sections
MORE

സ്വപ്‌നവധു

girl
SHARE

ഗൾഫിലെത്തിയ കാലം.  വിവാഹത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയ സമയം. അവധിക്കു ചെല്ലുമ്പോൾ പെണ്ണുകാണാൻ പല ആലോചനകളും വന്നിട്ടുണ്ട്. "പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ" എന്ന ഗാനം സ്ഥിരം കേൾക്കുന്നതു കൊണ്ട് ഭാവി ഭാര്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സാരിയുടുത്തു നമ്രശിരസ്കയായി, നാണം തുളുമ്പി പെണ്ണുകാണൽ ചടങ്ങിൽ ചായയുമായി കടന്നു വരുന്ന പെൺകുട്ടിയോടു പൗരുഷത്തിന്റെ ഭാഷയിൽ ചോദിക്കാനുള്ള ചില ചോദ്യങ്ങളൊക്കെ കരുതി വച്ചിട്ടുണ്ട്. ശ്രീനിവാസനു പറ്റിയ അബദ്ധം പറ്റരുതല്ലോ. 

അപ്രതീക്ഷിതമായാണ് നാട്ടിൽ നിന്നും ഒരകന്നമാമന്റെ ഫോൺ വന്നത്. പുള്ളിക്കാരന്റെ സുഹൃത്തിന്റെ മകൾ ദുബായിലുണ്ട്. നല്ല അടക്കവും ഒതുക്കവും ഉണ്ടത്രേ. മൗനഭാഷിണി. പഠനത്തിൽ ബിരുദമുണ്ട്  സൽസ്വഭാവത്തിൽ ബിരുദാനന്തര ബിരുദം. സൗന്ദര്യത്തിൽ ഡോക്ടറേറ്റ് . ഗൾഫിൽ വളർന്നതിന്റെ ഒരു ലക്ഷണവുമില്ലെന്ന് മാമനു നേരിട്ടു കണ്ടറിവുണ്ടത്രേ. എനിക്കിതിലും നല്ലൊരു കുട്ടിയെയിനിക്കിട്ടില്ലെന്ന് ഒരു മുന്നറിയിപ്പും..!! മാത്രവുമല്ല പെൺകുട്ടിയുടെ വീട്ടുകാർക്ക് എന്നെക്കുറിച്ച് വിശദമായി തിരക്കി ശ്ശി പിടിച്ചിരിയ്ക്കുന്നത്രേ.

തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു. മാമനോട് ഒരു ഫോട്ടോ ചോദിക്കാഞ്ഞതു മണ്ടത്തരമായിപ്പോയീന്ന് മനസ്സു പറഞ്ഞു. സാരമില്ല, അടുത്ത വെള്ളിയാഴ്ച പെണ്ണുകാണൽ ചടങ്ങ് ദുബായിൽ തന്നെ തരപ്പെടുത്താമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. ക്ഷമിയ്ക്കുക തന്നെ. ചടങ്ങിന് കൂടെ വരാൻ ബന്ധുക്കളാരുമില്ല.  സുഹൃത്തുക്കളെ കൂടെക്കൂട്ടാൻ ' ഒരു മടി. ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ്. പണ്ടൊരു ദുഷ്ടനെ ഇതുപോലെ  പെണ്ണുകാണലിനു കൂടെക്കൂട്ടി പണി കിട്ടിയതിനിയും മറന്നിട്ടില്ല.

വിളിയ്ക്കുമെന്നു പറഞ്ഞിട്ട് ആരുമിതുവരെ വിളിച്ചില്ല ഫോൺ കാളിനായുള്ള കാത്തിരുപ്പു തുടർന്നു. ആരായിരിയ്ക്കും വിളിയ്ക്കുക? അമ്മായി അപ്പനോ അളിയനോ..?! എവിടെ വച്ചു കാണാമെന്നു പറയണം? അതോ വീട്ടിലേക്കു വിളിയ്ക്കുമോ? ഒരു ദിവസം കഴിഞ്ഞു ... രണ്ടാം ദിവസം രാത്രിയായി. നാളെ വെള്ളി. ആരും വിളിച്ചില്ല. നമ്പരുണ്ടായിരുന്നെങ്കിൽ അങ്ങോട്ടു വിളിയ്ക്കാമായിരുന്നു. ഞാനാകെ നിരാശനായി. അമ്മാവനെ വിളിച്ചാലോ. നാട്ടിലർധരാത്രിയായതു കൊണ്ടു വേണ്ടെന്നു വച്ചു.  

ഏതായാലും അതെനിക്കൊരു കാളരാത്രിയായിരുന്നു. ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടച്ചാൽ പെണ്ണുകാണൽ ചടങ്ങിലേക്കു മന്ദം മന്ദം കടന്നു വരുന്ന സാരിയുടുത്ത ശാലീന സുന്ദരിമാരുടെ നീണ്ട നിര. അതിലേതാണവൾ. പച്ചസാരിയോ നീലസാരിയോ? അതോ മുല്ലപ്പൂവച്ച നീണ്ടു മുടിക്കാരിയോ?

നേരം പുലർന്നു കണ്ണു തുറന്നപ്പോൾ ഒരു മെസ്സേജ്. ഉച്ചയ്ക്ക് ഹോട്ടൽ ഹയാത്തിന്റെ റസ്റ്റോറന്റിൽ വച്ചു കാണാമെന്ന്. ആശ്വാസം . രാവിലെ മുതൽ തയ്യാറെടുപ്പു തുടങ്ങി. രണ്ടു തവണ ഷേവു ചെയ്തു. നാലു തവണ ഡ്രസ്സു മാറ്റി. പറഞ്ഞ സമയത്തിനും അരമണിക്കൂർ മുൻപേ അവിടെത്തി.  പക്ഷെ എങ്ങനെ തിരിച്ചറിയും?എന്റെ ഫോട്ടോ കണ്ടിട്ടുള്ളതു കൊണ്ട്  അവർക്കെന്നെ കണ്ടാൽ തിരിച്ചറിയും. എതിരെ വന്ന എല്ലാ മലയാളിയേയും കണ്ടു ചിരിയ്ക്കാൻ ശ്രമിച്ചു. ചിരിച്ചു ചിരിച്ചു കിറി കോടിയതു മിച്ചം.

എന്റെ ചിരി കണ്ടിട്ടാണോ എന്നറിയില്ല നിക്കറിട്ട് തൊപ്പി വച്ച് കൂളിംഗ് ഗ്ലാസ്സിൽ ഒരു സങ്കര മദാമ്മ  ഹായ് പറഞ്ഞു മുന്നിൽ വന്നിരുന്നു. ഇരുന്ന വഴിക്ക് ഒരു ബിയറിന് ഓർഡറും കൊടുത്തു. എനിയ്ക്കെന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. മാറിയിരിയ്ക്കാമെന്നു വച്ചാൽ കാലിറ്റേബിളൊന്നും കാണാനുമില്ല. അവരെത്താറായി. ഈ സാധനത്തിന്റെ കുടെങ്ങാനും കള്ളും കുടിച്ചിരിയ്ക്കുന്നതു കണ്ടാൽ അവരെന്തു കരുതും. എന്തു പറഞ്ഞാണൊന്നൊഴിവാക്കുക. വായിലിട്ടു കുഴച്ചു പറയുന്ന ഇംഗ്ലീഷു കേട്ടിട്ടു പകുതി മനസ്സിലാവുന്നുമില്ല. പിന്നല്ലേ പറഞ്ഞു മനസ്സിലാക്കുന്നത് ... ഈശ്വരാ എവിടുന്നു കയറു പൊട്ടിച്ചു വന്നതാണോ എന്തോ? പെൺ സങ്കൽപത്തിന്റെ പേരുകളയാനായിട്ടുള്ള ജന്മം. 

"ഇറ്റ്സ് റ്റൂ ഹോട്ട് ഔട്ട് സൈഡ് " എന്നു പറഞ്ഞു കൊണ്ടവൾ തൊപ്പിയൂരിയപ്പോൾ ഉള്ളിൽ ഒതുക്കി വച്ച നീണ്ട കറുത്തു ചുരുണ്ട മുടി താഴേയ്ക്കു വീണു. കൂളിംഗ് ഗ്ലാസ്സ് കൂടിയൂരിയപ്പോഴാണ് മലയാളിയാണെന്നു മനസ്സിലായത്.

"ഡാഡ് കൂടെ വരാനിരുന്നതാണ്.  ഞാൻ പറഞ്ഞു വേണ്ടെന്ന്. ആഫ്റ്റർ ആൾ നമ്മളല്ലേ തീരുമാനിയ്ക്കേണ്ടത് " 

ചൂടു ചായക്കു മുന്നിൽ വിവാഹ സ്വപ്നങ്ങൾ ആവിയായി പുറത്തേയ്ക്കു പായുമ്പോൾ മലയാളിയായ ശാലീനസുന്ദരിയെ പെണ്ണുകാണിച്ച  "മാമ"ൻ്റെ മുന്നിൽ ശ്രീകൃഷ്ണനാകാൻ ഒരു നിമിഷം ആഗ്രഹിച്ചു പോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA