sections
MORE

പെരുന്നാൾക്കനവ്

SHARE

പത്ത്  മണിക്കാണ് ഫ്ലൈറ്റ്. കാര്യമായിട്ട് ഒന്നും എടുക്കാനില്ല. മോന്റെയും തന്റെയും അത്യാവശ്യസാധനങ്ങൾ മാത്രം.  കുറച്ച് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസേർസ് എന്നിവകൂടി  ട്രോളി ബാഗിൽ വച്ചു. ഇപ്പോൾ ഒരു യാത്ര ഉചിതമല്ലെന്നറിയാം. എങ്കിലും ഉമ്മായെക്കുറിച്ചോർത്തപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. കുറച്ചു ദിവസം മുൻപ് വിളിച്ചപ്പോൾ നല്ല സുഖമില്ലെന്ന് പറഞ്ഞിരുന്നു.എങ്ങനെയെങ്കിലും നാട്ടിലെത്തണം ഉമ്മായെ കാണണം. അകന്നിരിക്കുമ്പോൾ വേണ്ടപ്പെട്ടവരുടെ ചെറിയ ചെറിയ അസുഖങ്ങൾ പോലും നമ്മളിൽ ടെൻഷൻ അധികമാക്കുമല്ലോ.  

എത്രയോ വർഷങ്ങളായി ഉമ്മാടെ കൂടെ നോമ്പും പെരുന്നാളുമൊക്കെ കൂടിയിട്ട്. പല കാരണങ്ങൾകൊണ്ടും സാധിക്കാറില്ല. കഴിഞ്ഞ വർഷം തീരുമാനിച്ചതാണ് ഇത്തവണ  ഒരുമിച്ച് പെരുന്നാൾ കൂടണമെന്ന്. മാർച്ചിൽത്തന്നെ  ടിക്കറ്റ് നോക്കിത്തുടങ്ങി. നാട്ടിൽ വെക്കേഷനും  മറ്റു സീസണും  ആയാൽ പിന്നെ മിസൈൽ വിടുന്ന കണക്കെ അല്ലെ എയർലൈൻസ് കമ്പനിക്കാർ ഫെയർ  കൂട്ടുന്നത്. ടിക്കറ്റ് എടുക്കാനിരിക്കെയാണല്ലോ കോവിഡ് 19 എന്ന മഹാമാരി താണ്ഡവനൃത്തം ആരംഭിച്ചത്. വിളിക്കുമ്പോഴെല്ലാം നെടുവീർപ്പോടെയും കരഞ്ഞിട്ടുമല്ലാതെ ഫോൺ വയ്ക്കാറില്ല . നിങ്ങളെ എന്നു കാണുമെന്ന് കരഞ്ഞു കൊണ്ട് ഉമ്മ ചോദിക്കുമ്പോൾ പറയും . ജൂലൈ മാസത്തിലല്ലേ ഞങ്ങൾ വരാറുള്ളത്. അതിന് ഇനിയും സമയമുണ്ടല്ലോ. ആ പറഞ്ഞ അവധി ആയാലും കോവിഡ് വില്ലൻ അരങ്ങൊഴിയില്ലെന്നറിയാം. എങ്കിലും അതു വരെ ആ സമാധാനത്തിൽ കഴിയാല്ലോ ഉമ്മാക്ക്. എത്ര വിഷമം ഉണ്ടെങ്കിലും ഉമ്മ എന്നെ അറിയിക്കാറില്ല.പക്ഷെ ഗൾഫ് നാടുകളിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണവും കൂടി കൊണ്ടിരിക്കുന്നത് ഉമ്മായെ മാനസികമായി തളർത്തിയിട്ടുണ്ട്. ലോകത്തിലെ എല്ലാർക്കും വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്ന ആളാണ് എന്റെ ഉമ്മ. വിളിക്കുമ്പോഴെല്ലാം എന്നോടും പറയും അങ്ങനെയേ നമ്മൾ  പ്രാർത്ഥിക്കാവുമെന്ന് .  താനും മോനും പോവുന്ന വിവരം ഉമ്മായെ അറിയിച്ചിട്ടില്ല. 

അവിടെ ടേബിളിൽ കിടന്ന ഹെന്ന ട്യൂബ് എടുത്ത് ബാഗിലേക്ക് വെച്ചു.  ഉമ്മാടെ കയ്യിൽ മൈലാഞ്ചി ഇട്ടു കൊടുക്കണം. മുറ്റത്തെ മൈലാഞ്ചിച്ചെടിയിൽനിന്നും പറിച്ചെടുത്ത ഇലകൾ അമ്മിയിൽ അരച്ച് കയ്യിൽ വട്ടപ്പുള്ളികളും വിരലിൽ മോതിരത്തൊപ്പിയും. ഇതാണ് ഉമ്മാടെ ഡിസൈൻ. ഉപ്പാടെ മരണത്തോടെ പിന്നീട്  ഉമ്മ അങ്ങനെ മൈലാഞ്ചി ഇടുന്നത് കാണാറില്ല. ഈ പ്രാവശ്യം ഈ  ആർട്ടിഫിഷ്യൽ മൈലാഞ്ചി കൊണ്ടായാലും ആ കൈകളിൽ മൈലാഞ്ചി  അണിയിക്കണം.  

ഉമ്മച്ചിയെ കാണാൻ മോന് ഏറെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോഴത്തെ ഈ യാത്ര അവന് വലിയ താൽപര്യമില്ല. 

"മമ്മാ.. നമുക്ക് പോവേണ്ടിയിരുന്നില്ല. കോവിഡ് പകർന്നാലോ ഫ്ലൈറ്റിൽ നിന്നും? 

മോനു വരാതിരിക്കായിരുന്നില്ലേ. മമ്മ പറഞ്ഞതല്ലേ ഉമ്മച്ചിയെ കണ്ടിട്ട് മമ്മ പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്ന് "

"മമ്മാക്ക് അറിയില്ലേ ഉമ്മച്ചിക്ക് മമ്മയെക്കാൾ കൂടുതൽ എന്നെയാണ് കാണാൻ ആഗ്രഹമെന്ന്. എനിക്ക് പേടിച്ചിട്ടാ. സാരല്ല്യ. "

"നമുക്ക് ഒന്നും പറ്റില്ല. നന്നായി കെയർ ചെയ്യാം . മോൻ  പ്രാർത്ഥിച്ചാ മതി.ഒന്നും വരില്ല്യ. "

സമയം വൈകി.  ഫ്ലൈറ്റ് മിസ്സ്‌ ആയാലോ. അല്ലെങ്കിൽ തന്നെ എങ്ങനെയോ ഒട്ടും പ്രതീക്ഷിക്കാതെ  കൺഫേം   ആയി കിട്ടിയതാ. ഇന്നലെ ആണ് കോൺസുലേറ്റിൽനിന്നും മെയിൽ വന്നത്. എന്തൊക്കെയോ പറഞ്ഞിട്ടാണ്  പേര് ഒന്നു രജിസ്റ്റർ ചെയ്യാൻ പറ്റിയത്. ഗർഭിണികളും രോഗികളും പ്രായമായവരും അത്യാവശ്യക്കാരുമായവരുടെ ഇടയിൽ ഒട്ടും പ്രതീക്ഷിച്ചതല്ല പോവാൻ കഴിയുമെന്ന്. തന്റെ പ്രാർത്ഥന കൊണ്ടാവാം.

"മമ്മാ പപ്പ എത്തി." മോൻ വിളിച്ചു പറഞ്ഞു. ഇക്ക ഡോർ തുറന്ന് അകത്തേക്കു കയറിയിട്ട് പറഞ്ഞു "റെഡി ആയെങ്കിൽ ഇറങ്ങാൻ നോക്ക് ". ആ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. എന്റെ ഈ യാത്രയോട് ഒട്ടും യോജിപ്പില്ല. ഇക്കാടെ ഭാഗത്തുനിന്നു ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ഈ ഒരവസരത്തിൽ പോവേണ്ടതില്ല. തനിക്കും അറിയാം അത്. പക്ഷേ, എന്റെ മനസ്സിന്റെ ആധി ഇക്കാക്ക് മനസ്സിലാവില്ല. ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. ഉമ്മ... തനിച്ച്. ... മാനസികമായും ശാരീരീരികമായും തളർന്നിട്ടുണ്ട്. ഫോൺ കോളിലെ ആശ്വാസം പകരൽ പോരാതെ വന്നിരിക്കുന്നെന്ന് മനസ്സിലാക്കിയപ്പോഴാണ്  കാണണം, കുറച്ചു ദിവസമെങ്കിലും കൂടെ ഉണ്ടാവണം എന്ന തീരുമാനത്തിലെത്തിയത്.  ആണും പെണ്ണുമായി താൻ മാത്രമാണുള്ളത്. പിന്നെ ഉമ്മാക്ക് വേണ്ടപ്പെട്ടയാൾ ഒന്നും അറിയാനോ കാണാനോ കഴിയാതെ അങ്ങു പള്ളിക്കാട്ടിൽ ഒരിക്കലും ഉണരാത്ത ഉറക്കത്തിലാണ്.  പിന്നെ ഞാൻ എങ്ങനെ പോവാതിരിക്കും. 

കാറിൽ ആരും ഒന്നും സംസാരിക്കുന്നില്ല. ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്  ഞാൻ പറഞ്ഞു "ഇക്കാ... ഞങ്ങൾ പെട്ടെന്നുതന്നെ വരും "അപ്പൊ മോനും അതേറ്റു പറഞ്ഞു "അതെ പപ്പാ ഒൺലി എ വീക്ക്‌.  "

"നിങ്ങൾ വരണമെന്നില്ല. അവിടെത്തന്നെ നിന്നോളൂ. ഇപ്പൊ പോവേണ്ട വല്ല കാര്യവുമുണ്ടോ? അവിടെ  പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലല്ലോ. അതെങ്ങനെയാ.. അനുസരണ എന്നൊന്നില്ലല്ലോ. അവിടെത്തന്നെ നിന്നോളൂ" അദ്ദേഹത്തിന്റെ മറുപടി  മോനെ വിഷമിപ്പിച്ചു.  അത് അവന്  തന്നോടുള്ള  ദേഷ്യം ആയി മാറാൻ അധിക സമയം വേണ്ടി വന്നില്ല .മോന്  ഈ നാട് അത്രയ്ക്കും ഇഷ്ടമാണ്. തിരിച്ചു വരാൻ പപ്പ അനുവദിക്കാതിരിക്കുമോ എന്നൊക്കെയുള്ള ചിന്തകൾ  ആ കുഞ്ഞു മനസ്സിനെ തളർത്തി. മോനെ  ഒരു വിധത്തിൽ പറഞ്ഞാശ്വസിപ്പിച്ചു കൂടെ നിർത്തി.

തിരക്കില്ലാതെ ആദ്യമായിട്ടാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ട്  കാണുന്നത്.കൌണ്ടർ ക്ലോസ് ചെയ്യാറായിട്ടുണ്ട്. മാസ്ക് ഗ്ലൗസ് തുടങ്ങി ധരിക്കാവുന്ന സുരക്ഷാ  കവചങ്ങൾ എല്ലാം അണിഞ്ഞു ഞങ്ങൾ പെട്ടെന്നുതന്നെ ബോഡിങ് പാസ്സ്‌ എടുത്ത് എമിഗ്രേഷനിലേക്ക് നടന്നു. 

"ഇക്കാ...  എന്നോട് ദേഷ്യം തോന്നല്ലേ. അനുസരണ ഇല്ലാതെയല്ല. എന്റെ മനസ്സിന് ഒരു സമാധാനവും ഇല്ലാഞ്ഞിട്ടാണ് ഞാൻ പോവുന്നത്. ക്ഷമിക്കണം." പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാതിരിക്കാൻ പാടുപെട്ടു. അദ്ദേഹം അതിനു മറുപടിയായി  ഒന്ന് അമർത്തി മൂളുകമാത്രം ചെയ്തിട്ട്  മോനെ ചേർത്തുപിടിച്ച് ഉമ്മ വെച്ചിട്ട് തന്നോടായി പറഞ്ഞു "അവനെ നന്നായി ശ്രദ്ധിക്കണം "

ഫ്ലൈറ്റിൽ ഞങ്ങളുടെ സീറ്റിനടുത്ത് ഗർഭിണിയായ ഒരു  യുവതിയാണ്. സാധാരണ ഫ്ലൈറ്റിൽ കയറിയാൽ സീറ്റ്‌ ബെൽറ്റ്‌ ആണ്  ആദ്യം ശരിയാക്കുക. ഇത്തവണ മാസ്ക്, ഗ്ലൗസ് ഒക്കെ  നേരെയാക്കി  അടുത്തിരിക്കുന്ന ആളിൽനിന്നും ഒന്നുകൂടി അകന്നിരിക്കാൻ ശ്രമിച്ചു.  പിന്നീടാണ് സീറ്റ്‌ ബെൽറ്റിന്റെ കാര്യമൊക്കെ ശ്രദ്ധിച്ചത് . ആ യുവതിക്ക് എന്തോ സംസാരിക്കണമെന്നുണ്ട്. പക്ഷേ, ഞാൻ  കണ്ണടച്ചു ചാരിക്കിടന്നു. രണ്ടു കൂട്ടർക്കും നല്ലത് അതാണല്ലോ. 

കൃത്യസമയത്തുതന്നെ കാലിക്കറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തു. എല്ലാ ഫോർമാലിറ്റീസും   കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കണ്ണുകൾ ഉമ്മയെയും മറ്റു വേണ്ടപ്പെട്ടവരെയും തിരക്കി, അവർ വരില്ലെന്ന് അറിയാമെങ്കിലും. ആരെയും അറിയിച്ചിട്ടുമില്ല. ഇങ്ങനെയൊരു വരവ് ആദ്യമായിട്ടായിരിക്കും. ടാക്സിയിൽ കയറി. മോൻ നല്ല ടയേർഡ് ആയിരുന്നു.  തിരക്കൊഴിഞ്ഞ കോഴിക്കോട് നഗരം. തലേ ദിവസം പെയ്ത മഴയുടെ തണുപ്പ് അന്തരീക്ഷത്തിൽ ഇപ്പോഴുമുണ്ട്. 

വീട് എത്താറായി. വീട്ടിലേക്കുള്ള വളവു തിരിയുംമുൻപ് തന്റെ  സ്നേഹനിധിയായ ഉപ്പ അന്ത്യ വിശ്രമം കൊള്ളുന്ന ഖബർസ്ഥാൻ കാണാം. ആദ്യമൊക്കെ ഈ വഴി പോവുമ്പോൾ പൊട്ടിക്കരയുമായിരുന്നു. പിന്നീട് കണ്ണുനീർത്തുള്ളികൾ  കല്ലിച്ചു വേദനയായി കണ്ണിൽത്തന്നെ തങ്ങിനിന്നു. മനസ്സുകൊണ്ട് ഉപ്പയോട് പറഞ്ഞു "വാപ്പച്ചീ.. ഞാനും മോനും ഉമ്മച്ചിയുടെ അടുത്തേക്ക് പോവ്വാണ്, ഉമ്മച്ചിക്ക് അറിയില്ല. ഒരു സർപ്രൈസ്  കൊടുക്കാമെന്നുവെച്ചിട്ടാ. ഈ പെരുന്നാളിന് ഉമ്മായെ തനിച്ചാക്കില്ലാട്ടോ.  വാപ്പച്ചിക്ക് സന്തോഷായില്ലേ." ഇത്തവണ  കണ്ണുകൾ നിറഞ്ഞൊഴുകി. 

വളവു തിരിഞ്ഞാൽ പാലം കാണാം. അതിനോടു ചേർന്നാണ് എന്റെ വീട്. തൊട്ടുമുൻപായി തന്റെ പ്രിയ കൂട്ടുകാരി  അശ്വതി എന്ന അച്ചുവിന്റെ വീട്. അവൾ ഇപ്പോൾ ഫാമിലി ആയി  യുകെയിൽ സെറ്റിൽഡ് ആണ്. അവിടെ  നഴ്സ് പ്രാക്ടിഷ്യണർ  ആയി ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും കുറെ ഏറെ പേഷ്യന്റ്സ് ഉണ്ട്. ഡ്യൂട്ടി ഇപ്പോൾ  ഐസിയുവിൽ ആണെന്നും പ്രാർത്ഥിക്കാനും മറ്റും  പറഞ്ഞിരുന്നു. അവൾക്കും ഇതുപോലെ  വന്നു വീട്ടുകാരെയൊക്കെ ഒന്നു കാണാൻ പറ്റിയാൽ മതിയായിരുന്നു. 

വീടെത്തി. ആളനക്കമില്ലാത്ത മുറ്റവും ഉമ്മറക്കോലായും. എല്ലാം നല്ല വൃത്തിയിൽ ഒതുക്കിയിട്ടുണ്ട് ഉമ്മ. ഞാനും ഉമ്മയും ഉപ്പയുമൊക്കെയായിട്ട് എന്തു രസമായിരുന്നു പണ്ട്.പെരുന്നാളിന്റെ തലേന്ന് ആഘോഷമാണ്. കുടുംബത്തിലെയും അടുത്ത വീട്ടിലെയും കുട്ടികൾ. എല്ലാർക്കും പെരുന്നാൾകാശ് കൊടുക്കും ഉപ്പ, ആ കൂട്ടത്തിൽത്തന്നെ എനിക്കും തരും ഒരു വീതം . ടൗണിൽ പോയി  ഉപ്പയും ഉമ്മയും ഞാനും നേരത്തെ ഡ്രസ്സ്‌  എടുത്തുവെയ്ക്കും. എന്നിട്ട് തന്റെ ഡ്രസ്സിന്റെ മാച്ച് ഒപ്പിക്കുന്ന വളയും മാലയും വാങ്ങാൻ ഉപ്പാടെ കയ്യും പിടിച്ച് ചാടിച്ചാടി ഗമയിൽ ഒരു പോക്കുണ്ട്. പിന്നെ എന്തൊക്കെയോ വാങ്ങിക്കൂട്ടും. അച്ചുവിനും ഡ്രസ്സ്‌ എടുത്തു കൊടുക്കും. ഓർമ്മകൾ കൂട്ടം കൂട്ടമായി  മനസ്സിലേക്ക് ഓടിയെത്തി.   ഉമ്മറത്തെ   ചാരുകസേരയിൽ വായനക്കിടയിൽ കണ്ണടയ്ക്കുള്ളിലൂടെ  കണ്ണുകൾ  ഉയർത്തി  ഉപ്പ ഞങ്ങളെ നോക്കുന്നതുപോലെ തോന്നി. ആരുമില്ല. ശൂന്യമായി കിടക്കുന്ന ഉമ്മറക്കോലായി. 

മോനെയുംകൂട്ടി ശബ്ദമുണ്ടാക്കാതെ പുറത്തെ ബാത്റൂമിലേക്ക് പോയി. ഗ്ലൗസ്, മാസ്ക് എല്ലാം അഴിച്ചു ബാസ്കറ്റിൽ ഇട്ടു, രണ്ടു പേരും ശബ്ദം ഉണ്ടാക്കാതെ മെല്ലെ  കുളിച്ച്  ഡ്രസ്സ്‌ ഒക്കെ മാറി. "ഫ്രഷ് ആയിട്ടു വേണ്ടേ ഉമ്മച്ചിയുടെ അടുത്തേക്ക് പോവാൻ. നമ്മൾ ഫ്ലൈറ്റ് യാത്ര കഴിഞ്ഞല്ലേ വന്നത്." മോനോട് പറഞ്ഞു. അവന് എന്നെക്കാൾ ശ്രദ്ധയുണ്ടായിരുന്നു. ബാഗിൽനിന്നും സാനിറ്റൈസർ   എടുത്ത് അവന്റെ  കൈകൾ  തുടച്ചശേഷം  എനിക്കും തന്നു. 

മുൻവശത്തെ ഡോർ മെല്ലെ തുറന്ന്  ഞങ്ങൾ അകത്തു കയറി.  ചാരിയിട്ടേയുള്ളു. ഹാളിലൊന്നും  ഉമ്മായെ  കണ്ടില്ല. പ്രാർത്ഥനയും വായനയുമാണല്ലോ ഉമ്മാടെ കൂട്ട്. നേരെ ഉമ്മാടെ റൂമിലേക്കു  പോയി .പ്രതീക്ഷിച്ചപോലെ  ഉമ്മ പ്രാർത്ഥനയിൽ ആണ്. മോൻ ഏറെ എക്സൈറ്റെഡ് ആയിരുന്നു. 

 അവന് എന്നോടുള്ള  ദേഷ്യമൊക്കെ മാറി,  ഉമ്മച്ചീ  എന്നു വിളിച്ചു   കെട്ടിപ്പിടിക്കാനോടി.  ഉമ്മച്ചി 

പേടിച്ചുപോവും ഒറ്റക്ക് താമസിക്കുന്നതല്ലേ  എന്നു പറഞ്ഞു ഞാൻ  അവനെ വിലക്കി. പിന്നെ ശബ്ദം താഴ്ത്തി ഞങ്ങൾ വിളിച്ചു 

"ഉമ്മാ... ഉമ്മച്ചീ.. "

തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ കണ്ണിമ വെട്ടാതെ  ഉമ്മച്ചി നിശ്ചലയായി നിന്നു. ഉമ്മായെ കെട്ടിപ്പിടിച്ചുകൊണ്ട് ഞങ്ങൾ പറഞ്ഞു  "വന്നൂ ട്ടോ  ഉമ്മാ... ഞങ്ങളെത്തി. " 

"മക്കളേ .. നിങ്ങൾ എങ്ങനെ?.. ഇപ്പൊ? " ഉമ്മ ഞങ്ങളുടെ പിന്നിൽ  ഇക്കായെ തിരയുന്നുണ്ടായിരുന്നു . അതു മനസ്സിലാക്കിയിട്ട് ഞാൻ പറഞ്ഞു 

"ഇല്ല ഉമ്മാ. ഞങ്ങൾ മാത്രമേയുള്ളു. ഉമ്മാടെ കൂടെ പെരുന്നാൾ കൂടാൻ വന്നതാ. നാളെ ഈ വീട്ടിൽ നമുക്ക് അടിച്ചുപൊളിച്ച്  ആഘോഷിക്കണം . "

അപ്പോഴും ഉമ്മ സന്തോഷം കൊണ്ട് കരയുകയായിരുന്നു. 

"ആഘോഷമൊന്നും വേണ്ട.നിങ്ങൾ വന്നതിലും തമ്മിൽ  കണ്ടതിലുംപരം എന്താഘോഷമാണ് മക്കളേ   ഈ  ലോക്‌ഡൗണിൽ?  അതിനു നമ്മൾ 'സ്റ്റേ ഹോം. സ്റ്റേ സേഫ് 'പിന്നെ  എന്റെ വക  ഒരു കാര്യം കൂടി കൂട്ടിയിട്ടുണ്ട്  ഉമ്മാ..  ,'ബി  ഹാപ്പി അറ്റ്  ഹോം .' മോൻ അപ്പോഴും ഉമ്മാടെ ആലിംഗനവലയത്തിൽത്തന്നെ ആയിരുന്നു. തെക്കുനിന്ന് സുഖമുള്ള തണുത്ത  കാറ്റു വീശി . പള്ളിയിൽനിന്നും തക്ബീർധ്വനികൾ ഉയർന്നു കേട്ടു.  ഞങ്ങളും അതേറ്റുചൊല്ലി. 

"കിടന്നുറങ്ങിക്കൊണ്ടാണോ നീ തക്ബീർ ചൊല്ലുന്നത്? എന്തുറക്കമാണ് ഇത്. ഇന്ന് ബ്രേക്ഫാസ്റ്റ്  ഒന്നുമില്ലേ. ഓൺലൈൻ  ക്ലാസ്  ഇല്ലേ നിനക്ക്? "കണ്ണു തിരുമ്മി മെല്ലെ എഴുന്നേറ്റു. "ഉമ്മ... ഉമ്മാ... " ചുറ്റും നോക്കി. ഉമ്മച്ചി അരികിലെങ്ങുമില്ല. തെക്കൻകാറ്റും വടക്കൻ കാറ്റുമില്ല. .സ്പ്ലിറ്റ് എ സി യിലൂടെ തണുത്ത കാറ്റ് മുറിയിലാകെ തങ്ങിനിന്നിരുന്നു.  എല്ലാം വെറും ഒരു സ്വപ്നം ആയിരുന്നെന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. ഉണർന്നപ്പോൾ ആ സുന്ദരസ്വപ്നം മാഞ്ഞുപോയതിലുള്ള വിഷമം മനസ്സിനെ  നൊമ്പരപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA