sections
MORE

മുത്തലിബ് മട്ടന്നൂരിന്റെ സംഗീത യാത്ര

muthalib-mattannoor
SHARE

ഖവാലിയുടെ ഉപാസകനാണ് പ്രവാസിയായ മുത്തലിബ് മട്ടന്നൂര്‍. ചെറുപ്പത്തിലേ സംഗീതം ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിലും ഖവാലിയോടുളള ആഭുമുഖ്യമാണ് മുത്തലിബ് മട്ടന്നൂരിനെ സംഗീതസപര്യയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്. സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ച കാലത്താണ് ഖവാലിയുമായി കൂടുതല്‍ ഊഷ്മളമായ ബന്ധം സ്ഥാപിച്ചത്. പ്രവാചക കീര്‍ത്തനങ്ങളും മദഹുകളുമാണ് ഖവാലിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം. ജോലിയുടെ ഭാഗമായി മദീനയില്‍ നിന്നും റിയാദ് വരെ പലപ്പോഴും സ്വന്തമായി വാഹനമോടിച്ച് പോവേണ്ടി വരുമായിരുന്നു. ദീര്‍ഘമായ ഡ്രൈവിംഗില്‍ മികച്ച ഖവാലി ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്.

ഗസലുകളും ഖവാലികളും സംഗീതത്തിന്റെ വശ്യമായ ലോകത്തേക്കാണ് നമ്മെ കൊണ്ടുപോവുക. പ്രണയവും ഭക്തിയും പ്രശംസകളുമൊക്കെ ഒത്തുചേരുന്ന മനോഹരമായ പശ്ചാത്തലമാണ് പലപ്പോഴും ഖവാലികളും ഗസലുകളും ഹൃദ്യമാക്കുന്നത്. സാധാരണ സംഗീതത്തില്‍ വ്യത്യസ്തമായ ഒരടുപ്പമാണ് ആസ്വാദകര്‍ക്കുണ്ടാവുക.

ഉത്തരേന്ത്യന്‍ കലാകാരന്മാരുമായുള്ള നല്ല ബന്ധമാണ് ഖവാലി ഗാന രംഗത്ത് കടന്ന് വരുവാന്‍ പ്രേരകമായത്. ഖവാലി രംഗത്തെ വളരെ പ്രസിദ്ധരായ ഗുലാം ഫരീദ് സാബ്രി , മക്ബൂല്‍ സാബ്രി എന്നിവരൂടെയും മറ്റു പ്രസിദ്ധരുടെയും ഖവാലി ഗാനങ്ങള്‍ പഠിക്കാന്‍ സൗകര്യം ലഭിച്ചതോടെ ആവേശം വര്‍ദ്ധിക്കുകയും കിട്ടിയ വേദികളൊക്കെ പ്രയോജനപ്പെടുത്തുകയും ചെയ്തു. സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഖത്തറിലെത്തിയതോടെ കൂടുതല്‍ വേദികളും അവസരങ്ങളുമായി സംഗീതജീവിതം സജീവമാവുകയാണുണ്ടായത്. ഖത്തറിലെ പ്രശസ്തമായ വേവ്സ് ഖവാലി എന്ന ഖവാലി ട്രൂപ്പിന്റെ അമരക്കാരനായി നിരവധി വേദികളിലാണ് അദ്ദേഹം സംഗീത പരിപാടി അവതരിപ്പിച്ചിട്ടുളളത്. യശശരീരനായ ഗസല്‍ ഗായകന്‍ ഉമ്പായിയുടെ സ്വധീനവും മുത്തലിബിലെ കലാകാരന് കരുത്തേകി. ഉമ്പായി സമ്മാനിച്ച ഹാര്‍മോണിയത്തില്‍ മുത്തലിബ് എന്ന കലാകാരന്റെ മാന്ത്രികവിരലുകള്‍ പായുമ്പോള്‍ സംഗീതവിസ്മയം സംഭവിക്കുകയാണ്.

muthalib-qawali-2

ഖത്തര്‍ മൈന്റ് ട്യൂണ്‍ ഇക്കോവേവ്സിന്റെ നെടുംതൂണായ മുത്തലിബ് വിശേഷാവസരങ്ങളിലൊക്കെ സംഗീത സദ്യകൊണ്ടാണ് സഹപ്രവര്‍ത്തകരോടുള്ള സ്നേഹം പ്രകടിപ്പിക്കാറുള്ളത്. ഖത്തറില്‍ മാപ്പിള കലാ അക്കാദമി എന്ന മാപ്പിള കലയെ പരിപോഷിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അധ്യക്ഷനാണ് മുത്തലിബ് മട്ടന്നൂര്‍.

അറുപത്തിനാലാമത് കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി മുത്തലിബ് മട്ടന്നൂര്‍ രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ച കേരളപ്പിറവി ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നുവെന്നതാണ് ഈ ദിവസങ്ങളിലെ വിശേഷം. നവംബര്‍ ഒന്നിന് മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സിന്റെ കേരളപ്പിറവി ആഘോഷപരിപാടിയില്‍ ആദ്യമായി അവതരിപ്പിച്ച ഗാനം കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ മലയാളികളും ഏറ്റുപാടുകയാണ് .

കേരളത്തെ പ്രകൃതി രമണീയതയും സാംസ്‌കാരിക പ്രബുദ്ധതയും മാനവികതയും കൈകോര്‍ക്കുന്ന സൗഹൃദത്തിന്റെ മനോഹരമായ മലര്‍വാടിയായാണ് ഗാനം പരിചയപ്പെടുത്തുന്നത്. എല്ലാവരും കൊതിക്കുന്ന സ്നേഹവും സമാധാനവും കളിയാടുന്ന ജന്മനാടിന്റെ മനോഹരമായ ഓര്‍മകളിലൂടെയുള്ള സഞ്ചാരം ഏറെ ഹൃദ്യമായാണ് മുത്തലിബ് മട്ടന്നൂര്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച വരികള്‍, ധന്യമായ ആശയം, മനോഹരമായ സംഗീതം, ആകര്‍ഷകമായ ആലാപനം എന്നിവയാണ് ഈ ഗാനത്തിന്റെ സവിശേഷതകള്‍

muthalib-qawali

തന്റെ ഏഴാമത്തെ വയസ്സിലാണ് ആദ്യമായി ഹാര്‍മോണിയത്തിന്റെ രാഗലയത്തില്‍ പാടാന്‍ അവസരം ലഭിച്ചത്. പഴശ്ശി വെസ്റ്റ് യൂ പി സ്‌കൂള്‍ അദ്ധ്യാപകനും സംഗീതജ്ഞനുമായ ശ്രീനിവാസന്‍ മാസ്റ്ററാണ് മുത്തലിബിലെ കലാകാരനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങളില്‍ ചെറിയ പ്രായത്തില്‍ തന്നെ വ്യത്യസ്ഥ വേദികളില്‍ പാടാന്‍ അവസരം ലഭിച്ചു. മാപ്പിളപാട്ടും ഹിന്ദി പാട്ടുകളുമാണ് അധികവും പാടിയിരുന്നത്. ഹൈസ്‌കൂള്‍ പഠിക്കുന്ന കാലത്ത് ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന തല മാപ്പിള പാട്ട് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയതും ആ പരിപാടിയില്‍ പങ്കെടുത്ത പ്രമുഖ ഗായകര്‍, ഗാന രചയിതാക്കള്‍ തുടങ്ങിയവരുമായി പരിചയപ്പെടുവാന്‍ അവസരം ലഭിച്ചതും സംഗീതലോകവുമായി അടുക്കാന്‍ വഴിയൊരുക്കി.

അബൂടി മണക്കായി എന്ന അധ്യാപകനും ഗാന രചയിതാവുമായുള്ള നല്ല ബന്ധം മാപ്പിള കലാ ലോകത്ത് കൂടുതല്‍ സജീവമാകാനും കണ്ണൂര്‍ സലീം, പ്രേം സൂറത്ത്, ചന്ദ്പാഷ , തുടങ്ങിയ പല പ്രശസ്ഥ കലാകാരന്‍മാരുമായി സ്നേഹം ബന്ധം സ്ഥാപിക്കുവാനും അവസരമൊരുക്കി. ആകാശവാണിയുടെ യുവവാണിയിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രശസ്ഥ കഥാ പ്രാസംഗികന്‍ കെസിഎ കുട്ടി കൊടുവള്ളിയുടെ കൂടെ കേരളത്തിലും കര്‍ണാടകയയിലും പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്

ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന മുത്തലിബ് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഖത്തറില്‍ കുടുംബ സമേതം താമസിക്കുന്നു. സുമയ്യയാണ്് ഭാര്യ . മകന്‍ മുഹമ്മദ് സഫ് വാന്‍ റൂര്‍ക്കല എന്‍ ഐ ടി യില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയാണ്,

മകളായ സഫ, നദ , റിദ എന്നിവര്‍ വകറ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ സ്‌കൂളില്‍ പഠിക്കുന്നു

മുത്തലിബ് രചിച്ച കേരളത്തെക്കുറിച്ച ഗാനം

കേരള മെന്നൊരു പൂവനമേ

കേളി മികന്തൊരു ഭൂതലമേ

ഏവര്‍ക്കും മാതൃകയാണല്ലോ

ഏറ്റം പിരിശം തരും വീടല്ലോ

മാമല നാടെന്ന ജന്മ ഗ്രഹം

മാഹിയില്‍ മഹാ മനസ്സിന്റെയിടം

എല്ലാ മത ജാതി ഒന്നായി വാഴുന്ന

ഏറ്റം സുകന്ദമായ് പാരില്‍ വിരിയുന്ന

എന്നും സമാധാന സ്നേഹം കൊതിക്കുന്ന

എല്ലാര്‍ക്കും സ്വാന്തനമായി വിലസുന്ന

മാമല താന്‍ തിരു മേടല്ലോ

കേരങ്ങള്‍ തിങ്ങിടും നാടല്ലോ

ഏവരും വാഴ്ത്തിടും പൂവാടിയേ

കേരളമെന്നെന്റെ ഭൂതലമേ

തുഞ്ചന്റെ പൈങ്കിളി കൊഞ്ചിച്ചു ലാളിച്ച

വാത്സല്യ പുത്രിയാം മലയാള ഭാഷയും

മലരണി ക്കാടിന്റെ മരതക കാന്തിയില്‍

കനക ചിലങ്ക കിലുക്കും അരുവിയും

എല്ലാം തികഞ്ഞൊരു ഭൂവല്ലേ

ഏറ്റം പ്രിയമാകും നാടല്ലേ

കൈരളി എന്നൊരു ഓമന പേര്‍

കവിതന്‍ മനസ്സിന്നുതിര്‍ന്നൊരു പേര്  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA