ADVERTISEMENT

കേരളാ പ്രവാസി അസോസിയേഷൻ (KPA)  "സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ" എന്ന ആശയവുമായി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനാനുമതിയുള്ള, പ്രവാസികളുടെ (ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികളായ പ്രവാസികളുടെ)  സംഘടനയാണ്.

ഇന്ത്യയ്ക്ക് പ്രവാസികളിലൂടെ ഒരു വർഷം ആകെ ലഭിക്കുന്നത് ആറു ലക്ഷം കോടി രൂപയാണെങ്കിൽ അതിന്റെ അഞ്ചിലൊന്നും കേരളത്തിലേക്കാണ് എത്തുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപ കേരളത്തിലേക്കെത്തിക്കുന്ന പ്രവാസികളിൽ  ബഹു ഭൂരിപക്ഷവും സാധാരണ ശമ്പളത്തിൽ  ജോലി ചെയ്യുന്നവരാണ്.   പ്രവാസികള്‍ കേരളത്തില്‍ എത്തിക്കുന്ന സമ്പത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളിലോ, കൂടുതൽ പ്രവാസികളെ സൃഷ്ടിച്ചു സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനും,  സമൂലമായ മാറ്റത്തിനും ഇതെങ്ങിനെ ഉപയോഗപ്പെടുത്താം എന്നുള്ള ചർച്ചകളോ കാര്യമായി നടക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. 

പ്രവാസി സമൂഹം അസംഘടിതരായി  നില നിൽക്കുന്നതുകൊണ്ടാണ് പ്രവാസികൾ അവഗണിക്കപ്പെടുന്നതും അവരുടെ പ്രശ്ന പരിഹാരങ്ങളിൽ  വേണ്ട വിധത്തിലുള്ള ഇടപെടലുകൾ നടക്കാത്തതും. ഈ തിരിച്ചറിവിന്റെ ഭാഗമായി കൂടെയാണ്  ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി   കേരളാ പ്രവാസി അസോസിയേഷൻ രൂപീകൃതമായത്.  1,30,000ത്തിൽ പരം  പ്രവാസികൾ ഫോളോ ചെയ്യുകയും ദിനം പ്രതി വളർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന  കേരളാ പ്രവാസി അസോസിയേഷന്റെ ഫേയ്സ് ബുക്ക് പേജും, അതോടൊപ്പം ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ 921 പഞ്ചായത്തുകളിൽ വാട്ട്സ് ആപ്പ് കൂട്ടായ്മകൾ  രൂപീകരിക്കുവാനും കേരളാ പ്രവാസി അസോസിയേഷന്  ഇതിനോടകം കഴിഞ്ഞു. 

കോവിഡിനോടൊപ്പം, സ്വദേശിവത്കരണത്തിന്റെയും, ഇന്ധനവിലയിടിവിന്റെയും ഭാഗമായി ജോലിയും വരുമാനവും നഷ്ടപ്പെട്ട് തിരികെയെത്തിയ  പ്രവാസികളുടെ  പുനരധിവാസം മുൻ നിർത്തിയാണു സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയവുമായി കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വരുന്നത്.  

പ്രവാസികളുടെ നിക്ഷേപങ്ങൾ സംഘടിപ്പിച്ചു പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹൈപ്പർമാർക്കറ്റുകൾ (ആ പഞ്ചായത്തിൽ നിന്നും പ്രവാസികളുടെ കൂട്ടായ്മകളിലൂടെ ഉൽപാദിപ്പിക്കുന്ന കീടനാശിനി ഉപയോഗം കുറച്ചുള്ള പച്ചക്കറികൾ, കോഴി, വെളിച്ചെണ്ണ തുടങ്ങി എല്ലാ സാധനങ്ങളും അവിടെത്തന്നെ വിറ്റഴിക്കാനും അധികം വരുന്നവ അടുത്ത പഞ്ചായത്തുകളിലേക്കും, ജില്ലകളിലേക്കും കൊടുത്തുകൊണ്ടും), ഫാമുകൾ, കൺസ്ട്രക്ഷൻ കമ്പനികൾ, ആശുപത്രികൾ, റെസിഡൻഷ്യൽ സ്കൂളുകൾ, ടൂറിസം സെന്ററുകൾ തുടങ്ങി ഒരു നാടിന്റെ  വികസനത്തിനും സ്വയം പര്യാപ്തതക്കും ആവശ്യമായ എല്ലാ അടിസ്ഥാന കാര്യങ്ങളും നടപ്പിൽ വരുത്തുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷന്റെ ലക്‌ഷ്യം. 

മേൽപറഞ്ഞ ആശയം നടപ്പിൽ വരുത്തുന്നതിനായി പ്രവാസികളുടെയും, തിരിച്ചെത്തുന്ന പ്രവാസികളുടെയും, പ്രവാസലോകത്തേക്കു പോകാൻ ആഗ്രഹിക്കുന്നവരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും കേരളാ പ്രവാസി അസോസിയേഷൻ പ്രാധാന്യം നൽകുന്നു. 

36 ലക്ഷത്തിൽകൂടുതൽ അഭ്യസ്തവിദ്യരായ യുവതിയുവാക്കളുള്ള കേരളം തൊഴിലില്ലായ്മയിൽ ഇന്ത്യയിൽ മൂന്നാമത്തെ സംസ്ഥാനമാണ് എന്നിരിക്കെ, അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ  യുവതീയുവാക്കൾക്ക് പ്രവാസലോകത്തു പുതിയ തൊഴിൽ ഇടങ്ങൾ കണ്ടെത്തുവാനും, വിദേശത്തു തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി സാദ്ധ്യതകൾ കണ്ടെത്തുവാനുമായി  ഒരു ജോബ് പോർട്ടൽ (www.pravasijobs.com) ഇതിനോടകം കേരളാ പ്രവാസി അസോസിയേഷൻ രൂപപ്പെടുത്തിയിരിക്കുന്നു. മനുഷ്യ വിഭവശേഷി വർധിപ്പിച്ചു കൂടുതൽ പ്രവാസികളെ സൃഷ്ടിക്കാനായി കേരളാ പ്രവാസി അസോസിയേഷൻ ഓരോ ജില്ലയിലും ജോബ് സെല്ലുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

സ്‌കിൽഡ് (ആശാരി, പ്ലംബർ, ഇലെക്ട്രിഷ്യൻ, മെയ്‌സൺ തുടങ്ങിയ ജോലിക്കാർ)   തൊഴിലാളികൾക്കു മണിക്കൂർ അല്ലെങ്കിൽ ദിവസ വേതനത്തിൽ ജോലി കണ്ടു പിടിക്കാനായി www.pravasilisting.com എന്ന ഒരു വെബ്സൈറ്റും അടുത്തുതന്നെ ഒരു മൊബൈൽ അപ്പ്ളിക്കേഷനും കേരളാ  പ്രവാസി അസോസിയേഷൻ രൂപപെടുത്തികൊണ്ടിരിക്കുന്നു.  

ഓരോ പഞ്ചായത്തിലും പ്രവാസികളുടെ സംരംഭങ്ങൾ, അതിലൂടെ ആ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന കേരളാ പ്രവാസി അസോസിയേഷന്റെ മഹത്തായ ലക്ഷ്യത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം സെപ്‌റ്റംബർ 10 നു  മലയാളത്തിന്റെ കഥാകാരൻ ശ്രീ എം.ടി. വാസുദേവൻ നായർ ഓൺലൈനിലൂടെ നിർവഹിക്കുന്നു.   അതോടൊപ്പം, കേരളാ പ്രവാസി അസോസിയേഷന്റെ മേൽനോട്ടത്തിലുള്ള  പ്രവാസികളുടെ ഒരു സംരംഭം - കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ പഞ്ചായത്തിൽ -  പ്രവാസികളുടെ കൂട്ടായ്മകളിൽ നിന്നും സംഭരിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഓൺലൈൻ ഹോം ഡെലിവറി സംവിധാനങ്ങളോടെയുള്ള  ഒരു ഹൈപ്പർമാർകെറ്റ് പ്രൊജക്റ്റ്  ഉദ്ഘാടനവും ഈ വേളയിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നമ്മുടെ പ്രിയങ്കരനായ എം.ടി. നിർവഹിക്കുന്നു.  

കേരളത്തിലെ ഓരോ പഞ്ചായത്തിലും ഇത്തരം ഓരോ പ്രവാസി സംരംഭങ്ങൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷന്റെ ഇനിയുള്ള ലക്‌ഷ്യം.  

പ്രസിഡന്റ് : രാജേന്ദ്രൻ വെള്ളപാലത്ത്. 

Mobile 00919496157339  ‌

വൈസ് പ്രസിഡന്റ് ,ട്രഷറർ : അശ്വനി നമ്പാറമ്പത്

സെക്രട്ടറി  :  രാജേഷ് എൻ എസ്  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com