sections
MORE

'ജലനയനി' വായനാസ്വാദനം

jalanayani-cover
SHARE

2018 ലെ പ്രളയത്തെ ആസ്‌പദമാക്കി ഷൈന എഴുതിയ നോവലാണ് 'ജലനയനി'.  തലക്കെട്ട് സൂചിപ്പിക്കുംപോലെ ജലം കഥയിലും പ്രധാന കഥാപാത്രമായി വരുന്നു. ജലം ജീവദായകം മാത്രമല്ല, ജീവനാശകം കൂടി ആകുവാൻ പാങ്ങുള്ളതാണെന്ന് അടിവരയിടുകയാണ് ഈ പുസ്തകം. പ്രകൃതിയുടെ തുറന്നുവച്ച നയനങ്ങൾ ഒരേസമയം മനോഹരവും അപകടകരവും ദുരന്തകാരണവും ആകാം എന്നതാണ് വരികൾക്കിടയിലെ ഉൾക്കാഴ്ച.

നാല് ഭാഗങ്ങളായിട്ടാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്.  ഒന്നാമത്തെ ഭാഗമാണ് 'കുടിയേറ്റം'.  കാലങ്ങൾക്ക് മുമ്പ് തലമുറകൾ മലബാർ മേഖലയിലേക്ക് നടത്തിയ കുടിയേറ്റമാണ് ഈ ഭാഗത്തിന്റെ കാതൽ.  വ്യത്യസ്ത സ്വഭാവക്കായ അവുതയും ഗോപാലനെയും പോലെയുള്ള  ആൾക്കാർ കാട് വെട്ടിത്തെളിച്ച് മണ്ണ് പൊന്നാക്കി കൃഷി നടത്തുവാൻ നടത്തുന്ന ശ്രമങ്ങളും കാടിൻറെ മക്കളുടെ കഥകളും എല്ലാം നിറഞ്ഞുനിൽക്കുന്ന അധ്യയങ്ങൾ.  മണ്ണും മനുഷ്യനും പ്രകൃതിയും എല്ലാം ഒന്നുപോലെ സമന്വയിക്കുന്ന ലോകം. കല്യാട്ടെ യജമാനനെപ്പോലെയുള്ള നാട്ടുപ്രമാണിമാരും അവരുടെ കീഴിൽ കുടിയന്മാരായും അടിയാന്മാരായും കഴിഞ്ഞുകൂടുന്ന ഒരുപറ്റം ആൾക്കാരും കഥ മുന്നോട്ട് നയിക്കുന്നു. മണ്ണിന്റെയും മലയുടെയും മരങ്ങളുടെയും ചൂരുള്ള കാട്ടുജാതിക്കാർ. അവരിൽ താഴ്‌മയുണ്ട്, എളിമയുണ്ട്, സഹാനൂഭൂതിയുണ്ട്, അഗാധ പ്രണയമുണ്ട്  ഒപ്പം കഠിനമായ ശിക്ഷാനടപടികളും. കാട് വെട്ടി നാടാക്കുവാൻ യജമാനന്മാരെ സഹായിക്കുന്ന കാട്ടുജാതിക്കാരുടെ നിസ്സഹായാവസ്ഥയും അവരോട് പരിഷ്‌കൃതരെന്ന് ഊറ്റം കൊള്ളുന്ന നാട്ടുമനുഷ്യൻ കാട്ടുന്ന കൊള്ളരുതായ്‌കയും ഒക്കെ ഈ ഭാഗത്തിൽ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. 

രണ്ടാമത്തെ ഭാഗമായ 'പുഴ' തുടങ്ങുന്നത് ആയിപ്പുഴയുടെ വർണ്ണനയോടെയാണ്.  പുഴയെ ജീവനും വികാരവും ഉള്ള ഒരു യുവതിയായി കഥാകാരി വരച്ചിടുന്നു.  പുഴയുടെ ചിന്തകൾ, പുഴയുടെ നാവ്, നോവ്, സംസാരം ഒക്കെ വായനയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോവുകയും രസകരമായ അനുഭവമാക്കിത്തീർക്കുകയും ചെയുന്നു.  കുടിയേറ്റം തുടങ്ങിയ ജനതയുടെ വളർച്ചയും പ്രകൃതിയുടെ തളർച്ചയും ഇവിടെ അനുഭവിക്കാം.  നാട്ടിൽ പയ്യെപ്പയ്യെ കെട്ടിടങ്ങൾ ഉയരുന്നു, പാലങ്ങൾ ഉണ്ടാകുന്നു, സിനിമാകൊട്ടകകൾ അഭിമാനമായി മാറുന്നു.  പ്രകൃതിയെ ചൂഷണം ചെയ്ത് മനുഷ്യൻ വളർച്ചയുടെ പടവുകൾ കയറുമ്പോൾ പുഴകളും മലകളും മരങ്ങളും പൊഴിക്കുന്ന രോദനം ഈ ഭാഗത്ത് വായനക്കാരുടെ മനസ്സിൽ വല്ലാത്ത നൊമ്പരം ഉണ്ടാക്കുകയാണ്. ഇവിടെ ഹൃദയസ്പർശിയായ ഒരുപാട് മുഖങ്ങൾ മുന്നിലേക്ക് വരുന്നുണ്ട്. അതിൽ മനസ്സിൽ വല്ലാതെ തറഞ്ഞുപോകുന്നത് ചെമ്മാടനും അയാളുടെ തോണിയുമാണ്. ഒരുകാലത്ത് പുഴയുടെ  അക്കരെയും ഇക്കരെയും ഉള്ളവർക്ക് ഏക ആശ്രയമായിരുന്നു അയാളുടെ തോണി.  എന്നാൽ നാട് വികസിച്ച് പാലം വന്നതോടെ അയാളുടെയും തോണിയുടെയും പ്രസക്തി ഇല്ലാതായി. ചെമ്മാടൻറെ അനാഥമായി കെട്ടിയിട്ട തോണിയും ജീവിതം കൈവിട്ടുപോയി ജീവനില്ലാതായ അയാളുടെ ശരീരം പാലത്തിൻറെ കൈവരി പിടിച്ച് ആളുകൾ താഴേക്ക് നോക്കി നിൽക്കുന്നതും വായനക്കാരുടെ മനസ്സിൽ വേദനയുടെ മായാത്ത മുദ്രചാർത്തുന്നു.

'ഡാമുകൾ' എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്.  അത് തുടങ്ങുന്നത് ഇപ്രകാരമാണ് 'ജലം ഒഴുകാനുള്ളതാണ്. അത് തടയിണയിൽ കെട്ടിവയ്ക്കുമ്പോൾ സമാധികൊള്ളുകയാണ്' മറ്റെങ്ങും അധികം കാണാത്ത കൽപനകൾ ആണ് ഷൈന ഈ ഭാഗത്ത് ജലത്തെ വർണ്ണിക്കുവാൻ  ഉപയോഗിച്ചിരിക്കുന്നത്.  രണ്ടാം ഭാഗത്ത് ജലത്തെ ചിന്തയുള്ള യുവതിയായി കാണുന്നുവെങ്കിൽ ഇവിടെ തൻറെ സ്വച്ഛവിഹാരത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന മനുഷ്യരുടെ അഹങ്കാരവും അതിക്രമത്തോടുള്ള ജലത്തിൻറെ ക്രോധവും നിറയുന്നതാണ് ഇവിടെ കാണാനാവുക.  'വന്മരത്തിന്റെ പതനം' എന്ന അദ്ധ്യായത്തിൽ നോവലിൻറെ തുടക്കം മുതൽ നിറഞ്ഞുനിൽക്കുന്ന അവുതയുടെ പതനവും മകളായ എൽസിയുടെ ജീവിതം വഴിത്തിരിയുന്നതും കൗതുകത്തോടെയും ആർദ്രമാനസത്തോടെയും വായിക്കാം.  അവളുടെ കാമുകനായ രാജൻ ജീവിതത്തിൽ വിരക്തി തോന്നി ഒളിച്ചോടുന്നത് എൽസിയുടെ ജീവിതത്തിൽ പിന്നീട് വന്നുഭവിക്കുന്ന ദുരന്തങ്ങളുടെ തുടക്കമാകുന്നു.  മൂന്നാം ഭാഗത്ത് പ്രധാന്യം കൊടുക്കുന്ന ഡാമുകളുടെ നിർമ്മാണവും ജലത്തിൻറെ സ്വാതന്ത്രം ഹനിച്ച് കെട്ടിയിടുന്നതും പുതുമയുള്ള വായനാനുഭവം. വികസനത്തിൻറെ മറ്റൊരുവശം വായനക്കാരിലേക്ക് തുറന്നിടുകയാണ് ഇവിടെ ഷൈന.

'മഹാപ്രളയം' എന്ന അവസാന ഭാഗത്ത് ഡാമുകൾ കരകവിഞ്ഞൊഴുകുന്നതും 2018 ൽ കേരളക്കര സാക്ഷ്യം വഹിച്ച പ്രളയ ദുരന്തവുമാണ് അവതരിപ്പിച്ചിരിക്കുന്നത്.  എഴുത്തിൻറെ മൂർച്ചയും ഭംഗിയും മാധുര്യവും കരകവിഞൊഴുകുന്ന ഭാഗമാണിത്.  വൻമരം പോലെ ഉറച്ചുനിന്ന ത്രേസ്യാമ്മയുടെ വീഴ്ച്ച, എൽസിയുടെയും രാജന്റെയും പ്രണയത്തിൻറെ ഗതിവിഗതികൾ, അവരുടെ പ്രണയത്തിൻറെ തീഷ്ണതയും മരണഭീതിയുടെ ത്രസിപ്പിക്കുന്ന അവതരണം ഒക്കെ നോവൽ വായനയിലെ മൂലക്കല്ലുകളാവുന്നു.  ഉരുൾപൊട്ടലിൻറെയും പെരുമഴയുടെയും ക്രോധം എഴുത്തിൻറെ രൗദ്രഭാവപകർച്ചയോടെ ഈ ഭാഗത്ത് വായിക്കാം. പ്രളയജലം നാടും വീടും മനുഷ്യൻറെ അഹന്തയും എല്ലാമെല്ലാം ഒന്നായി വിഴുങ്ങുന്നത് കൺമുന്നിൽ കാണുന്ന പ്രതീതി.  അതുപോലെതന്നെ അവഗണിക്കപ്പെട്ടിരുന്ന കടലിൻറെ മക്കളുടെ രക്ഷാപ്രവർത്തനവും സ്വന്തം കൂടപ്പിറപ്പുകൾ പോലും തിരിഞ്ഞുനോക്കാനില്ലാത്തപ്പോളും നിസ്സഹായാർക്ക് സഹായഹസ്തവുമായി എത്തുന്ന ദൈവത്തിൻറെ മക്കളുടെ അവതരണവും കഥയിൽ മനോഹരമായി ഭവിക്കുന്നു. 

മണ്ണും, ജലവും, മനുഷ്യനും തമ്മിലുള്ള ഇഴചേർക്കലും അതിന്റെ വർണ്ണനകളുമാണ് 'ജലനയനി' എന്ന നോവലിനെ മികച്ച രചനയാക്കുന്നത്. പ്രകൃതിയോട് ഇലയിൽ പറ്റിയിരിക്കുന്ന ചെറു പുഴുവിനെപോലെയുള്ള മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾക്ക് അതേ നാണയത്തിൽ പ്രകൃതി തിരിച്ചടി നൽകുമെന്ന് എഴുത്തുകാരി തൻറെ വരികളിലൂടെ അരക്കിട്ടുറപ്പിക്കുവാൻ നടത്തുന്നത് ശ്രമം ശ്ലാഘനീയം.  ഒരേസമയം, കുടിയേറ്റത്തിന്റെയും, അതിജീവനത്തിന്റെയും, കാടിൻറെ മക്കളുടെയും, പരിഷ്‌കാരത്തിന്റെ പുറംപൂച്ചും നോവലിൻറെ ഊടും പാവുമായി മാറുന്നു.  ഒപ്പം പ്രണയത്തിൻറെ മിനുമിനുത്ത നൂലിഴകളും അവയുടെ പൊട്ടിപ്പോകലും അതിൻറെ വേദന നൽകുന്ന ചുടുനിശ്വാസവും കഥയ്‌ക് കൂടുതൽ മനോഹാരിതയും പകരുന്നു.

ഓരോ താളിലും പ്രകൃതി നിറഞ്ഞുനിൽക്കുന്ന ഗ്രന്ഥം.  മടുപ്പില്ലാതെ വായന, പച്ചമനുഷ്യരുടെ നേർ അവതരണം. ഇതൊക്കെയാണ് ചുരുക്കത്തിൽ 'ജലനയനി'.  ഷൈനയുടെ എഴുത്തുവീഥിയിലെ മികച്ച അടയാളപ്പെടുത്തലായി ഭവിക്കുന്നുണ്ട് ഈ നോവൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA