sections
MORE

ഒരു കൊറോണക്കുറിപ്പ്

crow-teak
SHARE

സ്കൂളിൽ പോകേണ്ടാത്തതിനാൽ ഈ കൊറോണക്കാലം കുട്ടികളെക്കാൾ ടീച്ചറായ എനിക്കാണ് ഒരനുഗ്രഹമായി തോന്നിയത് .  ഫോൺ വിളിക്കാത്തതിന്റെ പരാതികളെല്ലാം തീർത്തത് ഈ കൊറോണക്കാലത്താണ്. വിളിക്കുന്നവർക്കെല്ലാം പരാതികളായിരുന്നു. ആളുകളെ കാണാതെ വീടിനുള്ളിൽ കുത്തിയിരുന്ന് മടുത്ത ചിലർ ..ഭക്ഷണം പാകം ചെയ്തും വീട് വൃത്തിയാക്കിയും മടുത്ത മറ്റു ചിലർ ...കെട്ടിയോൻ 24 മണിക്കൂറും വീട്ടിലായതിനാൽ ചായയുണ്ടാക്കി മടുത്തവർ മറ്റൊരു വശത്തും! എന്നാൽ ഞാൻ ശെരിക്കും എന്ജോയ് ചെയ്യുകയായിരുന്നു  ഈ കൊറോണക്കാലം..എനിക്ക് എന്റേതായ ലോകത്തിരിക്കാൻ ഒത്തിരി സമയം കിട്ടി ...എന്നാലും എനിക്ക് മടുത്തിട്ടില്ല. ..സുഹൃത്തുക്കൾ വിളിക്കുമ്പോഴൊക്കെ പറയാൻ ഒരു കഥ മാത്രം...കൊറോണ... ഇന്നെത്രയായി.. റിക്കവറിയെത്ര .. മരണമെത്ര...! പിന്നെ പിന്നെ അക്കങ്ങൾ നോക്കാതെയായി. ഒരു തരം മടുപ്പ്..അതിലൊരക്കമാവരുതേയെന്ന് മാത്രം ആയിരുന്നു മനസ്സിൽ! മരണത്തെയെനിക്ക് ഭയമില്ല. ഞാൻ പോയാൽ  ചിലർ മാത്രം കുറച്ചു നാളത്തേക്ക് ഒന്ന് വിഷമിച്ചേക്കാം ...അത്രേയുള്ളൂ.. ഞാൻ ഒരു നെഗറ്റീവ് പേഴ്സൺ അല്ല കേട്ടോ.. മരണത്തെക്കുറിച്ചു ഞാൻ ചിന്തിക്കുന്നത് പോലും ഇല്ല എന്നതാണ് സത്യം. അങ്ങേരു വരുമ്പോ വരട്ടെ അത്രന്നെ! എന്നുവെച്ചു വെല്ലുവിളിക്കാനൊന്നും ഞാനില്ല. പേടിച്ചുവിറച്ചു ജീവിതം പാഴാക്കനും തീരെ താല്പര്യമില്ല. തത്കാലം ഞാൻ എന്റെ വഴിയിൽ ഇങ്ങനങ് പോകുന്നു. 

ഇന്ന് രാവിലെ ഉണർന്നത് കാക്കകളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് .ഇവിടെ മുറ്റത്തു നിറയെ ഒത്തിരി ശിഖരങ്ങളുള്ള വലിയ മരങ്ങളാണ്.. ഈ വാടകവീട്ടിൽ സൗകര്യം നല്ല കുറവാണെങ്കിലും ഇവിടെ ഞങ്ങളെ പിടിച്ചു നിർത്തുന്നത് ഈ മരങ്ങളാണ്. വെറുതേ ഈ മരങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അതൊന്നു വേറെ തന്നെയാണ്.3 കുഞ്ഞിക്കിളിക്കൂടും  2  കാക്കക്കൂടും ഉണ്ട് ഈ മരങ്ങളിൽ! .കാക്കകളുടെ കൂട്ടനിലവിളി കേട്ട് ഞാൻ പുറത്തിറങ്ങി നോക്കി .ഒരു കാക്കകുഞ്ഞു നിലത്തു വീണു കിടക്കുന്നു. എന്നെ കണ്ടയുടൻ കാക്കകൾ തലങ്ങും വിലങ്ങും പാറാൻ തുടങ്ങി. ഞാൻ ഉപദ്രവിക്കാൻ വന്നതല്ലെന്നു വിളിച്ചു പറഞ്ഞു. ആര് കേൾക്കാൻ.. എന്റെ തല കൊത്തിപ്പറിക്കുമെന്നു തോന്നി. വേഗം തിരികെ കയറി ഒരു കുഞ്ഞു പാത്രത്തിൽ ഇത്തിരി വെള്ളവും അരിയുമെടുത്തു ഒരു വിധത്തിൽ കാക്കകുഞ്ഞിനരികിൽ കൊണ്ട് ചെന്ന് വെച്ചു.

എന്നിട്ട് അല്പം പുറകിലേക്ക് മാറി നിന്നു. കാക്ക കുഞ്ഞു അതൊന്നും കാണുന്നേയില്ല, ചിറകുകൾ ചെറുതായി മുളച്ചു വരുന്നതേയുള്ളൂ. ഒടുവിൽ ഞാൻ രണ്ടും കൽപ്പിച്ചു ഒരു തുണിയെടുത്തു കാക്കക്കുഞ്ഞിനെ എടുത്ത് മരത്തിന്റെ കൊമ്പിൽ വെച്ചു കൊടുത്തു. കൂട് കുറെ മുകളിലാണ് എങ്കിലും ഇനി അവർ മാനേജ് ചെയ്തോളും എന്ന് കരുതി ഞാൻ അകത്തു കയറി.

കാക്കകളുടെ കരച്ചിൽ നിന്നു. മനസ്സിനൊരാശ്വാസം .. ഒരു നല്ല കാര്യം ചെയ്ത പ്രതീതി.. ഞാൻ എന്റെ പതിവുകലാപരിപാടികളിലേക്കിറങ്ങി . ഉച്ചയായപ്പോൾ വീണ്ടും കരച്ചിൽ ..! ജനാലക്കരികിൽ ഒരു കാക്ക വന്നു അകത്തേക്ക് നോക്കി കരയുന്നു.. വീണ്ടും സഹായാഭ്യര്ഥനയുമായി വന്നിരിക്കയാണമ്മ. ഞാൻ മുറ്റത്തേക്കിറങ്ങി.. അതാ കിടക്കുന്നു കാക്കകുഞ്ഞു വീണ്ടും താഴെ! ഇത്തവണ കുറച്ചുകൂടി മുകളിലത്തെ കൊമ്പിൽ വെച്ച് കൊടുത്തു. വൈകീട്ട് ചെടി നനക്കാൻ മുറ്റത്തിറങ്ങിയപ്പോൾ കാക്കകുഞ്ഞു കുറെ മുകളിലത്തെ കൊമ്പിൽ എത്തിയിരുന്നു..  പതിയെ പതിയെ ഒത്തിരി സമയമെടുത്താണ് കാക്കകുഞ്ഞു ആ കാക്കകളുടെ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നടന്നു നീങ്ങുന്നത്. കണ്ണു കാണുന്നില്ലായെന്നാണ് തോന്നുന്നത്. നേരം ഇരുട്ടി തുടങ്ങി ..രാത്രി ഭക്ഷണം ഇയ്യിടെ നേരത്തെ കഴിക്കാനാണ് പതിവ്. ഭക്ഷണം കഴിഞ്ഞു കുറച്ചു സമയം സോഷ്യൽ മീഡിയയിലും ചിലവഴിച്ച ശേഷം ഉറങ്ങാൻ കിടന്നു. നാളെ വീക്കെൻഡ് ആണ്. അലാറം  വെക്കാതെ ഉറങ്ങാൻ കിടക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ജനലഴികൾക്കിടയിലൂടെ പൂർണ്ണചന്ദ്രനെയും ഇരുട്ടിൽ കാറ്റിൽ നൃത്തം വെക്കുന്ന ഇലകളെയും നോക്കി  കണ്ണുകൾ പതിയെ ഉറക്കത്തിലേക്ക് ... രാത്രിഭക്ഷണം കഴിഞ്ഞു ബ്രഷ് ചെയ്യാതെയാണ് കിടന്നത്..അല്ലെങ്കിലും എന്നും രാത്രിയിൽ  പല്ലു തേച്ചു കിടക്കുന്ന ശീലമൊന്നും എനിക്കില്ല. രാവിലെ തേക്കും അത്രന്നെ...ചെറിയൊരു പല്ലുവേദനയുണ്ടോന്നൊരു സംശയം ...നാവുകൊണ്ട് പല്ലുകൾ മുഴുവനും ഒന്ന് തഴുകി നോക്കി. വെറുതെയൊന്നു തള്ളി നോക്കിയയുടൻ പലങ്ങു കൊഴിഞ്ഞു വീണു. മുൻ നിരയിലെ പല്ലായിരുന്നു.. ഇതുവരെയും ഒരു തകരാറും ഇല്ലാത്ത പല്ല്... ഒരു വേദന പോലും തോന്നിയിരുന്നില്ല. കൊഴിഞ്ഞു വീണ പല്ല് കയ്യിൽ പിടിച്ചു . നാവുകൊണ്ട് പല്ലുപോയ വിടവിൽ ഒന്ന് തട്ടിച്ചു നോക്കി.. ചോരയൊന്നും വരുന്നില്ല... തൊട്ടടുത്ത പല്ലിൽ  തട്ടിയതും ആ പല്ലും അടർന്നു. മോണക്ക് തീരെ ബലമില്ലാത്തതുപോലെ.. . പല്ലുകൾ ഓരോന്നായി ഊരി വീണു..കൈ നിറയെ പല്ലുകൾ..എന്റെ ചുണ്ടിനു താഴെയായി ചെറിയ ഒരു കുമിള പോലെ.. ഒരു ടവൽ എടുത്ത് തുടച്ചതും ആ ഭാഗത്തെ തൊലിയും ടവ്വലിന്റെ കൂടെ പോന്നു.കണ്ണാടിയിൽ ചെന്ന് നോക്കിയപ്പോൾ വൃത്താകൃതിയിൽ ഒരു ദ്വാരം..അതിനുള്ളിലൂടെ എന്റെ പല്ലില്ലാത്ത മോണ കാണുന്നു. ഇതെന്തൊരു ഭീകരമായ അവസ്ഥയാണ്..ഞാൻ വല്ലാതെ അസ്വസ്ഥയായി..ഇനിയിപ്പോ പ്ലാസ്റ്റിക് സർജറി ചെയ്ത ആ ദ്വാരം അടക്കാൻ പറ്റുമോ.. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ..ഏതായാലും നമ്മുടെ ഫാമിലി ഡോക്ടറെ വിളിച്ചു  കാര്യം പറയാമെന്നു വെച്ചു..മൊബൈൽ വെച്ച സ്ഥലത്തില്ല,..ചാടിയെണീറ്റു ലൈറ്റ് ഇട്ടു.മൊബൈൽ അവിടെ തന്നെയുണ്ട്..വേഗം മൊബൈൽ എടുത്ത് ഡയൽ ചെയ്യും മുൻപ് കണ്ണാടിയിലൊന്നു നോക്കി .. ഹോ!...എന്റെ മനസിന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ എനിക്കറിയില്ല...സമാധാനമോ  സന്തോഷമോ..എന്താണെന്നറിയില്ല..എന്റെ പല്ലുകൾക്കൊന്നും സംഭവിച്ചിട്ടില്ല..എനിക്കൊന്നും പറ്റിയിട്ടില്ല...സ്വപ്നവ്യാഖ്യാനം പറയുന്ന ഒരു ബന്ധു എനിക്കുണ്ടായിരുന്നു ..അവൾ പറയും പല്ല് പറയുന്നത് കണ്ടാൽ  ആരെങ്കിലും മരിക്കുമെന്ന്...ഒരു രസത്തിനു കേട്ടിരിക്കാമെന്നല്ലാതെ എനിക്കത്തരം വ്യാഖ്യാനങ്ങളിലൊന്നും ഒരു വിശ്വാസവുമില്ല എന്നുമാത്രമല്ല പരമ്പരാഗതമായ ആചാരങ്ങൾക്കെല്ലാം ഞാൻ എതിരാണ്. മനുഷ്യർ എന്തൊക്കെയാണീ കാണിച്ചു കൂട്ടുന്നത് എന്ന് പലപ്പോഴും തോന്നാറുണ്ട്. ..കതകു തുറന്നു മുറ്റത്തേക്കിറങ്ങി..കാക്കകുഞ്ഞു നിലത്തു ചത്ത് കിടക്കുന്നു..ചെറിയൊരു കുഴി കുത്തി കാക്കക്കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങ് ഞാൻ ഒറ്റക്കങ്ങു നടത്തി..  ജനലരികിൽ നിന്നിരുന്ന പാവം അമ്മക്കാക്കയെ പിന്നെയാണ് ഞാൻ കണ്ടത്. ഹൃദയവേദനയോടെ ആ കാക്ക ദൂരേക്ക് പറന്നകലുന്നതും നോക്കി നിസ്സഹായതയോടെ ഞാൻ നിന്നു....  അപ്പോഴും എന്റെ നാവ് പല്ലുകൾ മുഴുവനും അവിടെ തന്നെയുണ്ടോയെന്നു പരതി നോക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA