ADVERTISEMENT

വിശ്വൻപടനിലത്തിൻെറ അവതാരികയോടുകൂടി  തയാറാക്കിയ 20 കഥകളുടെ സമാഹാരമാണ് ഉളളുരുക്കപ്പൊയ്ത്ത്.  തികച്ചും സാധാരണക്കാരൻെറ ഭാഷയിലുള്ള കഥാകാരൻെറ ആത്മാവിഷ്കാരങ്ങളാണ് ഇൗ കഥകൾ.

കോവിഡ്  മഹാമാരി നൽകിയ ഇടവേളയിൽ പോയകാലത്തിൻെറ ഖനിയിൽനിന്നും വെട്ടിയെടുത്ത് മിനുക്കിയ വൈഡുര്യങ്ങളാണ് കഥകളെല്ലാം. .ഗ്രാമീണ ജീവിതം പച്ചയായിത്തന്നെ വരച്ചു കാട്ടിയിരിക്കുന്നു.ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടിയവരോ , പരിചയപ്പെട്ടിട്ടുളളവരോആയ കഥാ പാത്രങ്ങളും കഥാസന്ദർഭങ്ങളും  പുതുമ നഷ്ടപ്പെടാതെ  അവതരിപ്പിച്ചിരിക്കുന്നു.

അപ്രതീക്ഷിതമായി കുടുംബനാഥനെ നഷ്ടപ്പെടുന്ന സ്ത്രീ... അമ്മ. ഇന്നലെവരെ താനൊരു വളളിച്ചെടിയാണെന്നു മാത്രം കരുതിയിരുന്നവർ പെട്ടെന്ന് പരാശ്രയമില്ലാതെ സമൂഹത്തിനുമുന്നിൽ നട്ടെല്ലുനിവർത്തി നിൽക്കേണ്ടിവരുന്നു.. ആ സ്ത്രീയുടെ കഥനം പറയുന്ന അവസാനത്തെ കഥ.

ഇല്ലായ്മയിൽ കൈപിടിച്ചുയർത്തിയവർ പലരും പലർക്കും പലപ്പോഴും  അപരിചിതരായി മാറുന്ന പരിചിതമായ കാഴ്ച ``അപരിചിതൻ''എന്ന കഥയിലൂടെ പറഞ്ഞു വയ്ക്കുന്നു.

 സ്വന്തം പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകളും പേറി ജീവിതത്തിൻെറ രാജവീഥിയിൽ സിഗ്നൽ കാതെതുകിടക്കുമ്പോൾ മനുഷ്യത്വം കാണിച്ചതിൻെറ പേരിൽ ഏകാശ്രയമായിരുന്ന ജോലി നഷ്ടപ്പെടുന്ന ഇർഷാദിൻെറ കഥ പറയുന്ന ``വേഴാമ്പൽ'' ഉളളിൽ നൊമ്പരമുണർത്തുന്നതാണ്.

കോവിഡെന്ന മഹാമാരി മനുഷ്യരിലും അവരുടെജീവിതത്തിലുംവരുത്തിത്തീർക്കുന്ന മാറ്റങ്ങളുടെ കഥപറയുന്ന കാലാന്തരം...കഥാകൃത്ത് പ്രവാസി ആയതുകൊണ്ടാകാം പ്രവാസം അതിൻെറ നോവും ഗൃഹാതുരത്വവും ഊഷ്മളതയോടെ കടന്നുവരുന്നത്. അനുഭവങ്ങളുടെ ഉൾക്കാഴ്ചകളിലേയ്ക്ക് വായനക്കാരനെ പതിയെ ആനയിച്ചുകൊണ്ടുപോകാനുളള കഥാകൃത്തിൻെറ വൈഭവം എടുത്തു പറയേണ്ടതാണ്.

 ഓരോ കഥയും ഓരോ അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്..ജീവിതപന്ഥാവ് ഒരുമിച്ച്നടന്നുതീർക്കാനാഗ്രഹിച്ചവർ  ഏതോ കാരണത്താൽ വഴി മാറി സഞ്ചരിച്ച് ഏറെ ദൂരം പിന്നിട്ടെങ്കിലും മനസ്സിൽ കെടാതെ കിടന്ന പ്രണയത്തിൻെറ കനലുകൾ ഒരസുലഭനിമിഷത്തിൽ ഒരു ഫോൺകോളിലൂടെ ജ്വലിച്ചുയരുന്നതും ,മറ്റെല്ലാം മറന്ന് ഇനിയുള്ള യാത്ര ഒരുമിച്ചെന്ന്തീരുമാനിക്കുന്ന വൃദ്ധരായ പ്രണയിനികളുടെ  കഥപറയുന്ന "പ്രണയസാഫല്യം '' മനസ്സിന്‌ ഏറെ കുളിർമ്മ പ്രദാനം ചെയ്യുന്ന കഥയാണ്.

നിത്യവൃത്തിയ്ക്ക് ഭംഗംവരാതിരിക്കാൻ ,അന്നംമുട്ടാതിരിക്കാൻ മിണ്ടാപ്പൂച്ചകളായ സ്ത്രീകളിൽനിന്നും ആകാരസൗഷ്ഠവമുളള പുരുഷോത്തമന് നേരിടേണ്ടി വരുന്ന മാനസികവും ശാരീരിക വുമായ പീഡനങ്ങളുടേയും പിരിമുറുക്കങ്ങളുടേയും കെട്ടഴിക്കുന്ന``മിണ്ടാപ്പൂച്ചകൾ''  സമൂഹത്തിൻെറ കാണാക്കാഴ്ചകളിലേയ്ക്ക് വിരൽചൂണ്ടുന്നു..സ്ത്രീ പീഡനങ്ങളുടെ ഈ കെട്ടകാലത്ത്ഇത്തരം അനുഭവങ്ങളും ദുർലഭമല്ല എന്ന യാഥാർത്ഥ്യം വിളിച്ചോതുന്ന മിണ്ടാപ്പൂച്ചകൾ.

പ്രാതലിന് ഞായറാഴ്ച മാത്രം കിട്ടുന്ന വെളളയപ്പം വരുന്ന വഴി കണ്ടു പിടിക്കുന്ന കുട്ടിയുടെ ``ഉളളുരുക്കങ്ങൾ'' നമുക്ക് അപരിചിതമല്ല.പഴയ നാട്ടിൻ പുറത്തെജീവിതത്തിൻെറ നന്മ വിളിച്ചോതുന്ന കഥ നന്മകളാൽ സമൃദ്ധമായിരുന്ന നാട്ടിൻ പുറത്തേയ്ക്ക് അനുവാചകനെ കൂട്ടിക്കൊണ്ടുപൊകുന്നു.

 

  തലച്ചുമടിനു താങ്ങും തണലുമേകുന്ന  സൈനബയ്ക്ക് മിഠായി കരുതുന്ന രാമുവും, നെല്ലിക്കയും മാന്തളും കാന്താരിയും കൂട്ടിക്കഴിക്കുന്ന ,ബാല്യകാലസ്മരണകളയവിറക്കുന്ന ജ്യേഷ്ഠാനുജന്മാരും,ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയ അമ്മയെ വൃദ്ധസദനത്തിൽ കണ്ടുതിരിച്ചറിയുന്ന മകനും, ആണധികാരത്തിൻെറ മൃഗീയത മുഴുവനും അനുഭവിച്ചുതീർത്ത് ജന്മദിനംതന്നെ ചരമദിനമാക്കാൻ തീരുമാനിയ്ക്കുന്ന പാർവതി ഇവരൊക്കെ വായനക്കാരൻെറ മനസ്സിൽ ആഴ്ന്നിറങ്ങുന്ന കൂരമ്പുകൾ തന്നെയാണ്.

 

    കാമാത്തിപ്പുരയിലെ ഇരുണ്ടമുറിയ്ക്കുളളിൽ പലരുടേയും കാമം അവളിലേയ്ക്കൊഴുക്കിയിട്ടും അവളുടെ കാമത്തെ തൊടുകപോലും ചെയ്യാതെ കടന്നുപോയവരുടെനിരയിലേയ്ക്ക്  ആദ്യമായി;സ്ത്രീക്ക് വേണ്ടത് കാമമല്ലെന്നറിയുന്ന,സ്ത്രീ ആരാണെന്ന് നന്നായി  അറിയുന്നവനായി കടന്നുവരുന്നസച്ചിൻ എന്ന ``പുരുഷൻ'' താലി സമ്മാനിക്കുന്ന ശാന്തി എന്ന പെണ്ണ് ആരുടെ മനസ്സിലാണ് തങ്ങിനിൽക്കാതിരിക്കുക??

 

    മദ്യലഹരിയിൽ പൊളിഞ്ഞുവീണ സൗഹൃദപ്പന്തലും ഗൃഹാതുരത്വമുണർത്തുന്ന `പേരയ്ക്കാമരവും' മണ്ണുചതിയ്ക്കില്ലെന്ന വിശ്വാസത്തിന് അടിവരയിട്ടുപറയുന്ന മൺജീവിതവുംഒന്നിനൊന്നു മികച്ച കഥകളാണ്.

 

 ചിന്തിക്കുന്നവർക്ക് എത്രവേണേലും പോവാനുള്ള ആഴവും പരപ്പും ഓരോ കഥാതന്തുവിനും ഉണ്ട്. മാനുഷികമൂല്യങ്ങളോട് നീതിപുലർത്താനുളള കഥാകൃത്തിൻെറ ഉളളുരുക്കങ്ങളുടെ പൊയ്ത്ത് വായനക്കാരനിലും അനുഭവവേദ്യമാക്കാൻ കഴിഞ്ഞു വെന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു..ഉളളുരുക്കപ്പൊയ്ത്ത് മികച്ച വായനാനുഭവം കാഴ്ച വയ്ക്കുന്ന കഥാ സമാഹാരമാണ്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com