sections
MORE

വേട്ടോൻ രാവണും കുറെ എലിപുരാണവും

Veton-Ravon-mouse-story
SHARE

എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ നാടായ *കാട്ടൂരിൽ എലിയെ പിടിക്കാൻ വേട്ടോൻ* രാവൺ വരാറുണ്ടായിരുന്നു. കറുകറുത്ത് മെലിഞ്ഞുണങ്ങി, ഏണെ കോണേ വളഞ്ഞു എല്ലും തോലുമായി, ജടപിടിച്ച മുടിയും, ഉശാൻകൂശ താടിയും, ചെളിയുടെ നിറമുള്ള കീറത്തുണിയും ചുറ്റി, ഒരു ചീഞ്ഞ എലിയുടെ നാറ്റവും- ഇതൊക്കെയായിരുന്നു രാവൺ. മുളം കുറ്റികൾ ചരടിൽ കോർത്തിണക്കി ദേഹത്തൂടെ ഇട്ടു നടക്കുന്ന രാവണേ കണ്ടാൽ ഒരു ഭീകര ജീവിപോലെ തോന്നും.

മുളംകുറ്റികൾ തമ്മിൽ തട്ടി കടപിട ശബ്ദമുണ്ടാക്കി പടികയറി വരുമ്പഴേ അറിയാം വേട്ടോൻ വരുന്നുവെന്ന്. മുളംകുറ്റികളിൽ ഉണക്കമീനിൻ തലവെച്ചു കെണി ഒരുക്കി എലിയെ പിടിക്കുന്ന തന്ത്രം വേട്ടോന് മാത്രം അറിയാവുന്നൊരു വിദ്യയായിരുന്നു. ഇന്നത്തെപോലെ വിഷംവെച്ച് എലിയെ പിടിക്കുന്ന പരിപാടി അന്ന് അത്ര ഇല്ലായിരുന്നു. ഇതിനുവേണ്ടി എപ്പോഴും ഉണക്ക മീനിന്റെതല വല്യമ്മച്ചി എടുത്തുവെച്ചിരിക്കും. കുറച്ചുതലമാത്രം കെണിക്ക് വെച്ചിട്ടു ബാക്കിയുള്ളത് രാവൺ കൊണ്ടുപോകും.

ഇടയ്ക്കിടയ്ക്കു വീട്ടിൽ വന്നിരുന്ന രാവണോടു സംസാരിച്ചിരുന്നത് വല്യപ്പച്ചൻ മാത്രമായിരുന്നു. വീട്ടിൽ പണിക്കു നിന്നിരുന്നവരുൾപ്പെടെ മറ്റുള്ള എല്ലാവർക്കും രാവനോടുള്ള സമ്പർക്കം ഒരു കുറച്ചിലായിരുന്നു. രാവണേ തീറ്റിക്കുക, ബീഡി വലിക്കാൻ കൊടുക്കുക, മുറുക്കാൻ കൊടുക്കുക, അരി കൊടുക്കുക, ഉണക്ക മീനും മീൻതലയും കൊടുക്കുക ഇതെല്ലാം വല്യപ്പച്ചൻ മാത്രമേ ചെയ്തിരുന്നുള്ളു. വല്യപ്പച്ചന്റെ പിന്നിലായി മുണ്ടിൽ പിടിച്ചുകൊണ്ടു ഞാനും നിൽക്കും.

എലിശല്യം ഏതൊക്കെ കൃഷിയെ ബാധിച്ചിട്ടുണ്ടോ അവിടെയൊക്കെ കെണിവെച്ചിട്ടു രാവൺ പോക്കും. അടുത്ത ദിവസം വന്നു പിടിച്ച എലികളും, അന്നത്തേക്കുള്ള ഭക്ഷണവും പിന്നെ കൊടുക്കുന്ന കാശും മേടിച്ചു ഒരു വാക്കും മിണ്ടാത്തെ രാവൺ പോകും. എലിയേംകൊണ്ട് പോകുമ്പോൾ വീട്ടിൽ നിൽക്കുന്ന കുഞ്ഞൂട്ടി വിളിച്ചു പറയും ‘ഇന്ന് എലിറോസ്റ്റും പട്ടയും, സംഗതി കുശാൽ’. 

രാവൺ ഒന്നും മിണ്ടില്ല. അപ്പച്ചൻ കുഞ്ഞൂട്ടിയോടു മിണ്ടാതിരിയെട മരപെട്ടി എന്നു പറഞ്ഞു കോപിക്കും. എല്ലാ എലികളെയും കൊണ്ടുപോകുന്ന രാവൺ ഒരിക്കൽ വല്യപ്പച്ചനോട് പറഞ്ഞിട്ട് ഒരു എലിയെ പുറത്തു വിട്ടു. നീണ്ട മൂക്കുള്ള ഒരു കുഞ്ഞനെലി. ഗണപതിയുടെ എലിയാണ്, ഗണപതിയുടെ വാഹനമാണ്. മറ്റു എലികളെപോലെ വെറിളി പിടിക്കാതെ വളരെ ശാന്തമായി രാവണിന്റെ കൈയിൽ അത് ഇരുന്നു. മറ്റു എലികൾക്ക് മനുഷ്യന്റെ സ്വഭാവമാണ്; കിട്ടുന്നതിനോടും കിട്ടാത്തതിനോടും ആർത്തി, വേണ്ടതിനെകളിലും തിന്നും, തിന്നുന്നതിനേക്കാൾ നശിപ്പിക്കും, പിന്നെയും എന്തിനെന്നറിയാതെ പരക്കം പായും. ഗണപതിയുടെ എലി വ്യത്യസ്തമാണ്, അതിന്റെ കൈയിൽ എപ്പോഴും ഒരു മോദകം* ഉണ്ടാകും, ഗണപതി പറയാതെ അത് ഒരിക്കലും കഴിക്കുകയില്ല. നല്ല അടക്കമുള്ള മനുഷ്യന്റെ മനസ്സുപോലെ ശാന്തമായി ആ എലി ഇരുന്നു. 

രാവൺ അതിനെ പതിയെ തടവി തടവി വീടിന്റെ പിന്നിൽ കൊണ്ടുവിട്ടു. മറ്റൊരിക്കൽ മുളകെണിയിൽപെട്ട ചേരപാമ്പിനെയും രാവൺ തുറന്നു വിടുന്നത് കണ്ടു. അണലിയെ മാത്രമേ കൊല്ലാവൂ, മറ്റെല്ലാം പാവങ്ങളാ. മനുഷ്യനെപ്പോലെ അണലിയെയും വിശ്വസിക്കാൻ കൊള്ളൂലായെന്നു രാവൺ പറഞ്ഞില്ല. ആ പാമ്പിനെ വിടുമ്പോൾ, വളരെ ശബ്ദം താഴ്ത്തി ‘നീ എല്ലാ എലിയേം പിടിച് ഏനെ പഷ്ണിക്കിടരുതു കേട്ടോ’ എന്നു മാത്രം പറഞ്ഞു.

ഒരിക്കൽ മുളംകുറ്റികൾ വെച്ചിട്ടുപോയ രാവൺ പിന്നെ വന്നില്ല. കൂട്ടിൽ വീണ എലിയെ എല്ലാം കുഞ്ഞൂട്ടി തിളച്ച വെള്ളം ഒഴിച്ച് കൊന്നിട്ട്, കുറ്റികൾ എല്ലാം പെറുക്കി അടുക്കിവെച്ചു. കുറേകാലം മഴയും വെയിലുംകൊണ്ട് ആ കുറ്റികൾ അവിടെ കിടന്നു. ഒന്നാംക്ലാസ്സിൽ ആദ്യമായി പോയിട്ട് വരുമ്പോൾ ആ മുളംകുറ്റികൾ ഇരുന്നിടത്തു ചിതലിന്റെ പുറ്റു മാത്രമെ കണ്ടുള്ളു. നെല്ലു പുഴുങ്ങുന്ന ചെമ്പുപാത്രത്തിന്റെ കീഴിൽ മുളംകുറ്റികൾ കത്തുന്നതും, ആ ചിതയുടെ മുകളിൽ രാവൺ ചിരിച്ചുകൊണ്ട് കത്തിയമരുന്നതും ഞാൻ കണ്ടു. അന്നു മാത്രമാണ് രാവണേ ഞാൻ ചിരിച്ചുകണ്ടത്.

***********

*കാട്ടൂർ - പത്തനംതിട്ട ജില്ലയിൽ കടമ്മനിട്ടയോടു ചേർന്നുകിടക്കുന്ന പ്രദേശം. ആറൻമുളവള്ളംകളിക്ക് തിരുവോണതോണി പോകുന്നത് ഞങ്ങളുടെ

അമ്പലത്തിൽനിന്നുമാണ്.

*ഇന്ന് വേട്ടോൻ എന്തെന്നു അറിയാത്തവർക്കായി - താഴ്ന്നജാതിക്കാർ എന്ന് മുദ്രകുത്തി, ജീവിക്കുവാനായി എലിയെപോലും പിടിച്ചു തിന്നിരുന്ന കുറെ

മനുഷ്യർ.

* മോദകം - ലഡൂപോലെ ഒരു ഉരുണ്ട മധുരപലഹാരം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA