sections
MORE

വലപ്പാടിന്റെ കണ്ണീർ

poem-murali-mangalath
SHARE

(പ്രിയഗുരുനാഥൻ ജോർജ് നെല്ലിശ്ശേരിക്ക്) 

സ്ഫുടം ചെയ്തൊരക്ഷരച്ചിമിഴിൽ

കടം വെച്ച വാക്കുകൾക്കൊണ്ടെഴുതും 

ഇടനെഞ്ചിൻ തുടിപ്പുകളാലെൻ 

കടപ്പാടിൻ മുദ്ര ചാർത്തട്ടെ കണ്ണീരാൽ...

ഏതൊരാൾക്കും പ്രിയം ജന്മദേശം 

ഏറും പ്രിയമവിടത്തെ മൺതരികളിൽ 

മൺതരികൾ തോറ്റും പഴംകഥകളുള്ളിൽ 

ചേറ്റിപ്പകർന്നിടും ഗുരുനാഥരിൽ...

പലവിധസുഗന്ധവ്യഞ്ജനം തേടി 

വല വെക്കാനൊരിടം കേട്ട പറങ്കിപ്പടയ്ക്ക് 

വലവട്ടപ്പാടേകി വിഖ്യാതമായിപോൽ 

വലപ്പാടെന്ന നാടതാണെന്നാത്മഗേഹം...

ജനിച്ചതു വലപ്പാടെങ്കിലുമക്കഥ പാടി 

ജന്മനാടിൽ പ്രണയം പകർന്നതാം ഗുരു 

കർമ്മസാഫല്യം നേടി ദൈവസന്നിധിയിൽ  

നിർമ്മലാത്മാവിൻ മുക്തിയറിഞ്ഞലിഞ്ഞു...

അക്ഷരജ്വരമെന്നിൽ പകർന്നങ്ങ് പഠിപ്പിച്ചു 

അക്ഷയലോകത്തിലേക്കുള്ള തുഴത്താളം 

അക്ഷീണമോരോ ഞായറാഴ്ചയും വിശ്വ 

നക്ഷത്രകാന്തിയിൽ ജ്വലിപ്പിച്ചു ഹൃദയനാളം..

വെറുമൊരു ട്യൂഷൻ സെന്ററായിരുന്നില്ല 'ജയ്'

നിറവിജ്ഞാനകളരി തന്നെയാക്കി ഭവാൻ 

കണിശ മാം ഗണിതപാഠങ്ങൾക്കൊപ്പം വിളമ്പി 

കരളിൻ കണക്കുകൾ കൂർപ്പിക്കും സാഹിത്യം..... 

കഥകൾ കഥകളായങ്ങാടിത്തകർത്തുണർത്തി 

കഥ,കവിതകൾ  വാർക്കുന്ന തോതിൻ കണക്കും 

കൺമുന്നിലന്നു തെളിഞ്ഞുവന്നു നരസംസ്‌കൃതി 

കരളിലതിന്നീണം കനൽ മൂളിപ്പറന്നകാശമേറി...

ഇന്നുമോരോ ക്ലാസ്സിലുമേറുമ്പോൾ മുന്നിൽ 

നിന്നു പുഞ്ചിരി പൊഴിപ്പുണ്ടെൻ ഗുരുനാഥൻ 

ഇന്നുമെൻ വിരലിലാ മൊഴിവഴക്കത്തിൻ 

മിനുമിന്ദ്രജാലംതന്നെ വന്നുനിറയുന്നു...

കേഴുകയാണെൻ പ്രിയവലപ്പാടിനൊപ്പം

കോതകുളത്തൊരു മൂലയിൽ നിന്നു ഞാൻ 

ആനവിഴുങ്ങിനടയിലെ ബസ്‌റ്റോപ്പിലിനി 

ആരെക്കാണാൻ പോകേണ്ടതെന്നറിയാതെ...  

ആരെനിക്കാകാശനീലിമയൊപ്പിത്തന്നു 

ആരെനിക്കാതിരനക്ഷത്രഗൂഢസ്മിതമോതിത്തന്നു 

ആരെനിക്കാഴിമന്ത്രരഹസ്യം പകർന്നുതന്നു 

ആ മഹത്ഗുരുപാദത്തിലർപ്പിക്കട്ടെ ബാഷ്‌പാഞ്‌ജലി! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA