sections
MORE

പ്രവർത്തനങ്ങളിൽ ഗുണനിലവാരങ്ങൾ തേടുന്നവർ പ്രവർത്തനമേഖലകളുടെ വ്യാപ്തി വർധിപ്പിക്കണം

moon-and-human-mind
SHARE

മനുഷ്യ ജീവിതം ഹ്രസ്വമാണെങ്കിലും ജീവിക്കുന്നിടത്തോളം കാലം അതിമനോഹരമായും സമാധാനപരമായും ജീവിക്കാനാണ് ഓരോ വ്യക്തികളും ലക്ഷ്യമിടുന്നതും ആജീവനാന്തം പരിശ്രമിക്കുന്നതും. വേറിട്ട ധാരാളം മേഖലകളിൽ പ്രവർത്തിക്കുന്നതിനേക്കാൾ കുറച്ചു മേഖലകളിൽ മൂല്യങ്ങളേറെയുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുവാനും ഓരോരുത്തരും ആഗ്രഹിക്കുന്നു. ജീവിതത്തിൽ  ആത്മാർഥത കുറവുള്ള ധാരാളം സുഹൃത്ബന്ധങ്ങളേക്കാൾ ആത്മാർഥതയുള്ള കുറച്ചു സുഹൃത്തുക്കളെ മാത്രം ഓരോരുത്തരും ആഗ്രഹിക്കുന്നു. സമാധാനമേറിയ കുടുംബ ജീവിതത്തിനായി പല ജീവിത പങ്കാളികളെ തേടി അലയാതെ സ്ഥിരതയുള്ളതും വിശ്വസ്തതയേറിയതുമായ ഒരാളെ മാത്രം ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. ജീവിത യാഥാർഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുള്ളവർ ധാരാളം ധനവും വസ്തുവകകളും സ്വരുക്കൂട്ടുവാൻ ശ്രമിക്കാതെ ഉള്ള സമ്പാദ്യത്തിൽ ജീവിതം ആസ്വദിക്കുന്നു. കുട്ടികളുടെ അനാവശ്യങ്ങൾ സാധിച്ചു നൽകാതെ ആവശ്യങ്ങൾ മാത്രം സാധിച്ചു കൊടുക്കുന്നു. ഈ ആധുനിക ലോകത്തിൽ ഇവയെല്ലാം തിരിച്ചറിവുള്ളവരും വിവേകമുള്ളവരുമായ എല്ലാ മനുഷ്യരുടെയും ജീവിത രീതികളാണ്. ചുരുക്കത്തിൽ അനാവശ്യമായ ധാരാളിത്ത്വത്തെക്കാളും നിരവധിയായ പ്രവർത്തമേഖലകളെക്കാളും ഹൃസ്വമായതും എന്നാൽ ഗുണനിലവാരമധികമുള്ള ജീവിതശൈലികളും ജീവിതത്തിൽ അവലംഭിക്കുവാൻ ഓരോരുത്തരും ശ്രമിക്കുന്നു.  അതിലേയ്ക്കായി ഓരോരുത്തരുടെയും യുക്തിയ്ക്ക് അനുയോജ്യമായ അളവുകോലുകളും സ്വന്തമായി നിശ്ചയിക്കുന്നു. എന്നിരുന്നാൽ കൂടിയും ഭൂരിഭാഗം മനുഷ്യരും ജീവിതത്തിൽ സംതൃപ്തരാവുന്നില്ല എന്നതാണ് സാധാരണക്കാരുടെ മുൻപിലുള്ള പ്രതിസന്ധി.

ഇഷ്ടപെട്ട ജീവിത രീതികളും പ്രവർത്തനമേഖലകളും തിരഞ്ഞെടുത്തെങ്കിൽ കൂടിയും സംതൃപ്തി ലഭിക്കാതെ വരുമ്പോൾ വീണ്ടും സ്വാഭാവികമായും ഭൂരിഭാഗം മനുഷ്യരും അടുത്ത മേച്ചില്പുറങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ പ്രവർത്തന മേഖലകൾ കണ്ടുപിടിക്കുവാനും അവിടങ്ങളിൽ പ്രാവീണ്യം നേടുവാനും കാലതാമസം നേരിടുകയും ചെയ്യും. എന്നാൽ കുറച്ചു വിവേകികളായ മനുഷ്യർ പൂർവ്വകാല പ്രവർത്തനങ്ങളെ ഒരിക്കൽ കൂടി വിചിന്തനങ്ങൾ നടത്തി പോരായ്മകളെ നികത്തിക്കൊണ്ട് തിരഞ്ഞെടുത്ത മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.  ഒരിക്കലെങ്കിലും പോരായ്മകളുടെയും പരാജയങ്ങളുടെയും കാര്യകാരണങ്ങൾ ചികയുന്നവർ പിന്നീടുള്ള ജീവിതത്തിൽ കൂടുതൽ കരുതലെടുക്കുന്നവരാണെന്നു തന്നെയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മനുഷ്യ ശരീരത്തിലെ പേശികൾ പോലെ തന്നെയാണ് മനുഷ്യമനസിന്റെ ഇച്ഛാശക്തികളും, എത്രത്തോളം പ്രവർത്തന നിരതമായിരിക്കുന്നുവോ അത്രത്തോളം കാലം പ്രവർത്തന സജ്ജവുമായിരിക്കും. ഇഷ്ടപെട്ട മേഖലകളിലെ തോൽവികൾ മനുഷ്യരുടെ ആൽമവിശ്വാസത്തെ ചോർത്തുമ്പോൾ  മറ്റേതെങ്കിലും മേഖലകളിലെ വിജയം മനുഷ്യരെ മാനസികമായി ഉത്തേജിതരാക്കും. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറമായി കൂടുതൽ പ്രവർത്തനമേഖലകളെ തിരഞ്ഞെടുത്ത് പ്രവർത്തിച്ചെങ്കിൽ മാത്രമാണ് ചിലയിടങ്ങളിൽ നിന്നുമുള്ള തോൽവികളിൽ നിന്നും രക്ഷ നേടാനുള്ള മാനസികമായ അധികഉന്മേഷം ലഭിക്കുകയുള്ളു. 

ജീവിതത്തിൽ തോൽവികളോടുള്ള ഭയം വളരെ ആപത്തുനൽകുന്നത് തന്നെയാണ്, മാതാപിതാക്കളിൽ നിന്നും കുട്ടികളിലേയ്ക്ക് പകരുവാൻ സാധ്യതയുമുണ്ട്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ പ്രവർത്തന മേഖലകളിൽ ചിലപ്പോഴെങ്കിലും വിജയം ഉറപ്പാക്കുവാൻ എപ്പോഴും നിലവാരങ്ങൾ മാത്രമുള്ള പ്രവർത്തനമേഖലകളിൽ ആശ്രയിക്കാതെ കർമ്മ മണ്ഡലങ്ങൾ വിസ്തൃതമാക്കുക തന്നെ ചെയ്യണം.

എന്തുകൊണ്ടാണ് ചില വ്യക്തികളുടെ പ്രവർത്തനങ്ങൾ ഒരു സംഘമാളുകളുടെ അഥവാ ഒരു മികച്ച ടീമിനേക്കാൾ തന്നെ മെച്ചപ്പെട്ടതാകുന്നതെന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ കാരണങ്ങളാൽ  എല്ലായ്പ്പോഴും തന്നെ വ്യക്തികളേക്കാൾ കൂടുതൽ പ്രാധാന്യം സംഘങ്ങൾക്കും കൂട്ടായ്മകൾക്കും നൽകുവാനാണ്‌ താൽപ്പര്യം കാണിക്കുന്നത്. പ്രത്യേകിച്ചും ഓരോ കൂട്ടായ്മകളെയും നയിക്കുന്ന നേതാക്കന്മാർ അവരുടെ വിജയങ്ങളെല്ലാം തന്നെ ഒരു സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ട് മാത്രമാണെന്ന് അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്. 

ഒരു പരിധിവരെ എല്ലാ അംഗങ്ങളെയും പ്രോല്സാഹിപ്പിക്കുവാനും അതോടൊപ്പം നിലവിലുള്ള  തുല്യമായ ജീവിതാവസരങ്ങളുടെ നിയമങ്ങൾ പാലിക്കുവാനും കൂടിയാണ്. പ്രവർത്തനങ്ങളിൽ എല്ലാവരും ഒരേപോലെ കൂട്ടാളികളാണെങ്കിലും ചില വ്യക്തികളുടെ സമയോചിതമായ ഇടപെടലുകളും പ്രവർത്തനരീതികളുമാണ് എല്ലാ വിജയങ്ങളുടെ പിന്നിലെന്ന് പരസ്യമായ രഹസ്യവുമാണ്. പക്ഷെ പൊതുസമൂഹത്തിലും സദസ്സുകളിലും പരസ്യമായി അംഗീകരിക്കുവാനുള്ള ബുദ്ധിമുട്ടുകൾ. പക്ഷെ ഇതേ സത്യം വിജയം കൈവരിച്ച പ്രശസ്‌ത വ്യക്തികൾ പൊതുവേദികളിലൂടെ വിളിച്ചു പറയുമ്പോൾ സ്വാഭാവികമായും അംഗീകരിക്കേണ്ടി വരും. ഇതുപോലുള്ള അഭിപ്രായ പ്രകടനങ്ങൾ ഫേസ്ബുക്കിന്റെ നിർമ്മാതാവും മേധാവിയുമായ മാർക്ക് സക്കർബർഗ് പങ്കു വച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞത് 'ചില അവസരങ്ങളിൽ  ഒരു മികച്ച എഞ്ചിനീയർ 100 ശരാശരി എഞ്ചിനീയർമാരെക്കാൾ വിലമതിക്കുവാറുണ്ടെന്നാണ്.' സാമൂഹിക സാംസ്‌കാരിക മേഖലകളിൽ അത്രയും വലിയ ഉദാഹരണങ്ങൾ പ്രത്യക്ഷത്തിൽ കാണുവാൻ സാധിക്കില്ലെങ്കിലും, ചെറിയ വ്യവസായ സംരംഭങ്ങൾ രാപകലധ്വാനിച്ച് വിജയിപ്പിച്ചെടുത്ത ചില വ്യക്തികളെ പരിചയമുള്ളവർക്ക് ഈ പ്രസ്‌താവന ശരിയുമാണെന്ന് മനസിലാകും.  ഇപ്പോൾ നിലവിലുള്ള പല രാജ്യാന്തര സന്നദ്ധ സംഘടനകളുടെയും ചരിത്രം പരിശോധിക്കുമ്പോൾ ചിലപ്പോൾ കാണുവാൻ സാധിക്കും ഇവയെല്ലാം തുടങ്ങിയത് ഒരു വ്യക്തിയുടെ മാത്രം ആശയങ്ങളിൽ നിന്നുമാണെന്ന്.  

ഒരിക്കൽ ഒരു സ്‌കൂളിൽ പുതിയതായി പഠിപ്പിക്കുവാനെത്തിയ അധ്യാപിക കുട്ടികൾക്ക് പ്രവർത്തനങ്ങളിലെ നിലവാരങ്ങൾ അനുഭവിച്ചറിയുവാനായി ഒരു പരീക്ഷണം നടത്തിക്കാണിച്ചു. ഏകദേശം അൻപതോളം കുട്ടികളുള്ള ക്‌ളാസിൽ പകുതിയോളം കുട്ടികൾക്ക് കുറെയേറെ കളിമണ്ണ് നൽകികൊണ്ട് അവരോരുത്തരും ഓരോ കളിമൺ പാത്രങ്ങൾ നിർമ്മിക്കുവാൻ ആവശ്യപ്പെട്ടു. ആ ഒരു ഗ്രൂപ്പിലുള്ള ഓരോ കുട്ടികൾക്കും അവരുടെ മാത്രം ഇഷ്ടമുള്ള രീതിയിൽ പാത്രങ്ങളുണ്ടാക്കുവാനുള്ള സ്വാതന്ത്രം ലഭിച്ചു. എന്നാൽ അത്രയും കുട്ടികളടങ്ങുന്ന മറ്റു ഗ്രൂപ്പിനോട് വ്യത്യസ്തമായ ആവശ്യമാണ് മുന്നോട്ട് വച്ചത്. ആ ഗ്രൂപ്പിലുള്ള എല്ലാവരും ചേർന്ന് ഏറ്റവും മേന്മയേറിയ ഒരു കളിമൺ പാത്രം മാത്രം ഉണ്ടാക്കുവാനായി. 

ഐക്യമത്യം മഹാബലം എന്ന ആപ്ത വാക്യം പഠിച്ചവരും ജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുന്നവരും അതോടൊപ്പം കൂട്ടായ്മകളുടെ ശക്തിയിൽ വിശ്വസിക്കുന്നവരും അതിലുപരി പ്രോഘോഷിക്കുന്നവരെല്ലാം തന്നെ പ്രതീക്ഷിച്ചത് രണ്ടാമത്തെ ഗ്രൂപ്പിലുള്ള എല്ലാവരും ചേർന്ന് ഏറ്റവും നല്ലയൊരു  കളിമൺ പാത്രം മെനഞ്ഞെടുത്തു എന്ന് തന്നെയാണ് പക്ഷെ യഥാർത്ഥത്തിൽ സംഭവിച്ചത് മറിച്ചാണ്. രണ്ടാമത്തെ ഗ്രൂപ്പിലുള്ള എല്ലാവരും അന്യോന്യം ആലോചിക്കുകയും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്‍തത്. അവരുടെ എല്ലാവരുടെയും അഭിപ്രായങ്ങൾ ഏകോപിപ്പിക്കുവാനും അന്തിമമായൊരു പാത്രം രൂപകല്പന ചെയ്യുവാനും അവർക്ക് സാധിച്ചില്ല. 

എന്നാൽ ആദ്യത്തെ ഗ്രൂപ്പിലുള്ള എല്ലാവരും തന്നെ ഓരോ പാത്രങ്ങൾ നിർമ്മിക്കുക തന്നെ ചെയ്തു. അവയിൽ പലതും പ്രതീക്ഷിച്ചതിലും വളരെയധികം മേന്മയേറിയതുമായിരുന്നു. അതായത് ചില സാഹചര്യങ്ങളിൽ വ്യക്തികളുടെ പ്രവർത്തനങ്ങൾ കൂട്ടായ പ്രവർത്തനങ്ങളെക്കാൾ ഉത്തമമാണ്.  അതുപോലെ തന്നെ എല്ലായ്പ്പോഴും  ഐകമത്യം മഹാബലം എന്ന ആപ്ത വാക്യത്തിനെ പ്രാവർത്തികമാക്കുവാൻ സാധിക്കില്ലായെന്നും പ്രവർത്തനത്തിൽ കാണിക്കുകയായിരുന്നു ആ അദ്ധ്യാപിക അന്നേദിവസം.

മനുഷ്യ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങളുടെ പഠനങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞന്മാരുടെ അനുമാനങ്ങളിൽ മഹത്തരമായ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികളുടെ വ്യക്തിഗത സാമൂഹിക സംഭാവനകൾ അമൂല്യങ്ങളാണ്, ചില അവസരങ്ങളിൽ മഹൽ വ്യക്തികളുടെ പ്രവർത്തനങ്ങൾ ഒരു ഗ്രൂപ്പിനേക്കാൾ വളരെയധികം തന്നെയാണ്. ഇതിന്റെ പിന്നിലുള്ള ശാസ്ത്രീയ കാരണങ്ങളും അവർ തന്നെ കൃത്യമായി വിവരിക്കുന്നുമുണ്ട്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തന ഘടനയിലെ വ്യത്യാസമാണ്. തനിയെയുള്ള അവസ്ഥകളിൽ  മനുഷ്യന്റെ ബുദ്ധി കൃത്യമായ പ്രശ്നപരിഹാരങ്ങൾക്കുള്ള വഴികൾ മാത്രമാണ് തേടുന്നത് എന്നാൽ  കൂട്ടായ പ്രവർത്തനവേളകളിൽ ലക്ഷ്യത്തിലേയ്ക്കുള്ള മാർഗ്ഗങ്ങളിലേക്കാൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട്  വ്യതിചലിച്ചു ചിന്തിക്കുവാൻ തുടങ്ങും. ഒരു പരിധിവരെ മനുഷ്യരുടെ സാമൂഹിക പ്രതിബദ്ധതകൾ തന്നെയാണ് ഇങ്ങനെ ചിന്തിക്കുന്നതിന്റെ പ്രധാന കാരണവും. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം തന്നെ വ്യവസായ മേഖലകളിൽ വ്യക്തിഗത തീരുമാനമെടുക്കുന്നവരാണ് അധികവും എന്നാൽ സർക്കാർ തലങ്ങളിൽ കൂട്ടായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. മറ്റു ഉദാഹരണങ്ങളും ധാരാളമുണ്ട് കമ്പ്യൂട്ടിങ് പ്രോഗ്രാമുകൾ ചെയ്യുന്നവർ തനിയെ പ്രവർത്തിക്കുമ്പോഴാണ് ക്രിയാത്‌മകത കൂടുന്നത്. 

അതോടൊപ്പം തന്നെ ഡിസൈനർമാർ, കലാകാരന്മാർ, ശിൽപ്പികൾ  ഇവരെല്ലാവരും തനിയെ പ്രവർത്തിക്കുമ്പോൾ പ്രവർത്തന ക്ഷമത വർദ്ധിക്കുകയും എന്നാൽ കൂട്ടായ പ്രവർത്തനങ്ങളിൽ അത്രയും പ്രശോഭിക്കാറുമില്ല.  ഇങ്ങനെയൊക്കെ ആണെങ്കിലും ചില അവസരങ്ങളിൽ കൂട്ടായ പ്രവർത്തനങ്ങൾ മനോഹരമാവാറുമുണ്ട്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തങ്ങളെല്ലാം പൂർണ്ണമായി അവലോകനം ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിലും ക്രിയാത്‌മകമായി പ്രവർത്തിക്കുന്ന വ്യക്തികളുടെ സംഭാവനകൾ അമൂല്യങ്ങൾ തന്നെയാണ്. അതിനാലാണ്  കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം തള്ളിക്കളയാതെ തന്നെ ഓരോ വ്യക്തികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലെയ്ക്കുള്ള സംഭാവനകൾ കൂടി എല്ലാ അവസരങ്ങളിലും  കണക്കിലെടുക്കണമെന്നുള്ള ആവശ്യമുയരുന്നത്.

വ്യക്തികളിലെ പ്രവർത്തനങ്ങളുടെ നിലവാരമാണ് അവരുടെ പ്രവർത്തനമേഖലകളുടെ വ്യാപ്‌തിയെക്കാൾ വലുതെന്നുള്ള പൊതു അഭിപ്രായം സമൂഹത്തിലും പ്രവർത്തന മേഖലകളിലും നിലനിൽക്കുന്നുണ്ട്. ഒരുപരിധിവരെ എല്ലാ മേഖലകളിലും പരിപൂര്‍ണ്ണതയും ആധികാരികതയും തേടുന്ന നേതൃത്ത്വത്തിനും ഉന്നതാധികാരികൾക്കും ഉചിതവുമായിരിക്കും. എന്നാൽ പ്രവർത്തനങ്ങളുടെയും പ്രവർത്തനമേഖലകളുടെയും  വ്യാപ്‌തി അധവാ വൈവിധ്യയേറിയ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് ഓരോ വ്യക്തികൾക്കും ഗുണനിലവാരമുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സാധിക്കുകയുള്ളു എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.  

ജീവിതത്തിലുള്ള എല്ലാ പ്രവർത്തനമേഖലകളിലും കൂടുതൽ‌ പ്രവർത്തിക്കുമ്പോളും പുതിയ പ്രവർത്തന ശൈലികൾ പരീക്ഷിക്കുമ്പോഴും, വ്യക്തികളിൽ അനുനിമിഷം ആത്മവിശ്വാസം വർധിക്കുകയാണ് ചെയ്യുന്നത്. വേറിട്ടതായ ഓരോ സാഹചര്യങ്ങളിലും പ്രവർത്തിക്കുമ്പോൾ തെറ്റുകൾ‌ വരുത്തുമ്പോഴും, വിലയിരുത്തലുകൾ നടത്തിയും തിരുത്തലുകൾ വരുത്തിയും പുതിയ അനുഭവങ്ങൾ നേടുമ്പോൾ മാത്രമാണ്  പ്രവർത്തനങ്ങളുടെ നിലവാരങ്ങൾ ഉയർത്തുവാൻ സാധിക്കുന്നത്.  ഓരോ അനുഭവങ്ങളിലൂടെയും വ്യക്തികൾ തിരിച്ചറിയുന്നത്  അവരോരുത്തരുടേയും ഇഷ്ടങ്ങളും അനിഷ്ടങ്ങളോടുമൊപ്പം അവരുടേതായ സ്വന്തം ശൈലിയിലുള്ള പ്രവർത്തന രീതികളാണ്. വ്യക്തികളുടെ മാത്രം സ്വന്തമായ ജീവിത ശൈലി തിരിച്ചറിയുന്നതിലൂടെയും തിരഞ്ഞെടുക്കന്നതിലൂടെയും സ്ഥിരതയോടുള്ള സ്വഭാവ രീതികൾ സൃഷ്ടിക്കുവാനും പ്രവർത്തനങ്ങളിൽ പ്രതിഫലിപ്പിക്കുവാനും സാധിക്കും. അനുദിന ജീവിതത്തിൽ വേറിട്ട പ്രവർത്തനങ്ങൾ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുകയും നടത്തികൊണ്ടിരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ചില മേഖലകളിൽ തിരിച്ചടികളും തോൽവികളും ഉണ്ടാകുമ്പോൾ മനസാന്നിധ്യവും ആത്മവിശ്വാസവും നഷ്ടപ്പെടാതിരിക്കുകയുള്ളു. അങ്ങനെ വരുമ്പോൾ മാത്രമാണ് തോൽവികളുണ്ടാവുമ്പോൾ ഒരിക്കലും പിന്നോട്ട് മാറാതെ അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു പിന്നീടുള്ള പ്രവർത്തനങ്ങൾ  മെച്ചപ്പെടുത്തുവാൻ സാദ്ധ്യമാവുകയുള്ളു.

മനുഷ്യ മസ്തിഷ്കത്തിനുള്ളിൽ ന്യൂറോണുകളുടെ സങ്കീർണ്ണതയേറിയ പ്രവർത്തന ശൃംഖല തന്നെയാണ് അനുനിമിഷം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ന്യൂറോണുകൾക്കും അവയുടേതായ പ്രവർത്തനങ്ങൾക്കൊപ്പം അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുന്നതിലൂടെ പ്രവർത്തനക്ഷമത വർധിക്കുകയും ചെയ്യും. എന്നാൽ അതിസാമർഥ്യമുള്ള വ്യക്തികളുടെ മസ്തിഷ്കത്തിൽ ചില അവസരങ്ങളിൽ ബുദ്ധിശക്തി സജീവമാകുമ്പോൾ കൂടുതൽ വിജ്ഞാനമുദിക്കുകയും ആശയവിനിമയങ്ങൾ അതിവേഗതയിലാവുകയും ചെയ്യും. ലോകത്തിലുള്ള ഓരോ വ്യക്തികളുടെയും  കാര്യത്തിലും ഇത് ബാധകമാണ്,  പലരുടെയും ബുദ്ധി അവിശ്വസനീയമാം വിധം സങ്കീർണ്ണമാണ്, തൽഫലമായി, മികച്ച കഴിവുള്ള വ്യക്തിയുടെ പ്രവർത്തനങ്ങൾ  പല സാധാരണക്കാരുടെയും  മനസ്സിന്റെ മൂല്യത്തെക്കാൾ പതിന്മടങ്ങ് കൂടുതലാണ്. അതായതു കൂട്ടായ പ്രവർത്തനങ്ങളെക്കാളും വ്യക്തികളുടെ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യമുള്ളത്. ക്രിയാത്മകമായ നേതൃത്വത്തെക്കുറിച്ചുള്ള കോര്പറേറ്റ് മേഖലകളിൽ വിശ്വാസം ഒന്ന് മാത്രമാണ് നേതാക്കന്മാർ എല്ലാ സമയങ്ങളിലും കടുത്തതും വിലയേറിയ തുമായ തീരുമാനങ്ങൾ എടുക്കേണ്ടവരാണ് പക്ഷേ അവർക്ക് എപ്പോഴും വളരെ എളുപ്പമായ ഒരു തീരുമാനം എടുക്കുവാൻ സാധിക്കും.–ഏറ്റവും മികച്ച വ്യക്തികളെ കണ്ടുപിടിച്ച് ഏറ്റവും  മികച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുവാൻ  അവരെ പ്രാപ്തരാക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA