sections
MORE

പ്രണയദിനം

valentine-day-2
SHARE

‘ജീവിതത്തിൽ പ്രണയ നഷ്ടം സംഭവിച്ചിട്ടുണ്ടോ ?’. പ്രണയ ദിനത്തിൽ മുഖ്യാതിഥിയായി നഗരത്തിലെ കോളജിൽ എത്തിയ ആ യുവ എഴുത്തുകാരൻ സദസിൽ നിന്ന് നേരിട്ട ആദ്യ ചോദ്യം ഇതായിരുന്നു. 

‘ഒരു പ്രണയവും നഷ്ടമല്ല. ജീവിതത്തെ കൂടുതൽ മനോഹരമാക്കിയത് പ്രണയങ്ങളായിരുന്നു. സ്വപ്നം കാണാനും എഴുത്തുകാരനെന്ന നിലയിൽ ഈ സ്ഥാനം നേടാനും എന്നെ സഹായിച്ചത് ആ സുന്ദര നിമിഷങ്ങളാണ്. ഒന്നും നഷ്ടമായി കാണാതെ, ലാഭേച്ഛ കൂടാതെ പ്രണയിക്കൂ...ജീവിതം വർണ്ണാഭമാക്കൂ’.കാവ്യാത്മകവും തത്ത്വജ്ഞാനം നിറഞ്ഞതുമായ മറുപടി നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. തന്റെ വാക്കുകൾ ഏറ്റെടുത്ത സദസ്സിനെ അയാൾ മനസ്സാൽ വന്ദിച്ചു.

ചർച്ച കഴിഞ്ഞിറങ്ങുന്ന നേരത്ത് കോളജ് കാന്റീനിന്റെ തൊട്ടടുത്ത് നിന്ന് ഒരു ശബ്ദം. ‘എഴുത്തുകാരാ... പ്രസംഗം നന്നായീട്ടോ’. കയ്യിൽ ചിക്കൻ സാൻഡ്‌വിച്ച് പിടിച്ചുള്ള ആ രൂപം പഴയ ഓർമകളിലേക്കയാളെ മുങ്ങാംകുഴിയിട്ടുകൊണ്ടുപോയി. ഒരുകാലത്തെ തന്റെ സ്വപ്നങ്ങളുടെ മറുപാതിയായിരുന്നു അവളെന്ന് അയാൾ തിരിച്ചറിഞ്ഞു.

കേരളവർമ്മ കോളജ് കാന്റീനിലെ മസാലദോശ. രാഗം തിയേറ്ററിൽ നിന്ന് അവളുടെ ഇഷ്ടപ്രകാരം മാത്രം കണ്ട സിനിമകൾ. സഫയറിൽ നിന്ന് കഴിച്ച ബിരിയാണി. പിറന്നാൾ സമ്മാനങ്ങളായി കൊടുത്ത പുസ്തകങ്ങൾ. സീമാസിൽ നിന്ന് തന്നെ വാങ്ങണമെന്ന് പറഞ്ഞു വാങ്ങിയ കണ്ണാടി ചില്ലുകളുള്ള വെളുത്ത ചുരിദാർ. ധന നഷ്ടങ്ങളുടെ ആ ഫ്ലാഷ്ബാക്ക് കാലം എഴുത്തുകാരനെ ചെറുതായൊന്ന് കുത്തി നോവിച്ചു.

‘ഇവിടെ ആണോ ജോലി ചെയ്യുന്നത്’. പരിഭ്രമം കാണിക്കാതെ തല താഴ്ത്തിക്കൊണ്ട് അയാൾ തന്റെ ചോദ്യമെറിഞ്ഞു. ‘അതെ, ഞാനിവിടെ കെമിസ്ട്രി ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. താനിപ്പോഴും ഈ പൊത്തകം എഴുതി നടക്കാണോ. വേറെ നല്ല വല്ല ജോലിയും നോക്കിക്കൂടെ?’

‘എഴുത്താണെന്റെ ജോലി, അതാണെന്റെ ജീവിതവും… ഞാൻ പോട്ടെ’. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ എഴുത്തുകാരൻ തിരിച്ചു നടന്നു. ഇനി പോകേണ്ടത് യുവജന സാഹിത്യവേദിയുടെ വാരാന്ത്യ ചർച്ചയിൽ പ്രധാന പ്രഭാഷകനായാണ്. വിഷയം: ‘കാലത്തെ അതിജീവിക്കുന്ന പ്രണയം’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA