sections
MORE

വേണം, ശിശു സൗഹൃദ സുരക്ഷിത കേരളം

duties-and-responsibilities-of-parent
SHARE

സാക്ഷര കേരളത്തിൽ  ഇന്ന്  ബാല പീഡന  കഥകളും,  അന്വേഷണങ്ങളും തുടർക്കഥയാവുകയാണ്. അബലകളായ ശിശുക്കൾ തൊട്ട് , ബുദ്ധിമാന്ദ്യം സംഭവിച്ച  കുട്ടികൾക്ക് നേരെയും, പക്വതയും, വിവേകവുമുള്ള കൗമാരക്കാർക്ക്  നേരെ പോലും അതിക്രമങ്ങൾ പെരുക വരികയാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരുത്തരവാദപരമായ സമീപനങ്ങളാണ് മിക്ക പീ‍ഡന സംഭവങ്ങളുടെയും ഹേതുവായിത്തീരുന്നത്. എന്തിനേറെ, മിക്ക കേസുകളിലും സ്വന്തം ബന്ധുക്കളും, അധ്യാപകരും രക്ഷിതാക്കൾ തന്നെയും നേരിട്ട് പ്രതികളായിത്തീരുന്നു എന്നത് ഏറെ ആശ്ചര്യമുളവാക്കുന്നു!

മദ്യത്തിന്റെയും, മയക്കു മരുന്നിന്റെയും, വ്യാപകമായ ദുരുപയോഗമാണ് കുട്ടികൾക്കെതിരെയുള്ള 

അതിക്രമങ്ങൾക്ക് മുഖ്യകാരണം. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഈ  കാലഘട്ടത്തിൽ ഇന്റർനെറ്റും  

മൊബൈൽ ഫോണുകളും അത്യന്താപേക്ഷിതമാണെങ്കിലും, അവയുടെ അമിതമായ ദുരുപയോഗവും 

ബാല പീഡനങ്ങൾക്കും, ആത്മഹത്യകൾക്കും, കുട്ടികൾ തന്നെ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്കും 

ആക്കം കൂട്ടുന്നു. 

കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമ വ്യവസ്ഥിതിതികൾ നിലവിലുണ്ടെങ്കിലും, സമൂഹത്തിൽ അവയെ കുറിച്ചുള്ള അജ്ഞതയും, നിയമമറിയുന്നവർ അവയോടു കാട്ടുന്ന അവജ്ഞയും, 

നിയമ പാലകരുടെ അലംഭാവവും ഇത്തരം കുറ്റകൃത്യങ്ങൾ ലഘൂകരിക്കപ്പെടാൻ ഇടവരുത്തുകയും,

കുറ്റകൃത്യങ്ങളുടെ തനിയാവർത്തനം ഉണ്ടായിത്തീരുകയും ചെയ്യുന്നു. 

സമൂഹത്തിൽ എല്ലാ പൗരന്മാരെയും  പോലെ കുട്ടികൾക്കുമുണ്ട് അവകാശങ്ങൾ. കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും അവരോടുള്ള സമൂഹത്തിന്റെ പ്രതിബദ്ധതയെ കുറിച്ചും ഐക്യ രാഷ്ട്ര സഭ വളരെ മുമ്പേ തന്നെ ആധികാരികമായിചർച്ച ചെയ്തിട്ടുണ്ട്. ഇത് പ്രകാരം 1989 നവംബർ 20നു യു എൻ ജനറൽ അസംബ്ലിയിൽ കുട്ടികളുടെ അവകാശങ്ങൾ അംഗീകരിച്ചുള്ള 'പ്രമാണ രേഖ' എന്ന നിലയിൽ 'കുട്ടികളുടെ അവകാശ ഉടമ്പടി' തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ   എല്ലാ വർഷവും നവം: 20 'വേൾഡ് ചൈൽഡ് റൈററ്സ് പ്രൊട്ടക്‌ഷൻ 

ഡേ (ലോക ബാലാവകാശ സംരക്ഷണ ദിനം) ആയിആചരിക്കുന്നു. എന്നാൽ ഇന്ത്യയിൽ അത് നമ്മുടെ പ്രഥമ 

പ്രധാനമന്ത്രിയും കുട്ടികളുടെ 'ചാച്ചാ' എന്ന് അറിയപ്പെടുകയും ചെയ്ത പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നു ശിശുദിനമായാണ് ആചരിക്കുന്നത്.

യുഎൻ നിർദേശങ്ങൾ പാലിച്ചു കൊണ്ട്  വികസിത-വികസ്വര രാഷ്ട്രങ്ങളിലൊക്കെ തന്നെ കുറ്റമറ്റ രീതിയിലാണ്  ബാല നീതി നിയമം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലും പാർലമെന്റിന്റെ അംഗീകാരത്തോടെ 2000 ൽ രൂപീകൃതമായ നിയമമാണ് ജുവനൈൽ ജസ്റ്റിസ് (ജെ ജെ) ആക്ട്. എന്നാൽ ഖേദകരമെന്ന് പറയട്ടെ, വിവിധ സംസ്ഥാനങ്ങളിൽഇതിന്റെ നടപടിക്രമങ്ങൾ ഇന്നും പ്രാരംഭ ദശയിൽ തന്നെയാണ്. ഘട്ടം 

ഘട്ടമായി ഈ നിയമം നടപ്പിലാക്കി വരുന്നേയുള്ളൂ. അതുകൊണ്ടു തന്നെ സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ബാല പീഡനം, ബാല വേല, ബാല ഭിക്ഷാടനം തുടങ്ങിയ ഹീന കൃത്യങ്ങൾ ഇന്നും നിർബാധം തുടരുന്നു. ബൃഹത്തായ  നിയമ വ്യവസ്ഥകളാണ് ജുവനൈൽ ജസ്റ്റിസ് ആക്റ്റിലുള്ളത്. ഓരോ സമൂഹത്തിന്റെയും ഭാവി വാഗ്ദാനങ്ങളാണ് കുട്ടികൾ. അത് കൊണ്ട് തന്നെ സമൂഹത്തിലെ മറ്റു ജനവിഭാഗങ്ങളെക്കാൾ പ്രാധാന്യം 

നൽകികൊണ്ടുള്ള നിയമ വ്യവസ്ഥകളാണ് ഇന്ത്യൻ ഭരണ ഘടന ബാലനീതിനിയമത്തിലൂടെ കുട്ടികളുടെ സുരക്ഷക്കായി വിവക്ഷിക്കുന്നത്. കുട്ടികളെയും പൗരന്മാരായി തന്നെ ഗണിക്കണമെന്നതാണ് ഇതിൽ 

പരമ പ്രധാനം;  അവർക്കും അവകാശങ്ങളുണ്ടെന്നും, അവ സംരക്ഷിക്കപ്പെടണമെന്നും ഇതിൽ പ്രത്യേകം നിഷ്കർശിക്കുന്നു.  

ദേശീയതലത്തിൽ ദേശീയ ബാലാവകാശ കമീഷനും, സംസ്ഥാനങ്ങൾ തോറും  സംസ്ഥാന കമീഷനുകളും, 

അതിനു പുറമെ അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അധ്യക്ഷൻമാരായുള്ള സംസ്ഥാന തല ഉപദേശക സമിതികളും, ജില്ലകൾ തോറും  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാർ ചെയര്മാന്മാരായുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡുകളും (ജെ ജെ ബി), നിയമജ്ഞരും, പൊതുപ്രവർത്തകന്മാരുമായവർ ചെയർമാൻ ആയിക്കൊണ്ടുള്ള  ചൈൽഡ് വെൽഫേർ കമ്മറ്റികളും ( സി ഡബ്ല്യൂ സി) നിലവിൽ വന്നുകൊണ്ടിരിക്കുകയാണ്. അതിനു പുറമെ കുട്ടികൾക്ക് നേരെയുള്ള പീഡന കേസുകൾ മാത്രം കൈകാര്യം ചെയ്യാനായി പ്രത്യേക 'പോക്സോ' കോടതികളും നിലവിലുണ്ട്. കൂടാതെ ഗാർഹിക പീഡന കേസുകളുടെ പരിധിയിലും, സ്വന്തം വീടുകളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ പരിഗണിക്കപ്പെടുന്നു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് ലൈൻ തുടങ്ങിയ സർക്കാർ അധീന സന്നദ്ധ സംഘടനകളെ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കാനും, അവരെ പുനരധിവസിപ്പിക്കാനുമുള്ള ഏജന്സികളായി നിയോഗിക്കപ്പെട്ടിട്ടുമുണ്ട്. 

ക്രിമിനൽ കേസുകളിൽ പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടു(എഫ് ഐ ആർ) കൾക്കും, അന്വേഷണ റിപ്പോർട്ടിനും കുറ്റപത്രങ്ങൾക്കും ആണ് പ്രഥമ പരിഗണന എന്നിരിക്കെ,ഓരോ പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ 'ചൈൽഡ് വെൽഫെയർ ഓഫീസർ'മാരായി ഡെസിഗ്‌നേറ്റു ചെയ്യാനും ജെ ജെ ആക്ട് നിർദേശിക്കുന്നു. കുട്ടികളുടെ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ അവരെ ഭീതിപ്പെടുത്തുന്ന രീതിയിൽ പെരുമാറരുതെന്നും, തെളിവെടുപ്പു വേളകളിലും, കുട്ടികളെ കോടതികളിൽ ഹാജരാക്കുമ്പോഴും മറ്റും പോലീസുദ്യോഗസ്ഥർ യൂണിഫോം ധരിക്കാൻ പാടില്ലെന്നും, കുട്ടികളുടെ ചിത്രം പ്രസിദ്ധപ്പെടുത്തരുതെന്നും നിയമം കർശനമായി പറയുന്നു. കുറ്റവാളികളോ, പീഡിതരോ ആയ കുട്ടികളുടെ ചിത്രങ്ങളോ, മേൽവിലാസമോ, വിഡിയോകളോ പ്രസിദ്ധപ്പെടുത്തുന്നതിൽ നിന്നും മാധ്യമങ്ങളെ പോലും ജെ ജെ ആക്ട് വിലക്കുന്നു. അങ്ങിനെ ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ കേസെടുക്കാനും, ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്.

മനുഷ്യാവകാശ കമീഷൻ,വനിതാ കമീഷൻ എന്നിവ പോലെ തന്നെ ബാലാവകാശ കമീഷനുകളും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിവുള്ള സ്റ്റാറ്റ്യുട്ടറി ബോഡികളാണ്. കുട്ടികളുടെ സാമൂഹ്യപരവും, വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനും, ജീവിത നിലവാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാനും, പ്രായോഗികമായ നിർദേശങ്ങൾ

സമർപ്പിക്കാനും  കമീഷനുകൾക്കു അധികാരമുണ്ട്. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളിൽ നേരിട്ട് അന്വേഷണം 

നടത്തി, കേസെടുത്ത്‌, ഉത്തരവുകൾ പുറപ്പെടുവിക്കാനും ഈ കമ്മിഷനാവും. 

ബാലാവകാശ നിയമം സമൂലമായി നടപ്പിലാക്കാൻ വേണ്ടിയാണ് ജില്ലകൾ തോറും ജുവനൈൽ ജസ്റ്റിസ് ബോർഡുകളും, ചൈൽഡ് വെൽഫേർ കമ്മറ്റികളും രൂപീകരിക്കാൻ ജെ ജെ ആക്ട് വിവക്ഷ ചെയ്യുന്നത്. കുട്ടികൾ കുറ്റവാളികളാകുന്ന കേസുകളിൽ പോലീസ് റിപ്പോർട്ടിന്റെയും, ചാർജ് ഷീറ്റുകളുടെയും അടിസ്ഥാനത്തിൽ, വിചാരണ നടത്തി ദുർഗുണ പരിഹാര നിർദേശങ്ങളും , ശിക്ഷയും നടപ്പിലാക്കാനുള്ള അധികാരം സി ജെ എം അധ്യക്ഷനായുള്ള ജെ ജെ ബി ക്കാണ്. കുട്ടികൾ പീഢിക്കപ്പെടുന്ന കേസുകളിലും, ബാല വേല, ബാല ഭിക്ഷാടനം തുടങ്ങിയ കേസുകളിലും ഇരയാവുന്ന കുട്ടികളെ സംരക്ഷിച് , അവരെ പുനരധിവസിപ്പിക്കാനും, കുറ്റവാളികളായവർക്കെതിരെ, അന്വേഷണത്തിന് ഉത്തരവിടാനും, ചൈൽഡ് വെൽഫെയർ കമ്മറ്റികൾക്കാകും. അത്തരം കേസുകൾ അനുബന്ധ കോടതികൾക്ക് കൈമാറുക എന്നീ നടപടികളും സിഡബ്ള്യുസിയുടെ ചുമതലയാണ്.

കേരള സംസ്ഥാനത്തും കുട്ടികൾക്ക് നേരെയുള്ള അതിക്രമവും ,പീഡനവും വ്യാപകമായി കൊണ്ടിരിക്കുന്ന 

സാഹചര്യത്തിൽ ബാല നീതി നിയമം കാര്യക്ഷമമായി നടപ്പിൽ വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 

നിലവിലുള്ള ബാല നീതി നിയമം (ജുവനൈൽ ജസ്റ്റിസ് ആക്റ്റ്) പ്രകാരം സംസ്ഥാനാടിസ്ഥാനത്തിലും, ജില്ലകൾ തോറും ഇതിന്റെ ഭാഗമായുള്ള നീതിന്യായ സമിതികൾ നിലവിൽ വന്നുവെങ്കിലും കാര്യക്ഷമമായി നിയമം നടപ്പിലാക്കാനുള്ള സാഹചര്യങ്ങൾ സംജാതമായിട്ടില്ല. സംസ്ഥാന ബാലാവകാശ കമീഷനും, എല്ലാ ജില്ലകളിലും,ജുവനൈൽ ജസ്റ്റിസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മറ്റി എന്നിവയും ഏതാണ്ട് പൂർണമായും നിലവിൽ വന്നിട്ടുണ്ട്.ഇവ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കാൻ സാഹചര്യമൊരുങ്ങേണ്ടതുണ്ട്.

രാഷ്ട്രീയ ഇടപെടലുകളിലൂടെയുള്ള നിയമനങ്ങൾക്ക് പകരം, ഈ മേഖലയിൽ വേണ്ടത്ര നിയമ പരിജ്ഞാനവും, അവഗാഹവുമുള്ളവരെ കമീഷനിലും, ജെ ജെ ബി യിലും, സിഡബ്ള്യുസിയിലും അംഗങ്ങളായി 

നിയോഗിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തിലുള്ള ശ്രദ്ധക്കുറവാണ്, നമ്മുടെ നാട്ടിൽ, ബാല പീഡനവും, അതിക്രമങ്ങളും അതെ തുടർന്ന് കുട്ടികളുടെ, ആത്മഹത്യകളും, എന്തിനേറെ പിഞ്ചു കുഞ്ഞുങ്ങളുടെ കൊലപാതകങ്ങൾ പോലും 

തുടർ കഥയാവുന്നത്. ബാല നീതി നിയമം നടപ്പിലാകുതുന്നതിലുപരി, അതെ കുറിച്ച് സമൂഹത്തിനു വേണ്ടത്ര 

ബോധവത്കരണം നൽകുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നത് തടയാൻ അഭികാമ്യമാണ്. വിദ്യാലയങ്ങൾ തോറും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും കൗൺസിലിംഗും ഏർപ്പെടുത്തണം.

രാജ്യാന്തര തലത്തിൽ കുട്ടികളുടെ സുരക്ഷക്കും, ഉന്നമനത്തിനും വലിയ പ്രാധാന്യമാണ്  നൽകിവരുന്നത്. അമേരിക്കയിലും, യൂറോപ്പിലും, ആസ്‌ട്രേലിയയിലുമൊക്കെ ഇതിനായി  ശക്തമായ  നിയമവ്യവസ്ഥകൾ തന്നെയുണ്ട്. അറബ് രാഷ്ട്രങ്ങളിലും  കർക്കശമായ നിയമങ്ങൾ മൂലം ബാല  പീഡനങ്ങൾ നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്.

കുട്ടികൾക്കെതിരായുള്ള  അക്രമങ്ങൾ തടയാനുള്ള യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ ശ്രമങ്ങൾ ഏറെ ശ്ലാഘനീയമാണ്. അക്രമത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പേരിൽ "വദിമ" എന്ന നിയമം നടപ്പിൽ വരുത്തിയ യു എ ഇ ഭരണാധികാരികളുടെ നടപടി ലോകശ്രദ്ധയാകർഷിക്കപ്പെട്ടിരുന്നു. കർശന നിയമങ്ങൾ മൂലം കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിരോധിക്കപ്പെട്ടതിനാലും, ശിക്ഷ നടപടികൾ കർക്കശമാക്കിയതിനാലും ഇവിടെ ഇത്തരം അതിക്രമങ്ങൾ തുലോം കുറവാണ്. ഇത് നമ്മൾ മാതൃകയാക്കേണ്ടതുണ്ട്.

 (മുൻ  ചൈൽഡ് വെൽഫെയർ കമ്മറ്റി (CWC ) ചെയർമാനും അസി.പബ്ലിക് പ്രോസിക്യൂട്ടറൂമാണ്  ലേഖകൻ  ) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA