sections
MORE

വികസിത രാജ്യങ്ങളിൽ ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല മറിച്ച് എല്ലാവരും മനുഷ്യർ മാത്രം

x-default
SHARE

മനുഷ്യന്റെ വിവിധങ്ങളായ മാനസിക വികാരങ്ങളാണ്  വ്യക്തികളെ ഓരോ നിമിഷവും ജീവിക്കുവാനും അന്യോന്യം സഹകരിച്ചു വളരുവാനും പ്രേരിപ്പിക്കുന്നത്. വികാരവിചാരങ്ങളില്ലാത്ത വ്യക്തികൾ ചലന ശേഷിയില്ലാത്ത ചെടികൾക്കും വൃക്ഷങ്ങൾക്കും തുല്യമാണ്. ചലന സ്വാതന്ത്ര്യം ഇല്ലാത്തവയെല്ലാം മറ്റുള്ളവയ്ക്ക് ജീവിക്കുവാനുള്ള ഉപകരണങ്ങൾ മാത്രമായി ഭൂമിയിൽ എന്നേയ്ക്കുമായി നിലനിൽക്കുന്നു. ജനിക്കുന്ന നേരം തൊട്ട് മരിക്കുന്നതുവരെയുള്ള  മനുഷ്യരിലെ എല്ലാ വികാരവിചാരങ്ങളും വളരെയധികം പ്രധാനപ്പെട്ടവ തന്നെയാണ്. എന്നാൽ  മൃഗങ്ങളിലും  സ്വാഭാവികമായുള്ള വികാരങ്ങളുണ്ടെങ്കിലും പ്രാഥമികാവശ്യങ്ങൾ നേടുവാൻ മാത്രമാണ് ഉപകാരപ്പെടുന്നത് പക്ഷെ മനുഷ്യരിൽ എല്ലാറ്റിനുമുപരിയായി അധികമായുള്ളതാണ് യുക്തിബോധവും.  നന്മതിന്മകൾ വേറിട്ടറിഞ്ഞു സമയോചിതമായി പ്രവർത്തിക്കാനുള്ള വികാരവിചാരങ്ങൾ. അങ്ങനെയാണെങ്കിൽ കൂടിയും നിലവിലുള്ള മനുഷ്യ മനസുകളിൽ പൗരാണികമായ വികാരങ്ങളും ആധുനികമായ യുക്തിചിന്താഗതികളും അനുദിനം പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയുമാണ്.  പ്രാചീനകാലങ്ങളിൽ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണമായിരുന്നു പ്രാഥമിക ലക്ഷ്യമെന്നതിനാൽ ഭയമായിരുന്നു മറ്റു വികാരങ്ങളെക്കാൾ അധികമായി എല്ലാ മനുഷ്യരിലും പ്രതിഫലിച്ചിരുന്നത്. എന്നാൽ ആധുനിക ലോകത്തിൽ എല്ലാ അർഥത്തിലും സ്വാതന്ത്ര്യം പൂർണ്ണമായപ്പോൾ മറ്റു വികാരങ്ങൾ ഓരോ മനുഷ്യരിലും അധികമായി പ്രകടിക്കുവാൻ തുടങ്ങി. ലോകത്തിൽ മറ്റു പരോക്ഷമായ ധാരാളം വിപത്തുകൾ  ജീവനെ പേടിപ്പിക്കുന്നുണ്ടെങ്കിലും മനുഷ്യ മനസുകൾക്ക് ശുഭ പ്രതീക്ഷകൾ നൽകുന്ന മറ്റു ധാരാളം ഘടകങ്ങളുണ്ട്.  സമയോചിതമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിവുള്ള ബുദ്ധിമാനായ ആധുനിക മനുഷ്യൻ നൈമിഷികമായ വികാരങ്ങൾക്ക് അടിമപ്പെടാതെ യുക്തിപരമായി ചിന്തിച്ചു മാത്രം പ്രവർത്തിക്കുന്നതെങ്കിലും ആത്മവിശ്വാസം കുറവുള്ളവർ വിപരീതമായും പ്രവർത്തിക്കും

അമിതമായ വിദ്വേഷവും കോപവും വരുത്തുന്ന വിപത്തുകൾ വീണ്ടുവിചാരമുള്ള വ്യക്തികൾ തിരിച്ചറിയുകയും വീണ്ടുമാവർത്തിക്കാതിരിക്കുകയും ചെയ്യും പക്ഷെ തിരിച്ചറിവില്ലാത്തവർ വീണ്ടും ആവർത്തിക്കുകയും സമൂഹത്തിന് ഒന്നടങ്കം അപമാനങ്ങൾ വരുത്തുന്നതിന്റെ നേർചിത്രങ്ങളാണ് നിലവിൽ അമേരിക്കയിൽ സംഭവിക്കുന്നത്.  കൊറോണയെ ഫലപ്രദമായി പ്രധിരോധിക്കാതിരുന്നതിനാൽ വിലപ്പെട്ട നിരവധി ജീവനുകൾ നഷ്ട്ടമായ സമയങ്ങളിലാണ് കൂനിന്മേൽ കുരുവെന്നപോലെ വംശീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാരന്‍ കാല്‍മുട്ടിനിടയില്‍ ഞെരിച്ചു കൊന്നു എന്നാരോപിച്ചു മിനിയാപോളിസില്‍ തുടങ്ങിയ പ്രതിഷേധങ്ങൾ കലാപങ്ങളായി അമേരിക്കയിലെ മറ്റിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. വിവിധയിടങ്ങളിൽ ചെറിയ ജോലിയായ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ജോര്‍ജ് ഫ്ളോയിഡിനെ നാലു പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷം ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തി കൈയ്യാമം വയ്ക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഫ്‌ളോയ്ഡിനെ കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറെക് ചൗവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൊലപാതക്കുറ്റം ആരോപിക്കപ്പെട്ട ചൗവിന്റെ ഭാര്യ ഇയാളില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരി ക്കുന്നു എന്ന്  വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇദ്ദേഹത്തിനെതിരെ മുമ്പ് പല അവസരങ്ങളിലായി വിധ്വെഷപരമായി പെരുമാറിയതുൾപ്പെടെ  18 പരാതികള്‍ കിട്ടിയിരുന്നതായി മിനിയാപോളിസ് പൊലീസ് തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

പൊലീസുകാർ അറിഞ്ഞോ അറിയാതെയോ സംഭവിച്ച മരണം നിലവിൽ കറുത്ത വംശജർക്കെതിരെയുള്ള  വിദ്വേഷ കൊലപാതകമായി ചിത്രീകരിച്ചുകൊണ്ട് ലോകം മുഴുവനും കലാപങ്ങൾ സംഘടിപ്പിക്കുവാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം മനുഷ്യർ. സാമൂഹിക അനീതിക്കെതിരെ പ്രതിഷേധങ്ങൾ ആവശ്യമാണ്, ജനാധിപധ്യ സംവിധാനങ്ങളിൽ ജനങ്ങളുടെ സ്വാതന്ത്യവും അവകാശവുമാണെന്നും തർക്കമില്ലാത്ത വസ്തുതയുമാണ്. മനുഷ്യാവകാശങ്ങൾ ലെൻഖിക്കപ്പെടുമ്പോൾ പൊതുജനങ്ങൾ പീഡനത്തിനിരയായവരോടൊപ്പം നിൽക്കുന്നു എന്നവർക്ക് ആശ്വാസം നൽകുന്ന നടപടികൾ. സാമൂഹിക ജീവികളായ മനുഷ്യർ തങ്ങളോടൊപ്പം ജീവിക്കുന്ന തങ്ങളെപ്പോലുള്ള മറ്റുള്ളവർക്ക് നൽകുന്ന കരുതലിന്റെ പ്രതീകങ്ങൾ. ഒരു പരിധിവരെ എത്രയും പെട്ടെന്ന് നീതി സാധ്യമാക്കി കൊടുക്കുവാനുതകുന്ന ജനകീയമായ പ്രക്ഷോഭ രീതികൾ.  പക്ഷെ ലോകത്തിലുള്ള ഒരു പ്രത്യയ ശാസ്ത്രത്തിലും വ്യവസ്ഥിതികളിലും സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്ന പ്രക്ഷോഭങ്ങളും കലാപങ്ങളും സംഘടിപ്പിക്കുവാൻ അനുവദിക്കുന്നില്ല. അതോടൊപ്പം തന്നെ എല്ലാ വ്യക്തികൾക്കും ഉടമസ്ഥാവകാശമുള്ള പൊതുമുതലുകൾ നശിപ്പിക്കുവാനുള്ള അധികാരവുമില്ല. പൊതുജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിക്കുവാൻ ബാധ്യസ്ഥരായവരാണ് പൊലീസുകാർ, അതിലേക്കാവശ്യമായ പരിശീലനങ്ങളും ലഭിച്ചവർ പക്ഷെ അവരെല്ലാവരും തന്നെ മറ്റുള്ളവരെപ്പോലെ തന്നെ സാധാരണക്കാരായ മനുഷ്യർ  മാത്രമാണ്. സമൂഹത്തിലുള്ള മറ്റുള്ളവരെപ്പോലെ തന്നെ ചെയ്യുന്ന ജോലിക്ക് ശമ്പളം വാങ്ങി കുടുംബമായി സന്തോഷത്തോടെ ജീവിക്കുവാൻ ശ്രമിക്കുന്നവർ.

ആരോഗ്യത്തോടെ നിലനിൽക്കുമ്പോൾ മാത്രമാണ് ഓരോരുത്തർക്കും സമാധാനമായി ജോലി ചെയ്യുവാനും സ്വന്തം പ്രയഗ്നത്തിൽ ജീവിക്കുവാനും സാധിക്കുകയുള്ളു. മറ്റുള്ള ജോലികളെക്കാൾ കൂടുതലായി പൊലീസുകാർ അവരുടെ സുരക്ഷ സംരക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ് അതോടൊപ്പം അവർക്ക് അത്യാവശ്യ വേളകളിൽ ഉപയോഗിക്കുവാൻ സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടൂണ്ട്, ഇതെല്ലാം അവരുടെ ജോലിയുടെ ഭാഗമായിട്ട് മാത്രമാണ് അവരുടെയും മറ്റുള്ളവരുടെയും സംരക്ഷണത്തിനായി മാത്രം. പക്ഷെ ചില അവസരങ്ങളിൽ അവരിൽ ചിലർ പ്രകോപിതരായി അനീതി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നിലവിലുള്ള നിയമവ്യവസ്ഥികൾക്ക് വിട്ടുകൊടുക്കുക. എന്നാൽ നിയമം കയ്യിലെടുത്ത് അരാജകത്ത്വം സൃഷ്ടിക്കുവാൻ ആരെയും അനുവദിക്കരുത്.  

മനുഷ്യർ വളർന്ന് ലോകം ചെറുതായപ്പോൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന അനീതികളുടെയും കൊള്ളരുതായ്‌മകളുടെയും അലയൊലികൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും മുഴങ്ങിക്കൊണ്ടിരിക്കുന്നതിൽ അത്ഭുതപെടുന്നില്ല. 

പ്രത്യേകിച്ചും ലോകത്തിന്റെ തന്നെ തലസ്ഥാന നഗരികളിലൊന്നായ ലണ്ടനിൽ. എട്ടര മില്യൺ മനുഷ്യർ ജീവിക്കുന്ന ലണ്ടണിൽ 44.5 ശതമാനവും വെള്ളക്കാരല്ല പകരം കറുത്ത വർഗ്ഗക്കാരും ഏഷ്യക്കാരുമുൾപ്പെടെ മറ്റുള്ള രാജ്യങ്ങളിൽ നിന്നും കുടിയേറിപ്പാർക്കുന്നവർ. എല്ലാ ലോക രാജ്യങ്ങളുടെയും പ്രതിനിധികൾ ഉള്ളതുകൊണ്ടും മനുഷ്യാവകാശങ്ങൾക്ക് മുൻതൂക്കമുള്ളതുകോണ്ടും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന പ്രധിഷേധങ്ങളെല്ലാം ലണ്ടണിലും ആവർത്തിക്കപെടും. ചിലതെല്ലാം ലണ്ടനിൽ മാത്രമാണ് നടക്കാറുള്ളതും കാരണം മറ്റുള്ള സ്ഥലങ്ങളിൽ അവിടങ്ങളിലെ ഭരണാധികാരികൾ നിർദ്ദയമായി അടിച്ചമർത്തുക തന്നെ ചെയ്യും. പക്ഷെ ലണ്ടനിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനാൽ പാവപ്പെട്ട പൊലീസുകാർ എല്ലായ്പ്പോഴും അധിക്ഷേപിക്കപെടുവാനും കാഴ്ച്ചക്കാരായി നോക്കി നിൽക്കുവാൻ വിധിക്കപ്പെട്ടവരാണ്. നിലവിലുള്ള സ്ഥിതിവിശേഷം സാധാരണമല്ലെങ്കിലും  അതായത് കൊറോണയെപ്പേടിച്ച് എല്ലാവരും തന്നെ ജോലി പോലും ചെയ്യാതെ സർക്കാരിന്റെ ആനുകൂല്യം വാങ്ങി വീട്ടിലിരിക്കുകയാണെങ്കിലും അമേരിക്കയിൽ ജോര്‍ജ് ഫ്ളോയിഡിനെ വംശീയമായി കൊലപാതകം ചെയ്തു എന്നാരോപിച്ചു ലണ്ടണിൽ പ്രതിഷേധ റാലിക്കുപരി കലാപം തന്നെ സൃഷ്ടിക്കുവാൻ മടി കാണിക്കുന്നില്ല. അന്നേരവും എന്നാളിലെപ്പോലെ പൊലീസുകാർക്ക് കൈകെട്ടി നോക്കി നിൽക്കുവാൻ മാത്രമാണ് സാധിക്കുന്നത്. സമാധാനമായി നടക്കേണ്ടിയിരുന്ന ആ  പ്രകടനങ്ങളിൽ പങ്കെടുത്ത സ്ത്രീ ജനങ്ങൾ ഉൾപ്പെടുന്ന വ്യക്തികൾ പൊലീസുകാരെ പ്രകോപിപ്പിക്കുവാൻ എത്രത്തോളം ശ്രമപ്പെടുന്നുണ്ടെന്നു വീഡിയോച്ചിത്രങ്ങളിൽ നിന്നും മനസിലാക്കുവാൻ സാധിക്കും. പക്ഷെ ഓരോ പൊലീസുകാരന്റെയും മനഃസാന്നിധ്യവും യുക്തിബോധ്യവും സ്ഥിതിഗതികൾ കൈവിട്ടു പോകാതിരിക്കുന്നതിന് സഹായകമായി.

കാര്യകാരണങ്ങൾ ഗ്രഹിക്കാതെയും വീണ്ടു വിചാരമില്ലാതെയും പ്രതിഷേധിക്കുവാൻ ഇറങ്ങിപ്പുറപ്പെടുന്ന ഓരോ  വ്യക്തികൾക്കും അവരുടേതായ പ്രത്യേക ന്യായവാദങ്ങൾ നിരത്തുവാനുണ്ടാകും പക്ഷെ ഓരോന്നും ഇഴകീറി പരിശോധിക്കുമ്പോൾ കഴമ്പുണ്ടാകുമെന്ന് പറയുവാൻ സാധിക്കില്ല. എല്ലാ സമൂഹങ്ങളിലും സംഭവിക്കുന്നത് ഇത് തന്നെയാണ് പ്രത്യേകിച്ചും അധഃകൃതരാണെന്ന് സ്വയം വിശ്വസിച്ചു ജീവിക്കുന്ന വ്യക്തികൾ കൂടുതലുള്ള സമൂഹങ്ങളിൽ. മനുഷ്യന്റെ വിവിധങ്ങളായ മാനസിക വികാരങ്ങളാണ്  അവരോരുത്തരെയും ഓരോ നിമിഷവും നയിക്കുന്നതിനാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സത്യാവസ്ഥകൾ മനസിലാക്കുവാൻ ശ്രമിക്കാതെ യാന്ധ്രികമായി പ്രതിരോധത്തിൽ ആകുവാൻ മാത്രമാണ് ശ്രമിക്കുന്നത്. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിലേയ്ക്ക് നയിച്ച അവസാന നിമിഷങ്ങളിലെ  വീഡിയോച്ചിത്രങ്ങൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ജോര്‍ജ് എന്ന വ്യക്തിയെ ആ സാഹചര്യങ്ങളിലേയ്ക്ക് നയിച്ച സംഭവങ്ങളും ജോർജിന്റെ പൂർവ്വകാല ജീവിത ചരിത്രങ്ങളും പരിശോധിക്കുവാൻ ആരും തയാറാവുന്നില്ല.

പകരം ഭൂരിപക്ഷമായ വെളുത്ത വർഗ്ഗത്തിൽപെട്ട ഒരു പൊലീസുകാരൻ ന്യുന പക്ഷമായ കറുത്ത വർഗ്ഗക്കാരനെ കാലുകൊണ്ട് ഞെരിച്ചു കൊന്നു എന്നുള്ള വാർത്ത പ്രചരിപ്പിക്കുവാൻ മാത്രമാണ് ശ്രമം നടക്കുന്നത്. കലാപങ്ങൾ തുടങ്ങിയതിനുശേഷം കണ്ടേസ്സ ഓവൻസ് എന്ന് പേരുള്ള കറുത്തവർഗ്ഗക്കാരിയായ ഒരു പെൺകുട്ടി കൂടുതൽ കാര്യങ്ങൾ ചൂണ്ടിക്കാട്ടികൊണ്ട് രംഗത്തു വന്നപ്പോൾ ആ പെൺകുട്ടിയെ വംശദ്രോഹിയാക്കുവാനാണ് മറ്റുള്ളവർ ശ്രമിക്കുന്നത്. എന്നാൽ ആ പെൺകുട്ടി പൊതു മാധ്യമങ്ങളിൽ അറിയപ്പെടാത്ത പല വസ്തുതകളും ചൂണ്ടിക്കാണിക്കുന്നത്, കുറ്റകൃത്യങ്ങളുടെ ലോകത്തു മാത്രം ജീവിച്ചിരുന്ന  ജോര്‍ജ് ഫ്‌ളോയിഡിനെ. ഇങ്ങനെയുള്ള സ്വകാര്യ വസ്തുതകളും വിവരങ്ങളും പൊതു സമൂഹത്തിന് അറിവില്ലെങ്കിലും പൊലീസിനും മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കും അറിവുള്ളതാണ്, അങ്ങനെയുള്ള വ്യക്തികളെ കൈകാര്യം ചെയ്യുമ്പോൾ സാധാരണയിൽ കവിഞ്ഞ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുകയും ചെയ്യുക തന്നെ വേണം.

നിലവിലെ ഈ ആധുനിക യുഗത്തിൽ, വികസിത രാജ്യങ്ങളിൽ, പ്രത്യേകിച്ചും യുകെപോലുള്ള ക്ഷേമരാഷ്ട്രങ്ങളിൽ ജീവിക്കുന്ന വ്യക്തികൾക്ക് സമൂഹത്തിലുള്ള മറ്റുവ്യക്തികളുടെ സഹായ സഹകരണമില്ലാതെ തങ്ങളുടെ അനുദിന ജീവിതം ജീവിക്കുവാൻ സാധിക്കുന്നത് ഭൂരിപക്ഷമായ വെളുത്ത വർഗ്ഗക്കാരുടെ പൂർവ്വകാല പ്രവർത്തന മികവുകൊണ്ടു മാത്രമാണ്. എല്ലാ വികസിത രാജ്യങ്ങളിലെയും പൗരന്മാർ കഴിവതും മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാറില്ല അവർക്ക് സ്വന്തം ജീവിതവും അവർക്കൊപ്പമുള്ള വ്യക്തികളുടെ ജീവിതവുമാണ് പ്രധാനം. അതോടൊപ്പം ഭൂരിപക്ഷമാണെങ്കിലും അവരെല്ലാവരെയും ഒരേപോലെ പരിഗണിക്കുന്നതുകൊണ്ട് അനീതിയാണെന്ന് പൂർണ്ണമായി ബോധ്യമാകുമ്പോൾ മാത്രമാണ് പ്രതികരിക്കുന്നത്. അതുകൊണ്ടു മാത്രമാണ് വികസിത രാജ്യങ്ങളിൽ അനാവശ്യമായ സമരങ്ങളും പണിമുടക്കുകളും ഇല്ലാതിരിക്കുന്നത്. എന്നാൽ ന്യൂനപക്ഷത്തിൽ നിന്നുമുള്ള അംഗങ്ങൾ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഒരു കാലത്തും തൃപ്തരല്ല, അതുകൊണ്ടു തന്നെ നിരന്തരം മാനസികമായി വിധ്വെഷവും പേറി  തളർന്നു ജീവിക്കുന്നവരാണ്. അവരുടെ ജീവിതത്തിൽ ആത്മവിശ്വാസം ഉണ്ടാവുന്നില്ല അതുകൊണ്ടു തന്നെ അനാവശ്യമായി പ്രതിരോധത്തിൽ അനുദിനം ജീവിക്കുവാനാണ് ശ്രമിക്കുന്നത്.

ലോകത്തിന്റെ ഏതൊരു കോണുകളിൽ ജീവിക്കുമ്പോഴും മറ്റുള്ളവരോട് കടപ്പെട്ടു ജീവിക്കുവാൻ ആരും ആരെയും നിർബന്ധിക്കുന്നുമില്ല ആരും പ്രതീഷിക്കുന്നുമില്ല പക്ഷെ അറിവില്ലായ്മയുടെ പേരിൽ ആരെയും അധിഷേപിക്കുവാനും കുറ്റമാരോപിക്കുവാനും അധികാരവുമില്ല. ഓരോ രാജ്യത്തും മനുഷ്യർ ജനിക്കുന്നത് അവരോരുത്തരുടേയും ആവശ്യപ്രകാരമോ ആഗ്രഹപ്രകാരമോ അല്ല മറിച്ച് എങ്ങനെയോ സംഭവിക്കുന്നു പക്ഷെ ദാനമായി ലഭിച്ച ജീവിതം ഏറ്റവും ഭംഗിയായി ജീവിക്കുന്നതാണ് പരമപ്രധാനമായ വസ്തുതയെന്ന് വികാരങ്ങൾക്ക് അടിമപ്പെടാതെ യുക്തിപരമായി ചിന്തിക്കുന്ന മനുഷ്യർ തിരിച്ചറിയുന്നുണ്ട്. എല്ലാ വികസിത രാജ്യങ്ങളിലും ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല മറിച്ച്  മനുഷ്യർ മാത്രമാണ്, വികാരങ്ങൾക്കുപരി വിവേകങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യർ. കോടാനുകോടി വർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിട്ടും മനുഷ്യർക്ക് ജീവന്റെ വിലയും ജീവിതത്തിന്റെ അർഥവും ഇനിയും മനസിലായിട്ടില്ല, അതോടൊപ്പം എന്നെങ്കിലും തിരിച്ചറിയുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുവാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. അറിവില്ലായ്മ മൂലം നൈമിഷികമായിട്ടാണെങ്കിലും ഉടലെടുക്കുന്ന വെറുപ്പും വിധ്വേഷവുമായ ചിന്താഗതികൾ  സമയോജിതമായി നിയന്ത്രിക്കുവാൻ സാധിക്കാതെ വരുമ്പോൾ ബന്ധങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയും ആജീവനാന്ത എല്ലാ ജീവിത മേഖലകളിലും പ്രതിഫലിക്കുകയും ചെയ്യും. അതുണ്ടാകാതിരിക്കണമെങ്കിൽ വികാരങ്ങൾക്ക് അടിമപ്പെടാതെ വസ്തുതകളെ തിരിച്ചറിയുവാൻ ശ്രമിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA