ADVERTISEMENT

വല്ലാത്ത ഒരെഴുത്ത്.  ഹൃദയമിടിപ്പിന്റെ വല്ലാത്ത വായന.  ബന്യാമിന്റെ 'നിശബ്ദസഞ്ചാരങ്ങൾ' നോവൽ വായന കഴിയുമ്പോൾ മനസ്സിൽ അറിയാതെ വന്നുപോകുന്ന ചിന്താശകലമാണിത്. താനറിയാതെ നിശബ്ദമായി പേജുകളിൽനിന്നും പേജുകളിലേക്ക് പ്രവാസത്തിന്റെ ചരിത്രവഴികളിലൂടെയും, യുദ്ധക്കെടുതികളിലൂടെയും മേഘപ്പരപ്പിലെന്ന കണക്കെ വായനക്കാരൻ ആകാംഷയോടെ ഒഴുകി നീങ്ങുന്ന പ്രതീതി. 

 

കേരളക്കരയിൽ നടന്ന നിശബ്ദ വിപ്ളവത്തിന്റെ എങ്ങും രേഖപെടുത്താതെ പോയ കഥയാണ് 'നിശബ്ദസഞ്ചാരങ്ങൾ'. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതിയിലേക്ക് ആതുരസേവന രംഗത്ത് മധ്യതിരുവതാം കൂറിൽനിന്നും പറിച്ചു നടപ്പെട്ട ജീവിതങ്ങളുടെ ഉള്ളുരുക്കത്തിന്റെ ഗാഥ. നെറ്റ്ഫ്ലിക്‌സും വാട്‍സ്ആപ്പും ഹരമായി കൊണ്ടുനടക്കുന്ന ഒരു എക്‌സ് ഗൾഫ് കുടുംബത്തിലെ ആൺതരിയായ മനു എന്ന യുവാവിലൂടെ ബന്യാമിൻ വരച്ചിടുന്ന മേഖലകൾ, ത്രസിപ്പിക്കുന്ന കണ്ടെത്തലുകൾ വിദേശ സഞ്ചാരം ഒക്കെയും വായനക്കാരനെ പിടിച്ചിരുത്തിക്കളയും. വ്യത്യസത്മായ പ്രമേയം എന്നതുപോലെ മരിച്ച് മണ്ണടിഞ്ഞുപോയവരുടെ ഓർമ്മകളിലൂടെ കടന്ന് കൊറോണയെന്ന മഹാമാരിവരെ എത്തിനിൽക്കുന്ന വലിയൊരു ക്യാൻവാസാണ് കഥാകാരൻ ഉപയോഗിച്ചിരിക്കുന്നത്.

 

ന്യുമോണിയ ബാധിതനായി വീണുപോയ മനു ഐ.സി.യു.വിൽ ആയി. തുടന്നുള്ള അവൻറെ ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിൽ നിന്നും കഥ തുടങ്ങുന്നു. അവിടെ ശുശ്രൂഷിക്കുവാൻ എത്തുന്ന നഴ്‌സ് ആയ മരിയ എന്ന പെൺകുട്ടിയുടെ മനുഷ്യത്വം നിറഞ്ഞ പരിപാലനം അതുവരെ നഴ്‌സ് എന്ന പ്രൊഫഷനോട് അവനുണ്ടായിരുന്ന എല്ലാവിധ ചിന്തകളെയും അടിമുടി മാറ്റിയെഴുതുന്നു.  ഗൾഫിൽ,  കുഞ്ഞുംനാളിൽ തന്നെ വേണ്ടവിധം ശ്രദ്ധിക്കാതെ ജോലിക്കായി എന്നും ആശുപത്രിയിലേക്ക് ഓടിപ്പോകുന്ന നഴ്‌സ് ആയിരുന്ന അമ്മ നൽകിയ ഓർമ്മകൾ ആ പ്രൊഫഷനോട് അവന് ഉണ്ടാക്കിയ വിരോധം ചെറുതല്ല.  മനുവിന്റെ പെങ്ങളായ ഷെറിൻ വിദേശത്ത് നഴ്‌സ്. കുടുംബത്തിലാകട്ടെ അടിതൊട്ട് മുടിയോളം സ്ത്രീകൾ നഴ്‌സുമാർ. ഏത് സമയവും ഐ.ഇ.എൽ.റ്റി.എസ് പാസായി വിദേശത്തത്തേക്ക് പോയി 'രക്ഷപെടുവാൻ' ഉപദേശിക്കുന്ന അമ്മയും പെങ്ങളും.  പപ്പയുടെ ആഗ്രഹപ്രകാരം എൻജിനീയറായി ആതുരസേവന രംഗത്തെ മൊത്തത്തിൽ വെറുത്ത് നിൽക്കുന്ന കാലത്താണ് മനു വീഴുന്നതും ആശുപത്രിയിൽ വാസമാകുന്നതും, മരിയ എന്ന നഴ്‌സ് ശുശ്രൂഷിക്കുന്നതും അവളുടെ ശുശ്രൂഷയിൽനിന്നും ലഭിക്കുന്ന വീണ്ടുവിചാരവും അവനെ ആകെ മാറ്റിമറിക്കുന്നു.  അങ്ങനെ ആശുപത്രി വിടുന്നതിന് മുമ്പുതന്നെ അറിയാതെ അവൻ ആതുരസേവനരംഗത്തെ സ്നേഹിച്ചു തുടങ്ങുന്നു.  പൊളിച്ചു പണിയുവാനുള്ള പദ്ധതിയുടെ ഭാഗമായി മാറാല പിടിച്ച് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന തങ്ങളുടെ കുടുംബവീട്ടിൽ പോയതും അവിടെ വീടിൻറെ പട്ടിണിയകറ്റാൻ ദേശം വിട്ട് യാത്രപോയ നഴ്‌സ് ആയിരുന്ന മറിയാമ്മ വല്യമ്മച്ചി അയച്ച കത്ത് കണ്ടതും അതിലെ വരികളും അവൻറെ ഓർമ്മയിലേക്ക് ഓടിയെത്തുന്നു. മധ്യതിരുവതാംകൂറിൽ നിന്നും (കേരളത്തിൽ നിന്നുതന്നെ) ആദ്യമായി പുരുഷന്മാർ പോലും പോകുവാൻ മടിച്ചിരുന്ന ദേശങ്ങളിലേക്ക് സഞ്ചാരം നടത്തിയ വല്യമ്മച്ചിയുടെ യാത്രയുടെ ചരിത്രം അന്വേഷിക്കുവാനുള്ള കൗതുകം അവനെ ഇരിക്കപ്പൊറുതിയില്ലാതാക്കി. 'ഏകാന്തതയുടെ പര്യായം' എന്ന ആദ്യ അധ്യായം അവസാനിക്കുമ്പോൾ മനുവിനെപ്പോലെ വായനക്കാരനയും സസ്പെൻസിൽ നിർത്തുകയും ചരിത്രത്തിന്റെയും മാനുഷികതയുടെയും പ്രവാസത്തിന്റെയും പടവുകൾ ഒന്നൊന്നായി നടത്തിക്കുവാൻ ബന്യാമിൻ നടത്തുന്ന ഉഗ്രൻ ശ്രമത്തിന്റെ തിരികൊളുത്തൽ ആവുകയും ചെയ്യുന്നു.  

 

പിന്നീട് വായന പുരോഗമിക്കുന്നത് മനുവിന്റെ അന്വേഷണങ്ങളിലൂടെയാണ്. മറിയാമ്മ അമ്മച്ചി അയച്ച കത്തുകൾ, അവരുടെ തന്നെ നാട്ടുകാരനായ ജോണച്ചയാനുമായുള്ള ബന്ധം, കുടുംബത്തിൽ ഓരോരുത്തരെയും അക്കരെ കടത്തുവാൻ തലമുറകൾ കൈത്താങ്ങായ കഥകൾ, രണ്ടാം ലോകമഹായുദ്ധക്കെടുതികൾ, വീടിന്റെയും നാടിന്റെയും പട്ടിണി അകറ്റുവാൻ ആ കെടുതികളിലേക്ക് കുടുംബത്തിലെ സ്ത്രീകൾ ആതുരസേവന രംഗത്തുകൂടി നടത്തിയ ലോകസഞ്ചാരങ്ങൾ, വിദേശങ്ങളിൽ നിന്നും ഒഴുകിയ ധനത്താൽ ചെറ്റക്കുടിലുകൾ മണിമാളികൾ ആയി മാറ്റപ്പെട്ട പരിണാമത്തിന്റെ ചരിത്രങ്ങൾ, ആ മണിമാളികകളിലിരുന്ന് പിന്നീട് വന്ന തലമുറകൾ കുടുംബ മഹിമയെപ്പറ്റി ഊറ്റം കൊള്ളുന്ന അനുഭവങ്ങൾ.... ചരിത്രത്തിൻറെ പൊള്ളുന്ന കഥകൾ ആതുരസേവനത്തിന്റെ തൂവെള്ള കടലാസിൽ പച്ചയായി രേഖപ്പെടുത്തുകയാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ.

 

 

സംഭവബഹുലമായ പോയകാലത്തിന്റെ വർണ്ണനകൾക്കിടയിലും പ്രണയത്തിന്റെ ചില വർണ്ണനൂലുകൾ കഥാകാരൻ വരച്ചിടുന്നുണ്ട്.  വ്യത്യസ്‍ത മതസ്ഥരായ മനുവും ജാനകിയും തമ്മിലുള്ളതാണ് അതിലൊന്ന്.  കേരള സമൂഹത്തിൽ വന്ന മാറ്റത്തിന്റെ വ്യക്തമായ സൂചന അവരുടെ പ്രണയത്തിലൂടെയും കുടുംബങ്ങളുടെ പെരുമാറ്റത്തിലൂടെയും ദൃശ്യവത്ക്കരിക്കുന്നു.  തലമുറകൾക്ക് മുമ്പ് മറിയാമ്മയും ജോണും തമ്മിൽ ഉള്ള ബന്ധവും അവരുടെ ഓർമ്മകൾ ഇഴപാകുന്ന ശാലോം വില്ലയിലെ ബോഗൺവില്ല ചെടിയും വായനക്കാരന് പ്രണയത്തിൻറെ ഊഷ്മളത പകർന്നു നൽകുന്നു. മറ്റൊരു കഥാപാത്രമായ ഗ്രേസിപിള്ള ആന്റിയുടെ ജീവിത കഥയും കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്.  മധ്യതിരുവതാംകൂറിലെ ക്രിസ്തീയ കുടുംബങ്ങളുടെ ചിത്രം നോവലിസ്റ്റ് വരച്ചിടുകയാണ് ഇവിടെയൊക്കെ.  നാടൻ പദപ്രയോഗങ്ങൾ, നെഞ്ചിൽ തട്ടുന്ന ചിന്താശകലങ്ങൾ, ആധുനിക കാലത്ത് കരഗതമാകാത്ത സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്തും ലോകത്തിന്റെ അറ്റം വരെയും തലമുറകൾ നടത്തിയ സഞ്ചാരങ്ങൾ വായനക്കാരനെ ഒട്ടേറെ ആകാംഷയോടെ മുന്നോട്ട് നയിക്കുന്നു.  രസച്ചരട് ഒരിക്കൽപ്പോലും മുറിയാതെ ലളിതമായി സാധാരണക്കാരൻറെ ഭാഷയിൽ കഥപറയാനുള്ള ബന്യാമിന്റെ രചനാകൗശലം നന്നേ വിളങ്ങുന്നുണ്ട് നോവലിൽ ഉടനീളം.  വായനക്കാരനെ ഒറ്റയിരുപ്പിന് പിടിച്ചിരുത്തി വായിപ്പിക്കുക എന്നിടത്താകുന്നുവല്ലോ എഴുത്തുകാരന്റെ വിജയവും.

 

 

 

 

നിശബ്ദമായി കഥാകാരൻ വായനക്കാരനുമായി നടത്തുന്ന ഒട്ടേറെ ആശയവിനിമയങ്ങളുണ്ട് നിശബ്ദസഞ്ചാരങ്ങളിൽ. നാം അറിയപ്പെടാത്ത ഒരുപാട് കഥകളും അവയ്ക്ക് പിന്നാമ്പുറങ്ങളുടെ ആകർഷണവും അതിലുണ്ട്.  ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട അമേരിക്കയെ പഴിക്കുന്നവരാണ് നാം. എന്നാൽ അത് ജപ്പാൻ അർഹിച്ചിരുന്നു എന്ന് ഇന്നും കരുതുന്നവരും ഈ ലോകത്തുണ്ട്.  ജപ്പാൻ പട്ടാളം തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിലെ മനുഷ്യസമൂഹത്തോട് കാട്ടിയ നെറികേടുകളും ക്രൂരതകളും ഒക്കെ വരച്ചിടുന്നുണ്ട് ബന്യാമിൻ. റാഷ് ബിഹാരി ബോസ്, സുബാഷ് ചന്ദ്രബോസ്, ക്യാപ്റ്റൻ ലക്ഷ്മി ഒക്കെ കഥാപാത്രണങ്ങളായി കടന്നുവരുന്നുണ്ട്.  ടാങ്കാനിക്ക (ഇന്ന് ടാൻസാനിയ) എന്ന ചെറുരാജ്യചരിത്രവും അതിലൂടെ മനു നടത്തുന്ന യാത്രകളും, ആശുപത്രികളും, ശവക്കല്ലറകളും യുദ്ധഭീതിയുടെ പ്രകമ്പനങ്ങളും ഒക്കെ  അന്വേഷണാത്മകമായി കഥയിൽ കടന്നുവരുന്നു.  അറിയപ്പെടാത്ത രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്നത് വായനയെ രസകരമാക്കിത്തീർക്കുകയാണ്.  ഇവിടെ ഒരു കുറ്റാന്വേഷകന്റെ ത്വരയോടും, അന്വേഷണാത്മകതയോടും മറിയാമ്മ അമ്മച്ചിയുടെ യാത്രയും ജീവിതവും അവസാനദിനങ്ങളും അവരുടെ കുഴിമാടം ഉണ്ടെങ്കിൽ അത് ലോകത്തിൻറെ ഏത് കോണിലാണ് എന്ന് തിരക്കിയിറങ്ങുന്ന യുവാവിന്റെ ചിന്തകൾ വായനക്കാരൻറെ കൂടി ചിന്തകളായി ഭവിക്കുന്നു.  കാമുകൻറെ അന്വേഷണത്തിന് പിന്തുണ നൽകുന്ന ജാനകിയാകട്ടെ അവളുടെ ഉന്നത പഠനത്തിനുള്ള തീസീസ് അവൻറെ തന്നെ താൽപര്യപ്രകാരം 'നഴ്‌സ്മാരുടെ യാത്ര' എന്ന വിഷയത്തിലേക്കും വഴിതിരിച്ചുവിടുന്നു. 

 

 

 

 

നാട്ടിലിരുന്ന് തലമുറകളുടെ പ്രവാസത്തിൻറെ അന്വേഷണത്തിന് ഇറങ്ങിത്തിരിക്കുന്ന മനുവിന് മുന്നിൽ പ്രതിബന്ധങ്ങൾ ഒന്നിനു പുറകെ ഒന്നായി വരികയാണ്. സ്വന്തം വീട്ടിൽ നിന്നുപോലും തുടങ്ങുന്ന എതിർപ്പിനെ ഒന്നൊന്നായി അവൻ അതിജീവിച്ച് മുന്നേറുന്നു.  ഒരു വഴി അടയുമ്പോൾ മറ്റൊരെണ്ണം തുറന്നുന്ന രീതി വായന രസാവഹമാക്കുന്നു. മറിയാമ്മച്ചി, ജോണച്ചയാൻ, ഗ്രേസിപിള്ളയാന്റി, മേരികൊച്ചമ്മ, ലാലി ആന്റി, സ്വന്തം അമ്മ, പെങ്ങൾ ഷെറിൻ, മരിയ അങ്ങനെ തലമുറകളുടെ നഴ്സിംഗ് ദീപശിഖയുടെ ജ്വലിക്കുന്ന തീനാളമാകുന്ന കഥകൾ അവൻറെ അന്വേഷണയാത്രയിൽ ഒന്നൊന്നായി വന്നുചേരുന്നു.  വായനക്കാരനെ ഒരിക്കൽപ്പോലും കുഴപ്പിക്കാതെ കഥ ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണ്. ആ പോക്കാകട്ടെ തെളിനീരൊഴുക്കു പോലെയുള്ള ഭാഷയിലൂടെയും.  കഥയുടെ അവസാന ഭാഗത്ത് വില്ലനെപ്പോലെ എത്തിച്ചേരുന്ന കൊറോണയും, ക്വാറന്റയിനും ലോകം ഒരു ചെറു വൈറസിന്റെ മുന്നിൽ മുട്ടുമടക്കി പകച്ച് നിൽക്കുന്നതും ഒക്കെ കഥാസന്ദർഭങ്ങളാക്കി എഴുത്തിൽ കഥാകാരൻ മിടുക്ക് കാട്ടിയിരിക്കുന്നു.  അങ്ങനെ വർത്തമാന കാലത്ത് നടക്കുന്നതും, ഭൂത-ഭാവി കാലങ്ങളിലേക്ക് ഊളിയിടുന്നതുമായ പുസ്തകമാണ് 'നിശബ്ദസഞ്ചാരങ്ങൾ  

 

 

 

 

ടാൻസാനിയായിലെ രാജേഷിൻറെ ഡ്രൈവർ ഇസാക്ക എന്ന കഥാപാത്രം കഥയിൽ അധികനേരം ഇല്ലെങ്കിലും ഒരു മദ്യപാന കൂടലിൽ എല്ലാവരും തലമുറകളുടെ കഥകൾ മെനയുമ്പോൾ മണ്ണിൽ നിന്നുമാണ് താൻ ജനിച്ചതെന്ന് പറയുകയും വികാരവായ്‌പോടെ ഹുടു-ടുട്ി വംശീയ കലാപത്തിൻറെ കരാളമുഖം തുറന്നുകാണിക്കുകയും ചെയ്യുന്നു. വല്ലാത്ത വികാരമാണ് ഇസാക്ക എന്ന കഥാപാത്രം വായനക്കാരനുമുന്നിൽ ഇറക്കിവയ്ക്കുന്നത്.

 

 

 

 

തൻറെ മുൻ കൃതികളായ ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, മന്തളിരിലെ ഇരുപത് കമ്യുണിസ്റ്റ് വർഷങ്ങൾ എന്നീ നോവലുകളിൽ ബന്യാമിൻ ഉപയോഗിച്ച ഒരുപാട് രീതികൾ ഇവിടെയും കാണാം. എങ്കിലും വ്യത്യസ്തമായ കഥാപ്രമേയം, കാലം, ദേശം, പുതുതലമുറയുടെ ജീവിത രീതിയും ചിന്തകളും ഒക്കെ നോവലിനെ വ്യത്യസ്‍തമാക്കുകയാണ്.

 

 

 

 

വായനയിൽ അകെ തോന്നിയ നിരാശ 'വാർ സെമിത്തേരി' എന്ന അവസാന അദ്ധ്യായമാണ്.  തൻറെ കണ്ടെത്തലിൽ ആകെ വികാര പരവശനായി നിന്ന മനുവിനെ അവതരിപ്പിച്ചത് കുറേക്കൂടി ഊർജ്ജസ്വലതയോടെ ആകാമായിരുന്നു എന്നൊരു തോന്നൽ.  അത്യന്തം നാടകീയത പ്രതീക്ഷിക്കുന്ന വായനക്കാരൻ അവിടെ നിരാശനാകുന്നപോലെ.  എന്നാൽ ഉടനെ തന്നെ സ്വിച്ച് ഓഫായി കിടന്ന മരിയയുടെ ഫോണിലേക്ക് വിളിക്കുമ്പോൾ കാൾ ആരോ എടുക്കുന്നതും പിന്നെ പറയുന്ന വാചകങ്ങളും  അപ്രതീക്ഷിതമായ ക്ലൈമാക്സിലേക്ക് കഥയെ കൊണ്ടെത്തിക്കുന്നു. വായനക്കാരനെ ഉലച്ചുകളയുന്ന ഭാഗമാണത്.  ഒറ്റവരിയിൽ അവസാനിക്കുന്ന നോവലിന്റെ തൊണ്ണൂറ്റി മൂന്നാമത്തെ ഭാഗം വല്ലാത്ത ഒരു അവസ്ഥയിലാണ് വായിച്ചുതീർക്കുവാനാവുക. ആടുജീവിതത്തിലെ നജീബും ഇബ്രാഹിം കാദിരിയും അതുപോലെ മഞ്ഞവെയിൽ മരണങ്ങളുടെ അവസാനവും തീവ്രമായി വർണ്ണിച്ച കഥാകാരന് നിശബ്ദസഞ്ചാരങ്ങളുടെ അവസാനം മെച്ചമായ വികാരവായ്‌പോടെ കുറിച്ചിടാൻ സാധിക്കുന്നത് അതിശയോക്തിയല്ല. 

 

 

 

 

പ്രവാസത്തിന്റെയും ആതുര സേവനത്തിന്റെയും, ആധുനിക ലോകത്തിന്റെയും നടുവിൽ പ്രതീക്ഷയുടെ ചെറുതിരിനാളം തെളിയുന്ന മനോഹര കാഴ്ച്ചയാണ് നിശബ്‌ദസഞ്ചാരത്തിൽ ഉടനീളം. വായിക്കാൻ തുടങ്ങിയാൽ താഴെ വയ്ക്കുവാൻ മടിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ ബന്യാമിന്റെ ഈ പുസ്തകവും ചേർത്തുവയ്ക്കുന്നു.

 

 

 

 

കുറിപ്പ്:

 

സസ്പെൻസ് നിറഞ്ഞ വായനാനുഭവം നൽകുന്ന നോവലിലെ കഥയെയും, കഥാസന്ദർഭങ്ങളെയും, കഥാപാത്രങ്ങളെയും കൂടുതൽ വർണ്ണിക്കുന്നത്  കഥാകാരനോട് ചെയ്യുന്ന അനീതി ആയിരിക്കുമെന്ന ബോധത്തിലാണ് ആ ചിന്തകൾ ആസ്വാദനത്തിൽ നിന്നും മനഃപൂർവ്വം ഒഴിവാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com