ADVERTISEMENT

ഒമാൻ എയർപോർട്ടിലെ ബുക്ക് ഷോപ്പിൽ നിന്ന് ഒരു പുസ്തകവും വാങ്ങി ഞാൻ നേരെ ബിസിനസ് ക്ലാസ് പ്രീമിയം ലൗഞ്ചിലേക്ക് നടന്നു. കൊച്ചിയിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകി. നാലു മണിക്കൂർ കഴിഞ്ഞാണ് അടുത്ത വിമാനം. അത് വരെ ലൗഞ്ചിൽ ഇരിക്കാം. മണിക്കൂറുകൾ യാത്ര ചെയ്ത ക്ഷീണം മാററാൻ ഒന്ന് മയങ്ങുകയും ചെയ്യാം. ലൗഞ്ചിലെ കേബിനിൽ കിടക്കാൻ പാകത്തിൽ ഉളള കൗച്ചുകൾ ഉണ്ട്. ഈ ഒരു സൗകര്യം ഒമാനിൽ മാത്രമേയുള്ളൂ. ഗൾഫിലെ മറ്റൊരു എയർപോർട്ട് ലൗഞ്ചിലും ഇത്തരം കൗച്ചുകൾ ഇല്ല. അവിടെയൊക്കെ റിക്ളയിനർ ചെയറുകളാണുള്ളത്. ഒമാൻ എയർപോർട്ടിലെ അതിവിശാലമായ ലൗഞ്ചിൽ ഞാൻ കടന്നു ചെന്നു. വളരെ കുറച്ച് ആളുകൾ മാത്രമേയുള്ളു. പുലർകാല യാത്രാ വേളകൾ പലപ്പോഴും ഇങ്ങനെ തന്നെയാണ്.

ഒരു ബ്ലാക്ക് കോഫിയും, ഈന്തപഴവും, ഇത്തിരി വാൾനട്ടും എടുത്ത് ഞാൻ സോഫയിൽ ഇരുന്നു, കോഫി നുണഞ്ഞു. പുസ്തകംതുറന്നു പേജുകൾ മറിച്ചു നോക്കി, മഴ നനഞ്ഞ മരുഭൂമിയുടെ ഗന്ധം. ജോഖാ അൽ ഹർസി എന്ന ഒമാനി എഴുത്തുകാരിയുടെ, മാൻ ബുക്കർ അവാർഡ് നേടിയ 'നിലാവിലെ പെണ്ണങ്ങൾ' എന്ന പുസ്തകം അറബിക് ഭാഷയിൽ നിന്നും മലയാളത്തിലേക്ക് തർജമ ചെയ്തിരിക്കുന്നത് ഇബ്രാഹിം ബാദുഷയാണ്. മാസങ്ങൾക്ക് മുമ്പ് മുഹമ്മദ് അൽ ഖറൂസി എന്ന എന്റെ ഒമാനി സ്നേഹിതനാണ് ജോഖയുടെ പുസ്തകങ്ങളെപ്പററി എന്നോട് പറഞ്ഞത്. ഈ ഒരു പുസ്തകം എഴുതുന്നതിനു മുമ്പ് ജോഖ എഴുതിയ രണ്ട് പുസ്തകങ്ങൾ ഒമാനിൽ വളരെ പ്രശസ്തമാണ്. ഒരു ഒമാനി വനിത എഴുതിയ, പഴയകാല ഒമാൻ കഥ , ഒമാനിൽ നിന്ന് വാങ്ങി , ഇവിടെ വച്ച് തന്നെ വായിക്കുന്നതിലെ മാധുര്യം ഓർത്തു ഞാൻ ചിരിച്ചു.

വായനയിൽ നിന്ന് തലയുയർത്തി നോക്കുമ്പോൾ, കുറച്ചകലെയായി എന്നെ നോക്കി പുഞ്ചിരിക്കുന്ന മുഖം കണ്ട് ഞാൻ അമ്പരന്നു. ഇവർ,ഇവിടെ, എന്റെ മനസ്സിലൂടെ ചോദ്യങ്ങൾ പാഞ്ഞു പോയി. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.അപ്പോൾ അവരുടെ മുഖം ഒരു പൂവായ് വിടരുന്നത് ഞാൻ കണ്ടു. പൂവിനേക്കാൾ മൃദുലമായ സ്വരത്തിൽ അവർ എന്നോട് സംസാരിച്ചു.വളരെയധികം പരിചയമുള്ള ഒരു സുഗന്ധം അവിടമാകെ പരന്നു.അവർ ലണ്ടനിലേക്ക് പോവുകയാണ്. അവരുടെ സഹോദരിയുടെ മകൾ അവിടെ ഡോക്ടറാണ്. ഇനി കുറച്ചു കാലം അവർ ലണ്ടനിൽ ഉണ്ടാവും.

"മക്കളിൽ ഒരാൾ ലണ്ടനിൽ ഇല്ലെ,? " അവർ എന്നോട് ചോദിച്ചു."ഉണ്ട്.റോസ്നാര."ഞാൻ പറഞ്ഞു. എന്റെ മൂന്നാമത്തെ കുഞ്ഞിന് റോസ്നാര എന്ന പേര് അവരായിരുന്നു നിർദ്ദേശിച്ചത്.

"മൂന്നാറിൽ പുതിയ ഒരു പ്രൊജക്ട് തുടങ്ങിയത് ഞാൻ അറിഞ്ഞു. ഭൂമിയിൽ ഒരു ഇടം, വളരെ നല്ല പേര്". അവർക്ക് എല്ലാം അറിയാം. വീണ്ടും ചിരിച്ചപ്പോൾ അവരുടെ കണ്ണുകൾ ഇറുങ്ങി മുഖത്ത് നുണക്കുഴികൾ വിരിഞ്ഞു.ഏറെ നേരം ഒന്നും പറയാതെ ഞാൻ അവരുടെ മുഖത്ത് നോക്കി അങ്ങനെ തന്നെ ഇരുന്നു.ബ്രേക്ഫാസ്റ്റ് കഴിച്ചു ഞങ്ങൾ ലൗഞ്ചിലെ കേബിനിലേക്ക് നടന്നു. നല്ല തണുപ്പ്. തണുപ്പു മൂലം അവർ വല്ലാതെ ചൂളിയിരിക്കുന്നത് കേബിനിലെ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു.

ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഒരു പാഷ്മീന ഷാൾ വാങ്ങി ഞാൻ അവർക്കു നൽകി.

"ഓർമ്മയുണ്ടോ പഴയ ഒരു കാശ്മീർ ഷാൾ ?"

ഷാൾ പുതച്ചതിനു ശേഷം അവർ എന്നോട് ചോദിച്ചു.

ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു സംഭവമായിരുന്നു അത്.

വർഷങ്ങൾക്കു മുമ്പ് ഊട്ടിയിൽ, മിഥുൻ ചക്രവർത്തിയുടെ മൊനാർക്ക് ഹോട്ടലിൽ, എന്റെ ഒരു സുഹൃത്തിന്റെ സിനിമയുടെ ഷൂട്ടിങ് കാണാനായി പോയപ്പോൾ അവർ അവിടെ തണുത്ത് വിറച്ചിരിക്കുന്നത് കണ്ടു , എന്റെ കയ്യിൽ ഉണ്ടായിരുന്ന കാശ്മീർ ഷാൾ ഞാൻ അവർക്ക് നൽകി. ഡൽഹിയിലെ ഡിസൈനറെ കൊണ്ട് പ്രത്യേകം ഡിസൈൻ ചെയ്തു എന്റെ ഭാര്യക്ക് വേണ്ടി വാങ്ങിയ കാശ്മീർ ഷാൾ.ആ കാര്യം ഞാൻ അവരോട് പറഞ്ഞിരുന്നില്ല.

അത് ഒരു വലിയ കലാപം തന്നെ സൃഷ്ടിച്ചു."അന്ന് വല്ലാതെ നൊമ്പരപ്പെട്ടതായി എനിക്ക് അറിയാം.""സ്നേഹം കൂടൂമ്പോഴാണ് കലഹങ്ങൾ ഉണ്ടാവുന്നത്." ഞാൻ പറഞ്ഞു.അവർ ബാഗ് തുറന്നു ഒരു പുസ്തകം എടുത്ത് എന്നെ കാണിച്ചു, ഗൗരി, ടി.പത്മനാഭന്റെ ഗൗരി, വർഷങ്ങൾക്ക് മുമ്പ് ഞാൻ അവർക്കു നൽകിയ സമ്മാനം.

വളരെയധികം ഇഷ്ടത്തോടെ, സ്വന്തം, എന്ന് എഴുതി പണ്ട് ഞാൻ കൊടുത്ത പുസ്തകം അവർ ഇപ്പോഴും കൂടെ കൊണ്ടു നടക്കുന്നു. വിമാനത്തിൽ കയറും മുമ്പ് അവർ എന്നെ ഒന്നു കൂടി നോക്കി , ഇഷ്ടമല്ലാത്ത ഒരു വേർപാടിന്റെ വിഷാദ ചിഹ്നം ആ കണ്ണുകളിൽ ഞാൻ കണ്ടു.

പതിനാറു വർഷങ്ങൾക്ക് ശേഷമുളള ഒരു കൂടിക്കാഴ്ച.ഏറെ നേരവും ഞാൻ അവരെയും നോക്കി നിന്നു, വളരെ ചുരുക്കം സംസാരിച്ചു.അവർ തന്നെയായിരുന്നു കൂടുതലും സംസാരിച്ചത്. പണ്ടും അങ്ങിനെ തന്നെയായിരുന്നു. പഴയ ഓർമ്മകളിൽ മുഴുകി രണ്ടു പേരും കൂടുതൽ നേരവും പരസ്പരം നോക്കി അങ്ങനെ തന്നെ ഇരുന്നു. തടി കുറച്ച് കൂടി, വായിക്കുമ്പോൾ കണ്ണട വേണം, ഭംഗി പഴയതിലും കൂടിയിട്ടുണ്ട്. പക്ഷെ,മുഖത്ത് പഴയ പ്രകാശം ഇപ്പോൾ ഇല്ല.ചിലപ്പോൾ എനിക്കു തോന്നിയതാവും. വിപരീത ദിശകളിലേക്കാണ് ഞങ്ങളുടെ യാത്ര. ലണ്ടന്റെ നേർക്ക് സഞ്ചരിക്കുമ്പോൾ അവരുടെ വിചാരങ്ങളും വിപരീതമായി സഞ്ചരിച്ച് എന്നിലേക്ക്‌ എത്താൻ വെമ്പുന്നുണ്ടാവും. 

വിമാനം ഇപ്പോൾ വെളുത്ത മേഘങ്ങൾക്കിടയിലൂടെ സഞ്ചരിക്കുകയാണ്. ഒരു ദേവദൂതനെ പോലെ ഇന്ന് നീ എന്റെ മുന്നിൽ വന്നു. പണ്ടും നീ അങ്ങനെ തന്നെ ആയിരുന്നു. എന്റെ സങ്കടങ്ങൾക്ക് ചാരി നിൽക്കാനുള്ള ഒരു വൻമതിൽ.പതിനാറു വർഷങ്ങൾക്കു മുമ്പ് നീ അപ്രത്യക്ഷനായി. അല്ല, എല്ലാവരും കൂടി നിന്നെ നാടു കടത്തി. പക്ഷെ, എന്റെയുളളിൽ എപ്പോഴും നീ ഉണ്ടായിരുന്നു. 

കുഞ്ഞുങ്ങൾ ഉണ്ടാവാൻ വേണ്ടി പണ്ടു ചെയ്തിരുന്ന ചികിത്സയുടെ അനന്തരഫലം ഞാൻ ഇപ്പോൾ അനുഭവിക്കുകയാണ്.കുഞ്ഞിന് പകരം എന്റെ ഗർഭപാത്രത്തിൽ വളർന്ന മുഴ നീക്കം ചെയ്തു കളയാനാണ് ഞാൻ ലണ്ടനിലേക്ക് പോകുന്നത്.നീ എന്റെ കൂടെയുണ്ട് എന്ന തിരിച്ചറിവ് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ചികിത്സ കഴിഞ്ഞു ഞാൻ തിരിച്ചു വരും.

നമ്മൾ എന്നെന്നും പരസ്പരം കാത്തിരിക്കുന്നവരാണ് എന്ന് ഉറപ്പുളളതിനാൽ ഞാൻ തീർച്ചയായും തിരിച്ചു വരും. 

വിമാനം ബഹ്റൈനിലെത്തുമ്പോൾ ഈ സന്ദേശം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com