ADVERTISEMENT

എന്നിൽ നിന്നിറങ്ങി നടക്കാൻ

കൊതിയ്ക്കുന്ന

മനുഷ്യരെ കുറിച്ചിപ്പോൾ

വെളിപാടുണ്ടായിരിക്കുന്നു..

അല്ലെങ്കിലും

എങ്ങനെയാണ്

കടന്നു വരാൻ തന്നെ

ഭയക്കേണ്ടുന്ന

ഭ്രാന്തനിടനാഴികളിൽ

ഒട്ടൊന്നും വെളിച്ചം കാണാതെ,

ഒച്ചയില്ലാതെ

അവരൊരേയിടത്തിരിക്കുക??

കൗതുകം കിറുങ്ങുന്ന

കണ്ണുകളുണ്ടെങ്കിലും

കവിതകളുടെ

ഈ കടും ചുവപ്പിലേക്ക്

എന്തു മാത്രമാണ്

കാഴ്ചയൊതുക്കി വയ്ക്കുക?

 

അങ്ങനെയൊന്നും

കണ്ടു പരിചയിച്ചിട്ടുണ്ടാ-

വില്ലെന്നുറപ്പുള്ള

വൈരുദ്ധ്യങ്ങളുടെ

അനേക ലോകങ്ങൾ

അത്ഭുതപ്പെടുത്തുന്നിടത്ത്

എത്രയെന്നു വച്ചാണ്

അനങ്ങാതെ നിൽക്കാൻ

കഴിയുക?

 

ഏതാണ്ടൊക്കെ

പണിപ്പെട്ടു തന്നെയായിരിക്കും

തിരിഞ്ഞു നിൽക്കാൻ

തുടങ്ങുമ്പോളൊക്കെ

തിരയടിച്ചു കരയുന്ന

എന്റെ ഉന്മാദങ്ങൾ

കൊണ്ട് നനയാതെ

നിസ്സംഗതയുടെ

കല്പടവുകളിൽ

കാലുറപ്പിച്ചു നോക്കുക..

 

അത്ര വിലപ്പെട്ടവരെയല്ലാതെ

അകത്തേക്കനുവദിക്കാത്തതിനാൽ

എത്ര ശ്രമിച്ചിട്ടായിരിക്കും

എനിക്കൊരാളെ

മറക്കുവാനൊക്കെ

സാധിക്കുക?

 

നമ്മളിൽ നിന്നിറങ്ങി

നടക്കാൻ കൊതിക്കുന്നവർക്ക്‌ മുന്നിൽ

വേദനയോടെ

വാതിൽ തുറന്നിടുമ്പോൾ

അത്ര കാലമറിഞ്ഞിട്ടില്ലാത്തൊരാനന്ദക്കാറ്റ്...

 

ആരെയും പിടിച്ചു വയ്ക്കാത്തവരുടെ 

ആത്മാവ് വായിച്ചു ശീലിച്ചൊരാമോദക്കാറ്റ്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com