ADVERTISEMENT

പ്രിയമുള്ളവളെ, 

ഇതു നിനക്കു വേണ്ടിയാണ്, എഴുതിത്തുടങ്ങുമ്പോൾ നീയാരാണെന്ന് എനിക്കറിയില്ലെങ്കിലും. ഇതെന്റെ ഹൃദയമാണ്, കഴിഞ്ഞ കാലമാണ്. കുറിക്കുന്നതൊന്നും കഥയാണെന്നു പറയാൻ എനിക്കിഷ്ടമില്ലെങ്കിലും, മുഴുവൻ സത്യം പറയാൻ ഞാനത്ര നിഷ്കളങ്കനല്ലെന്നു നിനക്കറിയാമല്ലോ? 

മടിപിടിച്ച നേരങ്ങളിൽ തോന്നും, പനിപിടിച്ചിരുന്നെങ്കിലെന്ന്..

ഓരോ പനിരാത്രികളും കടന്നുവരുന്നത്,

ഉമ്മയെക്കാണണം എന്ന മോഹവും പേറിയാണ്.

ഭക്ഷണപ്രിയനാണു ഞാനെങ്കിലും,

ഭക്ഷണത്തേക്കാൾ പ്രേമം, അടുക്കളയോടാണ്..

നഷ്ടബാല്യത്തിന്റെ മധുരവും, കഷ്ടകാലങ്ങളുടെ കയ്പും, അയവിറക്കുന്നത്, അവിടെയിരുന്നാണ്.

ഉമ്മാന്റെ മണമാണ് അടുക്കളക്ക്, 

വീട്ടിലും, വീടുവിട്ടാലും...

ഉമ്മയെക്കാൾ പ്രിയം ആ വീടിനോടാണ്,

വീടിനേക്കാൾ പ്രിയം നാടിനോടും.

വീടും വീട്ടുകാരും, നാടും നാട്ടുകാരും,

അത്രേയുള്ളൂ ഞാനും, എന്റെ ലോകവും.

വീടിനു പടിഞ്ഞാപ്പുറത്തു മങ്കുഴിയാണ്. എന്നുവെച്ചാൽ മണ്ണെടുത്തു കുഴിയായിപ്പോയ ഒരു പറമ്പ്. വീടിന്റെയും മങ്കുഴിയുടെയും വടക്കുഭാഗത്തുകൂടെയാണ് റോഡ്. റോഡ് എന്നു വിളിക്കാൻ പാകത്തിനായിട്ട് കുറച്ചേ ആയിട്ടുള്ളൂ. പണ്ടതൊരു വെട്ടു വഴിയായിരുന്നു. റോഡിന്റെ വടക്കു ഭാഗത്ത്‌ എട്ടടി താഴ്ചയിലാണ് മനയ്ക്കപറമ്പ്. എന്നുവെച്ചാൽ മനയ്ക്കലെ പറമ്പ് തന്നെ. ഓർമയുടെ ബാല്യത്തിൽ പറങ്കിമാങ്ങാ മണമുള്ള പറമ്പ്.

പണ്ട് ഇതിലും പൊക്കത്തിലായിരുന്നു റോഡ് നിന്നിരുന്നത്. പലതവണ മണ്ണെടുത്ത്‌ റോഡിന്റെ ഉയരം കുറച്ചതാണ്. അവസാനം മണ്ണെടുപ്പ് നടന്നത് ഞാൻ പത്തിൽ പഠിക്കുമ്പോൾ ആണ്. അതിനുമുൻപ് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ. അന്ന് സ്കൂളിൽ പോയി കൂട്ടുകാരോട് മണ്ണുമാന്തി യന്ത്രത്തെക്കുറിച്ചു വെടി പൊട്ടിച്ചത് എനിക്കോർമയുണ്ട്. 

സത്യമായിട്ടും ആദ്യമായി മണ്ണുമാന്തി കാണുന്നതന്നാണ്. ചങ്ങലയിൽ ഓടുന്ന ഹിറ്റാച്ചി കാണാൻ അന്നെനിക്ക് നിറയെ കൂട്ടുകാരുണ്ടായിരുന്നു. സൈക്കിളും ക്രിക്കറ്റ്‌ ബാറ്റും സ്വപ്നം കണ്ടിരുന്ന ചങ്ങായിമാർ. അക്കു, മനു, ചിക്കു, ലിനു, ആകർഷ്, അമ്പാടി, അരീഷ് അങ്ങനെ കുറേപേര്.

അക്കു എന്റെ സഹപാഠി കൂടെയായിരുന്നു. ഉച്ചയൂണിനു സ്ഥിരമായി പച്ചമോര് കൊണ്ടു വരാറുള്ള കൂട്ടുകാരൻ. ഇന്നേവരെ ഏറ്റവും രുചിയുള്ള ഇഞ്ചിക്കറി കൂട്ടിയിട്ടുള്ളതു അവന്റെ അമ്മ വിളമ്പിതന്നിട്ടാണ്. അവന്റെ ചേച്ചിയുടെ ലേഡിബേഡിലാണ് ഞാനും അവനും സൈക്കിൾ ചവിട്ട് പഠിച്ചത്. "കൃഷ്ണേന്ദു" എന്നു പേരിട്ടിരുന്ന അവരുടെ വീട്ടുമുറ്റത്ത്‌ നിന്നിരുന്ന തൈ തെങ്ങ് സ്റ്റമ്പാക്കി ഞങ്ങൾ ക്രിക്കറ്റ് കളിക്കാറുണ്ട്. ഏതെങ്കിലും ഒരു സിക്സെർ ഗോപുചേട്ടന്റെ കടയിലെ കോഴിമുട്ട പൊട്ടിക്കുമ്പോൾ ആ കളി നിറുത്താറുമുണ്ട്.

ഇടയ്ക്കവർ വീടുമാറിപ്പോയപ്പോളും എനിക്കുള്ള ഇഞ്ചിക്കറി അമ്മ കൊടുത്തുവിടാറുണ്ട്. അതിലെ നൂറ്റിയൊന്നാമതു രുചി വാൽസല്യമായിരുന്നു. 

ഇഞ്ചിക്കറി ഇന്നെനിക്ക് വെള്ളപുതപ്പിച്ച ഒരോർമയാണ്. കാലം മുന്നിലിടുന്ന ഓരോ തൂശനിലയിലും കണ്ണീരു വീഴ്ത്തുന്ന, മരിക്കാത്ത സ്നേഹത്തിന്റെ കയ്പാണ്....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com