ADVERTISEMENT

ആധുനികതയുടെ നശ്വരമോഹങ്ങളിൽ മറ്റെല്ലാം വിസ്‌മരിച്ചുപോകുന്ന പുതിയ തലമുറയുടെ ജീവിത ഗതിയെയും ചിന്തകളെയും രേഖപ്പെടുത്തിയിരിക്കുന്ന പുസ്‌തകമാണ്‌ വിനോദ് ഇളകൊള്ളൂർ എഴുതിയ 'എം.മുകുന്ദനൊപ്പം ഒരു സെൽഫി' എന്ന നോവൽ. വ്യത്യസ്തമായ തലകെട്ടാണ് ഈ നോവലിലേക്ക് ആദ്യം ശ്രദ്ധ തിരിയാൻ ഹേതുവായത്.  മലയാളസാഹിത്യത്തിൽ തൻറെ രചനകളാൽ വസന്തം സൃഷ്ടിച്ച എം.മുകുന്ദനെപ്പോലെ ഒരാളെക്കുറിച്ച് ഒരു നോവൽ! 

തികച്ചും കൗതുകപൂർണ്ണം.  

എന്നാൽ നോവലിൽ കഥാനായകനായ സോളമൻ ആദ്യ അധ്യായത്തിൽ ഉദിച്ചുയരുന്ന പകലോന്റെ പ്രകാശത്തുണ്ട് പിന്നിലേറ്റ് മുന്നോട്ടുള്ള അധ്യായങ്ങളിൽ നടത്തുന്ന സഞ്ചാരങ്ങളിൽ വായനക്കാരനോടൊപ്പം എം. മുകുന്ദനും ഉണ്ട്. അവസാനം സോളമൻ നടന്നുചെല്ലുന്ന ആ വലിയ വ്യക്തി യഥാർഥത്തിൽ ആരാണെന്ന അറിവ് അതുവരെ വായനക്കാരനിൽ നിർമ്മിച്ചുവന്ന ചിന്താസരണികളെ വഴിതിരിച്ച് നടത്തുകയും തികച്ചും പുതിയൊരു കഥാപരിസരത്തിലേക്ക് വായന തട്ടും തടവും കൂടാതെ യാത്ര പുരോഗമിക്കുകയും ചെയ്യുന്നു.

ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച സോളമൻ പുതിയ യുവത്വത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. അടുത്ത കാലത്തിറങ്ങിയ ബന്യാമിന്റെ 'നിശബ്ദസഞ്ചാരങ്ങൾ' എന്ന നോവലിലെ മനു എന്ന കഥാപാത്രവും ഇളകൊള്ളൂരിന്റെ സോളമനും ഏകദേശം ഒരേ ജനുസ്സിൽ പെട്ട വ്യക്തികളെപ്പോലെ തോന്നി.  രണ്ടു കഥാപാത്രങ്ങളുടെയും ജീവിതം വഴിതിരിച്ചുവിടുന്നത് ആശുപത്രി വാസമാണ്. കഥാഗതിയുടെ മുന്നേറ്റത്തിൽ ബന്യാമിനും ഇളകൊള്ളൂരും വ്യത്യസ്തമായ പന്ഥാവിലൂടെയാണ് നീങ്ങുന്നതെങ്കിലും കഥാപാത്രങ്ങളുടെ സാമ്യങ്ങൾ പരിശോധിക്കുന്നത് വായനയെ രസകരമാക്കി.  സോളമനും മനുവും പ്രതിനിധാനം ചെയ്യുന്നത് ഒരുപേലെ അഭിനവയുവത്വത്തെയാണ്.

നഗരത്തിൽ കോളേജ് പഠനം നടത്തി എട്ടിൽ പൊട്ടി തിരികെ വീട്ടിലെത്തിയ നാളിൽ ബി.എ. മലയാളം ക്ലാസിൽ ഗ്രേസി ടീച്ചർ പഠിപ്പിച്ച എം.മുകുന്ദന്റെ 'അസ്തിത്വ ദർശനം' എന്ന വക്കിൽ കുരുങ്ങി ആത്മഹത്യാശ്രമം നടത്തുകയും ആശുപത്രി കിടക്കയിലാവുകയും ഫേസ്‌ബുക്കിൽ സെൽഫി എടുത്തിടുകയും ചെയ്യുന്നതോടെ കഥാപരിസരങ്ങൾ തയാറായി. തന്റെ ചിത്രത്തിന് വന്ന അനവധി ലൈക്കുകളും കമന്റുകളും ആകാംഷയോടെ ആസ്വദിച്ച സോളമന്റെ മനസ്സിൽ ഇടിത്തീപോലെയാണ് എം.മുകുന്ദന്റെ മറുപടി വന്നത്. അതൊരു പച്ചത്തെറിയായിരുന്നു!  മനസ്സിൽ വലിയ സ്ഥാനം കൊടുക്കുന്ന എഴുത്തുകാരൻ തന്നെ വിളിച്ച തെറി സടകുടഞ്ഞെണീക്കുവാൻ സോളമനെ പ്രാപ്തനാക്കുന്നു.  ഇത്തരം ഒരു പ്രകോപനത്തിന് എം.മുകുന്ദനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന ചിന്തയോടൊപ്പം, പഠിപ്പിച്ച  ഗ്രേസി ടീച്ചറുടെ 'കണ്ടോളാൻസ്‌' എന്ന കമന്റും എരിതീയിൽ എണ്ണയിട്ടപോലെ ഭവിക്കുന്നു. സോളമന്റെ ശൗര്യം നോവൽ വായന രസകരമാക്കി കൗതുകയും ആകാംഷയും പിടിവിടാതെ മുന്നോട്ട് പോവുകയാണ്.

സത്യത്തിൽ ആരാണ് ഫെയ്സ്‌ബുക്കിൽ കമന്റ് ഇട്ട് സോളമൻ തേടിയിറങ്ങുന്ന എം.മുകുന്ദൻ? ഒരിക്കൽപോലും നേരിൽ കാണുകയോ സൗഹൃദം കൂടുകയോ ചെയ്യാത്ത അദ്ദേഹമ എന്തിനാണ് മാന്യമല്ലാത്ത ഭാഷയിൽ മരണത്തിൽ നിന്നും തിരികെ വന്ന ഒരു യുവാവിനെ തെറി വിളിക്കുന്നത്?  കഥാവായനയിൽ അങ്ങേയറ്റം രസകരമായി വന്നുചേരുന്ന ഈ അന്വേഷണം ഇവിടെ വെളിപ്പെടുത്തുന്നത് ഉചിതമല്ല. സോളമന്റെ ജീവിതവഴി തിരിഞ്ഞുള്ള ആ അന്വേഷണവും കണ്ടെത്തലും വായിച്ചുതന്നെ അറിയണം.

ഈ നോവലിൽ ആരാണ് നായകൻ? ആരാണ് നായിക? സാമ്പ്രദായിക എഴുത്തുരീതികളിൽ നിന്ന് വ്യതിചലിച്ചാണ് വിനോദ് ഇളകൊള്ളൂർ നോവൽ രചന നടത്തിയിട്ടുള്ളത്.  നോവലിൻറെ പേരിൽ നിന്നുതന്നെ തുടങ്ങുന്നു ആ മാറ്റം.  'അസ്തിത്വ ദർശനം' എന്ന ഒരേയൊരു വാക്കാണ് കഥയുടെ ബീജം.  അതിനെ പിൻപറ്റിയാണ് കഥ വികസിക്കുന്നത്. നായകൻ എം.മുകുന്ദനാണോ, സോളമനാണോ അതോ എം. മുകുന്ദൻ എന്ന പേരുള്ള മറ്റാരെങ്കിലുമോ?  നായികാ ഗ്രേസി ടീച്ചറാണോ, രാധിക ആണോ അതോ ബിന്ദു എന്ന പോരാളിവനിതയോ? ഈ അന്വേഷണത്വര വായനയെ അത്യന്തം രസകരമാക്കും.

നോവലിൽ എഴുത്തുകാരൻ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ഊന്നിപ്പറയുന്ന പലതും പുതുതലമുറയുടെ പോക്കിന് നേരെയുള്ള ചൂണ്ടുവിരൽ ഉയർത്താലാണ്.  ദിനചര്യകൾക്ക് പോലും വിഘ്‌നം വരുത്തി സോഷ്യൽ മീഡിയയുടെ മേച്ചിൽപ്പുറങ്ങളിൽ അഭിരമിക്കുന്ന കുഞ്ഞുകുട്ടി ആബാലവൃദ്ധം ജനങ്ങൾക്കും തൂലികയാകുന്ന കൂടമെടുത്ത് പ്രഹരം നടത്തുകയാണ് ഇവിടെ.  ഗ്രേസി ടീച്ചറെ തന്നെയെടുക്കുക. തന്റെ ഫോട്ടോകൾ അവർ നിരന്തരം ഫെയ്സ്‌ബുക്കിൽ ഇടുകയും അതിന് വരുന്ന ലൈക്കുകളും കമന്റുകളും വായിച്ചും കണ്ടും രസിക്കുകയും ചെയ്യുന്നു. അവരുടെ അടക്കിപ്പിടിച്ച വികാരവിചാരങ്ങൾ അണപൊട്ടാതെ പിടിച്ചുനിർത്തുവാൻ ശ്രമിക്കുമ്പോളും ആ ഏകഭർതൃവ്രതം തോമസ് വർഗീസ് എന്ന യുവ അധ്യാപകനാൽ ഭസ്മീകരിക്കപ്പെടുന്നു. സമൂഹത്തിലെ പലരെയും ഗ്രേസി ടീച്ചർ എന്ന കഥാപാത്രത്തിൽ വിനോദ് വരച്ചിടുന്നുണ്ട്. 

എം.മുകുന്ദനെ തേടി സോളമൻ നടത്തുന്ന യാത്ര ചെന്നെത്തുന്ന ഇടം അതുവരെ വായനക്കാരൻ കണ്ടതിൽ നിന്നും വ്യത്യസ്തമായ അനുഭവ പരിസരം.  എഴുപതുകളിലെ കോളേജ് യുവത്വം, നക്‌സൽ പ്രസ്ഥാനം, കമ്മ്യുണിസവും പൊലീസ് മർദ്ധനപരമ്പരകളും രാജൻ കേസ് പോലെയുള്ള കറുത്തപാടുകളും അടിച്ചമർത്തലുകളും കഥയിലേക്ക് ആകസ്മികമായി കടന്നുവരുന്നു.  ആ കാഴ്ച്ചകൾ ഒക്കെയും ഏറെ നൊമ്പരപ്പാടോടെയും ആകാംഷയോടെയും അല്ലാതെ വായിക്കാനാകില്ല.  ഒരു തലമുറയുടെ തുടിപ്പുകൾ വായനക്കാരൻ അനുഭവിച്ചറിയുന്നു. കഥയുടെ അവസാന ഭാഗത്ത് ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിന്റെ ദൂഷ്യവശങ്ങളിലേക്ക് വരെയുള്ള ചൂണ്ടുപലകപോലെ വർത്തിച്ച് സോളമൻ പുതിയ മനുഷ്യനായി തിരികെ വരുന്നതോടെ കഥ അവസാനിക്കുന്നു.

നോവൽ സൃഷ്ടിയിലൂടെ എഴുത്തുകാരൻ സമൂഹത്തിന് ഒട്ടനവധി പാഠങ്ങൾ നൽകുന്നുണ്ട്.  യുവത്വത്തിന്റെ മൂഢസങ്കല്പങ്ങൾ, സോഷ്യൽ മീഡിയയുടെ അതിപ്രസരം സൃഷ്ടിക്കുന്ന അലോരസങ്ങൾ, വിപ്ലവചിന്തകൾ ചിതറിയുടഞ്ഞ ഗതകാല സ്‌മരണകൾ, പുതിയലോകത്തിന് വേണ്ട തെളിച്ചവും വെളിച്ചവും മാനുഷികതയും, ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് കെടാത്ത ആശയങ്ങളുടെ അഗ്നി കൈമാറ്റം ചെയ്യപ്പെടൽ, മനുഷ്യനും പ്രകൃതിയും മണ്ണും തമ്മിലുള്ള ആത്മബന്ധം. അങ്ങനെ ഒരുപാട് ചിന്തകൾക്ക് വഴിവെട്ടുകയാണ് വിനോദ് ഇളകൊള്ളൂർ. 

154 പേജുകളുള്ള നോവൽ വായനയിൽ എങ്ങും കല്ലുകടി അനുഭപ്പെടില്ല.  കതിരുകൾ ഏറെ, പതിരുകൾ കുറവ്.  ലളിതവും ഹാസ്യത്തിൻറെ തൊങ്ങലുകളും ആകാംഷയുടെ അലങ്കാരവും ചാർത്തിയ എഴുത്ത്.  തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും വിരസത അനുഭവപ്പെടാത്ത വായന. പുതുയുവത്വം ചർച്ചചെയ്യപ്പെടേണ്ടതും വായിക്കേണ്ടതുമായ ഒട്ടനവധി വിഷയങ്ങൾ വിഷലിപ്തമല്ലാതെ ലയിപ്പിച്ച പുസ്തകമാണ് 'എം.മുകുന്ദനൊപ്പം ഒരു സെൽഫി'.  ലോഗോസ് ബുക്‌സ് ആണ് പ്രസാധകൻ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com