sections
MORE

ഇമ്മിണി ബല്ല്യ സുഹൃത്ത്...

ayyapan-basheer-friend
SHARE

ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമാണ്. ബഷീറിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനും പ്രിയ സുഹൃത്തുമായ ശ്രീരാമൻ അയ്യപ്പനുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗം:

രാമനാട്ടുകരയിൽ ഞാനൊരു വർക്ക് ഷോപ് നടത്തിയിരുന്നു. അവിടെ ബഷീർസാറും അഴീക്കോട് മാഷും സ്ഥിരം സന്ദർശകരായിരുന്നു. മിക്കവാറും വർക്ക് ഷോപ്പിലെ തിരക്കൊക്കെ കഴിഞ്ഞു വൈകുന്നേരമാണ് അവരുടെ വരവ്. ഒരുപാട് നേരം തമാശ ഒക്കെ പറഞ്ഞിരിക്കും . 

1982 -ൽ ഞാൻ ഒരു സർവീസ് സ്റ്റേഷൻ കൂടി തുടങ്ങി. പുതിയതായി തുടങ്ങിയ സർവീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത് ബഷീർസാറും അഴീക്കോട് മാഷും ചേർന്നായിരുന്നു. സർവീസ് സ്റ്റേഷനിലെ ഹൈഡ്രോളിക് ലിഫ്റ്റ് സ്വിച്ച് ഓൺ ചെയ്തപ്പോൾ ലിഫ്റ്റിലുള്ള കാർ മെല്ലെ ഉയരാൻ തുടങ്ങി. ഇത് കണ്ട് ചിരിച്ചുകൊണ്ട് ബഷീർ അഴീക്കോട് മാഷിനോട് പറഞ്ഞു: "കണ്ടില്ലേ അഴീക്കോകൊടെ.. ഞാൻ കൈവിരൽ കൊണ്ട് കാർ ഉയർത്തുന്നത്!"

ഞാനൊരു  മെക്കാനിക് ആയതുകൊണ്ട് ബഷീർസാറിന്റെ വീട്ടിലെ എല്ലാ അൽഗുൽത്തു പണികൾക്കും എന്നെയാണ് വിളിക്കാറ്. ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ ഫാബിതായോട് "എടീ... അയ്യപ്പൻ സാർ വന്നു ഇനി നമ്മൾ ഒന്നും പേടിക്കേണ്ട" എന്ന് തമാശ പറയും. എന്നെ ബഷീർ "അയ്യപ്പൻസാർ"എന്നാണ് വിളിച്ചിരുന്നത്. അത് കേൾക്കുമ്പോൾ എനിക്ക് ചിരിവരും. 

ഞാൻ വീട്ടിൽ ചെല്ലുമ്പോൾ ഒക്കെ ഫാബിതായോട് ബഷീർസാർ ബിരിയാണി ഉണ്ടാക്കാൻ പറയും. അങ്ങനെ സാബിതാ ഉണ്ടാക്കിയ ബിരിയാണി ഒരുപാട് കഴിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരിക്കൽ ബഷീർ സാറും ഫാബിതായും എന്റെ വീട്ടിൽ വന്നു. അന്നെന്റെ വീട്ടിൽ വാട്ടർ ടാങ്കും പൈപ്പും ഒക്കെ ഉണ്ടായിരുന്നു. ആഹാരം ഒക്കെ കഴിച്ചു ബഷീറും ഫാബിതായും മടങ്ങിപ്പോയി. പിറ്റേദിവസവും ബഷീർ എന്നെ വിളിച്ചു. 

"അയ്യപ്പൻ സാറേ നിങ്ങളെ വീട്ടിൽ വന്നത് വലിയ പുലിവാലായി. കിണറ്റിൽ നിന്ന് വെള്ളം കോരി അവൾ വശംകെട്ട് ഇരിക്കുമ്പോഴാണ് നിങ്ങടെ വീട്ടിലെ പൈപ്പ് കാണുന്നത്. പിന്നീട് എനിക്ക് സ്വര്യം കിട്ടിയില്ല! എന്റെ വീട്ടിലും പൈപ്പ് ഫിറ്റ് ചെയ്യാൻ ഞാൻ ഏർപ്പാടാക്കി. അയ്യപ്പൻ സാറിന്റെ വീട്ടിൽ വന്നതുകൊണ്ട് എന്റെ ഒരു വലിയ സംഖ്യ പോയി കിട്ടി....!" ഇത് കേട്ട് ഞാൻ ചിരിച്ചു. 

നട് ഹാംസൻ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്റെ കഥ മോഷ്ടിച്ചാണ് ബഷീർ 'ശബ്ദങ്ങൾ' എഴുതിയത് എന്ന ഒരു വിവാദം ഉണ്ടായിരുന്നു. ബഷീർ 'ശബ്ദങ്ങൾ' എഴുതിയതിന് ശേഷമാണ് നട് ഹംസൻ ആ കഥ എഴുതിയത് എന്ന് പിന്നീട് തെളിഞ്ഞു. ബഷീർ ഒരു ലോക സാഹിത്യകാരൻ ആണെന്ന് തെളിയിക്കാൻ ഇതിലപ്പുറം എന്താണ് വേണ്ടത്? 

ബഷീറിന്റെ സുഹൃത്ത് ആയതുകൊണ്ടുതന്നെ എന്റെ ജീവിതത്തിന്റെ വീക്ഷണം തന്നെ മാറിയിട്ടുണ്ട്. ബഷീറിന്റെ വിയോഗം ലോകസാഹിത്യത്തിൽ തന്നെ വലിയ നഷ്ടമാണ്. ആരും ഇവിടെ സ്ഥിരമായി നിൽക്കാറില്ല. ബഷീർ പോയി. എന്റെ ഊഴം എത്താൻ ഞാൻ കാത്തിരിക്കുന്നു.

ഇത്രയും പറഞ്ഞ് അയ്യപ്പൻ സംഭാഷണം അവസാനിക്കുമ്പോൾ ആ സൗഹൃദത്തിന്റെ ആഴം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA