ADVERTISEMENT

ഷാപ്പിൻകുഴി വാർഡിൽ ഇത്തവണ തീപ്പൊരി മത്സരമാണ്. ഓലനും തോലനും തോടനും മത്സര രംഗത്തുണ്ട്. വലിയ വലിയ വാഗ്ദാനങ്ങളാണ് മുന്നണി സ്ഥാനാർഥികളായ ഓലനും തോലനും ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പാണെങ്കിലും ദേശീയവും അന്തർദേശീയവുമായ പല വിഷയങ്ങളും പ്രചരണത്തിലെ ചൂട് പിടിച്ച വിഷയങ്ങളാണ്.

വലതുപക്ഷ സ്ഥാനാർഥി ഓലനും കൂട്ടരും രാവിലെത്തന്നെ അങ്ങാടിയിൽ മറഡോണ അനുസ്മരണം നടത്തിയാണ് ഇന്നു പ്രചരണത്തിനു തുടക്കം കുറിച്ചത് . മലപ്പുറം ജില്ലയല്ലേ ഒരു പന്ത് മാത്രം മതി  ഇലക്ഷൻ വിജയിപ്പിക്കാനും തോൽപ്പിക്കാനും. ഓലന്റെ അനുസ്മരണ പ്രഭാഷണം പൊടിപൊടിച്ചെന്നാണ് വലതു പക്ഷക്കാർ പറയുന്നത്. 25 വോട്ടെങ്കിലും ഒറ്റ പ്രസംഗത്തിലൂടെ ഓലനുറപ്പിച്ചിട്ടുണ്ടാവുമെന്നാണ് ചായ മക്കാനി എംഡി ബിച്ചാപ്പുവിന്റെ അഭിപ്രായം.

കൃത്യം പത്ത് മണിക്ക് തന്നെ ഇടതുപക്ഷ സ്ഥാനാർത്ഥി തോലനും കൂട്ടരും അനുസ്മരണത്തിനായി അങ്ങാടിയി ലെത്തി. തോലനും കിടുക്കാച്ചി അനുസ്മരണ പ്രസംഗമാണ് കാച്ചിയത്. ഒരു 35 വോട്ടെങ്കിലും തോലൻ നേടിയിട്ടുണ്ടാകുമെന്നാണ് ബിച്ചാപ്പുവിന്റെ വിലയിരുത്തൽ. ഷാപ്പിൻ കുഴി വാർഡിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് തോടൻ. ആ നാട്ടിലെ ആദ്യത്തെ പോസ്റ്റ് ഗ്രാജ്വേറ്റും അവനാണ്. ഇരുമുന്നണികളും അവനെ അനുനയിപ്പിച്ച് മത്സര രംഗത്ത് നിന്നും പിന്തിരിപ്പിക്കാൻ പരമാവധി പരിശ്രമിച്ചതാണ്. പക്ഷേ തോടൻ ഉന്നയിക്കുന്ന ചോദ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ഇരുമുന്നണികളും.

തോടൻ വൈകുന്നേരം ഗ്രൗണ്ടിലാണ് മറഡോണ അനുസ്മരണ പരിപാടി വച്ചിട്ടുള്ളത്. മുഖ്യപ്രഭാഷണം മുൻ ഇന്ത്യൻ ഫുട്ബോളർ അജയേട്ടനാണ്. വൈകിട്ടായപ്പോഴേക്കും ജനം ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞു. അർജന്റീനയുടെ 10–ാം നമ്പർ ജഴ്സിയണിഞ്ഞാണ് തോടൻ ഗ്രൗണ്ടിൽ വന്നത്. ജനം മുഴുവൻ എഴുന്നേറ്റ് നിന്ന് ആദരവോടെ കരഘോഷം മുഴക്കി. തോടൻ കൈകൂപ്പി വേദിയിലേക്ക് നടന്നു.

അജയേട്ടനും മാനുപ്പയും നാണിയുമൊക്കെ വേദിലുണ്ട്. തോടൻ പുഞ്ചിരിച്ച് കൊണ്ട് മൈക്കിനടുത്തേക്ക് നടന്നു. ഒരു പൊളി സ്വാഗത പ്രസംഗമങ്ങട് കാച്ചി. പ്രസക്ത ഭാഗങ്ങളിതാ " പ്രിയപ്പെട്ട ജനങ്ങളെ ഫുട്ബോൾ പ്രേമികളെ ഈ സായാഹ്നം ദുഃഖത്തിന്റെ സുര്യാസ്തമയമാണ് നമുക്ക് നൽകുന്നത്. ഫുട്ബോൾ ഇതിഹാസം ഡിയഗോ മറഡോണ എന്നെന്നേക്കുമായി നമ്മോട് വിട പറഞ്ഞിരിക്കുന്നു. (തോടൻ കണ്ണ് തുടച്ചു.) തോടൻ ഓലനേയും തോലനേയും കണക്കിന് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. 

രാവിലെ രണ്ട് മുഖ്യധാരാ പാർട്ടികളുടെ സ്ഥാനാർത്ഥികൾ ഇവിടെ അനുസ്മരണം നടത്തി. വെറും വോട്ട് പിടിത്തത്തിനും വേണ്ടി ഒരു ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തെ ആഘോഷമാക്കുന്നത് എത്ര ബാലിശമാണ് !? (ജനം ആർപ്പ് വിളികളോടെ കയ്യടിച്ചു) തോടൻ കത്തിക്കയറി. മറഡോണ ഏത് രാജ്യക്കാരനാണെന്ന സാമാന്യ ജ്ഞാനം പോലുമില്ലാതെയാണ് അവൻമാർ മത്സരിച്ച് വിവരക്കേടുകളത്രയും തട്ടിവിട്ടത്. ജനം അവരെ ബാലറ്റിലൂടെ തല്ലിയോടിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഞാൻ അധികം നീട്ടിപ്പറയുന്നില്ല. ഇനി നമ്മോട് സംസാരിക്കാൻ ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തേയും ഇതിഹാസകാരനായ അജയേട്ടനെ ക്ഷണിക്കുന്നു.”

അരീക്കോട്ടെ സെവൻസ് ഫുട്ബോൾ മൈതാനത്തെ അനുസ്മരിപ്പിക്കും വിധം ജനം കയ്യടിയും വിസിലടിയുമായി ആവേശത്തോടെ അജയേട്ടനെ സ്വാഗതം ചെയ്തു . 10 മിനിട്ട് നേരം മറഡോണയേയും ആഗോള ഫുട്ബോളിനേയും കുറിച്ചദ്ധേഹം സംസാരിച്ചു. ഇനി ഞാൻ ഇന്ത്യൻ ഫുട്ബോളിലേക്ക് വരാമെന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു അദ്ധേഹം. പ്രഭാഷണ കലയിലെ അനേകം  സിസ്സർ കട്ടുകളുമെടുത്തു അജയേട്ടൻ. ഇന്ത്യൻ ഫുട്ബോളിന്റെ  വളർച്ചക്കുവേണ്ടി എന്താണ് നമ്മുടെ രാഷ്ട്രീയക്കാർ ചെയ്തിട്ടുള്ളത് ? കേരള ഫുഡ്ബോളിന്റെ വളർച്ചക്കും വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ? ഇത്രയധികം ഫുട്ബോളിനെ സ്നേഹിക്കുന്ന ഗ്രാമങ്ങൾ ഇന്ത്യയിൽ വളരെ കുറവാണ്. ഇന്ത്യൻ ഫുട്ബോളിന് എത്രയോ കളിക്കാരെ സംഭാവന ചെയ്ത മണ്ണാണിത്. എന്നിട്ടും മാന്യമായി കളിക്കാൻ കൊള്ളാവുന്ന ഒരു മൈതാനം പോലും ഈ പഞ്ചായത്തിലില്ല ! ഒരുപാട് പേരെ നാം കൊണ്ടാടുന്നുണ്ട്. പക്ഷേ നമ്മുടെ കളിക്കാരിൽ പലരേയും നാം കാണാതെ പോകുന്നു.

സത്യേട്ടന്റെ പേരിൽ ഇവിടെ ഒരു ഫുട്ബോൾ ക്ലബ് സജീവമാണെന്നറിഞ്ഞതിൽ എനിക്ക് അത്യാഹ്ളാദമുണ്ട്. സി. ജാബിർക്കയുടെ പേരിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാനുള്ള പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ക്ലബ് അംഗങ്ങൾ പറഞ്ഞപ്പോഴാണറിഞ്ഞത്. പലപ്പോഴും നമ്മുടെ താരങ്ങൾ വിദേശങ്ങളിലേക്ക് പോലും മത്സരത്തിൽ പങ്കെടുക്കാനായി പോകുന്നത് ലോക്കൽ ക്ലാസ് ടിക്കറ്റെടുത്താണ്. അത്രയേ സർക്കാരുകൾ നൽകുന്നുള്ളൂ. മത്സരം നടക്കുന്ന രാജ്യങ്ങളിലെ ഇന്ത്യൻ  ക്യാമ്പുകളിൽ വിളമ്പുന്ന ഭക്ഷണം പലപ്പോഴും നന്നേ ഗുണനിലവാരം കുറഞ്ഞവയാവാറുണ്ട്. നോക്കൂ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ വനിതയാണ് ഉഷേച്ചി. നമ്മൾ എന്നെങ്കിലും അവരെ കൊണ്ടാടിയിട്ടുണ്ടോ? ഈയിടെ ഇന്ത്യൻ ഫുട്ബോൾ താരം ചാപ്മാൻ വിട പറഞ്ഞു. ഒരു പാർട്ടിക്കാരും അനുസ്മരണം നടത്തിയതായി ഞാൻ കണ്ടിട്ടില്ല.

ഫുട്ബോളിനെ സ്നേഹിക്കുന്നവർ നാടിന്റെയും രാജ്യത്തിന്റെയും ഫുട്ബോളിനെ വളർത്തട്ടേ.  ഇന്ത്യയിൽ               ഫുട്ബോളിൽ ഒരു മറഡോണയേ കണ്ടിട്ടുണ്ട് ഞാൻ.അത് മറ്റാരുമല്ല നിങ്ങളുടെ ജില്ലക്കാരനായ കേരള സന്തോഷ് ട്രോഫി താരം ആസിഫ് സഹീറാണ് . ജനം ആവേശം മൂത്ത് ഇളകി മറിഞ്ഞു. ഫുട്ബോളിലൂടെ സൗഹൃദത്തേയും മാനവികതേയും ഉയർത്തിപ്പിടിക്കാൻ നമുക്കാവണം. ഒരു നല്ല നാളേക്കായ് നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം. അജയേട്ടൻ പ്രസംഗം  ഉപസംഹരിച്ചതോടെ ശ്രോതാക്കളൊന്നടങ്കം ജയ് വിളിച്ച് എഴുന്നേറ്റു. " തോടൻ സ്ഥാനാർഥി സിന്ദാബാദ്. പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ഫുട്ബോൾ ചിഹ്നം മറക്കല്ലേ… തോടാ തോടാ നേതാവേ ധീരതയോടെ നയിച്ചോളോ, ജനലക്ഷങ്ങൾ പിന്നാലെ.”

മുദ്രാവാക്യം വിളികളുമായി മൈതാനിയിൽ നിന്നും ജനം തെരുവിലെത്തി. എലക്ഷന്റെ അത് വരേയുള്ള ട്രെന്റ് തന്നേ മാറി. ഭൂഗോളത്തിന്റെ ആകൃതിയുള്ള ഒരൊറ്റ പന്തിലേക്ക് ചർച്ചകളത്രയും കേന്ദ്രീകരിക്കപ്പെട്ടു. ഓലനും തോലനും വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് റിസൾട്ട് വന്നപ്പോൾ മനസ്സിലായി. രണ്ടുപേർക്കും കെട്ടിവച്ച കാശ് നഷ്ടമായി. തോടൻ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ദൈവത്തിന്റെ കൈ വോട്ടർമാരുടെ കൈകളിലൂടെ ജനാധിപത്യത്തിന്റെ കൈയായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com