ADVERTISEMENT

ഒന്ന്: ഇന്ത്യയിലെ തന്നെ മികച്ച ഒരു കരിയർ കൗൺസിലർ ആയിരുന്ന ഒരു വ്യക്തി. വിദ്യാർഥികളുടെ ഇടയിൽ മികച്ച രീതിയിൽ തന്നെ കോഴ്‌സുകളെ പറ്റി വിശദീകരിച്ചിരുന്ന ഒരു വ്യക്തിത്വം. അദ്ദേഹത്തിന്റെ മകൻ മൂലം ഒരാൾ മരണപെട്ടു. മദ്യപിച്ചു വണ്ടിയോടിച്ചു എന്നതാണ് കാരണം എന്ന് പറയപ്പെടുന്ന കേസിൽ മകനൊപ്പം തന്നെ പിതാവും സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമായി. ആ മകനെ പറ്റിയോ, അദ്ദേഹത്തിന്റെ കേസിന്റെ ശരിതെറ്റുകളെ പറ്റിയോ പറയാനെനിക്കാവില്ല. പക്ഷേ, ഒന്നുണ്ട്, ആ പിതാവിന് നേരെയുണ്ടായ ആക്രമണം വളരെ വലുതായിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകളുടെ താഴെ, മകനെ നല്ല രീതിയിൽ വളർത്തേണ്ടുന്നതിന്റെ ആവശ്യകതയായിരുന്നു ചർച്ച. തുടർന്ന്, മകനെ പഠിപ്പിച്ചിട്ടു വിദ്യാർഥികളെ പഠിപ്പിച്ചാൽ പോരെ എന്നുള്ള പതിവ് സാരോപദേശം 

രണ്ട്: കൊച്ചിയിൽ ഈയിടെ നടന്ന ഒരു അപകട മരണമാണ്. ക്രിസ്ത്യൻ ചുറ്റുപാടിൽ ജനിച്ചു വളർന്നിട്ടും, യുക്തിവാദിയായിരുന്ന ഒരു പിതാവിന്റെ മകൾ മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചു, പുതിയൊരു  മതം സ്വീകരിച്ചു. ആ പെൺകുട്ടി, കുറച്ചു ദിവസത്തിനുള്ളിൽ ഒരു അപകടത്തിൽ മരിച്ചു. പ്രോഗ്രസ്സിവ് ആണെന്ന് അവകാശപ്പട്ടിരുന്ന യുക്തി വാദികൾ എന്ന് വേണ്ടാ, വിശ്വാസ സമൂഹം വരെ, ആ പിതാവിനെ അദ്ദേഹത്തിന്റെ 'പോരായ്മകളെ' പറ്റി ക്ലാസുകൾ എടുത്തു.

മൂന്ന്: ഇരുപത്തി ഒന്ന് വയസുള്ള ഒരു ചെറുപ്പക്കാരൻ ഒരു കാർ മേടിക്കുന്നു. സ്വന്തം പരിശ്രമത്തിൽ മകൻ കാർ മേടിച്ചതു, പിതാവ് ഒരു പ്രമുഖ മലയാളി ഗ്രൂപ്പിൽ പോസ്റ്റായിടുന്നു. വിരലിൽ എണ്ണാവുന്നവർ ഒഴിച്ചു, ബാക്കിയെല്ലാവരും, മകന് കാറ് മേടിച്ചു കൊടുത്തതിനെ കുറ്റപ്പെടുത്തുന്നു, പിതാവിന് പണം എങ്ങനെ വിനയോഗിക്കണം എന്നുള്ളതിന്റെ പറ്റി ക്ലാസുകൾ എടുക്കുന്നു. അപൂർവം ചിലർ മാത്രം ആ ചെറുപ്പക്കാരന്റെ പ്രയത്നത്തെ അഭിനന്ദിക്കുന്നു. തുടർന്ന്, കമന്റുകൾ പിതാവിന് നേരെയുള്ള വ്യക്തി ഹത്യയിലേക്കു തിരിഞ്ഞപ്പോൾ, അഡ്മിൻ കമന്റ് ബോക്സ് പൂട്ടി. ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ, ആ ചെറുപ്പക്കാരൻ വന്നു താൻ തുടങ്ങിയ കമ്പനിയെ പറ്റിയും, വരുമാനത്തെ പറ്റിയും വിശദമായി പറയുന്നു. കാർ താൻ സ്വന്തമായി മേടിച്ചതാണെന്നു സാക്ഷ്യപ്പെടുത്തുന്നു. 

നാല്: ഒരു സ്ത്രീ. അവരുടെ മകൻ ചെയ്ത തെറ്റിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നു. അവരുടെ മകൻ ചെയ്തു എന്ന് പറയുന്ന തെറ്റിന്റെ, ഇരട്ടി ഭാഷയിൽ അവരുടെ ഫെയ്സ്ബുക് പേജിൽ പ്രബുദ്ധർ അശ്ലീലം എഴുതുന്നു. തെറി പറയുന്നു. ഇരുപത്തി അഞ്ചു വയസിൽ അധികം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ ചെയ്തികൾ അവന്റെ അമ്മയുടെ വളർത്തു ദോഷം കൊണ്ടാണെന്നു, കുറച്ചു കൂടി അശ്ലീലമായ ഭാഷയിൽ എഴുതി വച്ചിരിക്കുന്നു. അവിടെ ആ സ്ത്രീയുടെ വ്യക്തിത്വത്തെ പോലും ചോദ്യം ചെയ്യാൻ മടിക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം 

ഈ നാല് കാര്യങ്ങളിലും പൊതുവായത് ഒന്നുണ്ട്. ഒരു വ്യക്തിയുടെ പരാജയം, സമൂഹപ്രതീക്ഷകൾക്കു വിപരീതമായ മികവ്, അത് പോലെ തെറ്റുകൾ, അവരുടെ മാതാപിതാക്കളിലേക്കു ആറ്റ്രിബ്യുട്ടു ചെയ്യുവാനുള്ള ഒരു വ്യഗ്രത. ഓരോ മനുഷ്യനും ഓരോ വ്യക്തികളാണെന്നും, അവർക്കൊരോത്തർക്കും സ്വന്തമായ സ്വതമുണ്ടെന്നും, ആ സ്വത്വം രൂപപെടുന്നതിനു മാതാപിതാക്കളുടെ സ്വാധീനം ഒരു പരിധി വരെയാണെന്നും, തനിക്കു ചുറ്റുമുള്ള സാഹചര്യങ്ങളും, ആളുകളും, വ്യവസ്ഥയുമെല്ലാം തുടർന്നുള്ള സ്വത്വ രൂപീകരണത്തിന് സ്വാധീനം ചെലുത്തുമെന്നും മനഃപൂർവം നാം മറന്നു പോകുന്നതാണോ?

മദ്യപിക്കാത്ത, അല്ലെങ്കിൽ സിഗരറ്റു വലിക്കാത്ത എത്രയോ മാതാപിതാക്കളുടെ മക്കൾ മദ്യപിക്കുന്നുണ്ട്. കഞ്ചാവ് കേസിലോ, അല്ലെങ്കിൽ വാറ്റു ചാരായ കേസിൽ പിടിക്കപെട്ടവരുടെ വീട്ടിൽ നിന്നാണവർ പഠിച്ചതെന്നാണോ നാം പറഞ്ഞു വരുന്നത്. മൂല്യങ്ങൾ രണ്ടു തരത്തിലാണുള്ളത്. ടെർമിനൽ വാല്യൂ, അതുപോലെ ഇൻസ്ട്രമെന്റൽ വാല്യൂ. നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ, ടെർമിനൽ മൂല്യങ്ങളാണ് നമുക്ക് പാകപ്പെടുത്തി എടുക്കാൻ കഴിയുന്നത് അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നോ, ഏറ്റവും അഭിലഷണീയമാണെന്നോ നാം കരുതുന്നത് - ടെർമിനൽ മൂല്യങ്ങൾ നിലനിൽപ്പിന്റെ അഭികാമ്യമായ അവസ്ഥകളാണ്. 

ടെർമിനൽ മൂല്യങ്ങളിൽ സന്തോഷം, ആത്മാഭിമാനം, കുടുംബ സുരക്ഷ, അംഗീകാരം, സ്വാതന്ത്ര്യം, ആന്തരിക ഐക്യം, സുഖപ്രദമായ ജീവിതം, പ്രൊഫഷണൽ മികവ് തുടങ്ങിയവ ഉൾപ്പെടുന്നു. ചുരുക്കത്തിൽ, ടെർമിനൽ മൂല്യങ്ങൾ ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യങ്ങളെ സൂചിപ്പിക്കുന്നു. ഇൻസ്ട്രുമെന്റൽ മൂല്യങ്ങൾ കോർ വാല്യൂ ആണ്. ഒരു പരിധി വരെ സ്വഭാവത്തിൽ ശാശ്വതമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിലും, അത് അങ്ങനെയല്ല. വ്യക്തിഗത സവിശേഷതകളും സ്വഭാവ സവിശേഷതകളും രൂപപ്പെടുന്നത് ഇവിടെയാണ്.

ഇൻസ്ട്രുമെന്റൽ മൂല്യങ്ങൾ, ആവശ്യമുള്ള ലക്ഷ്യങ്ങളിലേക്ക് നമ്മെ എത്തിക്കുന്നതിന് സഹായിക്കുന്ന മൂല്യങ്ങളാണ്. അവ സ്വീകാര്യമായ പെരുമാറ്റ രീതികളായതിനാൽ മാത്രമേ അവ ഉപയോഗപ്രദമാകൂ എന്നതാണ് സത്യം. ഇൻസ്റ്റ്മെന്റാൽ വാല്യൂ - പ്രത്യേകിച്ച് അനുബന്ധ ധാർമ്മികത, ധാർമ്മികത എന്നിവ ചർച്ചചെയ്യുമ്പോൾ നമ്മൾ പലപ്പോഴും സംസാരിക്കുന്നത് ഇവയാണ്.ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരാൻ ഏതു രീതി അവലംബിക്കണം എന്നുള്ളത് മോഡറേറ്റ് ചെയുന്നത് ഈ വാല്യൂ സിസ്റ്റമാണ് സാമൂഹികമായി സ്വീകാര്യമായ രീതികളിൽ‌ മാത്രമേ അത് ചെയ്യാൻ പാടുള്ളു എന്നുള്ള പഠിപ്പിക്കലുകൾ നടക്കുന്നതിവിടെയാണ്. ഇവിടെ ഒരു പരിധി വരെ മാത്രമേ കുടുംബത്തിന് ഇൻഫ്ലുൻസ ചെയ്യാൻ സാധിക്കുകയുള്ളു. ഇൻസ്ട്രുമെന്റൽ വാല്യൂ 'പരിണാമമാണ് '. സാമൂഹിക വ്യവസ്ഥിതി സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും മികച്ച മൂല്യങ്ങളാണ് അവ.

ആളുകൾ പക്വത പ്രാപിക്കുമ്പോൾ ധാർമ്മിക ധാരണ മാത്രമല്ല മാറുന്നത് അവരുടെ മൂല്യങ്ങൾകൂടിയാണ് redefine ചെയ്യപ്പെടുന്നത്. കുട്ടിക്കാലത്ത് നിങ്ങൾക്ക് അനുയോജ്യമായ മൂല്യങ്ങൾ നിങ്ങൾ ഒരു ചെറുപ്പക്കാരനായി മാറുകയും ബന്ധങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്ന സമയത്തു, വീണ്ടും അത് redefine ചെയ്യപ്പെടുന്നു. ഒരൊറ്റ വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് അർഥമാക്കുന്നത്, നിങ്ങൾ വിവാഹിതരാകുമ്പോഴോ കുട്ടികളുണ്ടാകുമ്പോഴോ അതുപോലെ തന്നെയാകണം എന്നില്ല. ഒരു രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങൾക്ക് എന്താണോ അർഥമാക്കുന്നത് അതെ രീതിയിൽ തന്നെയായിരിക്കണം വിരമിക്കുമ്പോളും നിങ്ങളുടെ മൂല്യങ്ങൾ എന്നില്ല. പല മൂല്യങ്ങളും വർഷങ്ങളായി സമാനമായി തുടരും, പക്ഷേ, എല്ലാം അങ്ങനെ തന്നെ തുടരില്ല.

കലാകാരനാകാൻ ആഗ്രഹിക്കുന്ന വ്യക്തി ബാങ്കറാകുന്നതും, പീഡനം അനുഭവിച്ചു കുടുംബ ജീവിതം നയിക്കുന്നതുമെല്ലാം ഈ പറയുന്ന സാമൂഹിക മൂല്യത്തിന്റെ വിലപേശലിലാണ്.  സ്വതസിദ്ധമായ മൂല്യങ്ങളും വ്യക്തിപരമായ മുൻഗണനകളും, സാമൂഹിക വ്യവസ്ഥിതിയുടെയും പ്രതീക്ഷകളുടെയും (സാമൂഹിക ധാർമ്മികതയുടെ) മണ്ണിൽ കുഴിടുന്ന ഒരു പാട് മനുഷ്യരുണ്ടിവിടെ. ഒരുതരം ഐഡന്റിറ്റി ക്രൈസിസ് നേരിടേണ്ടുന്നവർ. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കുള്ള യാത്രയുടെ ഭാഗമായി ഈ സ്വതസിദ്ധവും വ്യക്തിപരവുമായ ആഗ്രഹങ്ങൾ ക്രമേണ മാറുന്നു,ചിലതു സമൂഹത്തിന്റെ ധാർമിക മണ്ഡലം എന്ന് വിശേഷിപ്പിക്കുന്നതുമായി പൊരുത്തപ്പെടാനായി കുഴിച്ചിടുന്നു. സ്വവർഗാനുരാഗി ആയ വ്യക്തിക്കിപ്പോളും നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനം ലഭിക്കാത്തതിന്റെ മുഖ്യ കാരണം ആ വ്യക്തിയുടെ വാല്യൂ സിസ്റ്റവും സമൂഹത്തിന്റെ വാല്യൂ സിസ്റ്റവും ഒത്തുപോകാത്തത്കൊണ്ടാണ്. 

വ്യക്തികളുടെ പ്രവർത്തികളെ അവരുടെ കുടുംബവുമായി കൂട്ടികെട്ടാതിരിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. അധ്യാപകരായ മാതാപിതാക്കളുടെ മക്കൾ എത്രയോ പേര് ജയിലുകളിലുണ്ട്. എന്നാൽ ആ അധ്യാപകർ പഠിപ്പിച്ച മറ്റു കുട്ടികൾ നല്ല നിലയിൽ എത്തി ചേർന്നിട്ടുമുണ്ട്. നെഗറ്റീവ് ആയി ഇൻഫ്ലുൻസ് ചെയ്യുന്ന, അല്ലെങ്കിൽ അടിച്ചമർത്തുന്ന മാതാപിതാക്കളെയാണ് നാം വിചാരണ ചെയ്യുന്നതെങ്കിൽ മനസിലാക്കാം. കുറ്റം ചെയ്യാൻ പ്രേരിപ്പിക്കയോ,അല്ലെങ്കിൽ കുറ്റം മറച്ചു വയ്ക്കുകയോ ചെയുന്ന രക്ഷിതാക്കൾ തീർച്ചയായും നിയമത്തെ നേരിടുക തന്നെ വേണം.

പക്ഷേ,, വളർന്നു പ്രായപൂർത്തിയായ ഒരു വ്യക്തി ചെയുന്ന തെറ്റിനെ വളർത്തു ദോഷം എന്നെങ്ങനെ പറയാനാകും? അതിനവരുടെ മാതാപിതാക്കൾ എന്ത് പിഴച്ചു? എന്റെ പിതാവിന്റെ പ്രൈമറി വാല്യൂ ആയിരിക്കില്ല എന്റെ വാല്യു? അതുപോലെ പ്രായപ്പൂർത്തിയാകുമ്പോൾ എന്റെ കുട്ടികളുടെ വാല്യൂ. അതിനെ ഒരു പരിധി വരെ മാത്രമേ ഇൻഫ്ലുൻസ് ചെയ്യാൻ എനിക്ക് സാധിക്കു, ബാക്കിയെല്ലാം അവർ വളരുന്ന സാമൂഹിക സ്ഥിതിയും, അവരിൽ സ്വാധീനം ചെലുത്തുന്നയാളുകളിൽ നിന്നുമായിരിക്കും അവർ സ്വീകരിക്കുക.

ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ പൊങ്കാല ഇടാനും, പബ്ലിക് ആയി തെറി പറയാനും, അനോണി ഐഡിയിൽ വന്നു ആക്രമിക്കാനും ഏതു കുടുംബത്തിൽ നിന്നാകും നമ്മളൊക്കെ പഠിച്ചുട്ടുണ്ടാകുക? സ്വന്തം മകൻ ഉണ്ടാക്കിയ അപകടത്തിന്റെ ഉത്തരവാദിത്വം എങ്ങനെയാ പിതാവിനെയാകും? വ്യക്തികളുടെ പിഴവുകൾ വ്യക്തികളുടെ തന്നെയായി കാണാനും, അവരുടെ കുടുംബവുമായി കൂട്ടി കെട്ടാതിരിക്കാനുമുള്ള സാമൂഹിക അവബോധം നമ്മിലുണ്ടാകണം. നല്ല നമസ്കാരം 

വാൽ കഷ്ണം: മകൻ താതോന്നിയായി പോയതിനു കാരണക്കാരനായ ചാക്കോമാഷ്ന്മാർ ഉണ്ടാകാം. പക്ഷേ, മകനെ നല്ല രീതിയിൽ വളർത്തിയ അച്യുതൻ നായർ എന്ന കോൺസ്റ്റബിളും ഇവിടെയുണ്ടായിരുന്നു എന്ന് മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com