sections
MORE

ത്രിശങ്കുസ്വർഗ്ഗത്തിലെ പ്രവാസി മലയാളികൾ

SHARE

പാഠം ഒന്ന്: കേറി വാടാ മക്കളേ

"കടലിനക്കരെ പോയോരേ, കനവിനക്കരെ പോയോരേ,

കാലമിന്നു കാത്തു നിൽക്കുകയായ്, നന്ദിയോടെ, 

എതിരേൽക്കാൻ കാത്തു നിൽക്കുകയായ്...."

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര ആലപിച്ച മനോഹരമായ ഈ ഗാനം കേൾക്കാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല. സോഷ്യൽ മീഡിയയിൽ അത്രമാത്രം വൈറലായി കഴിഞ്ഞിരിക്കുന്നു ഈ ഗാനം. ഏതൊരു പ്രവാസിയുടെയും ആത്മാവിനെ തൊട്ടുണർത്തുന്ന വരികൾ. മഹാമാരിയുടെ മൂർധന്യാവസ്ഥയിൽ ലോകമെങ്ങുമുള്ള മനുഷ്യജീവിതങ്ങൾ ഈയാംപാറ്റകളെ പോലെ കൊഴിഞ്ഞു വീഴുന്ന അവസ്ഥയിൽ, മരിച്ചാലും ജീവിച്ചാലും അത് സ്വന്തം ജന്മനാട്ടിൽ, തന്റെ പ്രിയപ്പെട്ടവരുടെ കൂടെയാവട്ടെ എന്ന അടങ്ങാത്ത ആഗ്രഹത്തിൽ നാട്ടിലേക്കുള്ള മടക്കയാത്രക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങി പോകുന്നതിനായി ദിവസങ്ങൾ എണ്ണി കൊണ്ടിരുന്ന മറുനാടൻ മലയാളികളുടെ മനസ്സിൽ പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും തേന്മഴയായി  പെയ്തിറങ്ങിയ വരികൾ. കടമ്പകൾ കടന്ന് ജന്മനാട്ടിൽ എത്തിക്കഴിഞ്ഞാൽ പ്രവാസികളെ നന്ദിയോടെ സ്വാഗതം ചെയ്തു എതിരേൽക്കാൻ കൊട്ടും കുരവയും താലപ്പൊലിയും പുഷ്പവൃഷ്ടിയും തോരണങ്ങളുമായി, വഴിനീളെ അണി നിരന്നു നിൽക്കുന്ന നല്ലവരായ നാട്ടുകാരെ കുറിച്ചുള്ള എത്ര മനോഹരമായ ചിത്രമാണ് ഈ ഗാനത്തിന്റെ വരികൾ ഒരു പ്രവാസി മലയാളിയുടെ മനസ്സിൽ വരച്ചുകാട്ടുന്നത്. ഈ ഗാനം കേട്ട് എല്ലാ പ്രവാസി മലയാളികളും ആർദ്രമായ മനസ്സോടെ, നിറകണ്ണുകളോടെ, തങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഈ ഗാനം പോസ്റ്റ് ചെയ്ത ശേഷം സ്വന്തം കമന്റ് ആയി ഒരു അടിക്കുറിപ്പ് കൂടി ചേർത്തു. "ഇതാണ് ഞങ്ങളുടെ ജന്മനാട്, ദൈവത്തിന്റെ സ്വന്തം നാട്”. അതിനു മറുപടിയായി കേരളത്തിൽ താമസിക്കുന്ന മലയാളികൾ സമൂഹമാധ്യമങ്ങളിൽ അഞ്ഞൂറാൻ ശൈലിയിൽ മറ്റൊരു പോസ്റ്റ് ഇട്ടു "കേറി വാടാ മക്കളേ". 

പാഠം 2: ഒഴിഞ്ഞു പോകൂ

വിദേശ മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ഭാരത സർക്കാർ 'വന്ദേഭാരത് മിഷൻ' എന്ന പേരിൽ പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മറുനാടൻ മലയാളികളെ നാട്ടിൽ എത്തിക്കുന്നതിനായി സ്പെഷ്യൽ ട്രെയിൻ സർവീസുകൾ തുടങ്ങി. ചിലർ അതിനെ കൊറോണ എക്സ്പ്രസ് എന്ന ഓമനപ്പേരിട്ടു വിളിച്ചു. അപ്പോഴാണ് തദ്ദേശവാസികളായ ചിലരെങ്കിലും ഉൾക്കിടിലത്തോടെ ചിന്തിക്കാൻ തുടങ്ങുന്നത്. അവർ മടങ്ങി വരുന്നു! പ്രവാസികൾ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രശ്നത്തെ എങ്ങനെ നേരിടണം എന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മടങ്ങിവരുന്ന പ്രവാസികൾക്ക് സ്വാഗതമോതിക്കൊണ്ട് കാൽപ്പനികമായ ഒരു സുഖത്തിനു വേണ്ടി, ഇതേവരെ പാടി നടന്ന പാട്ടുകളും സോഷ്യൽമീഡിയ പോസ്റ്റുകളുമൊക്കെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയാനുള്ള സമയമായിരിക്കുന്നു. കാര്യങ്ങൾ കൈവിട്ടു പോവുകവാൻ തുടങ്ങുകയാണ്.  ഗൾഫ് നാടുകളിലും അമേരിക്കയിലും ബോംബെയിലും ഡൽഹിയിലും നിന്ന് പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചെത്തിയാൽ തദ്ദേശവാസികളുടെ ഇടയിൽ രോഗവ്യാപനത്തിന് കാരണമായേക്കാം; സാമൂഹിക വ്യാപനം ഉണ്ടായേക്കാം എന്നൊക്കെയുള്ള അബദ്ധധാരണകൾ സമൂഹത്തിൽ പ്രചരിക്കാൻ തുടങ്ങി. ഭാരതത്തിലെ ഏറ്റവും വിദ്യാസമ്പന്നർ എന്ന പേരിൽ സ്വയം അഹങ്കരിച്ചു നടന്നിരുന്ന ഒരു സമൂഹത്തിലെ ന്യൂനപക്ഷം വരുന്ന ചിലരെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു. മടങ്ങി വരുന്ന പ്രവാസികൾ എല്ലാവരും രോഗികളോ, അതല്ലെങ്കിൽ രോഗവാഹകരായ ആളുകളോ ആണെന്ന മട്ടിൽ അവർക്ക് ഭ്രഷ്ട് കൽപ്പിച്ചു സാമൂഹികമായി ബഹിഷ്‌കരിക്കാൻ തുടങ്ങി. നാട്ടിലേക്ക് തിരിച്ചെത്തുന്ന വിദേശ മലയാളികളെയും മറുനാടൻ മലയാളികളെയും രണ്ടാം തരം പൗരന്മാരായി കണക്കാക്കി അവരെ ഒറ്റപ്പെടുത്തുകയും ഭീകരമായ മാനസിക പീഡനത്തിന് അവരെ വിധേയരാക്കുകയും ചെയ്തു. ഒരുതരം ശത്രുതാമനോഭാവത്തോടെ, നികൃഷ്ട ജീവികളെപ്പോലെ, അവരെ അകറ്റി നിറുത്തുകയും അങ്ങനെ ചെയ്യുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു, നാട്ടുകാരിൽ ചിലരെങ്കിലും. 

നാട്ടിലേക്ക് മടങ്ങിയെത്തുന്നവരെ അവരുടെ സ്വന്തം വീടുകളിലും ഫ്ലാറ്റുകളിലും നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കാതെ ചില നാട്ടുകൂട്ടങ്ങൾ ബലം പ്രയോഗിച്ചു വന്ന വണ്ടിയിൽ തന്നെ അവരെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ചു. നാട്ടുകാരെ ഭയന്ന് അർധരാത്രിയിൽ സ്വന്തം വീട്ടിലേക്ക് കള്ളനെപ്പോലെ പാത്തും പതുങ്ങിയും വരേണ്ടി വന്ന പ്രവാസി മലയാളികളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നമ്മളിൽ പലരും ഇതിനോടകം കണ്ടു കഴിഞ്ഞു. ഇതൊന്നുമറിയാതെ, വിമാനത്താവളത്തിൽ നിന്ന് പകൽ സമയത്ത് നേരിട്ട് തങ്ങളുടെ വീടുകളിൽ എത്തി കൊറന്റീൻ കാലം കഴിച്ചുകൂട്ടാൻ ധൈര്യം കാണിച്ച പ്രവാസികളെ തെറി വിളിച്ചും, ഭീഷണിപ്പെടുത്തിയും അവരെ വീടുകളിൽ കയറാൻ പോലും സമ്മതിക്കാതെ വന്ന വഴിയേ തിരിച്ചയച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ധാരാളമാണ്. ചെന്നായക്കൂട്ടത്തിനിടയിൽ അകപ്പെട്ടുപോയ ആട്ടിൻകുട്ടിയെ പോലെ നിസ്സഹായനായി ജന്മനാട്ടിൽ സ്വന്തം വീടിനു മുമ്പിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കേണ്ടി വന്ന നിസ്സഹായനായ പ്രവാസി മലയാളിയുടെ മാനസികാവസ്ഥ ആരു മനസ്സിലാക്കാൻ! 'ഇല്ലത്തു നിന്ന്‌ ഇറങ്ങുകയും ചെയ്തു; അമ്മാത്ത് ഒട്ട് എത്തിയതുമില്ല' എന്നപോലെ ത്രിശങ്കു സ്വർഗത്തിൽ എത്തിയ അവസ്ഥയിലാണ് ജന്മനാട്ടിൽ മടങ്ങിയെത്തിയ പല പ്രവാസികളുടേയും അവസ്ഥ.

മൂന്നു വർഷം ഡൽഹിയിലെ ഒരു ക്രൈസ്തവ ദേവാലയത്തിലെ സേവനം പൂർത്തിയാക്കിയ ശേഷം സ്ഥലംമാറ്റത്തിന്റെ ഭാഗമായി നാട്ടിലുള്ള മറ്റൊരു ഇടവകയിൽ ചാർജ് എടുക്കുന്നതിനായി ഡൽഹിയിൽ നിന്നും കോട്ടയത്തേക്ക് തിരിച്ചു വന്ന ഒരു പുരോഹിതന് സ്വന്തം നാട്ടുകാരിൽ നിന്ന് നേരിടേണ്ടിവന്ന ഹൃദയശൂന്യമായ പെരുമാറ്റം വളരെ വേദനയോടെ അദ്ദേഹം പങ്കുവച്ചത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. അദ്ദേഹം നാട്ടിലെത്തിയ ശേഷം ആരും താമസമില്ലാതെ അടഞ്ഞു കിടക്കുന്ന സ്വന്തം ഫ്ളാറ്റിൽ തനിച്ചു താമസിച്ചു നിരീക്ഷണത്തിൽ കഴിയുവാൻ പോകുകയാണ് എന്ന് മണത്തറിഞ്ഞ അയൽവാസികൾ പുരോഹിതൻ നാട്ടിൽ കാലു കുത്തുന്നതിനു മുൻപുതന്നെ അദ്ദേഹത്തിന്റെ പിതാവിനെ പോയി കാണുകയും ഒരുകാരണവശാലും ക്വാറന്റീനു വേണ്ടി ഫ്ലാറ്റിലേക്ക് വരാൻ അനുവദിക്കരുത് എന്ന് കാലേക്കൂട്ടി നിർദ്ദേശിക്കുകയും ചെയ്തു. നാട്ടിലെത്തിയ വൈദികൻ ഫ്ലാറ്റിനടുത്ത് ഒരു ഹോട്ടലിൽ മുറിയെടുത്ത് ഇപ്പോൾ കൊറന്റൈനിൽ കഴിയുകയാണ്. 

പാഠം മൂന്ന്: ഇതിന് ചികിത്സയില്ല

ഒരു കൊറോണ കാലം വേണ്ടിവന്നു മലയാളികളിൽ ചിലരുടെയെങ്കിലും മുഖംമൂടികൾക്കുള്ളിലെ യഥാർത്ഥ രൂപം പുറത്തു കൊണ്ടു വരുവാൻ. അണിഞ്ഞിരിക്കുന്ന പൊയ്മുഖങ്ങൾ ഒന്നൊന്നായി നമ്മൾ സ്വയം പിച്ചിച്ചീന്തി വലിച്ചെറിയുമ്പോൾ ചിലരുടെയെങ്കിലും മനസ്സുകളുടെ ഭീഭത്സമായ യഥാർത്ഥ മുഖങ്ങളാണ് വെളിയിൽ പ്രത്യക്ഷമാകുന്നത്. നമ്മൾ ഇങ്ങനെയൊന്നുമായിരുന്നില്ല. സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന ഒരു സമൂഹം. പകർച്ചവ്യാധി ആയാലും, വറുതി ആയാലും, പ്രളയമായാലും പരസ്പരം താങ്ങും തണലുമായി കഴിഞ്ഞു വന്നിരുന്ന നമ്മളിൽ പലരെയും കൊറോണയെക്കാളും അതിഭീകരമായ ഒരു വൈറസ് ബാധിച്ചിരിക്കുന്നത് നമ്മൾ തിരിച്ചറിഞ്ഞേ പറ്റൂ. 

നമ്മെക്കുറിച്ച് നമ്മൾ സ്വയം ഊതിപ്പെരുപ്പിച്ചു കൊണ്ടുനടന്ന പല ധാരണകളും ഇവിടെ പൊളിച്ചെഴുതപ്പെടുകയാണ്. ഒട്ടേറെ കൊട്ടിഘോഷിക്കപ്പെടുന്ന മലയാളി സമൂഹത്തിന്റെ സാമൂഹികബോധം വെറും ക്ലീഷേ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു സാമാന്യവൽക്കരണത്തിനു മുതിരുകയല്ല, പക്ഷേ, നമ്മൾ സഹോദരരായി കണ്ടിരുന്നവർ, ഏതൊരാപത്തിലും കരുതലോടെ കൂടെച്ചേർത്തു നിർത്തുമെന്ന് കരുതിയവർ, കാര്യത്തോടടുക്കുമ്പോൾ, ഇങ്ങനെയൊക്കെ തന്നെയാണ് എന്ന ദൗർഭാഗ്യകരമായ യാഥാർഥ്യം നാം തിരിച്ചറിഞ്ഞേ മതിയാവൂ. കരുണയും, സാഹോദര്യവും, വിശാലമനസ്കതയുമൊക്കെ പുറമേ പറയുമെങ്കിലും, ഉള്ളിന്റെയുള്ളിൽ ‘ഞാനും എന്റെ കെട്ട്യോളും എന്റെ കുട്ട്യോളും’ എന്ന തരം താഴ്ന്ന, സങ്കുചിതമായ, സ്വാർത്ഥ താൽപര്യത്തിനു മുന്നിൽ മനസാക്ഷി അടിയറവു വച്ച് കൊണ്ട് തന്റെ സാമൂഹ്യബോധം ആർക്കൊക്കെയോ മൊത്തമായും ചില്ലറയായും പണയം വച്ച് കഴിഞ്ഞിരിക്കുന്നു, നമ്മളിൽ ചിലരൊക്കെ. 

മണിച്ചിത്രത്താഴ് സിനിമയിൽ പ്രധാന കഥാപാത്രമായ ഗംഗയ്ക്ക് 'മൾട്ടിപ്പിൾ പേഴ്‌സണാലിറ്റി ഡിസോർഡർ' എന്ന മാനസിക രോഗമാണെന്നാണ് ഡോ. സണ്ണി ഗംഗയുടെ ഭർത്താവായ നകുലനോട് പറയുന്നത്. മനഃശാസ്ത്രത്തിൽ അതിന് 'ദ്വന്ദവ്യക്തിത്വം' അഥവാ 'അപരവ്യക്തിത്വം' എന്നൊക്കെ പറയുമത്രെ. അസുഖം മൂർച്ഛിക്കുന്ന അവസ്ഥയിൽ അവൾ ഗംഗയിൽ നിന്ന് നാഗവല്ലിയായി മാറുന്നു. ഗംഗയെപ്പോലെ പുറമെ ഒരു വ്യക്തിത്വവും ഉള്ളിന്റെയുള്ളിൽ മറ്റൊരു വ്യക്തിത്വവ്യമായി, ഒരു മൾട്ടിപ്പിൾ പേഴ്സണാലിറ്റിയുമായി ജീവിക്കുകയാണ് മലയാളികളിൽ ഒരു ചെറിയ വിഭാഗം പേരെങ്കിലും. സിനിമാഭാഷയിൽ പറഞ്ഞാൽ സൈക്കോസിസിന്‍റെ ആ അവസ്ഥാന്തരത്തിന്‍റെ ഭയാനകമായ ലേറ്റസ്റ്റ് വേര്‍ഷന്‍ ആണ് ഇപ്പോൾ പ്രവാസികളെ ഒറ്റപ്പെടുത്തി ഏഴകലത്തായി മാറ്റിനിർത്താൻ മുറവിളികൂട്ടുന്ന വ്യക്തികൾ പ്രകടമാക്കുന്നത്.  തിലകന്റെ കഥാപാത്രം പറയുന്നതുപോലെ "ഇതിനു ചികിത്സയില്ല. ദിസ് ഈസ് ഇൻക്യൂറബിൾ".

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA