sections
MORE

മൂഢവിദ്വാൻ 

SHARE

എന്നെ ആദ്യമായ് കാണാൻ വരുമ്പോൾ നിർമ്മൽ ബിടെക് ഇലക്ട്രിക്കൽ ബിരുദധാരിയായിരുന്നു. സപ്ലിയെത്രയെന്നു നിശ്ചയമില്ല. പഠിച്ചതുമായി പുലബന്ധമില്ലാത്ത ഏതോ സ്ഥാപനത്തിൽ രണ്ടു വർഷമായ് തുച്ഛമായ ശമ്പളത്തിനു എന്തെല്ലാമോ പണിയെടുത്തത്രേ. വാർക്കപ്പണിയ്ക്കു പോയിരുന്നെങ്കിൽ ഒരു പണിയെങ്കിലും പഠിച്ചെടുക്കാമായിരുന്നു. കുറച്ചു നാളായി ആ പണിയുമില്ല. സത്യം പറഞ്ഞാൽ ദുരിതത്തിലാണ്. നാട്ടുകാരനും ഞാൻ പഠിച്ച സ്ക്കൂളിലെ പൂർവ്വ വിദ്യാർഥിയുമായിരുന്നതു കൊണ്ടാണ് നേരിട്ടു കാണാൻ സമ്മതിച്ചത്.. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് ഒഴിച്ച് സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും കക്ഷിക്കു വിമർശിക്കാനറിയാം. വീട്ടിലെ ഫ്യൂസുകെട്ടാൻ തടിയൻ വയറെടുക്കുമോ മെലിഞ്ഞ വയറെടുക്കുമോ എന്ന അവസാന ചോദ്യത്തിന് തടിച്ചവയറെന്ന ഉറച്ച ഉത്തരം കേട്ടതും ഇടമലയാറിലെ  ഫ്യൂസടിച്ചു പോയതു കൊണ്ടാന്നോ എന്നറിയില്ല കൊച്ചിയിലെ മൊത്തം കറൻറും  കട്ടായി. ടെസ്റ്ററു കണ്ടു സ്കൂ ഡ്രൈവറാണെന്നും നട്ടു കണ്ടു ബോൾട്ടാണെന്നും പറഞ്ഞ ബിടെക്കുകാരെ കണ്ടിട്ടുള്ളതുകൊണ്ടു ഞാനൊട്ടും ഞെട്ടിയില്ല.

ആവശ്യമില്ലാതിരുന്നിട്ടു കൂടി അലുംനൈ സ്പിരിറ്റു കാരണം ഞാനവനെയെടുത്തു. മാർക്കറ്റിൽ കിട്ടാവുന്നതിൽ കൂടുതൽ ശമ്പളവും തീരുമാനിച്ചു. . രണ്ടു മൂന്നു മാസം നൽകിയിട്ടും ഒന്നും പഠിച്ചു കാണാഞ്ഞപ്പോൾ ഒരു ട്രെയിനിങ്ങിനയച്ചു. കപ്പലിലെ ലൈഫ് റാഫ്റ്റ് സർവ്വീസ് ചെയ്യുന്ന പണി പഠിക്കാൻ.. ഞങ്ങളുടെ ക്ലയന്റിന്റെ കപ്പലുകൾ  കൊച്ചിയിൽ വരുമ്പോൾ ആ കമ്പനിയാണ് സ്ഥിരം ലൈഫ് റാഫ്റ്റ് സർവ്വീസ് ചെയ്യുന്നത്.  കപ്പൽ മുങ്ങിയാൽ നാവികർക്കു രക്ഷപെടാൻ സ്വയം വായുനിറഞ്ഞ് തുറന്ന് പൊങ്ങിക്കിടന്ന് ആറു മുതൽ പത്തിരുപത്തഞ്ചു പേരെ വരെ ആഴ്ചകളോളം രക്ഷപെടാൻ സഹായിക്കുന്ന സംവിധാനമാണ് ലൈഫ്റാഫ്റ്റ്. ഭക്ഷണവും വെള്ളവും ചൂണ്ടയും കത്തിയും വാണവുമടക്കം നൂറോളം സംഗതികൾ എല്ലാ വർഷവും തുറന്നു പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തണം. ദിവസവും ഓരോ ലൈഫ് റാഫ്റ്റ് സർവ്വീസ് ചെയ്യുന്നതിനു ടെക്നീഷ്യന് 1000 രൂപ വച്ചു ബോണസ് കിട്ടും. വേണമെങ്കിൽ ഒരു ദിവസം രണ്ടെണ്ണം ചെയ്യാം. ആ കമ്പനിയിൽ ഒരു ബംഗാളിയാണ് ഒറ്റയ്ക്കെല്ലാ സർവ്വീസും ചെയ്യുന്നത്.  കിടപ്പവിടെത്തന്നെ. നിർമ്മലെത്ര കഷ്ടപ്പെട്ടിട്ടും ഒരെണ്ണം പോലും തീരുന്നുമില്ല. എല്ലാം പായ്ക്കു ചെയ്തു കഴിയുമ്പോഴായിരിക്കും എന്തെങ്കിലുമൊക്കെ പുറത്തു കിടക്കുന്നതു കാണുക. പുറത്തു കിടക്കേണ്ട പലതും അകത്തും. ഓപ്പറേഷൻ കഴിയുമ്പോൾ കിഡ്‌നി പുറത്തും കത്തിയകത്തുമാവുന്ന അവസ്ഥ. സഹായത്തിനു വന്നവൻ തനിയ്ക്കു മുട്ടൻ പണി തരുന്ന കാര്യം ബംഗാളിയും തിരിച്ചറിഞ്ഞു.

ബംഗാളി വാങ്ങുന്ന ബോണസ്സു കണ്ടു നിർമ്മൽ ഞെട്ടി.  അതിനെക്കാൾ അവനെ ഞെട്ടിച്ചത് ഞങ്ങളുടെ കമ്പനി സർവ്വീസിനായ് അതിന്റെ പത്തിരട്ടി വാങ്ങിയിട്ട് പകുതി തുകയ്ക്ക് മറിച്ചു കൊടുക്കുന്നതു കണ്ടപ്പോഴാണ്. സ്ക്കൂളിന്റെ പടി കാണാത്ത ബംഗാളിയുടെ ബോണസ്സു പോലും ബിടെക്കു കാരനു ശമ്പളമായിത്തരുന്നില്ല. ഇതല്ലേ പച്ചയായ ചൂഷണം?  നിർമ്മലിലെ വിപ്ലവകാരി കണ്ണുകടിയോടെ സടകുടഞ്ഞെണീറ്റു. ഞങ്ങളുടെ കമ്പനിയിൽ എന്തിനിങ്ങനെ ചൂഷണം ചെയ്യപ്പെടാൻ നിന്നു കൊടുക്കണം? സർവ്വീസ് കമ്പനിയിൽ ജോയിൻ ചെയ്തിട്ട് ഷിപ്പിംഗ് കമ്പനിയെ സമീപിച്ച് നേരിട്ടുള്ള കോൺട്രാക്റ്റ് ആക്കുക . പകരം അധിക ലാഭത്തിന്റെ 50% തനിക്കു ശമ്പളം കൂടാതെ ബോണസ്സായി  വാങ്ങുക. 

വിപ്ലവകരമായ ആശയവുമായെത്തിയ നിർമ്മലിനെ നോക്കി  ഒരു വർഷമായി  വിചാരിച്ചിട്ട് ആ യൂറോപ്യൻ ഷിപ്പിംഗ് കമ്പനിയുമായി ഒരു മീറ്റിംഗ് പോലും കിട്ടാത്ത പാവം സർവ്വീസ് കമ്പനി മുതലാളി അറിയാതെ ചിരിച്ചു പോയി. വലിയ വിദേശ കമ്പനികളുടെ സബ്കോൺട്രാക്റ്ററാവണമെങ്കിൽ വർഷങ്ങളുടെ മികച്ച സേവന പരിചയവും നിരവധി ഗുണനിലവാരപ്പരിശോധനകളുടെ കടമ്പകളും കടക്കണം. അപ്പോഴാണു മുട്ടയിൽ നിന്നു  വിരിയാത്തവൻ്റെ അങ്കസ്വപ്നം. ഡപ്യൂട്ടേഷനിൽ പോകുന്ന കമ്പനിയിൽ പണിയ്ക്കു കയറില്ലെന്ന് എംപ്ലോയ്‌മെൻ്റ് കോൺട്രാക്റ്റിൽ ഒപ്പിട്ടു കൊടുത്തതു പോലുമീ പൊട്ടനോർമ്മയില്ലേ.? 

കപ്പലിലെ ലൈഫ് റാഫ്റ്റ് കരയിൽ കൊണ്ടു വന്നു തിരിച്ചു കൊണ്ടുപോകണമെങ്കിൽ ബോട്ടിനായും ക്രയിനിനായും വാഹനത്തിനായും ഇൻഷുറൻസിനായും അപ്രൂവലിനായും കമ്പനി ലൈസൻസിനായും വാടകയ്ക്കായും കറൻ്റിനായും  ടാക്സിനായും മറ്റുള്ള സ്റ്റാഫിൻ്റെ ശമ്പളത്തിനായും വാർഷിക ലീവിനായും ആരോഗ്യ പരിപാലനത്തിനായും പലിശയായും  മറ്റാനുകൂല്യങ്ങൾക്കായും ചെലവിടേണ്ട തുക  ഒരിക്കലും എത്ര മാർജിൻ ഉണ്ടെങ്കിലും സർവ്വീസ് ചാർജിൽ നിന്ന് ലഭിയ്ക്കില്ലെന്ന് ഈ അറിവിൽ ശിശു എപ്പോഴാണു മനസ്സിലാക്കുന്നത്. കാലാവധി തീർന്ന സാധനങ്ങൾ മാറ്റുമ്പോഴോ പുതിയ ലൈഫ് റാഫ്റ്റ് വിൽക്കുമ്പോഴോ കിട്ടുന്ന നേരിയ ലാഭമാണീ മുതലാളിയുടെ ബിസിനസ്സിന്റെ ബാക്കിപത്രമെന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ...?!: പേരിൽ തന്നൊരക്ഷരപ്പിശകുണ്ടെന്ന് കണ്ടപ്പോഴേ തോന്നിയതാ... നിർമ്മലനല്ലാത്ത സ്വാർഥനായ ഈ അജ്ഞാനിയെ ഇനിയിവിടെ നിർത്തിയാൽ വിപ്ലവം പഠിച്ച് ബംഗാളിയതിരു കടക്കാൻ സാധ്യതയുണ്ടെന്നാലോചിച്ചപ്പോഴാണ് ഞാൻ ഫോണിൽ വിളിച്ചത്.

"എടേ ആ നിർമ്മൽ പണി പഠിച്ചെങ്കിൽ നിനക്കവിടെ സ്ഥിരമാക്കിക്കൂടേ." അറിയാതെയാണെങ്കിലും വേലിയിൽക്കിടക്കുന്ന പാമ്പിനെയെടുത്തു കഴുത്തിൽ ചുറ്റാൻ സുഹൃത്തിനോടു പറയുകയായിരുന്നെന്ന് ഞാനറിഞ്ഞില്ല. നാവിക ലോകം വളരെച്ചെറുതാണെന്നും ഒരു കമ്പനിയെ പറ്റിച്ച് മറുകമ്പനിയെത്തേടിയാൽ പരസ്പരമറിയുന്ന മുതലാളിമാരുടെയിടയിൽ സജീവമായ അന്തർധാരയാൽ എട്ടിന്റെ പണി പുറകേ വരുമെന്നുമുള്ള  അറിവ് ബിടെക്കിന്റെ സിലബസ്സിൽ ചേർക്കേണ്ട കാലം അതിക്രമിച്ചുവെന്ന് ടെർമിനേഷൻ ലെറ്ററന്നു കയ്യിൽ കിട്ടിയപ്പോൾ  നിർമ്മൽ  തിരിച്ചറിഞ്ഞിരിക്കാം..                                                             

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA