sections
MORE

നിന്നിൽ നിന്നടർന്നാലെനിക്കൊരു പുണ്യതീരമുണ്ടാവുമോ…

Doordarshan
SHARE

(ഒരു ദൂരദർശൻ ഓർമ്മ)

‘വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ…ദൂരദർശനിലെ പ്രിയമേറെയുള്ളൊരോർമ്മബാഷ്പം...’ 90 കളിലെ കൗമാരക്കാരുടെ ഇഷ്ടഗാനശേഖരത്തിൽ നിന്ന് ഒരിക്കലും അടർന്നുപോകാത്ത വിസ്മയം. വരികളും സംഗീതവും സ്വരമാധുരിയും വല്ലാത്തൊരു തന്മയീഭാവം പുലർത്തുന്ന കാഴ്ച...ആസ്വദിച്ചറിയേണ്ടതുതന്നെ .

വി.മധുസൂദനൻ സാറിന്റെ മഞ്ജുതൂലികയിൽ വിരിഞ്ഞ ഇന്ദ്രഭാവനയും എം .ജയചന്ദ്രൻ ചന്ദ്രസൂര്യകരങ്ങളാൽ മന്ത്രതംബുരു മീട്ടി, ഷണ്മുഖപ്രിയരാഗത്തിൽ മെനഞ്ഞെടുത്ത ശോകമധുരാർദ്രസംഗീതവും ബി .അരുന്ധതി എന്ന അതുല്യപ്രതിഭയുടെ സ്വരാഞ്ജലിയും ഗാനചിത്രീകരണത്തിന്റെ സൗന്ദര്യവും കൂടിച്ചേർന്നപ്പോൾ ആസ്വാദകമനസ്സുകളെ കുറച്ചുനേരത്തേക്കെങ്കിലും നിശ്ചലമാക്കിനിർത്തുന്നു.

അന്ന് ദൂരദർശനിൽ ലളിതഗാനശേഖരത്തിൽ ഇടയ്ക്കിടയ്ക്ക് ഈ ഗാനം വന്നുപോകുമായിരുന്നു. ഏതു തിരക്കിനിടയിലും ഓടിവന്ന് അതിനുമുന്നിൽ ചലനമറ്റ് നിന്നുപോയിട്ടുണ്ട്. സമസ്തജീവനും ആധാരമായ ഭൂമിയെ മാതൃബിംബമായി കണ്ട്, ഉജ്ജ്വലമായ കവിഭാവനയിൽ വിടരുന്ന വരികൾ. അമ്മയോടും മാതൃഭാഷയോടും ജന്മഭൂമിയോടും വിട്ടുപിരിയാനാവാത്ത ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന ഓരോ മാത്രയിലും ഗൃഹാതുരതയുണർത്തുന്ന കവിസങ്കൽപം ഏറെ ആദരവർഹിക്കുന്നു .

വിശ്വസാഗരത്തിലെ ചിപ്പിയിൽ വീണുപോയ സർഗ്ഗലാവണ്യബാഷ്പം ഏറെ വർഷങ്ങൾ ഉരുകിയുറഞ്ഞ് ഭൂമിയായിത്തീരുന്ന മനോഹരദൃശ്യം .ചന്ദ്രസൂര്യകരങ്ങളാൽ മന്ത്രതംബുരു മീട്ടുമ്പോൾ ജീവിതാനന്ദഗീതകം പാടുന്ന ഭൂമീദേവി എന്ന സർഗ്ഗവിസ്മയം. അമ്മമലയാളത്തിന്റെ സുഗന്ധമുള്ള വരികൾ, ഓണക്കാലത്തിന്റെ മധുരാർദ്രമായ ഓർമ്മകളിലേക്ക് കൂടി നമ്മെ അറിയാതെ കൊണ്ടുപോകുന്നു.

നിന്നിൽ നിന്നടർന്നാലെനിക്കൊരു പുണ്യതീരമുണ്ടാവുമോ...

മണ്ണിലല്ലാതെ മഞ്ഞുപൂവിന്റെ മന്ദഹാസമുണ്ടാകുമോ...

വ്യോമഗംഗയിലായിരം കോടി താരകങ്ങൾ വിളിക്കിലും

ശ്യാമമോഹിനീ പോവുകില്ല ഞാൻ നിൻ സ്വരാഞ്ജലിയാണു ഞാൻ…

അതെ, ഏതു സ്വർഗം വിളിച്ചാലും ഭൗമമാതൃഹൃദയത്തിൽ നിന്ന് അടരുവാനാവാത്ത ആത്മബന്ധത്തിന്റെ  ആഴം കവി വരച്ചിടുന്നു. പ്രിയപ്പെട്ട എന്തോ ഒന്നിനെ വിട്ടുപിരിയാനാവാത്ത വിങ്ങലോടെയല്ലാതെ ഒരാൾക്കും ഈ ഗാനത്തിൽ നിന്ന് മനസ്സെടുക്കാനാവില്ല.

************************

വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗലാവണ്യബാഷ്പമേ...

ദേവവർഷങ്ങൾ കാത്തു നിൽക്കവേ ദേവിയായ് നീ ഭൂമിയായ്...

വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗലാവണ്യബാഷ്പമേ...

മന്ത്രചൈതന്യ മഞ്ജുതൂലിക മന്ദമായുഴിഞ്ഞങ്ങനെ...

ഇന്ദ്രഭാവന അംഗരാഗത്തിൻ ചന്തമായ് ചൊരിഞ്ഞങ്ങനെ...

ചന്ദ്രസൂര്യകരങ്ങൾ നിന്നിലെ മന്ത്രതംബുരു മീട്ടവേ...

ദേവതേ നീയുണർന്നു പാടിയീ ജീവിതാനന്ദഗീതകം...

വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗലാവണ്യബാഷ്പമേ...

നിന്നിൽ നിന്നടർന്നാലെനിക്കൊരു പുണ്യതീരമുണ്ടാവുമോ...

മണ്ണിലല്ലാതെ മഞ്ഞു പൂവിന്റെ മന്ദഹാസമുണ്ടാകുമോ...

വ്യോമഗംഗയിലായിരം കോടി താരകങ്ങൾ വിളിക്കിലും

ശ്യാമമോഹിനീ പോവുകില്ല ഞാൻ നിൻ സ്വരാഞ്ജലിയാണു ഞാൻ…

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA