sections
MORE

ഒറ്റച്ചിറക്

SHARE

"ഇവിടെ ആരുമില്ലേ?" നസീർ ഇരുമ്പു ഗേറ്റ് ആഞ്ഞുകുലുക്കി. ദിയ ഉപ്പയെ നോക്കി. ഉള്ളിൽ നിന്നും കുറ്റിയിട്ടു വെച്ച ഗേറ്റിൻ്റെ കൊളുത്ത് സ്വയം മാറ്റി നസീർ ഗേറ്റ് തള്ളി തുറന്നു. ഗേറ്റിൻ്റെ ഇരുമ്പുകമ്പികൾ കൽമതിലിൽ തട്ടി ഉലഞ്ഞു നിന്നു. മുറ്റത്ത് കനത്ത കാലടി ശബ്ദം. പതിയെ അടുത്തടുത്തു വരുന്നു. " അവനെന്താണീ നേരത്ത് ...! " പിറുപിറുത്തു കൊണ്ട് അബ്ദു പടിവാതിൽ തുറക്കാനായി ചെന്നു. ഓടാമ്പൽ മാറ്റുമ്പോൾ അയാൾ തിരിഞ്ഞ് മകളുടെ നേരെ കനപ്പിച്ചു നോക്കി. 

ആ നോട്ടത്തിന്റെ അർത്ഥം അവൾക്കറിയാം. തലയിൽ അലസമായി കിടന്നിരുന്ന തട്ടം നേരെയാക്കി. ഒരറ്റം അവൾ വലിച്ചു പുതച്ചു. മടക്കിക്കയറ്റി വച്ച നീളൻ കുപ്പായക്കൈ താഴ്ത്തി അവൾ ഒതുങ്ങി മാറി നിന്നു. "ഇവിടെയാരും ഇല്ലേ ...?" നസീർ വാതിലിൽ ശബ്ദത്തിൽ മുട്ടി. "അവനോട് അധികം മിണ്ടാൻ നിക്കണ്ട. എന്തെങ്കിലും പറയാനുണ്ടേ ഞാനുള്ളപ്പോ എന്റെ മുന്നിൽ വെച്ച് മതി, കേട്ടല്ലോ ?!!" "ശരിയുപ്പാ...." അവൾ പതിയെ പറഞ്ഞു. ഉപ്പ വാതിൽ തുറക്കുമ്പോൾ ദിയയുടെ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. ഹാളിൽ പുകക്കറയേറ്റു മങ്ങിയ നാല്പത് വാട്ട് ബൾബിന്റെ മഞ്ഞ വെളിച്ചത്തിൽ ആറടി പൊക്കത്തിൽ തടിച്ചു രോമാവൃതമായ ഒരു ശരീരം വാതിൽപ്പടിയിൽ നിറഞ്ഞു.... അത് പതുക്കെ അകത്തേക്ക് നീണ്ടുനിവർന്ന് കടന്നു വന്നു. 

ഒരു സ്വകാര്യ ബസ്സിന്റെ ഡ്രൈവറാണ് നസീർ. അയാളുടെ കാലടികൾ പതിയുന്നതിനനുസരിച്ച് നിലത്തു പാകിയ മരപ്പലകകൾ ഓരോന്നും അസ്വസ്ഥരായി മുരണ്ടു. ഗ്രീസും ഓയിലും വിയർപ്പും ഇടകലർന്ന രൂക്ഷഗന്ധം അകത്തളം നിറഞ്ഞു. ഒരു കോണിൽ തലകുനിച്ചു നിന്നിരുന്ന ദിയയുടെ മെലിഞ്ഞു കൊലുന്നനെയുള്ള ശരീരം അയാൾ ഇടംകണ്ണിട്ട് അടിമുടി നോക്കി. പിന്നെ അബ്ദുവിനെ നോക്കി മുഖത്ത് കപടമായ ഒരു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു." അസ്സലാമു അലൈക്കും " " മ്മ് സലാം." അനിഷ്ടത്തോടെ ദിയയുടെ ഉപ്പ സലാം മടക്കി. എന്നിട്ട് നസീറിനെ വകവെക്കാതെ വാതിൽ തുറന്ന് കോലായിലേക്ക് നടന്ന് ചാരുകസേരയിൽ അമർന്നിരുന്നു. പത്രത്താളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ചോദിച്ചു. "നീ എന്താ മുന്നറിയിപ്പില്ലാതെ ഇതുവഴി?" പകൽ മുഴുക്കെ വളയം പിടിച്ചതിന്റെ ക്ഷീണമേറ്റ് ഇരുണ്ട മുഖത്ത് കഷ്ടപ്പെട്ട് വിരിയിച്ച ചിരിയിൽ വസൂരിക്കലകൾ വരിഞ്ഞു മുറുകി... “ഒന്നും പറയണ്ടാ... ബസ് ഒന്ന് വർക്ക് ഷോപ്പിൽ കയറ്റേണ്ടി വന്നു. ഇവിടെ അടുത്തല്ലേ. 

നാളെ രാവിലെയേ ശെരിയാവൂ. പിന്നെ ഇങ്ങോട്ട് പോന്നു." തോളത്ത് കിടന്നിരുന്ന മുഷിഞ്ഞ തുണിസഞ്ചി നിലത്തുവെച്ചു. കാലിലെ ഷൂ അഴിച്ചുമാറ്റി നസീർ പറഞ്ഞു. " ഹമ്... അപ്പോ രാവിലെ പോകുമല്ലോ " ഉപ്പയുടെ തണുത്ത ചോദ്യം. “ഹമ് അതെ ” നസീർ ഒരു മങ്ങിയ ചിരിയോടെ ദിയയെ നോക്കി... “ നീ പത്താം തരത്തിലല്ലേ ഇപ്പോ ...? " ദിയ ഉപ്പയെ നോക്കി. " ഹമ് അതെ... " ഉപ്പയാണ് മറുപടി പറഞ്ഞത്. "വല്യ കുട്ടിയായപ്പോ നമ്മളെയൊന്നും വേണ്ടാതായി അല്ലേ. അയാളവളുടെ അടുത്തേക്ക് നീങ്ങി. എന്നിട്ട് മെല്ലെ അവളെ തന്റെ ചേർത്തണച്ചു. അവൾ അസ്വസ്ഥതയോടെ അയാളുടെ കൈ വിടുവിപ്പിക്കാൻ ശ്രമിച്ചു. പത്രത്തിൽ ലയിച്ചിരിക്കുന്ന അവളുടെ ഉപ്പയെ കൺകോണിൽ നിർത്തിക്കൊണ്ട് അയാൾ അവളുടെ മുതുകിലൂടെ വിരലുകൾ പായിച്ചു... അവൾ പിടഞ്ഞു. അയാളുടെ ബലിഷ്ഠമായ കരങ്ങളിൽ നിന്ന് കുതറിമാറി തലകുനിച്ചു നിന്നു. അത് വകവെക്കാതെ നസീർ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു. " എന്റെ ദിയക്കുട്ടീ... പുറത്ത് എന്തൊരു ചൂടാണ്. ഈ കുപ്പായക്കൈ ഒക്കെയൊന്ന് മടക്കിവെച്ചൂടെ..?" "ഞാനതിന് പുറത്തേക്കൊന്നും പോയില്ല" അയാളുടെ കൈ തന്റെ ദേഹത്ത് നിന്നും അടർത്തി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

 "നിനക്ക് അടുക്കളയിൽ പണിയൊന്നുമില്ലെങ്കിൽ പുസ്തകമൊക്കെ മടക്കി വെച്ച് കിടന്നുറങ്ങാൻ നോക്ക് ദിയാ " തന്റെ മുറിയിലേക്ക് പോകാനുള്ള ഉപ്പയുടെ താക്കീത് കലർന്ന ഇടപെടൽ. അവൾ ആ അരങ്ങിൽ നിന്ന് പതുക്കെ തന്റെ മുറിയിലേക്ക് വലിഞ്ഞു. വാതിൽ അടച്ച് കട്ടിലിലേക്ക് വീണു. അരിച്ചു നീങ്ങുന്ന നിറത്തിന്റെ ധ്യാനം മുടക്കിക്കൊണ്ട് ഉപ്പ പടിവാതിലടച്ചു. പഴകിയ കനമുള്ള മരത്തിൽ തീർത്ത വാതിൽപാളികൾ തമ്മിലുരഞ്ഞ ശബ്ദത്തിൽ വിജാഗിരിയിളകിയ തന്റെ മുറിയിലെ വാതിലുകൾ ഉൾക്കിടലത്തോടെ ഉലഞ്ഞു നിന്നു. ഭയപ്പാടോടെ ദിയ തലയിണയിൽ നിന്നും മുഖമുയർത്തി വാതിലിന് നേർക്ക് നോക്കി. ഉപ്പയുടെ കാലടിശബ്ദം കോലായിൽ നിന്ന് ആളുടെ കിടപ്പറ വരെ ചെന്ന് ഇല്ലാതെയായി. ഉപ്പയുടെ മുറിയുടെ വാതിലടഞ്ഞതും കനത്ത മൂകത ഇരുളിന് കൂട്ടായി വീണ്ടും അരങ്ങു കയ്യടക്കി... ഓരോ നിമിഷവും അവൾ പേടിയോടെ മുറിയുടെ വാതിൽക്കലേക്ക് നോക്കി... പാതിരാ കോഴി കൂകിയപ്പോഴും ചുടുകാറ്റിൽ തെങ്ങോലകൾ ഇളകിയപ്പോഴും അവൾ ഞെട്ടിയെഴുന്നേറ്റ് വിറപൂണ്ടിരിന്നു.

 മനസ്സിലെ മരവിപ്പ് ചീർത്ത കൺപോളകൾ എപ്പോഴോ ചേർന്നൊട്ടി അവളെ മയക്കത്തിലേക്ക് വീഴ്ത്തി. തന്റെ മുറിയുടെ വാതിലാരോ തള്ളിതുറന്നുവോ... കനത്ത കാലൊച്ചകൾ കട്ടിലിനടുത്തേക്ക് മെല്ലെ അടുക്കുന്നുവോ..... നിഷ ഘനീഭവിച്ച തണുത്തുറഞ്ഞ അനേകം നിമിഷങ്ങൾക്കൊടുവിൽ ആറടിപ്പൊക്കത്തിൽ ഒരു മനുഷ്യരൂപം അരണ്ട നിലാവെളിച്ചത്തിൽ തെളിഞ്ഞു വരുന്നതായി അവൾക്കു തോന്നി... ഒരല്പ നേരം കൂടി നിശ്ചലതയിലുറഞ്ഞ സമയം ശ്വാസമടക്കി കിടന്നു... സ്വപ്നമാണോ എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് വീണ്ടും കാലൊച്ചകളടുത്തു വന്നത്. രൂക്ഷമായ വിയർപ്പിന്റെയും ഗ്രീസിന്റെയും ഗന്ധം തൻ്റെ മുറിയിൽ നിറഞ്ഞത്. അയാൾ ശ്രദ്ധയോടെ വലിച്ചു വിടുന്ന ചുടുശ്വാസം തൻ്റെ കഴുത്തിൽ തട്ടിയപ്പോൾ അവളുടെ ശരീരം പൊള്ളി . ഇതൊരു സ്വപ്നമാവണമേ എന്ന് അവൾ പ്രാർത്ഥിച്ചു.

 അവളുടെ കൈയ്യിൽ പരുപരുത്ത രണ്ടു കൈകളുടെ പിടിത്തം വീണു. അവളുടെ ഹൃദയമിടിപ്പ് കൂടി. കിടക്കയിൽ ചരിഞ്ഞുകിടന്നിരുന്ന അവളെ ഉണരാതിരിക്കാൻ പാടുപെട്ട് കൊണ്ട് അയാൾ പുറം തിരിച്ചു കിടത്തി. എന്നിട്ട് ശ്രദ്ധയോടെ പുറം ഒട്ടി അരയോളം നീണ്ടു ഞാന്നു കിടന്നിരുന്ന കുപ്പായം പതുക്കെ പൊക്കി. ഉള്ളിൽ ആർത്തു കരയണമെന്നുണ്ടെങ്കിലും ദിയയുടെ ശബ്ദം കഴുത്തിനുള്ളിൽ കുരുങ്ങി ശ്വാസം മുട്ടി. ജനൽപാളിയിലെ നിറം മങ്ങിയ ചില്ലുകളിൽ നസീറിന്റെ ഫോണിലെ വെളിച്ചവും തന്റെ നഗ്നമായ തൊലിയിലേക്കു നോക്കിയിരിക്കുന്ന അയാളുടെ കണ്ണുകളിലെ തീക്ഷ്ണഭാവവും എരിഞ്ഞുനിന്നു. അയാളുടെ തഴമ്പിച്ച കൈവിരലുകൾ പതുക്കെ അവളുടെ തോളെല്ലുകളിലൂടെ നട്ടെല്ലിലൂടെ പരതിനീങ്ങി ഏതാനും നിമിഷങ്ങൾ.... അവൾ സ്വയം വാപൊത്തി. അശ്രുകണങ്ങൾ വീണു തലയിണ പൊള്ളിത്തുളഞ്ഞു. അടുത്ത നിമിഷത്തിൽ അയാൾ അവളുടെ കുപ്പായം നേരെയാക്കി ..!! ശബ്ദമുണ്ടാക്കാതെ വാതിലിന് നേരെ തിരിഞ്ഞ് നടന്നു. പതുക്കെ വാതിൽ ചാരിയടച്ചു അയാൾ താൻ കിടന്നിരുന്നിടത്തേക്ക് നടന്നു പോയി. അവൾ തളർന്നു കിടന്നു. നേരം വെളുക്കും മുൻപേ തന്നെ അയാൾ അവിടം വിട്ടിരുന്നു... ഏതാണ്ട് അന്ന് ഉച്ചയോടടുത്തപ്പോൾ ലാൻഡ്ഫോൺ ശബ്ദിച്ചു.... ദിയ ഫോണെടുത്തു. ഹലോ....... “ ദിയക്കുട്ടീ....” "ആരാ ..?” ദിയ ചോദിച്ചു “നസീർ മാമനാ.... ഉപ്പ ഉണ്ടോ അവിടെ ..?” “ഇല്ലാ.... കടയിൽ പോയിരിക്കാണ്... ” 

അവൾ പതുക്കെ പറഞ്ഞു. “ഹമ് നന്നായി ” നസീർ തുടർന്നു “ ഇന്ന് സ്കൂളിൽ പോവാഞ്ഞതെന്തേ? നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ കവലയിൽ തന്നെ ഉണ്ടായിരുന്നു ...." ദിയ അതിനുത്തരം നൽകിയില്ല .. " ഹമ്.. " നസീർ ഒരു ദീർഘനിശ്വാസമെടുത്തു. " ഞാനിന്നലെ രാത്രിയിലത്തെ കാര്യം പറയാനാണ് വിളിച്ചത്... നീ അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ലാ ” " അറിഞ്ഞിരുന്നു ....” ദിയ പതുക്കെ പറഞ്ഞു... “ഹമ്.... എന്നാൽ ഞാൻ നേരെ കാര്യത്തിലേക്ക് കടക്കാം... അയാളുടെ ശബ്ദം കനത്തു !! " ഞാൻ ചോദിക്കുന്നതിന് നീ സത്യസന്ധമായി മറുപടി പറയണം.. പറയോ ?” “മ് . .” അവളുടെ ശബ്ദമിടറി ..! "നിന്റെ കൈയ്യിലും പുറത്തുമൊക്കെ ആ മുറിവുകളും വ്രണങ്ങളും പാടുകളും എങ്ങനെ വന്നു ..??" ദിയ റിസീവർ മുറുകെപ്പിടിച്ചു..... വീഴാതിരിക്കാൻ ഫോൺ സ്റ്റാൻ്റിൽ അള്ളിപ്പിടിച്ചു... കണ്ണീരുണങ്ങിയ കവിളുകൾ വിറപൂണ്ടു... നസീർ തുടർന്നു.....

 “എന്റെ റസിയ മോൾ ഇന്നലെ സ്കൂളിൽ വെച്ച് നിന്നെക്കണ്ടപ്പോൾ നിന്റെ കഴുത്തിലെന്തോ മുറിവ് കണ്ടെന്നോ ചോദിച്ചപ്പോൾ നീ കരഞ്ഞെന്നോ ഒക്കെ പറഞ്ഞു..... കേട്ടപാടെ പുറപ്പെട്ടതാ ഞാനിങ്ങോട്ട് ...!! " നസീർ ഒരു നിമിഷം നിശ്ശബ്ദനായി. " അടിയേറ്റ് നീലിച്ച പാടുകളായിരുന്നു നിന്റെ ഉമ്മയുടെ മയ്യത്ത് നിറയെ ...!" ശബ്ദമിടറിയത് ദിയ അറിയാതിരിക്കാൻ പാടുപെട്ടു കൊണ്ട് നസീർ തുടർന്നു.... ഒരേയൊരു ആങ്ങളയായ എന്നോട് പോലും അവസാനം വരെ അവളൊന്നും പറഞ്ഞില്ല..... നീയെനിക്ക് എന്റെ റസിയ മോളെ പോലെ തന്നെയല്ലേ... പേടിക്കണ്ട.... നീ തുറന്നു പറ മോളേ.... അയാൾ നിന്നെയും ..??!!!! " അപ്പോൾ ദിയയുടെ വീട്ടുമുറ്റത്ത് ഒരു നേർത്ത ചുടുകാറ്റടിക്കുന്നുണ്ടായിരുന്നു !! കഴുക്കോലിൽ പടർന്നു കയറിയ ചിലന്തി വലയിൽ കുടുങ്ങിപ്പോയ ചിത്രശലഭത്തിൻ്റെ ഒരൊറ്റച്ചിറക് അതിന്റെ ദേഹത്തുനിന്നടർന്ന് കാറ്റിൽ തട്ടി അവളുടെ തട്ടത്തിൽ കുരുങ്ങി നിന്നു.

-- 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA