്തിനിടയിലെ ഏകാന്തത നമ്മൾ അറിഞ്ഞനുഭവിക്കുന്നു.

gudauri-mountain--paragliding-03

യൂറോപ്പിലെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നായ പ്രൊമത്യൂസ് കേവ്സ് (Prometheus Caves) 1.4 കിലോ മീറ്റർ ദൂരത്തിൽ നീണ്ടു കിടക്കുന്ന ഗുഹകളിൽ  വെളിച്ചവും ഇരുട്ടും. മൂന്നു മണിക്കൂറോളം വരും അത് മുഴുവനും കയറി ഇറങ്ങാൻ. കാലാകാലങ്ങളിലായി പലതരം അധിനിവേശങ്ങളെ നേരിടേണ്ടിവന്ന ജോർജിയക്ക് ഒരു മുതൽ കൂട്ടാണ് ഒൻപതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച റബാത്തി കാസ്റ്റിൽ (Rabati castle). ഒരു കോട്ട എന്നതിലുപരി ഒരു ചെറിയ പട്ടണം തന്നെയാണ്. വിവിധ സംസ്കാരങ്ങളുടെയും മതാചാരങ്ങളുടെയും അവശേഷിപ്പുകൾ. വൈരുധ്യങ്ങളുടെ വർണ്ണക്കാഴ്ചകൾ തിബ്ലിസിന്റെ ഒരു പ്രത്യേകത തന്നെയാണ്. ഒരേ സമയം അതിപുരാതന ശിൽപകലയിൽ തീർത്ത മാളികകൾക്കൊപ്പം തന്നെ അത്യന്താധുനിക രീതിയിൽ പണിത കെട്ടിടങ്ങളും തോളോട് തോൾ ചേർന്ന് നിൽക്കുന്നതു കാണാം. പല കാലങ്ങളിലായി ഒട്ടേറെ കടന്നാക്രമണങ്ങളിലൂടെ കടന്നു പോയതിന്റെ പൊള്ളിക്കുന്ന ഓർമ്മപെടുത്തലുകളിൽ ഇന്നും കെടാത്ത ഉയിർത്തെഴുന്നേൽപ്പുകൾ ചരിത്രം സൂക്ഷിച്ചു വെച്ചിരിക്കുന്നു.

തമുന്ന പിന്നെ ഞങ്ങളെ കൊണ്ടു പോയത് നർക്കേല ഫോർട്ടറസി (Narikala Fortress) ലേക്കാണ്. നാലാം നൂറ്റാണ്ടിൽ പേർഷ്യൻ അധിനിവേശകാലത്ത് ഒരു കുന്നിന്റെ മുകളിൽ നിർമ്മിച്ച ഈ കോട്ടക്കകത്ത് സെന്റ് നിക്കോളസ് ചർച്ച് സ്ഥിതി ചെയ്യുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ പണിത പള്ളി കത്തിനശിച്ചു പോവുകയും പിന്നീട് അടുത്ത കാലത്ത് പുനർനിർമ്മാണം നടത്തിയതുമാണ്.

Aragvi-River

ഒളിമങ്ങാത്ത പൗരാണിക ശിൽപങ്ങൾക്ക് ഒപ്പം തന്നെ നിൽക്കുന്ന അത്യാധുനിക രീതിയിൽ തീർത്ത പീസ് ബ്രിഡ്ജ് സഞ്ചാരികളെ ആകർഷിക്കുന്ന തിബ്ലിസിയുടെ മറ്റൊരു കൂട്ടിചേർക്കലാണ്. ഗ്ലാസ്സിലും സ്റ്റീലിലും സ്ട്രെചുറൽ ഡിസൈൻ ചെയ്തുതീർത്ത ഈ പാലം മൈക്കൾ ഡി ലൂച്ചി എന്ന ഇറ്റാലിയൻ ആർക്കിടെക്റ്റ് രൂപകൽപ്പന ചെയ്തതാണ്. 2010 ലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഈ പാലം എർക്ക്‌ലി II സ്ട്രീറ്റ് എന്ന തെരുവിനെയും റിക്ക് പാർക്കിനെയും ബന്ധിപ്പിക്കുന്ന നടന്നു പോകാനുള്ള ഒരു പാലമാണ്. റിക്ക് പാർക്കിൽ വിനോദങ്ങൾക്കായി ഒരുക്കിയ ഒട്ടേറെ കൗതുകങ്ങളിൽ കുളം, പലതരം ജലധാരകൾ എന്നിങ്ങനെ പല ആകർഷണങ്ങളുമുണ്ട്. എല്ലാവരും വെള്ളത്തിലും കരയിലുമൊക്കെയായി വിവിധതരം കളികളിലേക്ക് ഇറങ്ങി. വേനൽ  ആയതിനാൽ അന്തരീക്ഷം ചെറിയ ചൂടുള്ളതായി അനുഭവപ്പെട്ടതു കൊണ്ട് കൂടുതലും വെള്ളത്തിൽ ഇറങ്ങി കളിക്കാനാണ് എല്ലാവരും താൽപ്പര്യം കാണിച്ചത്.

Wine-Manufacturing

ഗഢുരി മലനിരകളിൽ പാരാ ഗ്ലൈഡിങ് ഉണ്ട്. കയ്യിലുള്ള ഗോ പ്രോ ഘടിപ്പിച്ചു മൂത്ത മകൻ ആകാശത്തിൽ പറന്നുയർന്നു. അവിടുന്ന് Gergeti Trinity Church ലേക്കുള്ള വഴി ദുർഘടമാണ്. ഞങ്ങളുടെ കാർ വഴിയരികിൽ ഒതുക്കിയിട്ട്, മലയുടെ അടിവാരത്തു നിന്നും വലിയ ടയറുകൾ ഉള്ള ഒരു ഫോർ വീൽ ഡ്രൈവ് ജീപ്പിലായി പിന്നീടുള്ള യാത്ര. പച്ചപ്പട്ടു വിരിച്ച മല നിരകൾ അതിനു മുകളിൽ Gergeti Trinity Church. ഡ്രോൺ ഉപയോഗിച്ച്  അവിടുള്ള ആകാശക്കാഴ്ച  ഞങ്ങൾ പകർത്തി.

അസ്തമയത്തോട് അടുത്തപ്പോൾ ശാന്തമായി ഒഴുകുന്ന അർഗാവി (Aragvi) നദിയുടെ തീരത്തു ഞങ്ങളെത്തി. പ്ലാസ്റ്റിക് കവറുകളോ, ഗ്ലാസുകളോ അങ്ങനെ ഒന്നും വലിച്ചെറിയാത്ത തിരക്കൊഴിഞ്ഞ, വൃത്തിയുള്ള നദീ തീരം. അവിടെ കുതിര സവാരിയുണ്ട്, നദിയിൽ കുളിക്കാം, കുളി കഴിഞ്ഞു ജോർജിയൻ കാറ്റ് കൊണ്ട് അൽപ നേരം നദിക്കരയിൽ ഞങ്ങളിരുന്നു.

Gergeti-Trinity-Church

ജോർജിയയിലെ എടുത്തു പറയേണ്ട ഒരു കാര്യം ഇവിടുത്തെ പലഹാരങ്ങളാണ്.. പോർക്ക്‌, ബീഫ്, മഷ്‌റൂം ഇവയിൽ ഏതെങ്കിലും സ്റ്റഫ് ചെയ്തു ചീസ്, പൊട്ടറ്റോ എന്നിവ നിറച്ച ഒരു പലഹാരം Khinkali. കപ്പലണ്ടി, ആൽമണ്ട് , വാൾ നട്ട്സ് തുടങ്ങിയവ അരച്ച് കാച്ചിക്കുറുക്കിയ മുന്തിരി ജ്യൂസിൽ മുക്കിയെടുത്ത Churchkhela എന്ന മറ്റൊരു ജോർജിയൻ പലഹാരം.. വൈനിന്റെ രാജ്യമെന്ന ഒരു ഖ്യാതി കൂടി ജോർജ്ജിയക്ക് സ്വന്തം. വൈൻ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങൾ അതിഥികൾക്ക് സൗജന്യമായി വിശദീകരിക്കുന്ന Kvareli എന്ന സ്ഥലത്തുള്ള വൈൻ ഫാക്ടറി തീർച്ചയായും കാണേണ്ടതാണ്.

അവസാന നാൾ വൈകുന്നേരം കാഴ്ചകൾകണ്ട് തിരിച്ചു തമുന്നയുടെ വാസസ്ഥലത്തു എത്തിയപ്പോഴാണ് മൂന്നു ദിവസം കഴിഞ്ഞു പോയതും തിരിച്ചു നാട്ടിലേക്ക് പോകാനുള്ള ഫ്ലൈറ്റ് രാത്രി ആണെന്നുമുള്ള തിരിച്ചറിവ് ഞങ്ങൾക്കുണ്ടായത്. ഇത്രയും മനോഹരതീരത്തു ജീവിക്കുന്ന ജോർജിയൻ ജനത എല്ലാ കടന്നാക്രമണങ്ങളേയും അധിനിവേശങ്ങളേയും തകർച്ചകളെയും അതിജീവിച്ചു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റു ചിറകുകൾ വിരിച്ചു നല്ല ആഥിതേയരായി സഞ്ചാരികളെ സ്വീകരിക്കുന്നത് ഒരു പക്ഷേ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ ഭൂമിയിൽ ആയത്കൊണ്ടായിരിക്കും.

Peace-Bridge-Tblisi

എല്ലാം പാക്ക് ചെയ്തു എയർപോർട്ടിലേക്കുള്ള യാത്രയിൽ കണ്ണുകൾ ഉടനീളം കണ്ണുകൾ വണ്ടിയുടെ പിന്നിലെ വിൻഡോയിലൂടെ പുറത്തേക്കായായിരുന്നു. വീണ്ടും ഒരു യാത്രകൂടി നടത്താൻ എന്തൊക്കെയോ ബാക്കിവെച്ചു പോകുകയാണ് എന്ന തോന്നൽ. മൂന്നു ദിവസം താമസിച്ച വീട്, മുഴുവൻ സമയവും ഞങ്ങളോടൊപ്പം ചിലവഴിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഗൈഡ് തമുന്ന, ഒപ്പം ഒരു സുന്ദര രാജ്യവും സമ്മാനിച്ച നല്ല ഓർമകളും.

തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും ശാന്തിയുടെ തീരത്തെക്കുള്ള ഒരു ഒഴുക്ക്. അതായിരുന്നു ഈ യാത്ര. ഒട്ടും മടുപ്പിക്കാതെ, ഓരോ നിമിഷവും കാഴ്ചകളുടെ വൈവിധ്യം മനസ്സിലൂടെ നടത്തിയ തേരോട്ടം. വേഗത്തിൽ പോകുന്ന ഒരു സിനിമ കണ്ടു തീർത്തതു പോലെ. പ്രകൃതിയുടെ വലിയ ക്യാൻവാസിൽ വിരിഞ്ഞു നിൽക്കുന്ന മനോഹര ചിത്രം അതായിരുന്നു ജോർജിയ. ഈ ഒഴിവു കാലം ഇത്രയും ആസ്വാദ്യകരവും ഓർമ്മയിൽ തങ്ങിനിൽക്കുന്ന നയന മനോഹരങ്ങളായ കാഴ്ചകളും സമ്മാനിച്ച ജോർജിയയോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ തിരിച്ച് ഞങ്ങളുടെ തിരക്കുകളിലേക്ക് മടങ്ങി. വീണ്ടും ഇതുപോലെ മനോഹരമായ ഒരു ഒഴിവുകാലം മനസ്സിൽ നിനച്ചു കൊണ്ട്.

Street-Band
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com