ADVERTISEMENT

മനോഹരമായ റോസാപ്പൂക്കൾ വിരിയുന്ന സമയത്താണ് വീട്ടുമുറ്റത്തെ കൊച്ചു പൂന്തോട്ടത്തിലെ ചെടികളുമായി ഞാനെന്റെ സൗഹൃദം പുതുക്കുന്നത്. അടുത്ത ഒരു വർഷത്തേക്കുള്ള സ്നേഹവും കരുതലും ഈ കാലയളവിനുള്ളിൽ കൈമാറി ഞങ്ങൾ പിരിഞ്ഞാൽ പിന്നെ അവരും പരിസരവും ശാന്തമാകും. അത് കൊണ്ടായിരിക്കാം, അധികം ആൾതാമസം ഇല്ലാത്ത സേഫ് ആയ എന്റെ പൂന്തോട്ടം തന്നെ അവൾ തിരഞ്ഞെടുത്തത്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള തൂവലുകളാൽ പൊതിഞ്ഞ, കാഴ്ചയിൽ തികഞ്ഞ ഗൗരവക്കാരിയായ അവളുടെ പേര് 'റോബിൻ'. ഇടതൂർന്ന വേരുകളുള്ള ചെടിക്കുള്ളിൽ മനോഹരമായൊരു കൂട്‌ വച്ച്, മരതകനീല നിറത്തിൽ നാലു മുട്ടകളുമായി ഒന്ന് സെറ്റിൽ ആയി വരുമ്പോളാണ്, അപ്രതീക്ഷിതമായി അവരെന്റെ ശ്രദ്ധയിൽപ്പെടുന്നത്. എന്ത് കൊണ്ടോ, ആ അമ്മയോടും പിറക്കാനിരിക്കുന്ന നാലു കുഞ്ഞുങ്ങളോടും എനിക്കൊരിഷ്ടം തോന്നി. പിന്നീടങ്ങോട്ട് ഇടതടവില്ലാതെ കൂട്ടിൽപോയി എത്തിനോക്കിയും ഫോട്ടോയും വീഡിയോയും എടുത്തും ആ പാവം അമ്മക്കിളിയുടെ പ്രൈവസിയിൽ കടന്നു കയറ്റം നടത്തുന്നത് ഞാനൊരു പതിവാക്കി.

അധികം താമസിയാതെ മുട്ടകൾ നാലും വിരിഞ്ഞു, ഞാനെന്റെ സ്വന്തം ഗവേഷണത്തിലൂടെ രണ്ടു പെൺകുഞ്ഞുങ്ങളും രണ്ടു ആൺകുഞ്ഞുങ്ങളും ആണ് പിറന്നിരിക്കുന്നതെന്ന് കണ്ടെത്തി അവരുടെ പേരിടീൽ ചടങ്ങും നടത്തി. അമ്മക്കിളി കുഞ്ഞുങ്ങൾക്കുള്ള നോൺവെജ് ഫുഡ് തേടി ഇറങ്ങുന്ന ഗ്യാപ്പിൽ അവരുമായി അടുത്തിടപഴകുകയും കാവലിരിക്കുകയും ചെയ്തു ഞാനവരുടെ പോറ്റമ്മയുടെ റോൾ സ്വയം എടുത്തണിഞ്ഞു. ഒരുപക്ഷെ ആ സമയത്തു അമ്മക്കിളിയേക്കാൾ മാനസിക സംഘർഷം എനിക്കാരുന്നിരിക്കണം. കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കുമോ, കാറ്റടിച്ചാൽ കൂടു വീണു പോകുമോ, മഴ നനഞ്ഞാൽ കൂടൊലിച്ചു പോകുമോ, പറക്കാൻ തുടങ്ങിയാൽ താഴെ വീണു പോകുമോ, എന്റെ ആശങ്കകൾ പെരുകി.

ആദ്യമൊക്കെ എന്നെ കാണുമ്പോൾ ചുണ്ടുകൾ വിടർത്തി കലപില വർത്തമാനങ്ങൾ പറഞ്ഞിരുന്ന കുഞ്ഞുങ്ങൾ, സ്‌ട്രെഞ്ചേഴ്‌സിനോട്  അധികം സംസാരിക്കരുത് എന്ന് അമ്മക്കിളി വിലക്കിയതു കൊണ്ടാവണം, കൂടുതൽ തിരിച്ചറിവായപ്പോൾ അധികം മൈൻഡ് ചെയ്യാതെ ആയി. കണ്ണടച്ച് തുറക്കും മുൻപേ നാല് പേരും അമ്മയെപ്പോലെ  മഞ്ഞയിൽ ചാരനിറത്തിലുള്ള  തൂവലുകളാൽ തുന്നിയ ഉടുപ്പുകളണിഞ്ഞു സുന്ദരീസുന്ദരന്മാരായി വളർന്നു. താമസിയാതെ, അമ്മക്കിളി കുഞ്ഞുങ്ങളെ സ്വന്തം ചിറകിൽ നില്ക്കാൻ പ്രാപ്തരാക്കുന്നതിന്റെ ആദ്യ പടിയായി അവർക്കുള്ള ഫ്ലയിങ് ലെസ്സൺസ് സ്റ്റാർട്ട് ചെയ്തു.

ആദ്യമൊക്കെ അവർ മെല്ലെ പിച്ചവച്ചു നടന്നു, പിന്നെ ചെറുതായി ചിറകടിച്ചു, വൈകാതെ നന്നായി പറക്കാൻ തുടങ്ങി. ഒരു ദിവസം രാവിലെ എന്നത്തേയും പോലെ കുശലാന്വേഷണത്തിന് ചെന്നപ്പോൾ കൂടൊഴിഞ്ഞു കിടക്കുന്നു. നാലുപേരും ചുറ്റുവട്ടത്തെവിടെയെങ്കിലും പാറി കളിക്കുന്നുണ്ടാവും എന്നാശ്വസിച്ചു കാത്തിരുന്നു. വൈകിട്ടും പിറ്റേന്നും കൂട്ടിൽ തിരിച്ചെത്താതായപ്പോൾ ആ ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞു, എന്നോടൊരു വാക്ക്  പോലും പറയാതെ നാലു കുഞ്ഞുങ്ങളും അവരുടെ മുന്നിൽ തുറന്നു കിട്ടിയ വിശാലമായ ലോകത്തേക്ക്  പറന്നു പോയിരിക്കുന്നു. ഒരുനാൾ അവർ ഇവിടം വിട്ടു പറന്നകലുമെന്ന് അറിയാമായിരുന്നിട്ടും, കണ്മുന്നിൽ വളർന്നു വലുതായ കുഞ്ഞുങ്ങളെ പെട്ടെന്നൊരുദിവസം കാണാതായപ്പോൾ ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെട്ട ശൂന്യത എനിക്കൊരു കാര്യം വെളിപ്പെടുത്തിത്തന്നു, ഞാനവരുമായി വിചാരിച്ചതിലും കൂടുതൽ അടുത്തുപോയിരുന്നു.

പഠിപ്പൊക്കെ കഴിഞ്ഞു വീട്ടിൽ കല്യാണ ആലോചനകൾ തകൃതിയായി നടക്കുന്ന സമയം. ദൈവത്തിന്റെ മാട്രിമോണിയൽ പുസ്തകത്തിൽ എന്റെ പേരിനൊപ്പം എഴുതിചേർത്തു വച്ചിരുന്ന, ദാമ്പത്യമെന്ന ഗോദയിൽ ഞാനുമായി ഏറ്റുമുട്ടാൻ പോകുന്ന എന്റെ എതിരാളി ഭൂമിയുടെ മറുവശത്തുള്ള അമേരിക്കയിൽ ജോലി ചെയ്യുന്നു. ഒരേയൊരു കൂടെപ്പിറപ്പായ ചേട്ടന്റെ ജൂനിയർ ആയിട്ട് പഠിച്ച അനുഭവത്തിന്റെ  വെളിച്ചത്തിൽ, കൂടുതൽ ബാക്ക്ഗ്രൗണ്ട് ചെക്ക് ഒന്നും നടത്താതെ തന്നെ കാര്യങ്ങൾക്കൊക്കെ പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടായി. ആകെയുള്ള മകൾ എപ്പോഴും കൺവെട്ടത്തു തന്നെ ഉണ്ടാവണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട്, ആയിരകണക്കിന് മൈലുകൾക്കപ്പുറമുള്ള  രാജ്യത്തു താമസിക്കാൻ പോകുന്ന എന്നെ പെട്ടെന്നൊന്നു കാണണമെന്ന് തോന്നിയാൽ എങ്ങനെ സാധിക്കുമെന്ന് മമ്മി പലവട്ടം സങ്കടം പറയുകയും ചെറിയ രീതിയിൽ ബ്രയിൻവാഷ് ചെയ്യാൻ  ശ്രമിക്കുകയും ചെയ്തു. 

എങ്കിലും മകളുടെ നല്ല ഭാവിക്കു വേണ്ടി  തന്റെ  അമ്മമനസിന്റെ 'സ്വാർത്ഥത' മാറ്റി വച്ച് കല്യാണത്തിനുള്ള ഗ്രീൻ സിഗ്നൽ തന്നു. ചടങ്ങുകൾ കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ തന്നെ വീസ ശരിയായി. പോകാനുള്ള  സമയമടുക്കുന്തോറും, ഇത്രയും നാൾ കൂടെയുണ്ടായിരുന്ന മകളെ പിരിയുന്നതിലുള്ള വിഷമം ഒരു ചെറുപുഞ്ചിരിയുടെ മുഖപടത്താൽ മറയ്ക്കാൻ ഡാ‌ഡിയും മമ്മിയും ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പുതിയൊരു ജീവിതത്തിലേക്ക് പറന്നുപോകുന്ന എന്നെ  യാത്രയാക്കിയപ്പോൾ അന്നവർ അനുഭവിച്ച മനോവേദന പൂർണമായും ഉൾക്കൊള്ളാൻ എനിക്ക് കുറച്ചു വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു, പിന്നീട് ഞാനുമൊരു  അമ്മയാകുന്നത് വരെ. അപ്പോഴാണ്  മമ്മി പറയുമായിരുന്ന ആ കാര്യത്തിന്റെ പൊരുൾ അതിന്റെ എല്ലാ സത്യസന്ധതയോടും കൂടി മനസിലാക്കാൻ എനിക്ക് സാധിച്ചത്,  ''നദിക്കു താഴോട്ടൊഴുകാനെ പറ്റൂ, മുകളിലേക്ക് ഒഴുകാനാവില്ല".

ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം ഞങ്ങൾക്കൊരു കുഞ്ഞു ജനിക്കുമ്പോൾ അതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക വാത്സല്യത്തിന്റെ അറ എന്റെ ഹൃദയത്തിൽ തുറക്കപ്പെട്ടു. മറ്റെല്ലാ അമ്മമാരെയും പോലെ, എന്റെ ലോകവും കുഞ്ഞിനെച്ചുറ്റിപ്പറ്റിയായി മാറി. അന്ന്‌ സ്റ്റീവ് ജോബ്സണ്ണന്റെ തലയിൽ സ്മാർട്ഫോൺ എന്ന ആശയത്തിന്റെ ആപ്പിൾ വീണിട്ടില്ല. അതിനാൽ സാധാരണ ഫിലിം ഉള്ള ക്യാമറയിൽ കുഞ്ഞിന്റെ ഓരോ പുതിയ ചലനങ്ങളും സംസാരവും പകർത്തി മാസം അടയാളപ്പെടുത്തി സൂക്ഷിക്കാൻ ഞങ്ങൾ മത്സരിച്ചു. ഒരു ചെറിയ ചുമ വന്നാൽ പോലും മനസിന്റെ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥ. ചുമയുടെ കാര്യം പറഞ്ഞപ്പോഴാണ്‌, നിർത്താതെയുള്ള ചുമ കാരണം ഒരു വയസുള്ള കുഞ്ഞിന് രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല, ആന്റിബയോട്ടിക് കുറിച്ചുതരണം എന്ന് ഡോക്ടറിനെ കണ്ട്‌ നിർബന്ധിച്ചപ്പോൾ "കുഞ്ഞിന് മരുന്നിന്റെ ആവശ്യമില്ല, കുഞ്ഞിന്റെ ചുമ കാരണം നിങ്ങൾക്ക്  ഉറങ്ങാൻ പറ്റുന്നില്ലെങ്കിൽ കുറച്ചു കഫ് സിറപ് മേടിച്ചു  കിടക്കാൻ നേരം 'നിങ്ങൾ' കഴിച്ചു നന്നായി ഉറങ്ങുക" എന്നുപദേശിച്ച ഡോക്ടറിനോട് അന്ന് തോന്നിയ അമർഷം  എന്റെ ഉള്ളിലെ അമ്മയുടെ അമിതമായ ആകുലതയുടെ ഒരു ചെറിയ ഉദാഹരണം മാത്രം.

കുറച്ചു വർഷങ്ങൾക്ക് ശേഷം ഒരു കുഞ്ഞും കൂടി ജനിച്ചപ്പോൾ ആദ്യത്തെ കുഞ്ഞിന് കൊടുത്തതിന്റെ പകുതി പരിഗണന ഇല്ലായിരുന്നു. ചുമ വന്നാലും പനി വന്നാലും 'ഇതൊക്കെ ഞാൻ കുറെ കണ്ടിട്ടുണ്ട്.. ങും..ങും...'  എന്ന ഭാവത്തിൽ കുറച്ചുകൂടി പക്വതയുള്ള ഒരമ്മയായി ഞാൻ വളർന്നിരുന്നു. അങ്ങനെ കൈ വളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്ന് നോക്കി നോക്കി വർഷങ്ങൾ കടന്നു പോയതറിഞ്ഞില്ല, ഇപ്പോൾ എന്നെക്കാളും പൊക്കവും 'വിവരവും'  ഉള്ള  ഒരു കൊച്ചു വലിയ കാർന്നോരായി കടിഞ്ഞൂൽ സന്തതി വളർന്നു. പുത്രൻ സ്വയം അവകാശപ്പെടുന്ന വിവരക്കൂടുതലിന്റെ  കാര്യത്തിലുള്ള  തർക്കം ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി പോലെ തീർപ്പാകാതെ ഇന്നും നിലനിൽക്കുന്നു. ഒന്നാലോചിച്ചാൽ അതിൽ അതിശയിക്കാനില്ല,  'മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ?’. എങ്കിലും എന്നിലെ  അമ്മയിൽ ഇന്നുമവൻ പതിനേഴു  വർഷം മുൻപേ എന്റെ കൈയിലേക്ക് വച്ചുതന്ന ആ കൊച്ചു കുഞ്ഞു തന്നെയാണ്. അധികം താമസിയാതെ തന്നെ, പറക്കമുറ്റാറാകുമ്പോൾ ചിറകുകൾ വിടർത്തി പുതിയ വിഹായസ്സുകൾ തേടി  അവനും പോകേണ്ടി വരുമെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ മനസ് സമ്മതിക്കുന്നില്ലെങ്കിലും.

കാലചക്രത്തിന്റെ താളത്തിനനുസരിച്ചു ഇതുപോലെയുള്ള പറന്നു പോകലുകൾ അഥവാ  പറിച്ചു നടലുകൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പലപ്പോഴും അനിവാര്യമാണ്, അതു മനസിനെ  അടിമുടി പിടിച്ചു ഉലക്കുമെങ്കിലും. വർഷങ്ങൾക്കു മുമ്പ് എന്റെ മാതാപിതാക്കൾ കടന്നു പോയ അതേ മാനസിക സംഘർഷങ്ങളിലൂടെ  ഒരിക്കൽ ഞാനും കടന്നു പോകണം, കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കു വേണ്ടി.അതിനു വേണ്ടി എന്നെ പാകപ്പെടുത്താനുള്ള ഒരു കൊച്ചു ട്രെയ്നർ അല്ലെങ്കിൽ ഓർമപ്പെടുത്തൽ ആയിരുന്നിരിക്കണം ആ കിളികുഞ്ഞുങ്ങളുടെ ഓർക്കാപ്പുറത്തുള്ള പറന്നു പോകൽ. എപ്പോഴും പ്രാക്ടിക്കൽ ആയി മാത്രം ചിന്തിക്കുന്ന എന്റെ നല്ലപാതി പറയുന്നതു പോലെ "അവരെ ഒരുപാട് ഉയരങ്ങളിലേക്കു പറന്നു പോകാൻ പഠിപ്പിക്കുക, അതു കണ്ട്‌ താഴെ നിന്നു സന്തോഷിക്കുക".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com