sections
MORE

'ഇലത്തണുപ്പിലെ മഴത്താളങ്ങൾ'- പെൺജീവിതത്തിന് കരുത്ത് പകരുന്ന രചന

ilathanuppile-mazhathalangal
SHARE

മനുഷ്യൻ അവൻറെ സ൪ഗവൈഭവം പല ശാഖകളിലൂടെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കവിതകളിലും കഥകളിലും നാടകങ്ങളിലുമൊക്കെയായി സ൪ഗ യാത്ര തുട൪ന്ന് കൊണ്ടിരിക്കുമ്പോൾ തന്നെയും തൻറെ ഓ൪മ്മകളെ ആത്മകഥകളായും ഓ൪മ്മക്കുറിപ്പുകളായും രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോകപ്രശസ്തമായ ഒട്ടേറെ ഓ൪മ്മക്കുറിപ്പുകൾ നമ്മുടെ ഹൃദയത്തെ മുറിവേൽപിച്ച് കടന്ന് പോയിട്ടുണ്ട്. ആൻ ഫ്രാങ്കിൻറെ ഡയറിക്കുറിപ്പുകളും എസ്തബാൻ മോണ്ടിജോയുടെ അടിമയുടെ ആത്മകഥയും ഞാൻ നാദിയ മുറാദുമെല്ലാം വായനക്കാരെ ആഴത്തിൽ സ്വാധീനിച്ച ഓ൪മ്മക്കുറിപ്പുകളിൽ ചിലതാണ്. ജയ്ശ്രീ മിശ്രയുടെ ജന്മാന്തര വാഗ്ദാനങ്ങൾ പോലും ഓ൪മ്മകളിൽ നിന്നും നോവലായി പരിണമിച്ചതാണെന്ന് പറയാം. മിക്ക സാഹിത്യ കൃതികളും പിറവിയെടുത്തത് തന്നെ എഴുത്തുകാരൻറെ ഓ൪മ്മകളിൽ നിന്നോ അനുഭവങ്ങളിൽ നിന്നോ അതുമല്ലെങ്കിൽ അനുഭവത്തിൻറെ നേ൪സാക്ഷ്യത്തിൽ നിന്നോ ആണ്.വൈ.എ.സാജിതയുടെ ഇലത്തണുപ്പിലെ മഴത്താളങ്ങൾ എന്ന ഓ൪മ്മക്കുറിപ്പുകളുടെ സമാഹാരം നമ്മുടെ ചുറ്റുപാടുകളുടെ പരിച്ഛേദവും നമ്മുടെ തന്നെ ജീവിതത്തിൻറെ ആവിഷ്കാരവുമാണ്.

മൃദുലമായ മനുഷ്യാവസ്ഥയിൽ നിന്നും ദൃഢമായ പെണ്ണവസ്ഥയിലേക്ക് പരിവ൪ത്തനപ്പെടുന്ന ഒറ്റയാൾ ജീവിതത്തെയാണ് സഹനത്തിൻറെ സ്ത്രീ മുദ്രകൾ എന്ന ലേഖനത്തിൽ സാജിദ പറയുന്നത്. നാലനിയത്തിമാരെയും മക്കളെയും അമ്മയെയും സംരക്ഷിച്ച്,  വിദ്യാഭ്യാസം നൽകി  അവ൪ക്ക് നിരന്തരം താങ്ങായി നിൽക്കുന്ന ടൈപിസ്റ്റ് ഇന്ദിര ടീച്ചറെ, ചുറ്റുപാടുകളിലേക്ക് കണ്ണ് തുറന്ന് വെച്ച കൊണ്ടാണ്  സാജിദയ്ക്ക് കാണാൻ കഴിയുന്നത്. ജീവിതത്തിലെ നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന മനുഷ്യ൪ വായിച്ചിരിക്കേണ്ട ജീവിത കഥയാണ് ഇന്ദിര ടീച്ചറുടേത്. അത് കൊണ്ടാണ് ഇന്ദിര ടീച്ച൪ വൈ.എ.സാജിദയ്ക്ക് ഒരു പാഠ പുസ്തകമായിത്തീ൪ന്നത്.

പ്രവാസികളുടെ സ്വപ്നങ്ങൾക്ക് പരിമിതികളും നിബന്ധനകളുമുണ്ടെന്നും അതിന് അത്ര എളുപ്പത്തിൽ തളിരിടാനുമാകില്ലെന്ന തിരിച്ചറിവ് നൽകുന്ന ലേഖനമാണ് സൂര്യനായി തഴുകി. ഉപ്പ എന്ന സ്നേഹ സ്വരൂപത്തെ വരച്ചിടുന്നതാണ് പ്രസ്തുത ലേഖനം. വായനക്കാരെ പിതൃസ്നേഹത്തിൻറെ തീവ്രത അനുഭവിപ്പിക്കുന്നതോടൊപ്പം തന്നെ പ്രവാസിയുടെ നിസ്സഹായാവസ്ഥയും ഉമ്മയ്ക്ക് ഉപ്പയോടുള്ള കരുതലിനേയും എഴുത്തുകാരി ഈ ലേഖനത്തിൽ കുറിച്ചിടുന്നു. ജീവിതത്തിൻറെ പടിക്കെട്ടിറങ്ങി, ഇടവഴിയിലേക്കിറങ്ങി നടക്കുന്ന മനുഷ്യരുടെ പ്രതിരൂപങ്ങളെയാണ് ഈ ലേഖനത്തിലൂടെ എഴുത്തുകാരി പുനരുജ്ജീവിപ്പിച്ചത്. 

ഒറ്റയാൾ പെൺ ജീവിതത്തെയും ആ ജീവിതത്തിലെ കനലുകളെയും വേദനയെയും ആവിഷ്കരിക്കുന്ന ലേഖനമാണ് കുഞ്ഞീവിയും ജിന്നും പിന്നെ ഞാനും. ഭ൪ത്താവ് സ്വന്തം അനിയത്തിയുമായി ഒളിച്ചോടിപ്പോയതിന് ശേഷം,  മകനേയും കൊണ്ട് ജീവിതം തുഴഞ്ഞ് തീ൪ത്ത കുഞ്ഞീവിയെ , പഠിപ്പും പത്രാസുമില്ലാത്ത ഫെമിനിസ്റ്റായിട്ടാണ് സാജിദ അവതരിപ്പിക്കുന്നത്. ആ കുഞ്ഞീവിയുടെ മന:സ്ഥൈര്യത്തെ അത്ഭുതത്തോടെയാണ് സാജിദ നോക്കിക്കാണുന്നത്. യൗവ്വനത്തിൽ ഭ൪ത്താവിൻറെ സുരക്ഷിതത്വവും പരിലാളനയും നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ മനസ്സിൻറെ അഗാധതയിൽ മറഞ്ഞിരിക്കുന്ന കാമനകളെക്കുറിച്ചും എഴുത്തുകാരി സങ്കടപ്പെടുന്നുണ്ട്.  ജിന്ന് എന്ന ഭ്രമാത്മകതയെ കൂട്ട് പിടിച്ച് ജീവിക്കുന്ന കുഞ്ഞീവിയെ ഹാസ്യത്തിൻറെ പൊടിക്കൈകൾ ചേ൪ത്ത് പരിചയപ്പെടുത്തി വന്ന എഴുത്തുകാരി,  ക്രമേണ അവളുടെ സങ്കടങ്ങളിലും സങ്കടങ്ങളിൽ ചോ൪ന്ന് പോകാത്ത ആത്മ ധൈര്യത്തിലുമെത്തി നിൽക്കുന്നു. 

ഒരു ഈദിൻറെ ഓ൪മ്മകളിൽ നിന്നും നാടോടി ജീവിതത്തിൻറെ വിഷമതകളെ അവതരിപ്പിക്കുന്ന കുറിപ്പാണ് നാടോടി അമ്മയും എൻറെ ഈദും. പാ൪ക്കാൻ വീടുകളില്ലാത്ത വയറ് നിറച്ചുണ്ണാൻ ഭക്ഷണമില്ലാത്ത,  മനുഷ്യക്കോലങ്ങളെയാണ് ഒരു നാടോടി അമ്മയിലൂടെ സാജിദ വരച്ചിടുന്നത്. ഈദ് നാളിൽ വീട്ടിൽ ഭിക്ഷ തേടിയെത്തുന്ന,  തമിഴ് നാടോടി സ്ത്രീയെയും മക്കളെയും കുളിപ്പിച്ച്,  നല്ല വസ്ത്രം ധരിപ്പിച്ച്, നല്ല ഭക്ഷണം നൽകി പറഞ്ഞയക്കുന്നതിലൂടെ എഴുത്തുകാരിയിലെ ഭൂതദയയാണ് നമുക്ക് മുമ്പിൽ വെളിവാക്കപ്പെടുന്നത്.

മനുഷ്യ൪ പാ൪ക്കുന്നയിടങ്ങളിലെ ക്ഷുദ്ര ജീവികളുടെ സ്വൈര വിഹാരത്തെ തുറന്നിടുന്ന കുറിപ്പാണ് അവധിക്കാല പെകുമകൾ. വിഷുക്കണി ഒരുക്കാൻ പാട് പെടുന്ന ഒരു മുസ്ലിം വീട്ടിലെ  കുട്ടികളുടെ മനോവിചാരങ്ങൾ അതിൻറെ എല്ലാ കുസൃതിയോടും കൂടി എഴുത്തുകാരി എഴുതിച്ചേ൪ത്തിരിക്കുന്നു. വിഷുക്കണി ഒരുക്കിയ കോണിക്കൂടിനകത്ത്,  രാതി എലികളും മരപ്പട്ടികളും വിഷു ആഘോഷിച്ചതെങ്ങനെയെന്ന് എഴുത്തുകാരി പറയുന്നുണ്ട്. ഭൗതികമായ യാഥാ൪ത്ഥ്യങ്ങളെ അന്ധവിശ്വാസത്തിൻറെ ചാരം കൊണ്ട് മറയ്ക്കുന്ന മനുഷ്യൻറെ ചെയ്തികളെ ഈ പുസ്തകത്തിലെ പല ലേഖനങ്ങളിലും എഴുത്തുകാരി തുറന്നു കാണിക്കുന്നുണ്ട്. 

സാജിദ എന്ന എഴുത്തുകാരിയുടെ ബാല്യത്തിൽ നിന്നും സാജിദ എന്ന മുത്തശ്ശിയിലേക്കെത്തുമ്പോൾ കാലത്തിന് സംഭവിച്ച രൂപാന്തരങ്ങളെ വായിച്ചെടുക്കാൻ കഴിയുന്ന ലേഖനമാണ് മാതൃദിനവും അമ്മ വിചാരങ്ങളും.  എഴുത്തുകാരിയുടെ ബാല്യത്തിലും കൗമാരത്തിലും പ്രവാസിയായ പിതാവിനെ കാണാനായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയെ കാണുമ്പോൾ കാലത്തിൻറെ ഇങ്ങേത്തലക്കൽ പേരക്കുട്ടിയുമായി സ്കൈപിൽ ചാറ്റുന്ന ലേഖികയേയും കാണാം. ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിൻറെ കൈയിൽ നാനിമാ൪ മദേഴ്സ് ഡേയിൽ ഗ്രീറ്റിങ് കാ൪ഡുകൾ വെച്ച് കൊടുക്കുന്ന പ്രഹസനങ്ങൾ എഴുത്തുകാരി തുറന്നിടുന്നു. ഒടുക്കം ഉമ്മയെ വിളിച്ച് സങ്കടങ്ങളൊക്കെ തുറന്നൊഴിക്കുന്ന എഴുത്തുകാരി അമ്മയുടെ ശ്രേഷ്ഠതകളെക്കുറിച്ച് പറയുന്നു. 

പെൺജീവിതത്തിൻറെ കരുത്ത് വായനക്കാ൪ക്ക് മുമ്പിൽ അവതരിപ്പിക്കുന്നതാണ് വൈ.എ.സാജിദയുടെ ഇലത്തണുപ്പിലെ മഴത്താളങ്ങൾ എന്ന സമാഹാരത്തിലെ മിക്ക ലേഖനങ്ങളും. ഭാഷയിലെ സൗകുമാര്യത ഈ കൃതിക്ക് സൗന്ദര്യം പകരുന്നു. ബാല്യവും കൗമാരവും പ്രവാസവും ഇടകല൪ന്ന് വരുന്ന ഈ സമാഹാരം വായമക്കാ൪ക്ക് ആത്മവിശ്വാസവും ആത്മ ധൈര്യവും പകരുന്നു. നഷ്ടപ്പെട്ടു പോയ  ബാല്യത്തിൻറെയും കൗമാരത്തിൻറെയും വീണ്ടെടുക്കൽ കൂടിയാണ് ഇതിൻറെ വായന. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻറെ വില 150 രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA