sections
MORE

വ്യാജരാജ

POLICE INVESTIGATION
SHARE

ഡിറ്റക്ടീവ് നോവലുകളോടുള്ള ചെറുപ്പകാലത്തെ ആരാധന കൊണ്ടാണോ എന്നറിയില്ല കുറ്റാന്വേഷണത്തോടും കുറ്റാന്വേഷകരോടും എനിക്കൊരു പ്രത്യേക മമതയുണ്ട്. അതു കൊണ്ടു  തന്നെ എന്റെ അടുത്ത സുഹൃത്തുക്കളൊക്കെ ഷെർലക്ക് ഹോംസിനോ പുഷ്പരാജിനോ പഠിയ്ക്കുന്നവരുമാണ്. ഞങ്ങൾ കുറ്റാന്വേഷകർ മറ്റുള്ളവർ കാണാത്തതു കാണും കേൾക്കാത്തതു കേൾക്കും കളയുന്നവയെടുക്കും.

അങ്ങനെയുള്ളൊരു സുഹൃത്താണ് കോട്ടയം പുഷ്പനാഥിന്റെ നാട്ടുകാരനും എഞ്ചിനീയറുമായ "ഡിറ്റക്ടീവ് " ബിജുരാജ്. പണ്ടു ഇംഗ്ലീഷ് മാഷിന്റെ പെൺകുട്ടികൾക്കു മാത്രമായുള്ള സ്പെഷ്യൽ ക്ലാസ്സിലെ "സ്പെല്ലിങ്ങ് മിസ്റ്റേക്ക്" കണ്ടു പിടിച്ച് സ്കൂളിന്റെ പേരു നാറ്റിച്ച പാർട്ടിയാണ്. ഉടായിപ്പു കണ്ടാൽ കക്ഷി സ്വമേധയാ ഇടപെടും. ഒരു ദിവസം സ്യൂട്ടിട്ട്പ്രസംഗിച്ചു കൊണ്ടു നിൽക്കുന്ന ഒരു യുവാവിന്റെ ക്ലോസ്സപ്പ് ഫോട്ടോ അയച്ചു തന്നിട്ട് അറിയുമോ എന്നു ചോദിച്ചു. പരിചയമുള്ള  മുഖം. എവിടെയോ കണ്ട ഓർമ്മ. 

"ഇതു നിങ്ങളുടെ ഈവൻ്റല്ലേ " ബിജുരാജ് ചോദിച്ചു.

ശരിയാണല്ലോ. ഞങ്ങളുടെ ലോഗോയുടെ ഒരു മൂല ഡിറ്റക്ടീവ് ബിജുരാജിന്റെ സൂക്ഷ്മ ദൃഷ്ടി കണ്ടെത്തിയിരിയ്ക്കുന്നു. ഫോട്ടോയിലേക്കു വീണ്ടും നോക്കിയപ്പോൾ ആ കഥ മനസ്സിൽ തെളിഞ്ഞു വന്നു.

മലയാളത്തിലെ പ്രശസ്തമായ ഒരു വാരികയിലാണ് ഷിഹാബിന്റെ കഥ വായിയ്ക്കാനിടയായത്. ദാരിദ്ര്യത്തിൻ്റെ നെല്ലിപ്പലകയിൽ ചുമടെടുത്തു പഠിച്ച് ഐഎഎസ് പരീക്ഷ വിജയിച്ചെങ്കിലും മെഡിക്കൽ ടെസ്റ്റിൽ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നതുകൊണ്ട് സെലക്ഷൻ നഷ്ടമായ ഹതഭാഗ്യൻ. ദയ തോന്നിയ ഒരു ക്രിസ്തീയ പുരോഹിതൻ ചികിത്സാ സഹായം ചെയ്തതു വഴിയാണ് മീഡിയയുടെ ശ്രദ്ധയിൽ പെട്ടത്. ഒടുവിൽ വാർത്ത സിഎൻഎന്‍ ല്ലിൽ വരെയെത്തി. പ്രശസ്തരായ ഐ എ എസ് കാർ വരെ വാർത്ത ഷെയർ ചെയ്തു. സഹതാപം പ്രവഹിച്ചെങ്കിലും രോഗിയായ ഷിഹാബിനൊരു തൊഴിൽ നൽകാൻ ആരും മുന്നോട്ടു വന്നില്ല.

വാർത്ത വായിച്ചു കണ്ണു നിറഞ്ഞ ഞാൻ രണ്ടാമതൊന്നാലോചിയ്ക്കാതെ ഓഫീസിൽ വിളിച്ച് ഷിഹാബിന് അധികം അദ്വാനമില്ലാത്ത തൊഴിൽ നൽകാനും ചികിത്സയ്ക്കു വേണ്ട സഹായങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശിച്ചു. 

ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചതു പോലെ ഐഎഎസ് ഇൻറർവ്യൂ കഴിഞ്ഞു മടങ്ങുന്ന വഴി ട്രയിനിൽ വച്ച് ഷിഹാബിൻ്റെ സർട്ടിഫിക്കറ്റുകൾ വച്ച ബാഗ് ആരോ മോഷ്ടിച്ചിരുന്നു. സഹായം ചെയ്യുന്നതിന് സർട്ടിഫിക്കേറ്റു വേണ്ടന്ന് ഞങ്ങളങ്ങു തീരുമാനിച്ചതോടെ കള്ളൻ്റ പണി പാളി. ഷിഹാബ് വൈകാതെ ജോലിയിൽ പ്രവേശിച്ചു.  ഒരിയ്ക്കൽ നാട്ടിൽ ചെന്നപ്പോൾ എനിയ്ക്കവനെ നേരിട്ടു കാണാനും തരപ്പെട്ടു. ഒരു നാട്ടും പ്രദേശത്തുകാരൻ്റെ മട്ടും ഭാവവും. ഐഎഎസു കാരനാവാൻ ഈ ലുക്കൊക്കെ മതിയെന്ന് അപ്പോഴാണറിയുന്നത്. ഏതായാലും പിന്നീടവനെ കണ്ടിട്ടില്ല. 

ഒരു വർഷം കഴിഞ്ഞു.. ഷിഹാബ് ഓഫീസിലെ എല്ലാവരുടേയും പ്രിയപ്പെട്ടവനായിക്കഴിഞ്ഞു.. ആരെന്തു വാങ്ങിയാലും ഒരു പങ്കു ഷിഹാബിനുമുണ്ടാവും. അസുഖം കുറഞ്ഞു തുടങ്ങി. മനസ്സു കൊണ്ടവനെ എല്ലാവരും ഭാവി കളക്ടറായി കണ്ടു കഴിഞ്ഞു.  അസുഖം ഏതാണ്ടു മാറിയെന്നു തോന്നിയപ്പോഴാണ് ഇടിത്തീ പോലെ കാൻസർ അവനെ പിടികൂടിയത്. എല്ലാ രണ്ട് ആഴ്ചയിലും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു പോയി കീമോ ചെയ്യണം. ഷിഹാബിപ്പോൾ ഓഫീസിൽ ഇടയ്ക്കിടയ്ക്കേ വരൂ. അവനു വേണ്ടി നാടൊന്നടങ്കം പ്രാർത്ഥിച്ചു തുടങ്ങി. ഞങ്ങളുടെ സ്റ്റാഫാണെന്നറിയാതെ ബിജുരാജും. അതിനിടയ്ക്കാണ് ഷിഹാബ് ഈ ഫോട്ടോ ഫേസ്ബുക്കിലിട്ടത്. അതു കണ്ടതും ബിജുരാജിലെ ഡിറ്റക്ടീവ് ചാടിയെഴുന്നേറ്റു

ഇത്രയധികം കീമോ ചെയ്തവന്റെ തലയിലെ ഒരു രോമം പോലും പോയിട്ടില്ലെങ്കിൽ ആർസിസി യിലെ റേഡിയേഷനെന്തോ കുഴപ്പമുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെടുന്നത് അവൻ്റെ സഹതാപം പരത്തുന്ന മാധ്യമ വാർത്തകൾ മാത്രം. കമൻ്റുകളിൽ നിന്ന് നൂറു കണക്കിനാളുകൾ സഹായങ്ങൾ അയച്ചു കൊടുത്തതായി മനസ്സിലാക്കാം.. അതെല്ലാം ഷിഹാബിലെത്തിയിട്ടുണ്ടെങ്കിൽ അവനൊരു കോടീശ്വരനായിട്ടുണ്ടാവണം. പത്തു പേരെങ്കിലും അക്കൂട്ടത്തിൽ മൊബൈൽ ഫോൺ അയച്ചു കൊടുത്തതായി പറഞ്ഞിട്ടുണ്ട്. പ്രൊഫൈൽ പിക്ചർ ആദ്യമായാണ് മാറ്റുന്നത്.

എൻ്റെ അറിവിൽ ആ ചടങ്ങിൽ ഷിഹാബു സംസാരിച്ചിട്ടില്ല. പിന്നിതെങ്ങനെ. ആരെങ്കിലും അവൻ്റെ മുഖം വെട്ടി ഫേയ്സ് ബുക്ക് പേജുണ്ടാക്കി നാട്ടുകാരെ പറ്റിച്ചതായിരിക്കുമോ. അന്വേഷണത്തിൻ്റെ ഭാഗമായി ഷിഹാബിനെ വിളിച്ച് അച്ചനേയും കൂട്ടി അടുത്ത ദിവസം  തന്നെ ഓഫീസിലെത്താൻ നിർദ്ദേശിച്ചു. ഏതായാലും  ഡിറ്റക്ടീവ് സംഘം ഒന്നിച്ചന്വേഷിയ്ക്കാൻ ഇറങ്ങിയതോടെ കഥയുടെ പ്രമാദമായ ചുരുൾ അഴിഞ്ഞു തുടങ്ങി.. ഓഫീസിലെ ക്ലീനിങ്ങ് സ്റ്റാഫടക്കം കടം കൊടുത്തിട്ടുണ്ട്.  ദിനങ്ങളെണ്ണപ്പെട്ടവനോട് ആരും തിരിച്ചു ചോദിച്ചില്ല എന്നതാണു സത്യം.. കടം കൊടുത്തത് പരസ്പരം പറഞ്ഞതു പോലുമില്ല. ചികിത്സയ്ക്കു പണം കണ്ടെത്താൻ ഷിഹാബ് തുടങ്ങിയ മൊബൈൽ കച്ചവടത്തിൽ നിരവധി പേർ  കസ്റ്റമേഴ്സായി  സഹായിച്ചു. ഓഫീസിലെ അവൻ്റെ പണികൾ പോലും മറ്റുള്ളവർ വൈകിയിരുന്നു ചെയ്തു തീർക്കുമ്പോൾ ഷിഹാബ് ഞങ്ങളുടെ ഈവൻ്റ് മാനേജ്മെൻറ് ടീമിനോടൊപ്പം കറങ്ങി നടക്കുകയായിരുന്നു. അതിനായി കടം വാങ്ങിയിട്ട സുഹൃത്തിൻ്റെ കല്യാണസ്യൂട്ട് ഇതുവരെ തിരിച്ചു കൊടുത്തിട്ടുമില്ല. ആ വേഷത്തിൽ സ്റ്റേജിലെപ്പോഴോ ആരുമില്ലാത്തപ്പോൾ എടുത്ത ഫോട്ടോയാണ് FB പ്രൊഫൈലാക്കിയത്. രണ്ടു വർഷത്തോളം ഷിഹാബ് പറഞ്ഞതെല്ലാം കളവായിരുന്നെന്നും നൂറിലേറെ സഹപ്രവർത്തകരെ ഒരു സംശയത്തിനും അവസരം കൊടുക്കാതെ കഥ മെനഞ്ഞു പറ്റിയ്ക്കുകയുമായിരുന്നെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. സംഭവമറിഞ്ഞ് കൊച്ചിയിലെ സ്റ്റാഫൊന്നടങ്കമിളകി.  സൗഹൃദവിശ്വാസത്തെയാണവൻ പറ്റിച്ചത്. വരട്ടെ...കയ്യിൽ കിട്ടിയാൽ ആദ്യം അടി... പിന്നെ ചോദ്യം. ഷിഹാബിനായുള്ള കാത്തിരുപ്പു തുടങ്ങി.

ഡിറ്റക്ടീവ് ബിജുരാജിൻ്റെ ലക്ഷ്യം പക്ഷെ ഷിഹാബല്ലായിരുന്നു. രക്ഷകനായി ഇടപെട്ട വൈദികനായിരുന്നു. ഷെർലക്ക് ഹോംസ് ഇതു പോലൊരു കള്ളനെ ബുദ്ധിപൂർവ്വം പൊക്കിയിട്ടുണ്ട്. ബിജുരാജിൻ്റെ കാഴ്ചപ്പാടിൽ നാടകത്തിൻ്റെ തിരക്കഥയും സംവിധാനവും അച്ചൻ മാത്രവും ഷിഹാബ് വെറും ഉപകരണവും,  അതു പൊളിയ്ക്കണമെങ്കിൽ അച്ചനെ കയ്യിൽ കിട്ടണം. അതിനായി അതിരാവിലെയുള്ള ഫ്ലെറ്റിൽ ബിജുരാജ് 2700 km താണ്ടി ദുബായിൽ നിന്നും കൊച്ചിയിൽ പറന്നിറങ്ങിയെങ്കിലും 70 km അകലെയുള്ള ഷിഹാബിൻ്റെയോ അച്ചൻ്റെയോ സ്വരം  പോലുമെത്തിയില്ല പിന്നീടൊരിയ്ക്കലും. ഷിഹാബിനെ അതിനു ശേഷം കണ്ടതായി ആരും പറഞ്ഞു കേട്ടില്ല. അച്ചനെ അതിനു മുൻപും.

ആർതറിൻ്റെ കൃതികൾ ബിജുരാജ് ഒരാവർത്തി കൂടി വായിച്ചു ഷെർലക്കാകാൻ ശ്രമിച്ചു. പുഷ്പനാഥിന്റെ വീടിനു ചുറ്റും മൂന്നു വലം വച്ചു നോക്കി. കഥയിലെ യഥാർത്ഥ വില്ലൻ ഷിഹാബാണോ അച്ചനാണോ അതോ അവർ രണ്ടും ഒരാൾ തന്നെയാണോ എന്നുറപ്പിച്ചു പറയാൻ ഞങ്ങൾ ഡിറ്റക്ടീവുകൾക്കിന്നും കഴിഞ്ഞിട്ടില്ല എന്നതാണു നഗ്നമായ സത്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA