sections
MORE

ഒരു 'കൊല'പാതകം

thoughts
SHARE

പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ സുമിത്ര പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു 'പപ്പേട്ടാ ആ ബോർഡ്‌ എടുക്കാൻ മറക്കേണ്ട' 

'എന്റെ സുമിത്രേ, ഞാൻ എത്ര വട്ടം പറഞ്ഞിരിക്കുന്നു ഒരു കാര്യത്തിന് വേണ്ടി ഇറങ്ങുമ്പോൾ ഇങ്ങനെ പിന്നിൽ നിന്ന് വിളിക്കരുതെന്ന്?!'

'പിന്നേ, നിങ്ങൾ മുഖ്യമന്ത്രി ആയി സത്യപ്രതിഞ്ജ ചെയ്യാൻ പോവൂകയല്ലേ! ഇന്നലെ രാത്രിയിൽ പറഞ്ഞപ്പോഴും നിങ്ങൾ തന്നെ പറഞ്ഞിരുന്നു ഇന്ന് ഓർമ്മിപ്പിക്കാൻ'.

'ശരി ശരി...' ഞാൻ നടന്നു... 

ഞാൻ ആലോചിക്കുകയായിരുന്നു, ലക്ഷ്മി മോൾ ഉണ്ടായതിൽ പിന്നെ എത്ര പെട്ടെന്നാണ് സുമിത്ര മാറിയത്?

ഒരു ഉറുമ്പിനെ പോലും അറിയാതെ ചവിട്ടിയാൽ വേദനിക്കാറുണ്ടായിരുന്ന ഞാൻ ഇന്ന് ഒരു കൊല ചെയ്യാൻ മാത്രം മാനസികമായി തയാറെടുത്തിരിക്കുന്നു. സുമിത്രയുടെ നിരന്തര പ്രേരണ എന്നെ ഒരു കൊലയാളിയാക്കും എന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഞങ്ങളുടെ പദ്ധതികൾ കൃത്യമായി നടന്നാൽ നാട്ടുക്കാരുടെ മുൻപിലും നിയമത്തിന്റെ കണ്ണിലും ഞാൻ തെറ്റുകാരൻ അല്ലായിരിക്കാം. പക്ഷേ, ഏഴ് വർഷം മാത്രം ഭൂമിയിൽ ജീവിച്ച ഒരു പ്രാണനെ ഇന്ന് യാത്ര അയക്കാൻ മനസ്സ് പാകപ്പെടുത്തി കഴിഞ്ഞു. 

കല്യാണം കഴിഞ്ഞു ഒരു കുഞ്ഞികാലു കാണാൻ താമസം ഉണ്ടായി എങ്കിലും അത് ഒരു പരിധിയിൽ കൂടുതൽ ബാധിച്ചിട്ടില്ലായിരുന്നു. ബന്ധുക്കളുടെയും  നാട്ടുക്കാരുടെയും ചോദ്യങ്ങൾ പലപ്പോഴും ഉണ്ടാക്കിയ ചില്ലറ അസ്വാരസ്യങ്ങൾ ഒഴിച്ച് ഞങ്ങൾ ജീവിതത്തിൽ സംതൃപ്തരായിരുന്നു. സുമിത്രയ്ക്ക് കുട്ടികൾ ഉണ്ടാകാൻ സാധ്യത വളരെ കുറവാണെന്ന് ഡോക്ടർ പറഞ്ഞപ്പോഴും ഞാൻ അവളെ ആശ്വസിപ്പിച്ചു, ദൈവത്തിന്റെ മുകളിൽ അല്ലല്ലോ ഡോക്ടർ.

രണ്ടു വയസ്സുള്ള കുഞ്ഞൂട്ടി വന്നപ്പോൾ വീട്ടിൽ എങ്ങും  സന്തോഷം അലയടിച്ചു.  സ്വന്തം കുട്ടിയെ പോലെ കുഞ്ഞൂട്ടിയെ സ്നേഹിച്ചു. അവൾക്കു കുഞ്ഞൂട്ടി എന്ന പേരു വെച്ചതുപോലും സുമിത്ര ആയിരുന്നു. ഞങ്ങളുടെ ദൈനദിന സന്തോഷത്തിൽ കുഞ്ഞൂട്ടി ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമായിരുന്നില്ല. 

കൂഞ്ഞൂട്ടി ജീവിതത്തിൽ വന്നതിൽ പിന്നെ സുമിത്രയും പൂർണ്ണ സന്തോഷവതിയായി. പലരും പറഞ്ഞു സ്വന്തം കുട്ടികളെ പോലും ആരും ഇങ്ങനെ ലാളിക്കാറില്ലെന്ന്. എന്നാലും രാവിലെ കുളിപ്പിക്കുന്നത് തൊട്ട് കുഞ്ഞൂട്ടിയുടെ എല്ലാ കാര്യങ്ങളും അവൾ തന്നെ ചെയ്തു. ഒരിക്കൽ അവൾ പറഞ്ഞു കുഞ്ഞൂട്ടിയ്ക്ക് പഴയ മലയാളം പാട്ടുകളോട് ഒരു പ്രത്യക കമ്പം ഉണ്ടത്രേ. വയലാറിന്റെ പാട്ടുകൾ പാടുമ്പോൾ കുഞ്ഞൂട്ടി പ്രത്യകം ശ്രദ്ധിക്കുന്നുണ്ട് എന്ന് പോലും. ഞാൻ അവളെ അപ്പോൾ പൊട്ടി പെണ്ണ് എന്ന് പറഞ്ഞു കളിയാക്കി. രാത്രിയിൽ എന്തങ്കിലും ശബ്ദം കേട്ടാൽ എത്ര ഉറക്കത്തിൽ ആണെങ്കിലും അപ്പോൾ തന്നെ കുഞ്ഞൂട്ടി  ഉണരും. വീട്ടിൽ വരുന്നവർക്കെല്ലാം അവളോട് ഭയങ്കര ഇഷ്ടമാണ്. കിഴക്കേതിലെ നാണി തള്ളയ്ക്ക് മാത്രം കുഞ്ഞൂട്ടിയെ ബോധിച്ചില്ല. എപ്പോഴോ ഒരിക്കൽ നാണിതള്ള വന്നപ്പോൾ കുഞ്ഞൂട്ടി ഉച്ചത്തിൽ കരഞ്ഞു ബഹളം ഉണ്ടാക്കിയത്രേ. 

സുമിത്ര സൂപ്പർ മാർക്കറ്റിൽ പോയാൽ എനിക്ക് ഏറ്റവും പ്രിയപെട്ട കാപ്പിപൊടി മറന്നാലും, കുഞ്ഞൂട്ടിയുടെ ഇഷ്ടപെട്ട ബിസ്കറ്റ് പാക്കറ്റ് മുടങ്ങാതെ കൊണ്ട് വരും. അങ്ങനെ കുഞ്ഞൂട്ടി വന്ന് രണ്ടു കൊല്ലം കൂടി കഴിഞ്ഞാണ് ലക്ഷ്മിമോൾ ഉണ്ടാകുന്നത്. സന്തോഷം വീട്ടിൽ തിരതല്ലുകയായിരുന്നു. ലക്ഷ്മിമോളുടെ ആദ്യ ജന്മദിനവും ഞങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചലും ഒന്നിച്ചായിരുന്നു.  

പോകപോകെ സുമിത്ര സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ കൂടുതൽ സ്വാർഥത കാണിച്ചു തുടങ്ങി. ഞങ്ങളുടെ സ്വകാര്യനിമിഷങ്ങൾ പോലും തീരെ കുറഞ്ഞു വന്നു. ഞങ്ങളുടെ ജീവിതത്തിലെ എല്ലാം കാര്യങ്ങളും ലക്ഷ്മിമോളെ കേന്ദ്രികരിച്ചു മാത്രം നടക്കാൻ തുടങ്ങി. അവൾക്ക് ചെറിയ ഒരു പനി വന്നാൽപോലും സുമിത്ര ഊണും ഉറക്കവും ഉപേക്ഷിച്ചു മോളുടെ കാര്യം മാത്രം നോക്കി പോന്നു. കാത്ത് കാത്ത് ഉണ്ടായ മോളായതുകൊണ്ടാവാം എന്ന് വിചാരിച്ചു ഞാനും ആശ്വസിച്ചു. ലക്ഷ്മിമോളുടെ കളിയും ചിരിയും എന്നെയും കൂടുതൽ സന്തോഷവാനാക്കി. ഞങ്ങളുടെ പുറത്തുള്ള കറക്കം എല്ലാം കുറഞ്ഞു. 

ഞാൻ കുഞ്ഞൂട്ടിയേയും കൊണ്ട് വൈകുന്നേരങ്ങളിൽ നടക്കാൻ പോകുന്നത് മുടങ്ങാൻ തുടങ്ങി. പക്ഷെ അവൾ ഒരു കുറുമ്പും കാണിച്ചില്ല. സാഹചര്യങ്ങൾ മാറുന്നത് ഞാൻ അറിഞ്ഞുതുടങ്ങിയിരുന്നു. 

കുറെയെല്ലാം കണ്ടില്ല എന്ന മട്ടിൽ ഞാനും ജീവിക്കാൻ പഠിക്കുകയായിരുന്നു. 

രണ്ടു മാസം മുൻപ് കുഞ്ഞൂട്ടിയുമായി കളിക്കുമ്പോൾ നഖം കൊണ്ട് മുറിഞ്ഞതിന് ലക്ഷ്മിമോൾ വല്ലാതെ കരഞ്ഞു. അവർക്ക് അറിയില്ലല്ലോ! പക്ഷേ അന്ന് രാത്രിയിൽ ആദ്യമായി സുമിത്ര എന്നോട് പറഞ്ഞു, കുഞ്ഞൂട്ടിയെ ഒഴിവാക്കുന്ന കാര്യം. ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്മിമോളുടെ കാര്യത്തിൽ അവൾ കൂടുതൽ കൂടുതൽ സ്വാർത്ഥ ആക്കുകയായിരുന്നു. 

ഒരാഴ്ച മുൻപ് ആണ് കുഞ്ഞൂട്ടിയ്ക് ദീനം വന്നത്. അതോടെ സുമിത്ര തീർത്തും പറഞ്ഞു, ഇനി അവളും ലക്ഷ്മിമോളും വീട്ടിൽ താമസിക്കണമെങ്കിൽ കുഞ്ഞൂട്ടിയെ ഒഴിവാക്കിയേ പറ്റൂ എന്ന്. 

ചിന്തിച്ചു ചിന്തിച്ചു കുമാരേട്ടന്റെ കടയും കഴിഞ്ഞു കലിംങ്കിനടുത്തു എത്തിയതറിഞ്ഞില്ല. പെട്ടെന്ന് തോമാച്ചൻ പിന്നിൽ നിന്നും വിളിച്ചു 'എങ്ങോട്ടാ, ഞായറാഴ്ച രാവിലെ?' എന്തു മറുപടി പറയണമെന്ന് ആലോചിക്കുന്നതിന് മുൻപ് ഖാദറിന്റെ ഒച്ച കേട്ടു. പപ്പൻ കുറച്ചു വിഷം മേടിക്കാൻ പോകുകയാണ്,  നിനക്കെന്താണ് തോമാച്ചാ, ആരെയും വിടില്ലാന്നു വെച്ചാൽ, പിന്നെ എന്ത് ചെയ്യും?

ഖാദർ വെറുതെ പറഞ്ഞതാണെങ്കിലും എന്റെ ഉള്ളൊന്ന് കാളി. 

സാധാരണ എല്ലാ സാധനങ്ങളും കുമാരേട്ടന്റെ കടയിൽ നിന്നാണ് മേടിക്കുക. എന്നാലും അവിടെ പോയി 'എലിവിഷം' ഉണ്ടോ എന്ന് ചോദിക്കുവാനും 'എന്തിനാണ് നിങ്ങൾക്ക് പുതിയ വീട്ടിൽ എലിവിഷം' എന്ന് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ ഉണ്ടാകില്ല എന്നറിയാവുന്നത് കൊണ്ടാണ് ദൂരെയുള്ള സൊസൈറ്റി വക കടയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചത്. ഞായറാഴ്ച ആയിട്ടും കട തുറക്കും എന്ന് ഇന്നലെ തന്നെ ഫോൺ വിളിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. 

തോമാച്ചനോടും ഖാദറിനോടും ഒന്നും മിണ്ടാതെ പോന്നത് മോശമായോ? അവർക്ക് എന്റെ മുഖഭാവത്തിലോ നടത്തത്തിലോ എന്തെങ്കിലും വശപിശകു തോന്നിയിട്ടുണ്ടാക്കുമോ?  മനസ്സ് മുൻപത്തെക്കാളേറെ പിടയ്ക്കാൻ തുടങ്ങി. പക്ഷേ ഇനി ഒന്നുക്കൂടി ആലോചിക്കുവാൻ സമയം ഇല്ല. ഞാനും സുമിത്രയുടെയും ലക്ഷ്മികുട്ടിയുടെയും സ്നേഹത്തിനു മുൻപിൽ സ്വാർത്ഥനായ ഒരു ഭർത്താവും അച്ഛനുമായി മാറികഴിഞ്ഞിരിക്കുന്നു. 

സൊസൈറ്റിയുടെ കടയിൽ പോയി സാധനം മേടിച്ചു. എത്ര വേണമെന്ന് അവർ ചോദിച്ചപ്പോൾ പെട്ടെന്ന് ഒരു ഉത്തരം കിട്ടാത്തതു കൊണ്ട് ഒരു പാക്കറ്റ് എന്ന് ഞാൻ മറുപടി പറഞ്ഞു. സാധാരണ എന്ത് സാധനം മേടിച്ചാലും എക്സ്പയറി ഡേറ്റ് നോക്കാറുള്ള ഞാൻ കിട്ടിയ പൊതിയുമായി വേഗത്തിൽ തിരിച്ചു നടക്കാൻ തുടങ്ങി. എലിവിഷത്തിനു എന്ത് കാലാവധി നോക്കാൻ? 

എന്റെ നടത്തത്തിന്റെ വേഗതയും വെപ്രാളവും ഞാൻ ശ്രമിച്ചിട്ടും മാറ്റാൻ സാധിക്കുന്നില്ല. ഒരു കൊലയാളിയിലേക്കുള്ള എന്റെ ദൂരം കുറഞ്ഞുവരുന്നത് ഒരു ഉൾകിടിപ്പോടെ മനസ്സിലാക്കി. എന്നെ തിരുത്താൻ ശ്രമിക്കുന്ന ഉള്ളിലെ നന്മ നിറഞ്ഞ പപ്പനോട് ഞാൻ പറഞ്ഞു, ഇല്ല ഇനി ഈ കാര്യത്തിൽ ഒരു തിരിച്ചുപോക്കില്ല!

ബേബിഫുഡ് നല്ല ഇഷ്ടമാണ്‌ കുഞ്ഞൂട്ടിയ്ക്ക്. ഒരിക്കൽ ലക്ഷ്മിമോൾ കഴിച്ചിട്ട് ബാക്കി വന്നതുകൊണ്ട് കൊടുത്തുനോക്കിയതാണ്, അന്നാണ്‌ മനസ്സിലായത് കുഞ്ഞൂട്ടിയ്ക്കും അത് പ്രിയങ്കരമായ ഒന്നാണെന്ന്. പിന്നീട് ബാക്കി വരുമ്പോഴെല്ലാം കുഞ്ഞൂട്ടിയ്ക്കും കിട്ടി. ഇന്ന് അവസാനമായി കൊടുക്കുന്ന ഭക്ഷണം ആ ബേബിഫുഡ് തന്നെയാക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ആദ്യമായി കുഞ്ഞൂടടിയ്ക്ക് മാത്രമായി ആ ബേബിഫുഡ്‌ സുമിത്ര തയ്യാറാക്കി കാണും. 

വീടെത്താറായപ്പോൾ പഞ്ചായത്തു പ്രസിഡണ്ട്‌ വഴിയിൽ തടഞ്ഞു നിർത്തി. എന്താണ് പപ്പാ ഒറ്റയ്ക്കു കൊണ്ടുപോയി തിന്നുന്നത്? കുറച്ചു ഞങ്ങൾക്കും തരിൻ. സംസാരിക്കാൻ പറ്റാതെ തൊണ്ട വരണ്ടിരുന്ന എനിക്ക് പറയണമെന്നുണ്ടായിരുന്നു, കുറച്ചെന്തിനാണ്?  ദാ ഇത് മൊത്തം നിങ്ങൾ തന്നെ തിന്നോളിൻ എന്ന്! എന്നാലും ഇന്ന് പുള്ളിക്കാരനു നിന്ന് കൊടുക്കുവാൻ നേരം ഇല്ലാത്തതിനാൽ വിരസമായ ഒരു ചിരി സമ്മാനിച്ച് ഞാൻ നടന്നു, പൂർവാധികം വേഗതയിൽ. 

വീട്ടിൽ എത്തുമ്പോഴേയ്ക്കും പറഞ്ഞതുപോലെ ലക്ഷ്മികുട്ടിയെയും ഉറക്കി ഉമ്മറത്തു തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു സുമിത്ര. ആ പഞ്ചായത്ത്‌ പ്രസിഡന്റിനോട് എന്തേലും പറഞ്ഞോ നിങ്ങൾ? വിശദമാക്കാൻ നില്കാതെ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി ഞാൻ പൊതി അവളെ ഏല്പിച്ചു. വലിയ ഭാവവ്യത്യാസമില്ലാതെ സുമിത്ര പൊതിയുമായി അകത്തേയ്ക്കു പോയി. ലക്ഷ്മിമോളുടെ തൊട്ടിലിനരികിലേയ്ക് പോകുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞു, ബാക്കിയുള്ളതു സ്റ്റോറിൽ മച്ചിനുമുകളിൽ വെച്ചോളൂ, താഴെ വേണ്ട. 

ലക്ഷ്മിമോൾ ഉറങ്ങുന്നത് കുറച്ചു നേരം നോക്കി നിന്ന ശേഷം ഞാൻ അടുക്കളയിലേയ്ക്ക് പോയി. സുമിത്ര ഒരു കൈയുറയും ധരിച്ചു,  പാക്കറ്റ് പൊട്ടിച്ചു ബേബിഫുഡിനോടൊപ്പം ആ വിഷവും കൂട്ടികുഴയ്ക്കുന്നത് ഒരു നിസംഗതയോടെ ഞാൻ നോക്കി നിന്നു. ലക്ഷ്മിമോൾ ഉറക്കമെഴുന്നേറ്റു കുഞ്ഞൂട്ടിയെ അന്വേഷിച്ചാൽ? 'അത് ഓർത്തു നിങ്ങൾ വലിയ ബേജാറാവേണ്ട, എന്റെ മോൾ രണ്ടു ദിവസം കഴിയുമ്പോൾ ഇതെല്ലാം മറക്കും.അവൾ കുഞ്ഞല്ലേ, പപ്പേട്ടാ!' സുമിത്രയുടെ നിശ്ചയദാർഢ്യത്തോടെയുള്ള മറുപടി വാ അടച്ചു. ഉള്ളിലെ നല്ല ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ പറഞ്ഞു, 'നീ തന്നെ കൊടുത്താൽ മതി'. പദ്ധതിയിൽ നിന്നുള്ള അവസാന നിമിഷത്തെ ആ മാറ്റം സുമിത്രയ്ക്കു ഇഷ്ടമായില്ലെങ്കിലും ഒരു വാദത്തിനു മുതിരാതെ ആ പാത്രവുമായി അവൾ അടുക്കളയിൽ നിന്ന് നടന്നുപോകുന്നത് നിർവികാരനായി ഞാൻ നോക്കി നിന്നു. 

ഒരു ജീവൻ ശരീരത്തിൽ നിന്നും പോകുന്നത് കാണാൻ ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ നേരെ കുളിമുറിയിൽ കയറി ഷവറിനു കീഴെ നിന്നു. ശരീരത്തിൽ വീഴുന്ന വെള്ളത്തിന് മനസ്സിനെ തണുപ്പിക്കാൻ ആവില്ലെങ്കിലും, കണ്ണടച്ച് ആ ജലധാരയിൽ നിന്ന് കൊണ്ട്  ആരോടൊക്കൊയോ മാപ്പു പറഞ്ഞു. കുളിയും കഴിഞ്ഞു ഒരു നീണ്ട ഉറക്കവും കഴിഞ്ഞു ഉണർന്നപ്പോൾ, കുളി കഴിഞ്ഞു ഈറനുടുത്തു  അരികിൽ ഇരിക്കുന്ന സുമിത്രയാണ് കണ്ടത്. അവൾ പറഞ്ഞു, 'നിങ്ങൾക്ക് അതിയായ വിഷമം ഉണ്ടെന്ന് അറിയാം,  എന്നാലും ആ മരണം ഒഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാൻ. നമ്മുക്ക് നമ്മുടെ മോളല്ലേ വലുത്, അവളുടെ സുരക്ഷയും ഭാവിയും അല്ലേ വലുത്? നിങ്ങൾ ആ ബോർഡ്‌ മാറ്റി വെച്ചിട്ടു വരൂ, ഞാൻ ചോറ് വിളമ്പി വെയ്ക്കാം'. 

ഞാൻ ഗേറ്റിൽ പോയി ആ ബോർഡ് എടുത്ത് സ്റ്റോറൂമിൽ വച്ചു. അതിൽ ചുവന്ന മഷിയിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങളിൽ ചോരയുടെ മണം ഉള്ളതു പോലെ. ബോർഡ് ആർക്കും കാണാൻ പറ്റാത്തതു പോലെ ഞാൻ തിരിച്ചു വച്ചു "പട്ടിയുണ്ട്, സൂക്ഷിക്കുക"

ഊണ് കഴിക്കുന്ന കൂട്ടത്തിൽ സുമിത്ര പറഞ്ഞു, പേ പിടിച്ചത് കൊണ്ട് പഞ്ചായത്തിലെ വണ്ടി വന്നപ്പോൾ അവർ കുഞ്ഞൂട്ടിയുടെ ബോഡി കൊണ്ട് പോകുവാൻ ആയിരം രൂപ മേടിച്ചു... ഞാൻ ഒന്ന് മൂളി. ഞാൻ ചിന്തിക്കുകയായിരുന്നു, ഈ കൊല ഒരു പാതകമായിരുന്നോ?അപ്പോൾ നാണിതള്ള ഇടയ്ക്കിടെ പറയാറുള്ള കാര്യം കാതിൽ വന്നലയ്ക്കുന്നതു പോലെ തോന്നി "സ്വർണ്ണം കായ്ക്കുന്ന മരം ആണെങ്കിലും പുരയ്ക്കു മീതേ ചാഞ്ഞാൽ വെട്ടിയേക്കണം". സ്നേഹത്തിന്റെ കാര്യത്തിലും ഇത് ശരിയല്ലേ? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA