അദൃശ്യ സഞ്ചാരികളെ,
നിങ്ങളോടുവിലെത്തിയത്
ഒരു നാൽക്കവലയിൽ!
ഇവിടെയൊരു
പാർട്ടി ആപ്പീസുണ്ട്
ഒരു വായനശാല,
ഒരാശുപത്രി,
മാനവികതയുടെ കൊടിപിടിച്ചൊരു മനുഷ്യനേയും കാണാം
സ്വാഗതം…
ഈ കൊച്ചു കവലയിലേക്ക് !
ഇവിടെ,
അദൃശ്യമായൊരു
ജനസാഗരമുണ്ട്
ഏകാന്തതയുടെ തീരങ്ങളിൽ
ആശ്വാസം തേടി അലയുന്നവർ,
വിരഹ ദുഃഖംപേറി
സ്വയം തീർത്ത തടവറയിൽ
ഒതുങ്ങിപ്പോയവർ..
പ്രണയ സ്വപ്നങ്ങളിലേ
അലസ സഞ്ചാരികൾ…
രോഗപീഡയിൽ
ആശ്വാസം തേടിയെത്തിയവർ
മത പ്രചാരകർ,
വിശ്വാസികൾ,
അവിശ്വാസികൾ,
നിരീശ്വരവാദികൾ,
രാഷ്ട്രീയക്കാർ,
വിപ്ലവകാരികൾ,
നിഷ്പക്ഷതയുടെ
മുഖമൂടിയണിഞ്ഞവർ…
ലഹരിനുരയുന്ന കണ്ണുകളിൽ
സ്വത്വം തേടുന്നവർ,
മദ്യപാനികൾ,
അശ്ലീലം വിളമ്പുന്ന
വ്യാജന്മാർ,
അവരെ പൂജിക്കുന്നവർ,
അവരറിയാതെ പിന്തുടരുന്ന
നിയമ പാലകർ...
അങ്ങനെ, അങ്ങനെ,
നീണ്ടുപോകുന്ന അദൃശ്യരുടെ നിര
കാണാം, വായിക്കാം
അറിയാം
ഒപ്പം ചേരാം,
ചേരാതിരിക്കാം,
ഉപേക്ഷിക്കാം,
ഒളിഞ്ഞിരുന്ന് യുദ്ധംചെയ്യാം..
ഒറ്റക്കിരിക്കുമ്പോൾ,
ഈ നാൽക്കലയിലേക്ക്
ഒന്നിറങ്ങാം…
കണ്ണോടിക്കാം…
ഒറ്റക്കല്ലെന്നറിയുമ്പോൾ,
ഒരല്പം ആശ്വാസം
കിട്ടിയേക്കാം.!
സ്വാഗതം
അദൃശ്യ സഞ്ചാരികൾ
ദൃശ്യ വിസ്മയം തീർക്കുന്ന
നാൽക്കവലയിലേക്ക്.