ADVERTISEMENT

മരണം അനിവാര്യമായ സത്യമെങ്കിലും ചില വിടവാങ്ങൽ തീരാ നഷ്ടങ്ങളാണ്.15, ഒക്ടോബർ 2020, അക്കിത്തം എന്ന അച്യുതൻ നമ്പൂതിരി, ഞങ്ങളുടെ പ്രിയകവി യാത്രയായി. ഒരേ നാട്ടുകാരൻ ആയിട്ടും കയ്യെത്താ ദൂരത്തോളം മുകളിൽ ആണെന്ന് തോന്നൽ കൊണ്ട് മാത്രം കാണാതെ പതുങ്ങി നടന്നു. തിരക്കുകൾക്കിടയിൽ ഒരിക്കലല്ല, പലതവണ ഒളിഞ്ഞും തെളിഞ്ഞും കണ്ട് മനസ്സു നിറച്ചു. എന്നെങ്കിലും ഒന്ന് നേരിൽ കാണണം എന്ന് അത്രമേൽ കൊതിച്ചിരുന്നു. വാഗ്ദേവിയുടെ പ്രത്യക്ഷ രൂപത്തിനു മുന്നിൽ വാക്കുകൾ ഇടറും എന്നുള്ളതുകൊണ്ട് മാത്രം പോകാൻ മടിച്ചു നിന്നു. മഹാകവിയെ കാണാൻ ഞാൻ ആര് എന്ന തോന്നൽ ആയിരുന്നു എന്നും. കയ്യെത്തും ദൂരത്ത് ആയിട്ടും, കൈനീട്ടാൻ മടിച്ചതിന് കാലം കണക്ക് ചോദിച്ചു.

മരണത്തിനുശേഷം ഒരാളെ വാനോളം പുകഴ്ത്തുന്നതിൽ അർത്ഥമില്ലെന്നറിഞ്ഞിട്ടും, രണ്ടു വാക്കു പറയാതിരിക്കാൻ കഴിയുന്നില്ല. അക്കിത്തവും എംടിയും പഠിച്ച കുമരനെല്ലൂർ സ്കൂളിൽ തന്നെ പഠിക്കാൻ കഴിഞ്ഞത് സുകൃതമായി കണക്കാക്കിയിരുന്ന ബാല്യം. വായനക്കിടയിലും മലയാളം ക്ലാസുകളിലും അവിടവിടെ കേറി കൂടിയ രണ്ടു പേരുകൾ. പേരിൻറെ പെരുമ അറിയാഞ്ഞും ആ പേരിനെ ഓർത്ത് അഭിമാനം പൂണ്ട നാളുകൾ. ഉച്ചയൂണ് കഴിഞ്ഞ ചെറിയ ഇടവേളയിൽ കൂട്ടുകാരോടൊത്ത് കൂടി സൊറ പറഞ്ഞിരിക്കുന്നതിനിടയിലാണ് കുട്ടികൾ പതിവില്ലാതെ ഓഫീസ് മുറിക്ക് മുന്നിലേക്ക് കൂട്ട പാലായനം നടത്തുന്നത് കണ്ടത് . അക്കിത്തം വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞത് കേട്ട് വാണം വിട്ട ഒരു ഓട്ടം തന്നെയായിരുന്നു ഓഫീസിലേക്ക്. അവിടെ ഒരു ജനസമുദ്രം. ഓഫീസ് മുറിയിൽ ആണ് അദ്ദേഹം ഇരിക്കുന്നതത്രെ. കണ്ടവരെല്ലാം എത്തിനോക്കി "ഞാൻ കണ്ടേ"എന്ന് അലമുറയിട്ട് ഓടുന്നു. തിക്കിത്തിരക്കി ഒരുവിധം ഞാനും മുൻപിലെത്തി.കവി ഓഫീസിൽ ഇരിക്കുന്നു. കൈയുള്ള വെള്ള ബനിയൻ, മുണ്ട്, ഒരു തോർത്ത്. കഴുത്തിൽ ഒരു മാലയും ഉണ്ടായിരുന്നതായാണ് ഓർമ്മ. കയ്യിൽ ഒരു ഊന്നുവടി. അന്നേ അദ്ദേഹത്തിന് എഴുപത് കഴിഞ്ഞിരിക്കണം. അത്ഭുതവും ആദരവും സ്നേഹവും കൊണ്ട് ഭക്തിനിർഭരമായി ഞാൻ നോക്കിനിന്നു. അൽഭുതം, അടുത്ത നിമിഷം അദ്ദേഹം പുസ്തകത്തിൽനിന്ന് മുഖം തിരിച്ചു. നോട്ടം എൻറെ നേർക്കാണ്. മനോഹരമായ ഒരു പുഞ്ചിരി അദ്ദേഹം എനിക്ക് സമ്മാനിച്ചു. വർഷങ്ങൾക്കിപ്പുറം ഇന്നും ഒരു കൊള്ളിയാൻ പോലെ ആ പുഞ്ചിരി മനസ്സിലുണ്ട്. കൂട്ടുകാർ പതിവ് കുശലങ്ങളിലേക്ക് തിരിഞ്ഞപ്പോഴും ഞാൻ ആ ചിരിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഹൃദ്യമായ ആ പുഞ്ചിരി കടുത്ത ആരാധനയായി വളർന്നു.എഴുത്തുകാരന് സാധാരണക്കാരോട് പുഞ്ചിരിക്കാം എന്നത് എനിക്ക് പുതിയ അറിവായിരുന്നു.

ആ കനൽ എവിടെയോ അണയാതെ കിടന്നിരിക്കണം. പിന്നീടൊരുനാൾ ക്ലാസിൽ കണക്ക് പഠിപ്പിക്കാൻ വന്ന ബിന്ദു ടീച്ചർ അക്കിത്തത്തിന്റെ മകൻറെ ഭാര്യ ആണെന്നറിഞ്ഞപ്പോൾ ആരാധന ടീച്ചറിലേക്കും പിന്നെ എന്നെ എന്നും സങ്കടപ്പെടുത്തിയിരുന്ന കണക്കിലേയ്ക്കും തിരിഞ്ഞു.മഹാകവിയെ സേവിക്കാൻ ഭാഗ്യം സിദ്ധിച്ച ടീച്ചറെ കാണുന്നതേ മഹാഭാഗ്യമായി കരുതി. ആ ടീച്ചറിന് ഇഷ്ടം തോന്നാൻ വേണ്ടി മാത്രം കണക്ക് വാശിയോടെ പഠിച്ചു. ഇല്ലാത്ത സംശയങ്ങൾ ഉണ്ടാക്കി ചോദിക്കാൻ തുടങ്ങിയത് ടീച്ചറോട് കൂട്ടുകൂടാൻ വേണ്ടി മാത്രമായിരുന്നു. പിന്നീടൊരിക്കൽ ടീച്ചർക്കൊരു ഉണ്ണി ഉണ്ടായപ്പോൾ അവന് 'ആഗ്നേയ്' എന്ന് പേരിട്ടതും ആ പിതാമഹൻ ആയിരിക്കുമല്ലോ എന്നോർത്ത് പുളകം കൊണ്ടു. സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും 'അക്കിത്തം' ഇല്ലത്തേക്ക് പോകുന്ന വഴിയേ ആരാധനയോടെ പലകുറി ഒളിഞ്ഞുനോക്കി.

കാലം ഓടിപ്പോയി. അക്കിത്തത്തിന്റെ നാട്ടിൽ നിന്നും പറിച്ചുനട്ടപ്പോഴും വീണുകിട്ടിയ പുസ്തക കൂമ്പാരങ്ങളിൽ നിന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് വായിച്ചു.അദ്ദേഹത്തിൻറെ കവിതകളേക്കാൾ എന്നെ ഭ്രമിപ്പിച്ചത് ആ വ്യക്തിപ്രഭാവം ആയിരുന്നു. കോഴിക്കോട് മാതൃഭൂമി ഓഫീസിലെ വളരെ വൈകിയ ജോലിക്ക് ശേഷവും കുമരനെല്ലൂരിലെ പ്രിയ ഇടത്തിലേക്ക് എത്താൻ കൊതിച്ചിരുന്നത്രേ അദ്ദേഹം. കുടുംബത്തെ അത്രമേൽ സ്നേഹിച്ചു ആ മഹാകവി. കാണുന്നവർക്കെല്ലാം പ്രിയപെട്ടതാവുന്ന പത്നി ആ ജീവിതത്തിന്റെ വെളിച്ചം ആയിരുന്നു. പുഞ്ചിരി ആയിരുന്നത്രെ അവരുടെയും മുഖമുദ്ര. ആ സന്തോഷം തന്ന സമാധാനം ആകാം നിർഭയനായി ഇരിക്കാൻ കവിയെ സഹായിച്ചത് . "വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം"എന്ന പാടാൻ കവിക്ക് ഏറെ ക്ലേശിക്കേണ്ടി വന്നിട്ടുണ്ടാവില്ല.

ലളിതമായിരുന്നു ആ ജീവിതം. ഒരു ബനിയനും തോർത്ത് മുണ്ടിനുമപ്പുറം അദ്ദേഹത്തിൻറെ ആർഭാടം വളരുന്നത് ഞാൻ കണ്ടിട്ടില്ല. മഹാകവി എന്ന വിശേഷണം അദ്ദേഹത്തിന് തീരെ ചെറുതായിരുന്നു എന്ന് തോന്നാറുണ്ട്. സർവതിലും സമത്വം വീക്ഷിച്ച സാത്വിക ജന്മമായിരുന്നു അദ്ദേഹത്തിന്റെത്. രണ്ടോ മൂന്നോ വർഷങ്ങൾക്കപ്പുറം അദ്ദേഹത്തിൻറെ പ്രിയപത്നിയുടെ വിയോഗം അറിഞ്ഞ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. കവിക്ക് അത്രയും പ്രധാനമായിരുന്ന വ്യക്തിയുടെ വിയോഗം ആ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാവും എന്ന് ഞാൻ ഓർത്തു. മരണം പോലും വൈകിയെത്തി എന്നേ ഞാൻ കരുതുന്നുള്ളു. ജ്ഞാനപീഠം എന്ന ഭാരം കൂടി ഈ ഭൂമിയിൽ ഉപേക്ഷിച്ചു പോവാനേ ആ ജീവിതത്തിന് കഴിയുമായിരുന്നുള്ളൂ.

തോറ്റു പോയത് ഞാനാണ്. അവസരങ്ങൾ പലകുറി വന്നുപോയിട്ടും അകാരണമായ ഉൾവലിയൽ മൂലം എനിക്ക് നഷ്ടപ്പെട്ടത് വാഗ്ദേവതയുടെ പ്രത്യക്ഷ കടാക്ഷമാണ്. ആ പുണ്യാത്മാവിൻറെ കാലിൽ ഒരിക്കലെങ്കിലും നമസ്കരിക്കണം എന്നത് ഒരു നാളിലും പൂവണിയാത്ത സ്വപ്നമായി വഴിയിൽ അവശേഷിക്കുന്നു. കഴിഞ്ഞ അവധിക്ക് കൂടി കവിയെ കാണാൻ കൊണ്ടുപോകാമെന്ന് അച്ഛൻ ഉറപ്പു തന്നതാണ്. കോവിഡ് കാലം അത്രകണ്ട് ഭയപ്പെടുത്തുന്നത് കൊണ്ട് ഞാൻ കാരണം ആ കവിക്ക് ഒരു ദോഷം വരരുത് എന്ന് കരുതി. ഇനിയത്തെ വരവിനാകാമെന്ന് സ്വയം സമാധാനിച്ചു. ഇനി ഒരു വരവ് കൂടി കാത്തുനിൽക്കാതെ ആ ജീവിതം അവസാനിച്ചു. തീരാനഷ്ടം... ജീവിതത്തിൽ റീടെയ്ക്കുകളില്ലെന്ന വലിയ പാഠം പകർന്നു നൽകി എൻറെ, അല്ല ഞങ്ങളുടെ പ്രിയകവി യാത്രയായി. ആയിരം കണ്ണീർ പ്രണാമം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com