ADVERTISEMENT

കഥകൾ സമൂഹത്തിന്റെ പരിച്ഛേദമാണ്.ചുറ്റുപാടുമുള്ള ജീവിതങ്ങളെയാണ് കഥാകൃത്തുക്കൾ കഥകളായി രൂപാന്തരപ്പെടുത്തുന്നത്. എഴുത്തുകാരന്റെ ഓർമ്മകളിൽ ഒരിക്കലും നിറം മങ്ങാതെ ജ്വലിച്ച് നിൽക്കുന്ന ജീവിതാനുഭവങ്ങളെ ,കഥകളാക്കി പരിണമിപ്പിച്ച്, താൻ അനുഭവിച്ച വൈകാരികാനുഭൂതിയിലൂടെ വായനക്കാരെയും ചേർത്തു നടത്തുന്ന ഒരു പ്രക്രിയയാണ് കഥയെഴുത്ത്.

കഥകൾ വായനക്കാരന്റെ ഹൃദയത്തെ വിമലീകരിക്കുകയും ആർദ്രമാക്കുകയും ചെയ്യുമ്പോൾ, കഥയും കഥാപരിസരങ്ങളും അവനിലേക്ക് പരകായ പ്രവേശം നടത്തുന്നു. വായനക്കാരിൽ നിന്നും അകന്ന് മാറാൻ കൂട്ടാക്കാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ , കഥാകൃത്തും കഥാപാത്രങ്ങളോടൊപ്പം അനശ്വരനാകുന്നു.

ദൈവത്തിന്റെ നൂറാമത്തെ പേര് എന്ന കഥാസമാഹാരത്തിലൂടെ, ദുബായിൽ ഗണിതാധ്യാപികയായ പ്രീതി രഞ്ജിത് വായനക്കാരോടൊപ്പം ചേർന്ന് നടക്കുന്ന കഥാ പാത്രങ്ങളേയും കഥാ പരിസരങ്ങളെയുമാണ് സൃഷ്ടിച്ചെടുത്തിട്ടുള്ളത്.

മലയാളി വായനക്കാർക്ക് അന്യമായ ഭൂപരിസരങ്ങളിലൂടെയാണ് അന്നാ ജുവാൻ മരിയ, കേസ് നമ്പർ 602\12 എന്ന കഥ സഞ്ചരിക്കുന്നത്. ഒരു അടയാളം പോലും ബാക്കി വയ്ക്കാതെ , എവിടേയ്ക്കോ പോയി മറഞ്ഞ ജുവാൻ എന്ന പെൺകുട്ടിയുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് പ്രസ്തുത കഥ.ജോർജിയയിലെ ടിബ്ലിസ് തെരുവിൽ നിന്നും മഞ്ഞ് മലകളിലേക്ക് വായനക്കാരന് അനായാസം കയറിച്ചെല്ലാൻ സാധിക്കുന്നു. മാസ്മരികമായ ഒരു നിഗൂഢതയാണ് ഈ കഥയുടെ ബാക്കി പത്രം. ശീർഷക കഥയായ ദൈവത്തിന്റെ നൂറാമത്തെ പേരിൽ , ആമിനയുടെ ജീവിത കഥയാണ് എഴുത്തുകാരി തുറന്നിടുന്നത്.തന്റെ ബാല്യകാലത്തിലെവിടെയോ വെച്ച് തനിക്ക് അന്യമായിപ്പോയ കൂട്ടുകാരിയുടെ ജീവിതകഥ, ഒരേ സമയം വായനക്കാരനെ ആർദ്രമാക്കുകയും ജീവിതത്തിൽ മുന്നേറാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.‌‌

തൊണ്ണൂറ്റിയൊമ്പതിൽ അവസാനിക്കാതെ, ദൈവത്തിന് നൂറാമതൊരു പേര് കൂടിയുണ്ടെന്ന് ആമിന പറയുമ്പോൾ, അവൾക്ക് ചുറ്റും രൂപം കൊള്ളുന്ന പ്രഭാവലയത്തിൽ വിടരുന്ന പുഞ്ചിരിയിൽ കഥ അവസാനിക്കുന്നു. കുഞ്ഞാപ്പൂന്റെ സ്വർഗം എന്ന കഥയിൽ ഒരു തെങ്ങ്കയറ്റക്കാരന്റെ സ്വപ്നങ്ങളെയും ആനന്ദത്തെയുമാണ് കഥാകൃത്ത് അനാവരണം ചെയ്യുന്നത്.തെങ്ങിൽ നിന്നും താഴോട്ട് നോക്കുമ്പോൾ മാത്രം കാണാൻ കഴിയുന്ന സ്വർഗത്തിലേക്ക് അവസാനമായി യാത്രയാകുന്ന കുഞ്ഞാപ്പുവിന്റെ മനസ്സ് വായിച്ചെടുക്കാൻ ശ്രമിക്കുകയാണ് കഥാകൃത്ത്.

കഥയറിയാതെ ആട്ടമാടുന്ന ആട്ടക്കാരിയെപ്പോലുള്ള പെൺജീവിതങ്ങളെയാണ് സാധുമീര എന്ന കഥയിലൂടെ പ്രീതി വെളിപ്പെടുത്തുന്നത്.ഒറ്റയാക്കപ്പെടുന്ന പെൺജീവിതങ്ങളുടെ ഉള്ളറകളിലേക്ക് കഥാകൃത്ത് വായനക്കാരെ നടത്തിക്കൊണ്ട് പോകുന്നു.രണ്ട് കുട്ടികളുടെ അമ്മയായിട്ടും കന്യകയായിത്തന്നെയിരിക്കുന്ന മീര വായനക്കാരെ അത്ഭുതപ്പെടുത്തുന്നു.പൊങ്ങച്ചജീവിതങ്ങളെ ഹാസ്യാത്മകമായി  ചിത്രീകരിച്ചിരിക്കുകയാണ് വർഗീസച്ചായന്റെ ചൊറി എന്ന കഥയിൽ.മക്കളോട് പോലും വിലപേശേണ്ടി വരുന്ന വർഗീസച്ചായന്റെയും സാറാമ്മയുടെയും ജീവിതത്തിലെ സംഭവ ബഹുലമായ നിമിഷങ്ങളിലൂടെയാണ് കഥാകൃത്ത് സഞ്ചരിക്കുന്നത്. 

മഴപോലെ പെയ്തിറങ്ങുന്ന ഓർമ്മകളുടെ ആലേഖനമാണ് അലിഖിതങ്ങളായ ലിഖിതങ്ങൾ.അറുത്ത് മാറ്റപ്പെടുന്ന സ്നേഹബന്ധങ്ങളിലൂടെ പരാജയപ്പെട്ടു പോകുന്ന ജീവിതങ്ങളുടെ ആവിഷ്കാരമാണ് ഈ കഥ. അനാഥത്വത്തിന്റെ ശൂന്യതയിലൂടെയാണ് അശ്രുചുംബനം എന്ന കഥ സഞ്ചരിക്കുന്നത്.മുളക് വെള്ളം കൊണ്ട് മുഖം കഴുകേണ്ടി വരുന്ന അധ്യാപകന്റെ ദൈന്യത, പക്ഷേ വായനക്കാരിൽ ചിരി പടർത്തുന്നു.

ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട ഇരുപത് കഥകളുടെ സമാഹാരമാണ് ദൈവത്തിന്റെ നൂറാമത്തെ പേര്.ദൈവത്തിന്റെ നൂറാമത്തെ പേര് കണ്ടെത്തിയവരേയും തേടിക്കൊണ്ടിരിക്കുന്നവരേയും അറിയാതെ പോയവരേയും നമുക്ക് ഈ കൃതിയിൽ കാണാൻ സാധിക്കും. വായനക്കാരിലേക്ക് നീളുന്ന ഒറ്റയടിപ്പാതയാണ് ഇതിലെ ഓരോ കഥകളും.കണ്ട് മറന്നവയോകാണാതെ പോയവയോ, കണ്ടില്ലെന്ന് നടിച്ചവയോ ആയ കഥാപാത്രങ്ങൾ അവരുടെ കഥകളുമായാണ് വായനക്കാരെ സ്വീകിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com