ADVERTISEMENT

നിത്യചൈതന്യം ലോകത്തിനേകി നിത്യതയിലേക്ക് നടന്നു പോയവനാണ് ഗുരു നിത്യചൈതന്യ യതി.  ഗുരുവിന്റെ നാട്ടുകാരൻ എന്നത് ഒരു സ്വകാര്യാഭിമാനമാണ് എനിക്കും.  പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്‌ഠ നേടിയ ഗുരുവുമായി കഴിച്ചുകൂട്ടിയ ഫേൺഹിൽ ദിനങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ് സുഗത പ്രമോദിന്റെ 'ഗുരുഹൃദയം - എൻറെ ഫേൺഹിൽ ദിനങ്ങൾ' എന്ന ചെറുപുസ്തകം.

ലളിതമെങ്കിലും ആത്മാർത്ഥചിന്തയുടെ സ്ഫുരണങ്ങൾ നിറഞ്ഞുതുളുമ്പുന്ന രചനാരീതി.  എഴുത്തുകാരി ഒരു കവയിത്രിയാണ്.  കവികൾ ഭാവനാസമ്പന്നരും ആശയമന്നന്മാരുമാണ്. അവർ ഗദ്യമെഴുതുമ്പോൾ അതിൽ കാവ്യാത്മകഭംഗി നിറഞ്ഞു നിൽക്കും.  പി.കെ.ഗോപിയുടെ 'ഓലച്ചൂട്ടിന്റെ വെളിച്ചവും' ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ 'ചിദംബര സ്‌മരണ'യും  ഒക്കെ വായനക്കാർ ഇരുകരങ്ങളും നീട്ടി ആലിംഗനം ചെയ്യുന്നതിൻറെ പൊരുളും മറ്റൊന്നല്ല.  തൻറെ ഓരോ ഓർമ്മക്കുറിപ്പിലും ഇത്തരം കാവ്യാത്മകത കൊണ്ടുനിറയ്ക്കുവാൻ എഴുത്തുകാരി ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടുണ്ട്. ഹൃദയത്തിൻറെ ഉള്ളറകളിൽ നിന്നും അനുഭവത്തിൻറെ ചൂളയിൽ ജ്വലിക്കുന്ന അക്ഷരങ്ങളെ കടലാസ്സിൽ പകർത്തി വായനക്കാരുടെകൂടി അനുഭവമാകുന്ന തരത്തിലുള്ള എഴുത്ത്.

നാലു വ്യക്തികളെയാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഒന്നാമത് ഗുരു നിത്യചൈതന്യ യതി.  മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ ഗുരു കോളേജ് പരിപാടിയിൽ വന്നില്ലെങ്കിൽ പഠനം ഉപേക്ഷിക്കും എന്ന സുഗതയുടെ വാശിയെന്ന കുറുമ്പ് മുതൽ മകൻറെ ചോറൂണ് വരെ എത്തിനിൽക്കുന്ന ഗുരുചൈതന്യം. കോളേജുകുമാരിയിൽ നിന്നും ആശ്രമവാസിയിലേക്കും അമ്മയിലേക്കുമുള്ള എഴുത്തുകാരിയുടെ ജീവിതപ്രയാണത്തിൽ ഗുരു പതിപ്പിച്ച മായാമുദ്രകൾ ഇവിടെ വായിച്ചെടുക്കാം. എന്താണ് ഗുരുവെന്നും എങ്ങനെയാകണം ഗുരുവെന്നും നാം അറിയുന്നു.  രണ്ടാമത്തെ വ്യക്തി ഫേൺഹില്ലിൽ ഗുരുവിനുവേണ്ടി 'ലോകത്തിന് ഒരു ഓർമ്മക്കുറിപ്പ്' എന്ന വലിയ ചിത്രം വരയ്ക്കുവാൻ എത്തിച്ചേർന്ന് ഗുരുവിന്റെതന്നെ അനുഗ്രഹാശിസുകളാൽ മനസപുത്രിയുടെ മനസ്സിൽ ചിത്രം വരച്ച പ്രമോദ് കുരമ്പാല എന്ന ചിത്രകാരനാണ്. പ്രമോദിനെ എഴുത്തുകാരിയുടെ കൈകളിൽ ഏൽപ്പിച്ചു കൊടുക്കുന്ന ഗുരുവിന്റെ കരുതലും വികാരവിചാരങ്ങളും വായനക്കാരിൽ ചിന്തകളുടെ ഓളങ്ങൾ സൃഷ്ടിക്കുന്നു. സുഗതയുടെ കല്യാണത്തിന് സമ്മാനമായി ഗുരു കൊടുക്കുന്ന നെക്‌ലേസിൽ പോലുമുണ്ട് സ്‌നേഹത്തിന്റെ അടങ്ങാത്ത തുടിപ്പ്.  മൂന്നാമത്തെ കഥാപാത്രം 'ഷൗ' എന്ന് വിളിക്കുന്ന ഷൗക്കത്ത്;  ആശ്രമവാസിയും എഴുത്തുകാരനുമാണ്.  സൗഹൃദം സാഹോദര്യം എന്നീ വാക്കുകളുടെ നിർമ്മലത അറിയണമെങ്കിൽ ഷൗക്കത്തുമായി ഉള്ള ബന്ധം എഴുത്തുകാരി വർണ്ണിക്കുന്നത് കണ്ടാൽ മതി.  നാലാമത്തെ വ്യക്തി ഗുരുവിന്റെ സ്നേഹപരിസരം അതേപടി പകർത്തിയെഴുതുന്ന എഴുത്തുകാരിയും. തൻറെ മാനസിക വ്യാപാരങ്ങളും 'കുഞ്ഞൂസ്' മുതൽ 'കണ്വമഹർഷിയുടെ' (എഴുത്തുകാരിയുടെ മകനെ ഗുരു വിളിക്കുന്ന പേര്) അമ്മവരെ എത്തിനിൽക്കുന്ന സ്ത്രീത്വത്തിന്റെ അടയാളം. സ്വന്തം വീടിനെയും ബന്ധുജനങ്ങളേയും വിട്ട് ഗുരുവിന്റെ മകളായിത്തീരുക എന്നത് വലിയൊരു സാഹസവും അതുപോലെ പുണ്യവുമാണ്.  ഗുരുവുമായുള്ള ഇണക്കവും പിണക്കവും കുട്ടിക്കുറുമ്പുകളും എല്ലാം ആത്മാർത്ഥയുടെ ചായം ചാർത്തി ആലേഖനം ചെയ്തിരിക്കുകയാണ് സുഗത ഈ പുസ്തകത്തിൽ.

വായനയിൽ ഒരിക്കൽപോലും കല്ലുകടി ഉണ്ടാകുന്നില്ല.  പല അനുഭവക്കുറിപ്പുകളും ചെറുതായിപ്പോയല്ലോ എന്നതാണ് സങ്കടം. കാച്ചിക്കുറുക്കി ആകർഷകമായ എഴുത്തുശൈലി. ഒറ്റയിരിപ്പിന് വായിച്ച് തീർക്കാം.  ചിലപ്പോൾ ആത്മകഥയാണോ ആകാംഷാഭരിതമായ കഥാപുസ്തകമാണോ തൻറെ വായന എന്ന് വായനക്കാരന് സന്ദേഹം ജനിപ്പിച്ചേക്കാവുന്ന തരത്തിൽ ആത്മാർഥയുടെ കയ്യൊപ്പുകൾ ചാർത്തപ്പെട്ടിരിക്കുന്നു.

ഗുരു നിത്യചൈതന്യ യതി മലയാളക്കരയിലും അതിനപ്പുറവും ഏറെ ചർച്ചചെയ്യപ്പെട്ട സന്യാസിവര്യനാണ്. ആ ഗുരുവിന്റെ പാദപൂജ ചെയ്ത് ആ നന്മകൾ, സ്നേഹം, കാരുണ്യം, കരുതൽ ഒക്കെ ആവോളം ആസ്വദിക്കുക എന്നത് മഹാഭാഗ്യവും. മതവും, തത്വവും, ദൈവവും, ശാസ്ത്രവും ഒന്നുമേ ഈ പുസ്തകത്തിൽ വായനക്കാരന് കാണാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ നന്മയുടെയും മനുഷ്യത്വത്തിന്റെയും തൂവൽസ്‌പർശം ഏറെ അനുഭവിക്കാനാകും.  മനുഷ്യത്വം വിടർന്ന് പരിലസിക്കുന്ന ഗുരുശിഷ്യ ബന്ധത്തിന്റെ ശക്തമായ എഴുത്തിൻറെ ചെറു ആരാമമാണ് 'ഗുരുഹൃദയം'. അതുതന്നെയാണ് ഒരു ശിഷ്യയ്ക്ക് തൻറെ ഗുരുവിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനവും.

പത്മശ്രീ പുസ്തകശാലയാണ് പ്രസാധകർ.  111 പേജുകളുള്ള പുസ്‌തകത്തിന്റെ വില 130 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com