ADVERTISEMENT

ഓഗസ്റ്റിലെ മഴപെയ്യുന്ന ഒരു പ്രഭാതം , ഇരുപത് വർഷങ്ങൾക്ക് മുൻപാണ് . മഴ നല്ല ശക്തിയായി തന്നെ പെയ്യുന്നുണ്ട് ,  അന്നൊക്കെ  സുബഹ് നിസ്‌കാരത്തിന് ശേഷം അസുഖമായി കിടക്കുന്ന ഉപ്പയെ പരിചരിച്ചാണ് ഉമ്മയുടെ ഒരു ദിവസം തുടങ്ങുക .

പട്ടാമ്പിയിൽ പഠിക്കുന്ന കാലമാണ് . കോളേജിലേക്ക് പോകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബ്രഷും പേസ്റ്റും എടുത്ത് എഴുനേറ്റ് വരുമ്പോൾ മഴയത്ത് കിണറിൽ നിന്നും വെള്ളം കോരുന്ന ഉമ്മയെയാണ് കണ്ടത് .

അടുക്കളയിൽ നിന്നും ദോശയുടെയോ മറ്റു പ്രഭാത ഭക്ഷണങ്ങളുടെയോ മണമടിക്കാത്തത് കൊണ്ട്  ഇന്ന് നേരം വൈകും എന്ന് മനസ്സിലായി .

കുളികഴിഞ്ഞു വരുമ്പോൾ ഉമ്മ തേങ്ങാ  ചിരകുന്നേയുള്ളൂ , 

"ഇനീം ഒന്നും ആയില്ലേ "എന്ന് ദേഷ്യത്തിൽ പറഞ്ഞശേഷം ഞാൻ വസ്ത്രങ്ങൾ മാറാനായി റൂമിലേക്ക് പോയി. 

തിരികെ അടുക്കളയിലേക്ക് വന്നപ്പോൾ അടുക്കളയിൽ ഉമ്മയെ കണ്ടില്ല .

വടക്കേ പുറത്തെ  മേൽക്കൂരയിൽ നിന്നും പെയ്യുന്ന മഴയിലേക്ക് ഉമ്മ വിരലുകൾ കാണിക്കുന്നുണ്ട് . ഇടതു കൈയിലെ  രണ്ടാം വിരരിൽ നിന്നും നിർത്താതെ രക്തമൊഴുകുന്നു .

ഉപേക്ഷിച്ച തട്ടത്തിന്റെ ഒരു കഷ്ണം കൊണ്ട് ഉമ്മയുടെ വിരലുകൾ കെട്ടി കൊടുക്കുന്ന അനിയത്തി .

എന്നിട്ടും എന്തോ ഭക്ഷണം റെഡിയാകാത്തതിലുള്ള  അസ്വസ്ഥത എന്റെ വാക്കുകളിലോ മുഖത്തോ വായിച്ചെടുത്തപ്പോൾ ഉമ്മ എന്നെ പുഞ്ചിരിയോടെ നോക്കിയ ആ നോട്ടം ഇന്നും മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല . ഒരു പക്ഷെ അടുക്കളയിലെ കറി കത്തി ഉണ്ടാക്കിയ വേദനയേക്കാൾ ഉമ്മയെ നോവിച്ചിട്ടുണ്ടാകുക എന്റെ അസ്വസ്ഥത തന്നെയായിരുന്നിരിക്കണം .

അസുഖമായി കിടക്കുന്ന ഉപ്പ രാത്രിയിൽ ഒരു പോള കണ്ണടച്ചിരുന്നില്ല എന്ന് വൈകുന്നേരം അനിയത്തി പറഞ്ഞപ്പോൾ രാത്രിയിലെ ഉറക്കം നഷ്ടപെട്ട ഉമ്മയെയും കറിക്കത്തിയും ഞാനും ഉണ്ടാക്കിയ നോവിനെയും പറ്റി ചിന്തിക്കുകയായിരുന്നു  .

എന്നിട്ടും ഉമ്മയോട് ക്ഷമിക്കണേ എന്ന് പറയാൻ ഈഗോ സമ്മതിച്ചില്ല . രണ്ടു ദിവസം ഉമ്മയുടെ മുഖത്ത് പോലും നോക്കാൻ കഴിയാതെ നടന്നപ്പോൾ ഉമ്മ ചിരിച്ചു കൊണ്ട് പ്രശ്നം പരിഹരിച്ചത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട  മൊട്ട കുഴലപ്പം ഉണ്ടാക്കി തന്നാണ് .

എന്നിട്ടും ഇടയ്ക്കിടയ്ക്ക് ഉമ്മയുടെ വിവിധ  വിരലുകളിൽ പഴയ തട്ടത്തിന്റെ കഷ്ണങ്ങൾ ചുറ്റി വെച്ചിരിക്കുന്നത് കുറേയേറെ കണ്ടിട്ടുണ്ട് .

ഒരിക്കൽ പോലും ഈ മുറിവുകളുടെ പേരിൽ ഡോക്ടറുടെ അടുത്ത് പോകുകയോ , പോകണമോ എന്ന് ഞാൻ ചോദിക്കുകയും ചെയ്തിട്ടില്ല .

വിറകുവെട്ടുമ്പോൾ മരച്ചീളുകൾ ഉമ്മയുടെ കാലിലേക്ക് തറച്ച് മുറിവ് പറ്റിയും വെള്ളമെടുക്കുന്ന മോട്ടോർ  കിണറ്റിലേക്ക് ഇറക്കുമ്പോൾ വലിയ ചകിരിക്കയർ ഉരഞ്ഞ് ഉമ്മയുടെ ചുവന്ന കൈവെള്ളയിലെ തൊലികൾ കൂടുതൽ ചുവന്നതും ഞാൻ കണ്ടില്ല .

വെളുത്ത് സുന്ദരിയായിരുന്ന ഉമ്മയെ അടുക്കളയിലെ കരികൾക്കിടയിലും വടക്കേ പുറത്തെ തിരക്കുകൾക്കിടയിലും അല്ലാതെ വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല .

ബലിപെരുന്നാളിന്ന് പോലും നല്ല വസ്ത്രങ്ങൾ ഉടുക്കാൻ ഉമ്മാക്ക് സമയം കിട്ടിയിട്ടുണ്ടാകില്ല . അടുത്ത വീടുകളിലെ കല്ല്യാണങ്ങൾക്ക് പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള വെള്ളയിൽ നീല ബോഡറും ചുവപ്പും മഞ്ഞയും പൂക്കളുമുള്ള ഓയിൽ സാരിയുടുത്ത് ഉമ്മ പോകുമ്പോൾ അടുക്കളയിൽ കരിപിടിച്ചു നിന്നിരുന്ന ഉമ്മതനെയാണോ അതെന്ന് വളരെ ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ട് .

ഓഗസ്റ്റിലെ ഒരു മഴക്കാലത്ത് തൃശൂർ മെഡിക്കൽ കോളേജിലെ മോർച്ചറിക്ക് മുന്നിൽ ഉപ്പായുടെ മയ്യിത്തിന് വേണ്ടി കാത്തു നിൽക്കുമ്പോൾ ഉമ്മായുടെ അതേ ഓയിൽ സാരിക്ക് ഉപ്പായുടെ മരുന്നുകളുടെ മണമായിരുന്നു . അന്ന് മുന്നിലേക്കുള്ള വഴികളെല്ലാം അടഞ്ഞ് കെട്ടിപിടിച്ചു കരയാൻ ഉപ്പായുടെ മരുന്നുകളുടെ മണമുള്ള ഓയിൽ സാരിയുടുത്ത ഉമ്മമാത്രമേ ഈ ലോകത്ത് ഉണ്ടാക്കിയിരുന്നുള്ളൂ .

ജൂണിലെ മഴയുള്ള ഒരു പ്രഭാതത്തിൽ അബ്ദുമോൻ ഇക്കായുടെ അംബാസിഡർ കാറിൽ ആദ്യമായി ഗൾഫിലേക്ക് പോകാൻ വേണ്ടി പുറപ്പെടുമ്പോൾ നിറം മങ്ങിയ ചുവന്ന ഉമ്മക്കുപ്പായത്തിൽ ഉമ്മ വിങ്ങുന്നത് ഞാൻ കണ്ടുനിന്നു . അപ്പോഴും ആ പുഞ്ചിരി മുഖത്തുണ്ടായിരുന്നു .

വർഷങ്ങൾക്ക് ശേഷം വിവാഹത്തിന്റെ ആദ്യനാളുകളിൽ അടുക്കളയിൽ പണിപഠിക്കുന്ന ഭാര്യയുടെ വിരൽ മുറിഞ്ഞപ്പോൾ ചെറിയ മുറിവായിരുന്നിട്ടും ആശുപത്രിയിലേക്ക് പോകാൻ നിർബന്ധിച്ചത് ഉമ്മയായിരുന്നു . അപ്പോഴും ഭാര്യയുടെ വിരലുകളിൽ അവളുടെ ചുവന്ന ഷാളിന്റെ കഷ്ണം വട്ടത്തിൽ ചുറ്റി കിടന്നു.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട വെണ്ടക്കാ കറിയും കൈപ്പക്കാ  കറിയും പയര് തോരനും ബീഫ് വറ്റിച്ചതും ഉണ്ടാക്കുമ്പോൾ ആ ഇരുപത് വിരലുകൾ എത്രയോ തവണ മുറിഞ്ഞും കാണും എത്രയോ തവണ ചൂട് കൊണ്ട് തൊലിപ്പുറം വെന്തുകാണും .

എന്നിട്ടും ആശ്വസിപ്പിക്കാനുള്ള മനസ്സില്ലാതെ ... നമ്മളൊക്കെ പരസ്പരം ആശ്വസിപ്പിക്കാൻ കഴിയാത്ത ധ്രുവങ്ങളിലാണ്  ജീവിക്കുന്നത് .

ഇവിടെ സൂഫി വില്ലയിലെ ഒഴിവു ദിവസത്തിൽ 

ഇന്നലെ സാമ്പാർ ഉണ്ടാക്കാൻ വേണ്ടി പച്ചക്കറികൾ വെട്ടുന്നതിനിടയ്ക്ക് വിരൽ മുറിഞ്ഞ് ചോരവരുമ്പോൾ കാണാനും കുറ്റപ്പെടുത്താനും ആരുമില്ലാതിരുന്നിട്ടും നൊന്തത് വിരലുകൾക്ക് മാത്രമായിരുന്നില്ല ... രണ്ടു ഹൃദയങ്ങളുടെ നോവ് ഞാൻ സ്വയം അനുഭവിക്കുകയായിരുന്നു .

ശരിക്കും ശരീരത്തിന്റെ നോവിനേക്കാൾ എത്രയോ വലുതാണ് മനസ്സിന്റെ നോവ് ...അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന ഏറ്റവും വലിയ നോവ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com