ADVERTISEMENT

അമ്മയെപ്പോലെ

 

കണ്ടിരുന്ന അയൽക്കാരി..

 

സഹികെടുമ്പോഴൊക്കെ

 

ഉച്ചത്തിൽ 

 

അവർ ഭർത്താവിനോട് 

 

വിളിച്ച് പറയും..  

 

"നിങ്ങളെ കെട്ടിയത് മുതൽ തുടങ്ങിയതാണ്

 

എന്റെ കഷ്ടപ്പാട് " 

 

തുടർന്ന്

 

സ്റ്റീൽ പ്ലേറ്റുകൾ 

 

കരയും.. .

 

 

 

 

ചില  വൈകുന്നേരങ്ങളിൽ 

 

അയാൾ കൊണ്ടുവന്ന കെട്ടഴിച്ച്

 

ഉമ്മറത്തെ കസേരയിലിരുന്ന്

 

അയാളവൾക്കും

 

അവളയാൾക്കും 

 

പലഹാരം വച്ചു മാറി 

 

ചിരിക്കുന്നതും കാണാം.. 

 

പാറി വരുന്ന മക്കളെ 

 

പൊതിഞ്ഞ് പിടിച്ച്

 

കൊഞ്ചിച്ച് ..

 

കൊക്കുരുമ്മി .

 

കുണുങ്ങിച്ചിരിക്കുന്നതും.. 

 

 

 

 

തൊട്ടടുത്ത ദിവസം 

 

കിണറ്റുകരയിൽ 

 

ആരോടെന്നില്ലാതെ കലമ്പിയും

 

സ്വയം ശപിച്ചും 

 

ദേഷ്യമൊക്കെ കയറ് വലിച്ച്

 

വലിച്ച് തീർക്കുന്നുണ്ടാവും ..

 

 

 

 

തീറ്റക്ക്  രുചി കുറയുമ്പോഴൊക്കെ

 

അയാൾക്ക് ചാത്തൻ കൂടും 

 

"നിനക്കെന്താടി കൂത്തിച്ചീ

 

ഇവിടെ പണി 

 

വായ്ക്കു രുചിയായി വല്ലതും

 

ഒണ്ടാക്കായിരുന്നില്ലെ "

 

എന്നലറും കൈ പൊങ്ങും 

 

 

ആകാശം പൊട്ടുമാറ് നെലോളിച്ച്

 

അവൾ വീട് മുഴുവൻ ഓടും

 

വിധിയേ .. കോപ്പേ 

 

മതിയായില്ലെ ദൈവേ എന്ന്

 

അലറി വിളിക്കും .

 

 

അവരെന്തിനാണ്

 

സഹനത്തിന്റെ

 

കടലിൽ ദിനേനയെന്നോണം

 

മുങ്ങി മുങ്ങി

 

ശ്വാസം മുട്ടുന്നത് എന്ന് 

 

എപ്പഴും ആലോചിക്കും

 

അപ്പഴെല്ലാം കെട്ടിയവന്നോട് 

 

അവർ മാതൃകാ ഭാര്യയെപ്പോലെ.

 

 

 

 

വീടിന് പുറത്തിറങ്ങുമ്പൊഴൊക്കെ

 

അയാൾ മാന്യനാണ്..

 

നേരുള്ള മനുഷ്യനാണ് ..

 

വീടിന്റെ വേലിക്കൽ വരെ

 

സർവ്വസമ്മതനാണ്

 

 

 

 

ഒരിക്കൽ ഒരു ഭൂകമ്പം ഉണ്ടായി

 

ആ വീട്ടിൽ 

 

സകല നിയന്ത്രണവും 

 

വിട്ടെന്ന പോലെയാ സ്ത്രീ 

 

ഉറഞ്ഞു തുള്ളി ..

 

തെറിയുടെ സകല പുസ്തകവും

 

നിവർത്തി വായിച്ചെന്ന പോലെ

 

 

 

 

പട്ടികൾക്ക് നന്ദിയുണ്ടാവുമെടാ

 

നിന്റെ പേരിൽ 

 

ഞാനൊന്നിനെ വളർത്തും

 

എന്ന് പ്രഖ്യാപിച്ച് 

 

ഒന്നുമെടുക്കാനില്ലാത്ത

 

വീട്ടിൽ നിന്നവർ 

 

വെറും കൈവീശിയിറങ്ങി

 

 

 

 

മക്കൾ രണ്ടും

 

കെട്ടിയോനും

 

കണ്ണു മിഴിച്ച്

 

വഴി നീളെ തിരഞ്ഞിട്ടും

 

ഒറ്റ നിമിഷത്തിൽ

 

അവരപ്രത്യക്ഷയായി..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com