ADVERTISEMENT

സിനിമയോടും വായനയോടും ഭ്രാന്തമായ ആവേശം കൊണ്ട് നടക്കുന്ന കാലം, പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ആദ്യ കഥ ,മാധ്യമം പത്രത്തിന്‍റെ വാരാന്ത പതിപ്പിൽ അച്ചടിച്ച് വന്നത് .”അനന്തന്‍റെ തിരുശേഷിപ്പ് ” എന്ന ആ കഥക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്‌. കഥാ രചന മത്സരങ്ങളിൽ കിട്ടിയിരുന്ന സമ്മാനങ്ങൾ കൂടിയായപ്പോൾ, ഒരു എഴുത്തുകാരനായിട്ടായിരിക്കും ജീവിക്കുക എന്ന ഒരു വ്യാമോഹം അറിയാതെ ഉള്ളിൽ കയറിക്കൂടി.

സിനിമയോടുള്ള ഭ്രമം കാരണം ഒരു തിരക്കഥാകൃത്താകാനായിരുന്നു ആഗ്രഹം. തിരക്കഥാകൃത്താകാൻ ആഗ്രഹിക്കുന്ന എല്ലാവരെയും പോലെ എംടിയുടെയും പത്മരാജന്‍റെയും തിരക്കഥകൾ വായിച്ചു ,ധാരാളം സിനിമകൾ കണ്ടു . ഈ ഭ്രാന്തു എവിടെ വരെ എത്തി എന്ന് പറഞ്ഞാൽ ,കോഴിക്കോട് ക്രൗണിൽ അർണോൾഡ് ഷ്വാസ് നിഗറിന്റെ ”റൊ ഡീൽ ” എന്ന സിനിമ പ്രദര്ശിപ്പിക്കുന്നുണ്ട് ,പക്ഷെ അവസാനത്തെ ദിവസമാണ് ,അന്നത്തെ ദിവസം കൂടി കഴിഞ്ഞാൽ സിനിമ മാറും .അന്ന് തന്നെയാണ് പരീക്ഷയും .പരീക്ഷക്ക്‌ പോകണമോ സിനിമക്ക് പോകണമോ മനസ്സു ചോദിച്ചു കൊണ്ടിരുന്നു .തിരക്കഥാകൃത്താകാൻ പോകുന്നവന് എന്തിനു പരീക്ഷ ? ,നേരെ ക്രൗണിലേക്കു കയറി .മാത്രമല്ല പലപ്പോഴും “ക്രൗൺ “ തിയേറ്റർ എന്‍റെ ക്‌ളാസ്സു റൂമായിരുന്നു ,പാവം ഉമ്മ കാലത്ത് എഴുന്നേറ്റ് ഉണ്ടാക്കിയ ടിഫിൻ എത്ര പ്രാവശ്യം ”ക്രൗണിൽ വെച്ച് കഴിച്ചിരിക്കുന്നു .സിനിമാ തിയേറ്ററിൽ ഇരുന്നു മീൻപൊരിച്ചതും പൊതിച്ചോറുമൊക്കെ കഴിച്ചു കൊണ്ട് വർഷങ്ങൾ മുൻപ് തന്നെ നമ്മൾ ഡൈൻ ഇൻ തിയേറ്റർ സംസ്കാരത്തിന് തുടക്കമിട്ടിരുന്നു ..

പരീക്ഷ എഴുതാത്തതിന് പ്രിൻസിപ്പലിന്‍റെ കയ്യിൽ നിന്ന് നല്ല ചീത്ത കിട്ടി ,മാപ്പെഴുതി കൊടുത്ത്, രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരേണ്ടി വന്നു തിരിച്ചു ക്ലാസ്സിൽ കേറാൻ.

ഇങ്ങനെ സിനിമയെ മനസ്സിലേറ്റി കൊണ്ടിരിക്കുമ്പോഴാണ് ഒരു കഥാ ബീജം മനസിലെത്തുന്നത് .കഥ വന്നത് ഇങ്ങനെ
..ആയിടക്ക് നമ്മുടെ മുഖ്യമന്ത്രി കരുണാകരൻ ഒരു കാർ ആക്സിഡന്റിൽ പെട്ട് നട്ടെല്ല് തകർന്നു ആശുപത്രിയിലായിരുന്നു ,തിരുവന്തപുരം ശ്രീചിത്തിര ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ചികത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സാക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയി .അമേരിക്കയിലെ ചികിത്സ്‌യിൽ അസുഖം ഭേദപ്പെട്ട മുഖ്യമന്ത്രി ഇവിടെ വന്നു അമേരിക്കൻ ചികിത്സയെ പുകഴ്ത്താൻ തുടങ്ങി .പുകഴ്ത്തൽ കൂടിയപ്പോൾ കരുണാകരനെ മുൻപ് ചികിത്സിച്ചിരുന്ന ശ്രീ ചിത്തിരയിലെ ഡോക്റ്റര്മാര്ക്ക് ഇഷ്ട്ടപ്പെട്ടില്ല .

ഒരു ഡോക്ടർ പത്രപ്രവർത്തകനോട് പറഞ്ഞു ”ഈ അമേരിക്കയിലെ ട്രീറ്റ്മെന്ടിന്‍റെ രഹസ്യം എന്താണെന്ന് അറിയാമോ ? ഞാൻ ട്രീറ്റ്‌മെന്റ് ഹിസ്റ്ററി നോക്കിയിരുന്നു ..ഞങ്ങൾ സൈഡ് എഫ്ക്റ്റ് പേടിച്ചു കൊടുക്കാതിരുന്ന ഒരു ഇൻജക്ഷൻ ആണ് അവര് കൊടുത്തത് ...അവരെ സംബന്ധിച്ചിടത്തോളം കരുണാകരൻ ഒരു ഇന്ത്യക്കാരൻ മാത്രം ..ഞങ്ങൾക്കു അങ്ങനെയാണോ ..നാടിന്‍റെ മുഖ്യമന്ത്രിയല്ലേ ?“

മുഖ്യമന്ത്രിയെ തിരുത്തിയ ഈ ഡോക്ടർ എന്‍റെ മനസ്സിൽ ഒരു ഹീറോയായി മാറി ..അതിനിടെയാണ് ഒരു മെഡിക്കൽ ജേർണലിൽ “ടെലിമെഡിസിൻ” എന്ന ആശയത്തെ കുറിച്ച് അറിഞ്ഞത് , അമേരിക്കയിലിരുന്നു ഇന്ത്യയിലെ രോഗികളെ ചികിത്സിക്കാന്‍ വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത് ,സ്‌ക്രീനിലൂടെ രോഗിയെക്കണ്ട് ,മെഡിക്കൽ റിപ്പോർട്ട് നോക്കി വിദഗ്ധ ഡോക്ടർ മാർ  തങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനെ കുറിച്ച് ആർട്ടിക്കിളിൽ ഉണ്ടായിരുന്നു .

നായകനും തിരക്കഥയുടെ ആദ്യ സീനുകളും മനസ്സിൽ ഇങ്ങനെ രൂപം കൊണ്ടു ...അപകടത്തിൽപെട്ട സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ആശുപത്രിയിൽ കൊണ്ടുവരുന്നു -ഒരു അടിയന്തര സർജറിയിലൂടെ ജീവൻ രക്ഷിക്കുന്ന നായകനായ ഡോക്ടർ , മുഖ്യമന്ത്രിക്കു ഉടനെ ഒരു മേജർ സർജറി കൂടി വേണമെന്ന് പറയുന്നു ,അതിനു ഒരുങ്ങാൻ പറയുന്നു ,പക്ഷെ രാഷ്ട്രീയ സില്ബന്ധികൾ ഡോക്ടറുടെ വാക്കുകൾ തള്ളി മുഖ്യമന്ത്രിയെ ചാർട്ടേഡ് വിമാനത്തിൽ വിദഗ്ധ ചികിത്സക്കു അമേരിക്കയിലേക്ക് കൊണ്ട് പോകുന്നു .

അമേരിക്കയിലെ ഹൂസ്റ്റൺ ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് അറിയുന്നത് അവിടെ ഫെലോഷിപ്പുള്ള ആളാണ് നമ്മുടെ ഡോക്ടർ എന്ന് , അവർ സർജറിക്ക്‌ ഡോക്ടറുടെ സൂപ്പർ വിഷൻ ആവശ്യപ്പെടുന്നു -ഡോക്ടറുടെ കാലുപിടിക്കാൻ വരുന്ന ഉദ്യോഗസ്ഥ ന്മാര്‍ -താൻ ചികിത്സിക്കുന്ന രോഗികളെ വിട്ടു മാറി നില്ക്കാൻ തയാറാകാത്ത ഡോക്ടർ— ടെലി മെഡിസിൻ സാങ്കേതിക വിദ്യയിലൂടെ സ്‌ക്രീനിൽ കണ്ടുകൊണ്ടു ഇന്ത്യയിലിരുന്നു ,അമേരിക്കയിലെ സർജറി നിയന്ത്രിക്കുന്നു ...ഇതായിരുന്നു ഓപ്പണിങ് സീൻ.

പ്ലസ് ടു എന്ന് പറയുമ്പോൾ വൊക്കേഷൻ ഹയർസെകണ്ടറിയായിരുന്നു പഠിച്ചിരുന്നത് ,ബയോ മെഡിക്കൽ എൻജിനിയറിങ് ആയിരിന്നു വൊക്കേഷൻ സബ്ജക്റ്റ് ..അന്ന് വളരെ അപൂർവ്വ കോഴ്സായിരുന്നു അത് ,മെഡിക്കൽ ഉപകരണങ്ങളായ എക്സ് റേ ,സ്കാനിങ് മെഷീൻ എന്നിവയുടെ റിപ്പയറിങ്ങും മെയിന്റനൻസുമാണ് പഠിപ്പിക്കേണ്ടത് എന്നത് കൊണ്ട് ഒരു ഹയർസെക്കണ്ടറി സ്‌കൂളിന്‍റെ ലാബിൽ ഇവയൊക്കെ തയ്യാറാക്കുക എന്നത് ലക്ഷങ്ങൾ ചെലവ് വരുന്നതാണ് ,അതു കൊണ്ട് പ്രാക്ടിക്കലിന് ഞങ്ങളെ കോഴിക്കോട് മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലുകളിലും ആയിരുന്നു കൊണ്ട് പോയിരുന്നത് .

പ്രാക്ടിക്കലിനായുള്ള ഈ ആശുപത്രി സന്ദർശനങ്ങളിൽ ഞാൻ കണ്ടത് ഈ ഉപകരണങ്ങളുടെ ഉള്ളിലുള്ള ആനോഡ് ,
ഡയോഡ് ,സർക്യൂട്ട് തുടങ്ങിയവയായിരുന്നില്ല .. പകരം ആശുപത്രിയിലെ രോഗികളുടെ ജീവിതവും,നഴ്‌സുമാരുടെ ത്യാഗവും ,കുശുമ്പും ,പാരകളും ,-അലസതയും .ഡോകടർ മാരുടെ മത്സരം ഇവയൊക്കെയാണ്..ചുരുക്കത്തിൽ ,ജീവിതത്തിന്‍റെ എല്ലാ ഭാവങ്ങളെയും ശ്കതമായി പ്രതിഫലിപ്പിക്കുന്ന ഒരു കഥയായി ഹോസ്പിറ്റൽ മനസ്സിൽ കയറി.

സ്‌ക്രിപ്‌റ്റെഴുതി ,എന്‍റെ കയ്യക്ഷരം മഹാ മോശമായതിനാൽ പെങ്ങളെക്കൊണ്ടാണ് പകർത്തി എഴുതിച്ചത് .. തന്‍റെ പ്രൊഫഷനെ വല്ലാതെ സ്നേഹിക്കുന്ന പരുക്കനായ ഡോക്‌ടറാണ് നായക കഥാപാത്രമെന്നത് കൊണ്ട് നായകനായി മമ്മുക്കയെയായിരുന്നു മനസ്സില്‍ കണ്ടിരുന്നത്‌ . മമ്മുക്കയെ നേരിട്ട് കാണാൻ തീരുമാനിച്ചു ..പഠിക്കുന്ന സമയത്ത് സിനിമ കാണാൻ തന്നെ സമ്മതിക്കാത്ത വീട്ടിൽ തിരക്കഥ എഴുതി മമ്മുട്ടിയെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാൽ നല്ല തല്ലുകിട്ടും ചിലപ്പോൾ എന്‍റെ കഥ എഴുത്ത് ഇതോടു കൂടി അവസാനിക്കും ..

വേനലവധിക്ക് സ്‌കൂൾപൂട്ടിയപ്പോൾ വീട്ടിൽ അറിയിക്കാതെ ,മദ്രാസിലേക്ക് നാട് വിടാൻ തീരുമാനിച്ചു .വീട്ടിൽ നിന്നും കാശ് അടിച്ചുമാറ്റി മദ്രാസിലേകുള്ള ബഡ്‌ജറ്റ്‌ ഒപ്പിക്കുവാനായിരുന്നു പ്ലാൻ ..എനിക്ക് കുറച്ചേ കാശ് മാത്രമേ ഒപ്പിക്കാനായുള്ളൂ ,കൂടെ വരുന്ന സുഹൃത്തിന്‍റെ കയ്യിലുണ്ടാകുമല്ലോ എന്ന് ആശ്വസിച്ചു ,റെയിൽവേ സ്റ്റേഷനിൽ എത്തി. അവൻ നേരത്തെ എത്തിയിട്ടുണ്ട് .കണ്ടയുടനെ സങ്കടത്തോടെ , തീരെ കാശ് എടുക്കാൻ പറ്റിയില്ല എന്ന കാര്യം അവൻ പറഞ്ഞതു കേട്ടപ്പോൾ ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് പറഞ്ഞപോലെയായി .

രണ്ടു പേർക്കുമുള്ള ടിക്കെറ്റെടുത്താൽ പിന്നെ ഭക്ഷണം കഴിക്കുവാനുള്ള കാശു പോലും ബാക്കി കാണില്ല .മദ്രാസ്‌ മെയിൽ എത്താറായിരിക്കുന്നു ,യാത്ര ക്യാൻസൽ ചെയ്തു തിരിച്ചു പോവുകയാണെങ്കിലും പ്രശനമുണ്ട് , ഞാൻ ഒരു സുഹൃത്തിന്‍റെ കൂടെ മദ്രാസിലേക്ക് പോവുകയാണെന്നും ,അന്വേഷിക്കേണ്ട എന്നും കുറച്ചുദിവസം കഴിഞ്ഞ്‌വരാമെന്നും എഴുതി ഒരു കത്ത് വേറൊരു സുഹൃത്തിന്‍റെ കയ്യിൽ കൊടുത്തിട്ടുണ്ട് ,മദ്രാസ്‌ മെയിലിന്‍റെ സമയം കഴിഞ്ഞാൽ അവൻ അത് വീട്ടിൽ കൊണ്ട് പോയി കൊടുക്കും ,ഇപ്പോള്‍ പോയില്ലെങ്കില്‍ ഭാവിയിൽ പോകാനുള്ള അവസരം കൂടി ഇല്ലാതാകും .മൊബൈലോന്നും പ്രചാരത്തിലില്ലാത്തത് കൊണ്ട് അവനെ അറിയിക്കലും നടക്കില്ല ,ഏതായാലും ഇറങ്ങിയില്ലേ ഇനി പോകാമെന്ന് തന്നെ കരുതി

“നീ ടിക്കറ്റെടുത്തോ ഞാൻ ടി .ടി .യെ മാനേജ് ചെയ്‌തോളാം “ അവന്‍റെ ഉറപ്പിൽ രണ്ടു പേർക്കും കൂടി ഒരു ടിക്കറ്റെടുത്ത്‌ ട്രെയിനിൽ കയറി. ടിടിയെ മാനേജ് ചെയ്യാമെന്ന് പറഞ്ഞ സുഹൃത്ത് ട്രെയിനിൽ കയറി കുറച്ചു സമയത്തിനകം കൂർക്കം വലിച്ചു ഉറങ്ങാൻ തുടങ്ങി ,ഞാനാണെങ്കിലോ ഓരോ സ്റ്റേഷനെത്തുമ്പോഴും ടിടി കയറുമെന്ന് പേടിച്ചു ,രാത്രി മുഴുവൻ ഉറങ്ങാതെയുമിരുന്നു ,ഇവനെ പിടിച്ചാൽ ഞാൻഫൈൻ അടക്കേണ്ടിവരും, പിന്നെ ഭക്ഷണം കഴിക്കാൻ പൊലും കാശുണ്ടാവില്ല ..ഇതാണ് എന്‍റെ ടെൻഷൻ..ഞാൻ ഉറങ്ങാതെയും അവൻ ഉറങ്ങിയും മദ്രാസ്സിലെത്തി .

“നാന” സിനിമാ മാഗസിൻ നിന്ന് മമ്മുട്ടിയുടെ അഡ്രസ്സ് തരപ്പെടുത്തിയിരുന്നു , അൻസാരി എന്ന സുഹൃത്തിന്റെ ഉപ്പാക്ക് അഡയാറിൽ ഒരു ടീസ്റ്റാൾ ഉണ്ട് .അത് മമ്മുട്ടിയുടെ വീടിനു അധികം അകലെയല്ല ,നടന്നു പോകാവുന്നതേയുള്ളൂ , വെക്കേഷൻ ആയതു കൊണ്ട് അവൻ ഉപ്പയെ സഹായിക്കാൻ അവിടെയുള്ളത് ആശ്വാസമായി ,സുഹൃത്തിനോടൊപ്പം താമസിച്ചു .

വീട്ടിൽ രണ്ടു മൂന്നു തവണ പോയി നോക്കിയപ്പോഴും മമ്മുട്ടി ഉണ്ടായിരുന്നില്ല .മിക്കവാറും ഷൂട്ടിങ്ങിൽ ആയിരിക്കും ,പല പ്രാവശ്യം പോയതോടു കൂടി വീട്ടിൽ പലചരക്കു കൊണ്ടുവരുന്നവർ ,ഫർണീച്ചർ പണിയാൻ വേണ്ടി നാട്ടിൽ നിന്ന് കൊണ്ട് വന്ന ആശാരിമാർ ഇവരുമൊക്കെയായി പരിചയമായതോടു കൂടി മമ്മുട്ടി വന്നത് ഉടൻ അറിയാനായി .അടുത്ത ദിവസം രാവിലെ മമ്മുക്കയുടെ വീട്ടിലെത്തി.

അന്ന് മമ്മുട്ടിയുടെ വീട്ടിൽ സെക്യൂരിറ്റിയൊന്നും ഉണ്ടായിരുന്നില്ല , അഡയാർ ഭാഗങ്ങളിലെ ,രണ്ടു നിലയുള്ള ഒരു സാധാരണ വീട് ,ചെറിയ ഒരു സ്വീകരണമുറിയാണ് വാതിൽ തുറന്നാൽ കാണുക ,ചുമരിൽ ”അമരം ” സിനിമയിൽ മമ്മുട്ടി വള്ളം കടലിലേക്ക് തള്ളിയിറക്കുന്ന സീൻ മനോഹരമായ ഒരു പെയിന്റിങ്ങായി ഇടംപിടിച്ചിരുന്നു ..അസ്തമയ സൂര്യനും ,സൂര്യ രശ്മികളേറ്റു ചുവന്ന കടലും അതിലേക്ക് മുക്കുവനായി പരകായ പ്രവേശം നടത്തിയ മമ്മുട്ടി വള്ളം തള്ളിയിറക്കുന്നത് നിഴലും വെളിച്ചവും സമ്മോഹനമായി ഉപയോഗിച്ച ഭാരതൻ സപർശം ! അമരത്തിന്‍റെ ക്‌ളാസ്സിക് പോസ്റ്ററാണ് .

ന്യൂ ഡൽഹി ,സി .ബി .ഐ ഡയറിക്കുറിപ്പ് തുടങ്ങിയ ഹിറ്റ്‌ സിനിമകളുടെ മൊമെന്റോകൾ ,സംസ്ഥാന ,ദേശീയ അവാർഡുകൾ തുടങ്ങിയവ ഷോ കെയ്‌സിൽ പ്രദർശിപ്പിച്ചിരിക്കുന്നു .

ഞാൻ വീടിന്‍റെ മുറ്റത്ത് വെയ്റ്റ് ചെയ്യുകയാണ് , മുറ്റം കാര് ഷെഡ്ഡ് കൂടിയായി ഉപയോഗിക്കുന്നത് കാരണം ഷീറ്റിട്ടുണ്ട് .എന്നെ കൂടാതെ കോഴിക്കോട് നിന്ന് വന്ന ഒരു ഡോക്ടറും കുടുംബവും മമ്മുട്ടിയെ കാണാൻ കാത്ത് നിൽക്കുന്നുണ്ട്

കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കച്ചവടോടെ മമ്മുക്ക വന്നു , ഒരു ചുളിഞ്ഞ ഷർട്ടിട്ട് അലസമായാണ് വന്നത്. “ ഇന്നലെ ഷൂട്ട്‌ കാരണം ലേറ്റായാണ് ഉറങ്ങിയത് “ വര്ഷങ്ങളായി സ്‌ക്രീനിൽ കോരിത്തരിപ്പിക്കുന്ന ആ മനോഹര ശബ്ദത്തിൽ ക്ഷമാപണത്തോടെ പറഞ്ഞു. ഞാൻ ഡോക്‌ടറുടെയും കുടുംബത്തിന്‍റെയും പിറകെയാണ് നിൽക്കുന്നത് .ഞാൻ വന്നത് കഥ പറയാനല്ലേ ..എനിക്ക് മമ്മുട്ടിയെ ഒറ്റയ്ക്ക് കിട്ടണം .

ഡോകടർ സ്വയം പരിചയപ്പെടുത്തി .എല്ലാവരും മമ്മുക്കയുടെ ആരാധകരാണെന്ന് പറഞ്ഞു .“ഇപ്പോൾ നടുവേദന എങ്ങനെയുണ്ട് ? കുശലം പറയുന്ന കൂട്ടത്തിൽ ഡോക്ടർ ചോദിച്ചു .‘അത് മോഹന്‍ ലാലിനല്ലേ..എനിക്കല്ലല്ലോ’ നടുവേദനയ്ക്ക് ഫ്രീയായി ഉപദേശം കൊടുക്കാൻ തയ്യാറായി വന്ന ഡോക്ടർ ചമ്മൽ മറച്ചു വെക്കാൻ കുട്ടികളോടും ഭാര്യയോടും മമ്മുക്കയുടെ കൂടെ ഫോട്ടോയെടുക്കാൻ നില്ക്കാൻ പറഞ്ഞു .മമ്മുക്ക സന്തോഷത്തോടെ ഫോട്ടോയെടുക്കാൻ നിന്ന് കൊടുത്തു.

മമ്മൂട്ടിയെ നേരിട്ടു കണ്ട ആവേശത്തിൽ ഡോക്ടർ ഇത്തിരി പരിഭ്രമത്തിലാണ് .അയാൾ ധൃതിയിൽ ക്ലിക് ചെയ്യാൻ തുടങ്ങിയപ്പോൾ മമ്മൂട്ടി കയ്യുയർത്തി തടഞ്ഞു .“ലെൻസിന്‍റെ കവർ എടുത്ത് മാറ്റൂ “മമ്മൂട്ടി പറഞ്ഞു . തനിക്കു പറ്റിയ അമളി അപ്പോഴാണ് ഡോക്ടർക്കു മനസ്സിലായത് ,ഇത്ര നേരം ക്ലിക്കിയത് കവർ മാറ്റാതെയായിരുന്നുവെന്ന് ..മമ്മൂക്കയുടെ ക്യാമറ കമ്പം പ്രസിദ്ധമാണല്ലോ ?

ഡോക്ടറും കുടുംബവും മമ്മൂട്ടിയുടെ കൂടെ നിൽക്കുന്ന ഫോട്ടോ ഞാൻ എടുത്തുകൊടുത്തു , പ്രത്യുപകാരമായി ഞാൻ മമ്മൂട്ടിയുടെ കൂടെ നിൽക്കുന്ന ഫോട്ടോ അദ്ദേഹം എടുത്തു തന്നു , അയച്ചു തരാമെന്ന് പറഞ്ഞു നമ്പർ തന്നു.

ഡോക്ടറും കുടുംബവും യാത്ര പറഞ്ഞു പിരിഞ്ഞു മമ്മൂട്ടി അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ .ഞാൻ മമ്മൂക്കയുടെ അടുത്തേക്ക് നീങ്ങി .”സാർ ..ഞാൻ സാറിനെ കാണാൻ വേണ്ടി മാത്രം നാട്ടിൽ നിന്ന് വന്നതാണ് ...ഒരു കഥ എഴുതിയിട്ടുണ്ട് ..അത് പറയാനാണ് ”

മമ്മൂക്ക എന്നെ ആകെയൊന്നു നോക്കി ,ഈ സ്‌കൂളിൽ പഠിക്കുന്ന പയ്യനോ എന്നോട് കഥ പറയാൻ വന്നിരിക്കുന്നു എന്ന ഭാവമോ , അതോ ഇവനെ എങ്ങനെ ഒഴിവാക്കാം എന്നാണോ എന്തോ അറിയില്ല . “ഞാൻ ഇപ്പോൾ കഥയൊന്നും കേൾക്കുവാനുള്ള മൂഡിലല്ല ..ഇന്നലെ കുറെ ലേറ്റായിട്ടാണ് ഷൂട്ടിങ് തീർന്നത് “

“എങ്കിൽ സാർ സൗകര്യം പോലെ ഈ സ്ക്രിപ്റ്റ് വായിച്ചു നോക്കിയാൽ മതി “ഞാൻ സ്ക്രിപ്റ്റെടുത്ത് നീട്ടി .“അയ്യോ പറ്റില്ല .. ഇനി ഞാൻ ഇതിൽ നിന്നു വല്ലതും എടുത്തുവെന്ന് പറഞ്ഞു കേസ് വരും ...ഞാൻ തന്നെ എന്‍റെ കഥ എഴുതി കൊണ്ടിരിക്കുകയാ ”

അന്ന് മമ്മൂട്ടി “മലയാള മനോരമ ”ആഴ്ചപ്പതിപ്പിൽ ”വൈക്കം കായലിൽ ഓളം തല്ലുമ്പോൾ “ എന്ന പേരിൽ അദ്ദേഹത്തിന്‍റെ ആത്മ കഥ എഴുതിക്കൊണ്ടിരിക്കുകയാണ് .

“ ഞാൻ മനോരമയിൽ വായിക്കാറുണ്ട് സാർ “

“നീ എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത് ?

മമ്മൂക്ക എന്‍റെ ആത്മവിശ്വാസമെന്ന ബലൂണിനെ കുത്തിപ്പൊട്ടിക്കുന്ന ചോദ്യമാണ് എറിഞ്ഞിരിക്കുന്നത് .

“ പ്ലസ്‌ടു “ ഞാൻ മടിച്ചു കൊണ്ട് പറഞ്ഞു .

“ ആദ്യം നീ നന്നായി പഠിക്കാൻ നോക്ക് ...ഇപ്പോൾ തന്നെ സിനിമയെന്നും പറഞ്ഞു നടക്കേണ്ട ..ഇതൊക്കെ വലിയ ലോകമാണ് ”

മമ്മൂക്കയുടെ ഉപദേശം കേട്ട് തിരിച്ചുപോകാനല്ലല്ലോ ഇവിടം വരെ വന്നത് ,ഞാൻ വിടാൻ ഭാവമില്ലായിരുന്നു .

“ഇതുപോലൊരു പ്രമേയം സാർ ചെയ്തിട്ടില്ല

,ബ്രെയിൻ ഡെത്ത് സംഭവിച്ച സ്വന്തം പെങ്ങളുടെ ഹൃദയം മറ്റൊരാൾക്ക് ട്രാൻസ്‌പ്ലാന്റ് ചെയ്യേണ്ടി വരുന്ന ഒരു ഡോക്ടറുടെ സംഘർഷങ്ങളാണ് തീം “

വീടിന്‍റെ ചവിട്ടു പടിയിൽ നിന്ന് കൊണ്ട് സൂപ്പർ സ്റ്റാറിനോട് കഥപറയാൻ ഈ ഒറ്റവരി പ്രയോഗമേ നടക്കൂ ..വിശദമായി കഥ പറയാൻ നിന്നാൽ പുള്ളി പുള്ളിയുടെ പാട്ടിനു പോകും .

പ്രമേയത്തിലെ വൈവിധ്യമാകണം ബാക്കി കേൾക്കാൻ തയ്യാറാണെന്ന ഭാവം മമ്മൂക്കയുടെ മുഖത്ത് കണ്ടതും ഞാൻ തുടർന്നു .

കഥ വിശദമായി പറഞ്ഞു .എല്ലാം കേട്ട് കഴിഞ്ഞു മമ്മൂക്ക ചിരിച്ചു കൊണ്ട് ഒരൊറ്റ ചോദ്യമായിരുന്നു .“നീ ഇത് വല്ല ഇംഗ്ലീഷ് സിനിമയിൽ നിന്നും ചൂണ്ടിയതാണോ ...ഞാൻ വീണ്ടും കോടതി കയറേണ്ടി വരുമോ ”

മമ്മൂക്കയെ കുറ്റം പറയാൻ പറ്റില്ല , കഥയിലെ പല ട്വിസ്റ്റുകളും മുൻപ് സിനിമയിൽ വരാത്ത രീതിയിലായിരുന്നു , മാത്രമല്ല “ടെലിമെഡിസിൻ , ന്യൂറോണുകളെ ബാധിച്ചു കാഴ്ച ശക്തി , കേൾവി ശക്തി തുടങ്ങിയ എല്ലാം നശിപ്പിച്ചു മസ്തിഷ്ക മരണം സംഭവിപ്പിക്കുന്ന “ലൂ ഗെഹ്റിഗ്‌സ് “ എന്ന അസുഖം , ഹൃദയ മാറ്റ ശസ്ത്രക്രിയ എന്നിവയെകുറിച്ചൊക്കെ അന്നത്തെ ഒരു പ്ലസ്‌ടു വിദ്യാർത്ഥി എങ്ങനെ അറിയാൻ .. ഇന്നാണെകിൽ ഇന്റർനെറ്റും യൂ റ്റ്യുബ് തുടങ്ങിയവയൊക്കെയുണ്ട് .പോസ്റ്റുമോർട്ടം വരെ എങ്ങനെ ചെയ്യുന്നുവെന്ന് കുട്ടികൾക്ക് വരെ അറിയാം .

ഒരു തിരക്കഥ എഴുതി കാണികളെ വിശ്വസിപ്പിക്കാൻ വേണ്ടതിലും ശ്രമം വേണ്ടി വരും ആയിരക്കണക്കിന് തിരക്കഥകൾ വായിച്ച മമ്മൂക്കയെ വിശ്വസിപ്പിക്കാൻ എന്നറിയാവുന്ന ഞാൻ ഈ ചോദ്യത്തിന് ഉത്തരം കണ്ടിരുന്നു .എന്‍റെ കയ്യിലുള്ള ഫയൽ തുറന്നു , ഇവയെ കുറിച്ച് വന്ന ലേഖനങ്ങളും പത്ര കട്ടിങ്ങുകളും കാണിച്ചു.എല്ലാം നോക്കിയ ശേഷം ,സ്നേഹത്തോടെ തോളിൽ തട്ടി പറഞ്ഞു ..

”ഏതെങ്കിലും സംവിധായകരുടെ അടൂത്ത് സ്ക്രിപ്റ്റ് കാണിക്കൂ ..ഫാസിൽ ,സിബി മലയിൽ ഇവരൊക്കെ മദ്രാസ്സിലുണ്ട് ”

മമ്മൂക്ക നൽകിയ പ്രചോദനത്തിൽ , സിബിമലയിൽ സാറിനെ കാണാനായി ശ്രമം .. നുങ്കമ്പാക്കത്തുള്ള ഒരു അപ്പാർട്ട്മെന്റിലാണന്ന് സിബി സാറും കുടുംബവും താമസിച്ചിരുന്നത് .പല പ്രാവശ്യം പോയിട്ടും സിബിസാറിനെ കാണാനായില്ല ,എന്‍റെ പ്രായം പരിഗണിച്ചാകണം , അദ്ദേഹത്തിന്‍റെ ഭാര്യ ബാല ചേച്ചി കഥ കേൾക്കാൻ തയ്യാറായി, താല്പര്യം തോന്നിയ അവർ സ്ക്രിപ്റ്റ് വായിക്കാൻ തുടങ്ങി .ഇതിനിടെയാണ് സിബി സാറിന് ”കാണാക്കിനാവുകൾ” ക്ക് ദേശീയ അവാർഡ് കിട്ടുന്നത് . വീട്ടിലേക്ക് വിളിച്ചപ്പോൾ സിബി സാറിനെ തന്നെ നേരിൽ കിട്ടി ,ദേശീയ അവാർഡിന് അഭിനന്ദനങൾ അറിയിച്ചു ,സ്ക്രിപ്റ്റിന്‍റെ കാര്യം പറഞ്ഞു .അദ്ദേഹം അപ്പോയിമെന്റ് തന്നു

ആ ദിവസമെത്തി ,ഫ്‌ളാറ്റിലെത്തി ബെല്ലടിച്ചപ്പോൾ തുറന്നത് സിബി സാർ തന്നെയാണ് .സ്ക്രിപ്റ്റിന്‍റെ കാര്യം പറഞ്ഞപ്പോൾ , സൗമ്യമായി ചിരിച്ചു കൊണ്ട് അകത്തേക്ക് വരാൻ പറഞ്ഞു .അദ്ദേഹത്തിന്‍റെ സ്വീകരണമുറിയിലെ സോഫയിൽ ഞങ്ങൾ മുഖാമുഖമിരുന്നു .

സിബി സാറിന്‍റെ പെരുമാറ്റത്തിലെ ലാളിത്യം നൽകിയ ആശ്വാസം ചെറുതായിരുന്നില്ല ,അത് കൊണ്ട് ആത്മ വിശ്വാസത്തോടെ കഥ പറയാനായി .അദ്ദേഹം കഥ മുഴുവൻ കേട്ട അദ്ദേഹം പറഞ്ഞു

“ അസീ ..നിങ്ങളുടെ കഥ മനോഹരമായിട്ടുണ്ട് ..പക്ഷെ എന്‍റെ പ്രേക്ഷകരൊക്കെ ഫാമിലികൾ ആണ് ..എനിക്ക് ആശുപത്രി എന്ന് കേൾക്കുന്നതെ ഇഷ്ടമല്ല ..ഇതുതന്നെയാകും മിക്ക കുടുംബങ്ങളുടെയും അവസ്ഥ .”

കാറ്റ് പോയ ബലൂൺ പോലെയാകേണ്ടതാണ് എന്‍റെ അവസ്ഥ പക്ഷെ എനിക്ക് സ്ക്രിപ്റ്റിൽ അത്രയും ആത്മ വിശ്വാസമുണ്ടായിരുന്നു .

“സര്‍..ജീവിതത്തിന്‍റെ എല്ലാ ഭാവങ്ങളും കുറെ കൂടി തീക്ഷ്ണമായി ഹോസ്പിറ്റലില്‍ ഉണ്ട് . ത്യാഗവും പ്രണയവും പകയും അസൂയയും സ്നേഹവും സന്തോഷവുമൊക്കെ ഹോസ്പിറ്റലിലും ശക്തമായി കാണാന്‍ പറ്റും . ഉദാഹരണത്തിന് ഇതിലെ ഒരു വില്ലനായ തൊഴിലാളി നേതാവ്, മെഷ്യനിടയില്‍പ്പെട്ടു മുറിഞ്ഞുപോയ അയാളുടെ വിരലുകള്‍ ഓപ്പറേഷൻ ചെയ്തു ഡോക്ടര്‍ ശരിയാക്കുന്നു. പക്ഷെ ഇന്‍ഷുറന്‍സ് കിട്ടാന്‍ വേണ്ടി ഭേദമായ ആ വിരലുകള്‍ക്ക് ചലന ശേഷിയില്ല എന്നു വ്യാജ സര്ട്ടിഫിക്കറ്റ് തരണമെന്ന അയാളുടെ ആവശ്യം നിരസിക്കുന്നതോടുകൂടി അയാള്‍ ഡോക്ടറുടെ ശത്രുവായി മാറുന്നു..ഡോക്ടറുമായി അസൂയയുള്ള മറ്റു ഡോക്ടര്‍മാര്‍ , ഹാര്‍ട്ട്‌ ട്രന്‍സ്പ്ലന്റിന്റെ എതിര്‍ക്കുന്നവര്‍ ... സാര്‍ സ്ക്രിപ്റ്റ് വായിച്ചാല്‍ ഇത് ഒരു ത്രില്ലര്‍ പോലെ മനോഹരമാണെന്ന് മനസ്സിലാകും”

എന്‍റെ വിശദീകരണം അദ്ദേഹത്തിന് ബോധ്യമായി ,”തനിയാവർത്തനത്തിന്‍റെ” ഏതാനും സീനുകള്‍ വായിച്ചാണു സിബി സാര്‍ ആ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നു ലോഹിതദാസ്‌ സാറിന്‍റെ ഇന്റര്‍വ്യു വായിച്ചിരുന്നു.  

“ശരി ..സ്ക്രിപ്റ്റ് തരൂ ഞാന്‍ നോക്കട്ടെ “

‘സ്ക്രിപ്റ്റ് ബാല ചേച്ചിയുടെ കയ്യിലുണ്ട്..”

സിബി സാര്‍ അകത്തേക്ക് പോയി .കുറച്ചു കഴിഞ്ഞു ബാല ചേച്ചി റൂമുകളിൽ നിന്നു റൂമുകളിലേക്ക് ധൃതിയില്‍ പോകുന്നത് കണ്ടു .

അൽപം കഴിഞ്ഞു സിബി സാര്‍ തിരിച്ചെത്തി.

“സോറി..ബാല സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ടായിരുന്നു ..ഇൻട്രസ്റ്റിങ് ആണെന്ന് പറഞ്ഞു ..ഞങ്ങള്‍ വീട് അടുത്തിടെ പെയിന്റ് ചെയ്തിരുന്നു അതിനിടയില്‍ സ്ക്രിപ്റ്റ് എവിടെയാ വച്ചതെന്നു ബാലക്ക് ഓര്‍മയില്ല ..നിങ്ങളുടെ കയ്യില്‍ അതിന്‍റെ കോപ്പിയുണ്ടാകുമല്ലോ ?”

സിനിമയ്ക്ക് കഥയെഴുതുന്നു എന്നറിഞ്ഞാല്‍ വീട്ടിലുണ്ടാകുന്ന ഭൂകമ്പമോര്ത്ത് സ്കൂളിലെ നീല നിറമുള്ള ഒരുറെക്കോര്ഡ് ബുക്കിലാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്, ഒന്ന് തന്നെ സൂക്ഷിക്കുവാനുള്ള ബുദ്ധിമുട്ട് കാരണം കോപ്പിയെടുത്തിട്ടുണ്ടായിരുന്നില്ല.

“ഇല്ല സാര്‍ ..എന്‍റെ കയ്യില്‍ കോപ്പിയില്ല”

സിബി സാര്‍ ആകെ വല്ലാതെയായി .

“സാരമില്ല ഇവിടെയുണ്ടാകും ..നമുക്കൊന്ന് നോക്കാം ..ഇയാളും കൂടെ വാ ”

അദ്ദേഹം സഹതാപത്തോടെ പറഞ്ഞു .

അദ്ദേഹം സ്ക്രിപ്റ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന ചെറിയ റൂമിലേക്ക്‌ കൊണ്ട് പോയി .അവിടെയൊരു അലമാരിയില്‍ നിറയെ സ്ക്രിപ്റ്റുകള്‍.. ഒരു സംവിധായകന് എത്ര സ്ക്രിപ്റ്റുകളാണ് വന്നിരിക്കുന്നത് എന്ന് കണ്ടു അത്ഭുതപ്പെട്ടു പോയി, ആനുകാലികങ്ങളില്‍ വന്ന തങ്ങളുടെ നോവലുകളുടെ എല്ലാ ലക്കങ്ങളും പ്രിന്റ് എടുത്തു എഴുത്തുകാര്‍ അയച്ചിരിക്കുന്ന കോപ്പികള്‍ ,സിനിമാ മോഹികളായ എഴുത്തുകാര്‍ അയച്ച നൂറുകണക്കിനു തിരക്കഥകള്‍ .ഇതിനിടെ .”തനിയാവര്‍ത്തന”ത്തിന്‍റെ സ്ക്രിപ്റ്റ് കയ്യില്‍ കിട്ടിയപ്പോള്‍ഒരു വേദ ഗ്രന്ഥം തൊടുന്ന അനുഭവമാണ് തോന്നിയത്.ഞാനും സിബി സാറും കൂടി സ്ക്രിപ്റ്റുകള്‍ എടുത്തു മാറ്റി വെച്ചു...അതില്‍ സിബി സാറിന്‍റെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥകളും ഉൾപ്പെടും. എഴുത്തുകാര്‍ അയച്ച സ്ക്രിപ്റ്റിന്‍റെ കെട്ടുകള്‍ താഴെയും വച്ചിരിക്കുന്നു. ഇത്രയും സ്ക്രിപ്റ്റ് വായിക്കണമെങ്കില്‍ മാസങ്ങള്‍ ഒരു ജോലിയും ചെയ്യാതെ വായനക്ക് വേണ്ടി മാത്രം മാറ്റി വെക്കേണ്ടി വരും ..അത്രയുമുണ്ട് .

അലമാരിയും മുറിയും മുഴുവന്‍ തിരഞ്ഞു നോക്കിയിട്ടും എന്‍റെ തിരക്കഥമാത്രം കിട്ടിയില്ല.

‘അസി ഒന്ന് കൂടി എഴുതിക്കൊണ്ടു വരൂ ..നമുക്ക് നോക്കാം”

അവസാനം സിബി സാര്‍ പറഞ്ഞു.എഴുതാന്‍ വളരെ വളരെ മടിയുള്ള എനിക്ക് എഴുത്ത് ഒരു പാലാഴി മഥനത്തെക്കാള്‍ ക്ലേശമാണെന്നറിയാമെങ്കിലും “ ഒക്കെ ..താങ്ക്സ്“ എന്നു പറഞ്ഞു പുറത്തിറങ്ങി.  

വെക്കേഷന്‍ കഴിയും മുന്‍പേ അമ്മാവന്മാരായ സിബിഐക്കാര്‍ വന്നു എന്നെ പൊക്കിയതോട് കൂടി സിനിമാ മോഹങ്ങള്‍ക്ക് പൂട്ടിട്ടു.

പക്ഷെ എത്ര പൂട്ടിട്ടാലും അത് നമ്മളുടെയുള്ളി ല്‍ കിടന്നു ചുര മാന്തും,

പിന്നീട് പഠനം ,ജോലി ,ജീവിതം ,ഉത്തരവാദിത്തങ്ങള്‍ ഇവയൊക്കെ മനസ്സില്‍ മുളച്ചു വരുന്ന കഥാ ബീജങ്ങളെ നിഷ്കരുണം നശിപ്പിച്ചെങ്കിലും ,ഇവിടെ ദുബായിലെ മരുക്കാറ്റില്‍ ഒരു കഥാബീജം സാഹചര്യങ്ങളെ അതിജീവിച്ചു .

സ്ക്രാപ്പ് കച്ചവടത്തിന് ഇറാക്കില്‍ പോയി സദ്ദാമിനെ താമസിപ്പിച്ച ജയിലില്‍ അകപ്പെട്ട മലയാളികളുടെ കഥ എട്ടു വര്ഷം നീണ്ട റിസേര്‍ച്ചും മനനവും കൊണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍,എഴുതാന്‍ തുടങ്ങിയത് ഒരു തിരക്കഥയായിട്ടായിരുന്നു പക്ഷെ ഒരു നോവലായി എഴുതുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ പിറന്ന “ക്യാമ്പ്‌ ക്രോപ്പറിന്‍റെ ഇടനാഴിക ള്‍ “ എന്ന നോവൽ വായിച്ച ദുബായിലെ ഒരു പ്രമുഖ സിനിമ നിർമാതാവിൽ നിന്ന് ഒരു ഫോൺ വിളി എന്നെ തേടിയെത്തി .അദ്ദേഹത്തിന്‍റെ ഓഫിസിൽ ചെന്നപ്പോൾ മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഇരിക്കുന്നു “.അസി ...ഞങ്ങൾക്ക് നിങ്ങളുടെ നോവൽ സിനിമയാക്കാൻ താൽപര്യമുണ്ട് ..സദ്ദാമിന്റെ വേഷത്തിൽ മമ്മൂക്കയെ കാസ്റ്റ് ചെയ്യാനാണ് വിചാരിക്കുന്നത് .

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ,എന്‍റെയുള്ളിലെ പഴയ പ്ലസ്‌ടുക്കാരൻ പയ്യനും എട്ടു വർഷം നീണ്ട റിസേർച്ചിന്‍റെ കണിശത ആവശ്യപ്പെടുന്ന എഴുത്തുകാരനും വടം വലി നടത്തുമ്പോൾ മനസ്സിൽ വന്നത് , ഒരാൾ തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകളായിരുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com