ADVERTISEMENT

ജീവിതത്തിന്റെ സൗരഭ്യം വേണ്ടുവോളം അനുഭവിപ്പിക്കുന്ന സാഹിത്യ രൂപമാണ് ചെറുകഥകൾ . കഥകൾ മനുഷ്യരെ ആസ്വദിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ജീവിത പരിവർത്തനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. മൂർത്തമായ ജീവിതങ്ങളെയാണ് ഓരോ കഥകളും പ്രതിനിധാനം ചെയ്യുന്നത്. ഒരു ബൃഹദ് ജീവിതവും വിശാലമായ ലോകവും പ്രൗഢമായ ആശയവും ഒരു ചെറുകഥയിൽ സന്നിവേശിക്കുമ്പോൾ ആ കഥ ഉദാത്തമാകുന്നു. 

വായനക്കാരന്റെ മനസ്സിൽ നിരന്തരമായ അന്ത:സംഘർഷങ്ങൾ സൃഷ്ടിക്കുകയും അവനെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും അത്തരം കഥകൾ. ബഹിയ രചിച്ച ഉരഗപർവ്വം എന്ന കഥാസമാഹാരത്തിലെ കഥകൾ , വായനക്കാരന്റെ ചിന്തകളെ വരിഞ്ഞു മുറുക്കി അവനിൽ നിന്നും അകന്ന് പോകാൻ കൂട്ടാക്കാതെ , അവന് ചുറ്റും പരിക്രമണം നടത്തിക്കൊണ്ടേയിരിക്കുന്നു. ആശയങ്ങളുടെ മഹാപ്രപഞ്ചമാണ് ബഹിയ ഓരോ കഥകളിലും സൃഷ്ടിച്ചിട്ടുള്ളത്. 

പ്രണയ നീലകളുടെ നാഗദംശനങ്ങൾ എന്ന കഥ , കാൽപനികതയുടെ നിസ്തുല സൗന്ദര്യത്തെയാണ് വരച്ചിടുന്നത്. ആത്മാവിൻറെയും ശരീരത്തിൻറെയും പ്രണയത്തെ , നേരിയ വിറയലോടെ വായനക്കാരനെ അനുഭവിപ്പിക്കുന്ന കഥ. പ്രണയം ഒരു നാഗമായി ശരീരത്തിലും ആത്മാവിലും ശരീരത്തിലും ഇഴഞ്ഞു നീങ്ങുന്ന ഒരു വായനാനുഭൂതിയാണ് ഈ കഥ പകരുന്നത്. വാക്കുകൾ ബിംബങ്ങളാക്കി മാറ്റിയുള്ള കഥാ നിർമ്മിതി. രതിയുടെ മൂർത്തമായ ഭാവങ്ങളെ തിരിച്ചറിയാനാകാതെപോകുന്ന പെൺ ജീവിതത്തിൻറെ അകം അനാവരണം ചെയ്യുന്നുണ്ട് ഈ കഥ. പരൽ മീനുകളുടെ ജഢം എന്ന കഥ സ്വപ്നങ്ങളുടെ നിഗൂഢതയിലേക്ക് വായനക്കാരനെ നടത്തിക്കുന്നു. 

ഓരോ സ്വപ്നവും തൻറേത് മാത്രമായി അവശേഷിപ്പിച്ച് കടന്ന് പോകാൻ വിധിക്കപ്പെട്ട ഒരു പ്രണയിതാവിൻറെ വിചാരങ്ങളുടെ ആവിഷ്കാരമാണിത്. ജീവിതത്തെക്കുറിച്ചുള്ള ഒരു വിചിന്തനമാണ് പരീക്ഷ എന്ന കഥ. ഒപ്പം തന്നെ അക്കാദമിക പരീക്ഷകളുടെ ഭാരവും ഈ കഥ തുറന്നിടുന്നു. ഓർമ്മയുടെ ആഴങ്ങളിലേക്ക് വേരുകൾ പടർന്ന ബന്ധങ്ങളെ മറവിയുടെ മൂടുപടം കൊണ്ട് മറച്ചിടാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുന്ന കഥയാണ് മറവി.

മനുഷ്യ വിചാരങ്ങളെ ആധുനിക സാങ്കേതിക വിദ്യയിലേക്ക് പരിവർത്തനപ്പെടുത്തുന്ന കഥയാണ് ശീർഷക കഥയായ ഉരഗപർവ്വം. സർപ്പം വളയൂരുന്ന മണം പിടിക്കുന്നവളെ ഉന്മാദിയാക്കി മാറ്റി നിർത്തി , ജീവിതത്തിൻറെ ഗെയിമുകൾ തിരയുന്ന പുരുഷനെയാണ് ഈ കഥയിൽ വെളിപ്പെടുത്തുന്നത്. പ്രണയത്തിന്റെ ഞണ്ടിറുക്കങ്ങൾ എന്ന കഥ , വായനയുടെ പുതിയ തലം തുറന്നിടുന്നുണ്ട്. താളരഹിതമായ ദാമ്പത്യത്തിൽ മാംസനിബദ്ധമായ ബന്ധങ്ങളെ തുറന്നിടുകയാണ് കഥാകൃത്ത്. വിവാഹം എന്ന ബന്ധനത്തിലൂടെ ഒരു പെൺകുട്ടിക്ക് അവളെത്തന്നെ നഷ്ടപ്പെടുന്നു എന്നതിന്റെ ആവിഷ്കാരമാണ് സ്വപ്നം കാണുന്ന പെൺകുട്ടി. 

വൃദ്ധയായ ഒരു സ്ത്രീ പാതിരാത്രിയിൽ തിരയുന്നത് കൗമാരത്തിൽ നഷ്ടപ്പെട്ട തന്നെത്തന്നെയാണെന്ന് പറയുന്നിടത്ത് , ഒരു സ്ത്രീ സ്വയം ത്യജിച്ച് കൊണ്ടാണ് കുടുംബ ജീവിത്തിലേക്ക് പ്രവേശിക്കുന്നതെന്ന് പറയുന്നുണ്ട് കഥാകൃത്ത്. തന്റെ സ്വപ്നങ്ങളും തന്റെ സ്വാതന്ത്ര്യവും തന്റെ ജീവിതവുമെല്ലാം നഷ്ടപ്പെടുത്തിയാണ് ഒരുവൾ ഭർത്താവിന്റെ നിഴലായിത്തീരുന്നത്. 

ലോകം എത്രത്തോളം നിന്ദ്യവും വന്യവുമാണെന്ന് പ്രതിപാദിക്കുന്ന കഥയാണ് നന്ദി  എന്ന കഥ . പിറക്കാത്ത ഭ്രൂണം ലോകത്തോട് പറയുന്ന നന്ദിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പെണ്ണെഴുത്തിന്റെ ആശയവിശാലതയെ ഉടലിൻറെ ഹ്രസ്വതയിലേക്ക് ചുരുക്കിക്കെട്ടാൻ ശ്രമിക്കുന്ന ആൺകോയ്മക്കെതിരെയുള്ള അക്ഷരവാൾ ആണ് ‘’ഒരാണൈഡി വിൽക്കാനുണ്ടോ , ആണൈഡി ‘’ എന്ന കഥ. പെണ്ണ് എത്ര നന്നായി എഴുതിയാലും അത് നിൻറെ ശരീരം കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടുന്നതാണ് എന്ന് പറയുന്ന പുരുഷ തൂലികയോടുള്ള പ്രതിഷേധമാണ് ഈ കഥ. ‘കീ’ എന്ന കഥയിൽ പെൺജീവിതത്തിന്റെ യാന്ത്രികതയെയാണ് ബഹിയ രേഖപ്പെടുത്തി വയ്ക്കുന്നത്.ജീവിതത്തിൻറെ പരുക്കൻ പ്രതലത്തിൽ സ്വാഭാവികത നഷ്ടപ്പെട്ട് പോയ സ്ത്രീ ജന്മങ്ങളെയാണ് ഈ കഥയിൽ ചേർത്ത് വെച്ചത്. ആവശ്യപ്പെടുമ്പോഴൊക്കെ ചിരിക്കാനും അർമാദിക്കാനും കരയാനും കഴിയുന്ന ഒരു പെൺമനസ്സിനെ തേടുകയാണ് കഥാകൃത്ത്. 

പെൺജീവിതങ്ങൾ സുരക്ഷിതമല്ലാതാകുന്ന ഈ കെട്ട കാലത്തിന്റെ നേർചിത്രമാണ് ഏർളാടൻ എന്ന കഥ. പ്രാന്തിച്ചി ദേവൂനെ പീഢിപ്പിച്ച് കുളത്തിൽ തള്ളുന്ന എർളാടന്മാർ പെരുകി വരുന്ന ഈ കാലത്ത് , കഥയ്ക്ക് കാലികമായി ഏറെ പ്രസക്തിയുണ്ട്. വായനക്കാരന്റെ ഹൃദയത്തിൽ ഒരേ സമയം നനവ് പടർത്തുകയും കനൽ കൊളുത്തിവെക്കുകയും ചെയ്യുന്ന കഥയാണ് എർളാടൻ.  

ഉപേക്ഷിച്ച് പോകുമ്പോഴും മനസ്സിൽ നിന്നും അടർന്ന് പോകാൻ അനുവദിക്കാത്ത  പ്രണയത്തിൻറെ വശ്യമായ സൗന്ദര്യത്തിന് നിറം പകരുന്ന കഥയാണ് ആധുനിക (രാ)ത. നിരർത്ഥകതയെന്നോ നൈമിഷികതയെന്നോ പറയാവുന്നിടത്ത് നിന്നും അനശ്വരതയെ ചികഞ്ഞെടുക്കുന്ന കഥ. മാതൃത്വത്തിന്റെ മഹനീയ ഭാവത്തെ തുറന്നിടുന്ന കഥയാണ് തീയമ്മ. ഒരു മനുഷ്യസ്ത്രീ ‘പൂച്ചമ്മ’യായി രൂപാന്തരപ്പെടുന്നതിന്റെ നേർച്ചിത്രം. പെണ്ണ് പുരുഷന് വിധേയപ്പെടുന്നതിന്റെ നിസ്സഹായതയും സ്ത്രീയുടെ ചിന്തകളിൽ മാത്രം നിറഞ്ഞു കവിയുന്ന ഭൂതദയയേയും ഈ കഥയിൽ കഥാകൃത്ത് ചേർത്ത് വച്ചിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും ശിശുഹത്യയും ഭ്രൂണഹത്യയും നിർമാർജ്ജനം ചെയ്യപ്പെടേണ്ടതിൻറെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്ന കഥയാണ് കള്ളിപ്പാലകൾ. മാറിടം ചുരത്തും മുമ്പേ കള്ളിപ്പാൽ ചുരത്തപ്പെട്ടതറിഞ്ഞ് പെണ്ണിന്റെ കണ്ണിലൂടെയൊഴുകുന്ന രക്ത വർണ്ണത്തിൻറെ കഥയാണിത്. 

ദൈവത്തിൻറെ കാവൽ എന്ന കഥയിലൂടെ ഈശ്വരന് ആലയങ്ങൾ പണിയുകയും അതിന് കാവൽ നിൽക്കുകയും ചെയ്യുന്നതിന്റെ നിരർത്ഥകതയെ പരിഹസിക്കുകയാണ് ബഹിയ . ഒപ്പം സർവ്വത്ര വ്യാപിച്ച് കിടക്കുന്ന സംഘടനാ സംവിധാനത്തേയും എഴുത്തുകാരി കളിയാക്കുന്നുണ്ട്. “അടുത്ത കാവൽക്കാരൻ വരുന്നത് വരെ ദൈവമേ , നിന്നെ തനിച്ചാക്കി ഞാനെവിടെയും പോവില്ല “ എന്ന് പറയുന്നിടത്ത് ദൈവത്തിന്റെ നിസ്സഹായതയും ഭീതിയും തുറന്നിടുകയാണ് കഥാകൃത്ത്. അടക്കം ചെയ്യപ്പെടുന്ന പെൺസ്വപ്നങ്ങളുടെ അനാവരണമാണ് കുഴിമാടം എന്ന കഥ.

വാക്കുകളുടെ പ്രയോഗത്തിൽ പിശുക്ക് കാണിച്ച് , ആശയാവിഷ്കാരത്തിൽ വിശാലമായൊരു ലോകം തുറന്നിടുന്നവയാണ് ബഹിയയുടെ ഉരഗപർവ്വം എന്ന സമാഹാരത്തിലെ കഥകൾ. പ്രണയത്തെ അതിൻറെ എല്ലാ കാല്പനികതയോടെയും വശ്യതയോടെയും അവാച്യമായ അനുഭൂതിയോടെയും ചില കഥകളിൽ കോർത്ത് വെച്ചിട്ടുണ്ട്. പെണ്ണെഴുത്തിൻറെ ഏറ്റവും നവീനമായ ആവിഷ്കാരമാണ് ബഹിയയുടെ കഥകൾ. പെൺജീവിതത്തിന്റെ ആരും പറയാത്ത കഥകളാണ് ബഹിയ അടയാളപ്പെടുത്തി വച്ചിരിക്കുന്നത്. 38 കഥകളടങ്ങിയ ഉരഗപർവ്വം പ്രസിദ്ധീകരിച്ചത് ഭാഷ ബുക്സ് ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com