ADVERTISEMENT

ഫീനിക്സ്/അരിസോണ∙ അരിസോണയിൽ കൊറോണ കേസുകളിൽ വൻ വർധന. ഡിസംബർ പതിനാലു വരെയുള്ള കണക്കു പ്രകാരം 7772 കേസുകൾ റിപ്പോർട്ട് ചെയ്തു. അരിസോണയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായി ഐസിയു കോവിഡ്  രോഗികളുടെ എണ്ണം 45 % വർധിച്ചു . 20 % വെന്റിലേറ്റർ ഉപയോഗം കൂടി ( കടപ്പാട് 12 ന്യൂസ് ) . പല ഹോസ്പിറ്റലുകളിലും നഴ്സുമാർ ഉൾപ്പടെ ഉള്ള ഹെൽത്ത് കെയർ വർക്കേഴ്സിന്റെ  അഭാവം മൂലം ആശുപത്രി അധികൃതർ ബുദ്ധി മുട്ടുന്നു . ബാനർ ഹെൽത്ത് ഹോസ്പിറ്റൽ കഴിഞ്ഞ ഒരുമാസം 1000 നഴ്സുമാരെ ആണ് റിക്രൂട്ട ചെയ്‍തത് എന്നു പറയുമ്പോൾ , കൊറോണ രോഗികളുടെ എണ്ണം അരിസോണയിൽ മാത്രം എത്ര ഉണ്ടെന്നു മനസിലാകുമല്ലോ?

തിരഞ്ഞെടുപ്പ് റാലികൾ, മാസ്ക് ധരിക്കാൻ കൂട്ടാക്കാത്ത ഒരു കൂട്ടം ജനത , സ്കൂളുകൾ, കോളജുകൾ , ബാറുകൾ ഒക്കെ തുറന്നു പ്രവർത്തിക്കുന്നതു രോഗം കൂടുതൽ ആളുകളിലേക്ക്‌ പകരാൻ  ഇടയാക്കി . കൊറോണ എന്ന ഈ ഒരു ചെറിയ വൈറസ് ലോകത്തെ തന്നെ നിശബ്ദം ആക്കി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .പണ്ട് ഏതോ ഒരു മഹാൻ പറഞ്ഞതുപോലെ , "ദൈവമേ നീ മനുഷ്യനെ സൃഷ്ടിച്ചു എല്ലാത്തിനും അധിപനാക്കി തീർത്തു , പക്ഷെ മനുഷ്യൻ ഓരോ നിമിഷവും കണ്ണിൽ കാണാൻ പോലും കഴിയാത്ത ചെറിയ ജീവികളെ പോലും ഭയന്ന് കഴിയുന്നു " .

എന്റെ കമ്മ്യൂണിറ്റിക്കടുത്തായി ഉള്ള ഒരു കാഴ്ച തന്നെ അതിനു ഒരുദാഹരണം . കൊറോണ വളരെ ശക്തമായി ബാധിച്ച ഒരു ഒരു ബിസിനസ് കൺസ്ട്രക്ഷൻ ആണ് . നൂറു കണക്കിന് വീടുകൾ പകുതിവച്ചു പണി നിർത്തിയ കാഴ്ച ആരെയും വേദനിപ്പിക്കുന്നു . ആരുടെയെല്ലാം സ്വപ്നമാണ് തകർന്നു വീണത് ഈ ഓരോ വീടുകളിലും . ഒരു വീട് നമ്മുടെ എല്ലാം സ്വപ്നം ആണ് , പക്ഷെ ആ സ്വപ്നം തകർന്നു തരിപ്പണമായ ആ കാഴ്ച ഈ വിഡിയോയിൽ കാണാം . എത്ര ആഗ്രഹിച്ചാവും അവർ ഈ വീട് പണി തുടങ്ങിയത്.പെട്ടെന്നാണ് ജോലി നഷ്ടമായതു. അതോടെ ബാങ്കുകൾ വാഗ്ദാനം ചെയ്ത ലോൺ കിട്ടിക്കാണില്ല. അല്ലെങ്കിൽ ഹൗസിങ് കമ്പനികൾ അപ്പ്രൂവ് ചെയ്തു കാണില്ല . ജോലിക്കു വരുന്നവർക്ക് പേ ചെയ്യാൻ മാർഗമില്ല. ചില വീടുകൾ തുടങ്ങിയതേ ഉള്ളു. ചിലതു പകുതി പണി പൂർത്തിയായി , ചിലതു ഓട് മാത്രം ബാക്കി ആയി നിൽക്കുന്നു , ചില വീടുകൾക്ക് മുൻപിൽ സാധനങ്ങൾ ഇറക്കിയിട്ടുണ്ട് , ചിലതു തറ കെട്ടി നിർത്തിയിരിക്കുന്നു , ശരിക്കും ദയനീയമായ കാഴ്ച , എത്ര പേരുടെ തൊഴിൽ നഷ്ടപ്പെട്ടു.

കൊറോണ എന്ന രാക്ഷസന്റെ കിരാത വിളയാട്ടത്തിൽ അനേകം റസ്റ്ററന്റ്, ഇന്ത്യൻ റസ്റ്ററന്റുകൾ അടക്കം അടച്ചു പൂട്ടി .അനേക ജീവിതങ്ങൾ , ഇന്നലെ കണ്ടവരെ ഒരിക്കലും ഇനി കാണാൻ വയ്യാത്ത രീതിയിൽ ഭൂമിയിൽ നിന്നും തുടച്ചു മാറ്റി .( ഞാൻ ഇതെഴുതുമ്പോൾ മായോ ഹോസ്പിറ്റൽ പോളിസിയിൽ മാറ്റം വരുത്തിയിട്ടുണ്ട് , കൊറോണ രോഗി മരിക്കും എന്നുറപ്പായാൽ ഏറ്റവും അടുത്ത നാലു ബന്ധുക്കൾക്ക് രോഗിയെ നേരിൽ കാണാം ) അല്ലെങ്കിൽ  വീഡിയോ വഴി മാത്രമേ കാണാൻ പറ്റു  . അധികം ബാധിക്കാത്ത ബിസിനസ് , ലിക്യുർ ( ബാർ ) ഷോപ്പുകൾ ആണ് . വളരെ തിരക്കായി തന്നെ മാസ്ക് പോലും ധരിക്കാത്ത ആൾക്കാരെ ബാറുകളിൽ കാണാം . 

പണം ഉള്ളവന് ഇതൊന്നും ബാധകം അല്ല . ഈ മാരക വ്യാധിക്കിടയിലും അവർ ബിസിനസ് നടത്തുന്നു . അതിനു ഉത്തമ ഉദാഹരണമാണ് അരിസോണയിലെ സ്കോട്ട്ലയിൽ ( Scotttsdale )ഉള്ള ഗ്രേറ്റ് വോൾഫ് ലോഡ്ജ് എന്ന ഇന്റേണൽ തീം പാർക്ക് . ഈ കഴിഞ്ഞ നവംബറിൽ ആണ് ഇതു പ്രവർത്തനം ആരംഭിച്ചത് .. അതായതു കൊറോണ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന സമയം . സാധാരണ തീം പാർക്കുകൾ  ഔട്ട് സൈഡ് ആണ് , ഇത് ഇന്റേണൽ ആണ് എന്നതാണ് അതിന്റെ പ്രത്യേകത . വളരെ ചെലവ് കൂടിയ ഈ പാർക്കിൽ രണ്ടുദിവസത്തേക്കു മുറി ഉൾപ്പടെ , (ഭക്ഷണം ഇല്ല , ) പാർക്കിലെ റൈഡ്സിനു 900 ഡോളർ എന്ന് പറയുമ്പോൾ ഞെട്ടണ്ട. മുറികൾ എല്ലാം ഫുൾ ആണ് . മാസങ്ങൾക്കു മുൻപേ ബുക്ക് ചെയ്തെങ്കിലേ റൂം കിട്ടു . എല്ലാവർഷവും പിള്ളേരെ ഒരു വെക്കേഷന് കൊണ്ടുപോകാറുണ്ട് , ഈ വർഷം യാത്രകൾക്ക് നിയന്ത്രണം ഉള്ളതിനാൽ , ഗ്രേറ്റ് വോൾഫ് പാർക്കിൽ പോയി അൽപ സമയം ചിലവഴിക്കാൻ തീരുമാനിച്ചു . ഞങ്ങൾ രണ്ടുപേരും ഹെൽത്ത് കെയർ ജോലിക്കാരായതിനാൽ , ഒരൽപം സമയം തനിയെ വേണം എന്ന് എനിക്കും തോന്നി .

ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ഒരു ഇന്റേണൽ തീം പാർക്ക് ആണ് ഇത് . മനോഹരമായ ലോബ്ബിയിൽ ചെന്നപ്പോൾ കയ്യിൽ കെട്ടാൻ ഒരു ചെറിയ പ്ലാസ്റ്റിക് റോൾ തന്നു , ഏതാണ്ട് നമ്മുടെ ഹോസ്പിറ്റലിൽ ഒക്കെ കയ്യിൽ കെട്ടുന്ന മാതിരി ഒരു സാധനം . അതിനുള്ളിൽ എല്ലാം ചെറിയ ഒരു ഇലക്ട്രിക്ക് ചിപ്പുകൾ , സർക്യൂട്ട് ഒക്കെ . പിന്നീടാണ് അത് റൂം ഡോർ കീ ആണെന്നു മനസിലായത് . ഡോറിന്റെ മുന്നിൽ കയ്യിൽ കെട്ടിയിരിക്കുന്ന ഈ പ്ലാസ്റ്റിക് വള കാണിച്ചാൽ മാത്രമേ റൂം തുറക്കുകയുള്ളു . ടെക്നോളജി എത്ര വികസിച്ചു എന്നതിന്റെ ഒരു ഉദാഹരണം കൂടി ആണ് ഈ പാർക്ക് . കൊച്ചുകുട്ടികളെയും കൗമാരക്കാരെയും ഉദ്ദേശിച്ചാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത് . വലിയ തടികഷ്ണങ്ങളാൽ ഉയരത്തിൽ തൂകി ഇട്ടിരിക്കുന്ന സാഹസികമായ ചില റൈഡ്സ്, അമേരിക്കയിലെ നിഞ്ച വാരിയർ എന്ന ഒരു ഗേമിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു , ചെറിയ കുട്ടികൾ ഉൾപ്പടെ അതിൽ കൂടി നടക്കുന്നതും , ചില ചെറിയ കുട്ടികൾ അടുത്ത ചുവടു വയ്ക്കാൻ ഭയന്ന് നിൽക്കുന്നതും പതിവ് കാഴ്ചകളിൽ ഒന്ന് .പിന്നൊരാകർഷം മാജി ക്വസ്റ്റ് എന്ന ചെറിയ കോട്ട , കൊച്ചുകുട്ടികൾ എല്ലാം ഒരു ചെറിയ മാജിക് വടി  വാങ്ങണം , അതിനു ഏതാണ്ട് 30 ഡോളർ , എല്ലാം ബിസിനസ് തന്ത്രം , ഒരു ദിവസം എത്ര കുട്ടികൾ കടന്നു വരുന്ന സ്ഥലമാണ് , എത്ര ഡോളർ ആ ഇനത്തിൽ ... പാർക്കിന്റെ പല മൂലകളിലും ഒരു വലിയ വീഡിയോ സ്ക്രീൻ ഉണ്ട് , ഈ വടി ആ ടീവി സ്ക്രീനിലേക്ക് വീശിയാൽ ഡ്രാഗൺ തല കുലുക്കും , മറ്റൊരു ടി വി യിൽ ,  വടിയിൽ നിന്നും ഏതോ ഒരു മാജിക് പവർ പുറപ്പെട്ടു ടി വി സ്‌ക്രീനിലുള്ള ഡ്രാഗൺണ് കത്തി ചാമ്പലാക്കും പോലും.പിള്ളേർ ഒക്കെ കിണഞ്ഞു പരിശ്രമിക്കുന്നു .... ( വടിയിൽ ഉള്ളത് റേഡിയോ ഫ്രീക്വൻസി ) , 30 ഡോളർ എന്റെ കീശയിൽ നിന്നും പോയത് മിച്ചം . റൂമുകളും പ്രത്യേക തീമുകളിൽ ക്യാബിനുകൾ ആയി ഉണ്ടാക്കിയിരിക്കുന്നു. 

പിന്നീടുള്ള മറ്റൊരു ആകർഷണം വാട്ടർ പാർക്ക് ആണ് , അത് മറ്റുള്ള വാട്ടർ പാർക്ക് പോലെ തന്നെ , ഒരു ചെറിയ കൂടാരത്തിനുള്ളിൽ ആണ് എന്ന് മാത്രം . മറ്റു ചില ഗെയിംസുകളും ഉൾപ്പെടുത്തിയിട്ടുണ്ട് . എല്ലാം കഴിയുമ്പോൾ മാജിക് വടി  വാങ്ങിയ പിള്ളാർക്ക് ഒരു സർട്ടിഫിക്കറ്റ് കൊടുക്കും ( മാസ്റ്റർ മാഗി )(Master magi ) പിള്ളാർക്കെതോ ഡോക്ടറേറ്റ് കിട്ടിയ സന്തോഷം ... തൊട്ടടുത്തായി ഒരു ബസ് കിടപ്പുണ്ട് , അടുത്ത് ചെന്ന് നോക്കിയപ്പോ അതൊരു ചെറിയ ഭക്ഷണ ശാല , അവിടെ നിന്നും ഒരു സമൂസയും വാങ്ങി കഴിച്ചു , എന്ന് പറയാൻ അവിടെ സമൂസ ഇല്ല , ചില ബർഗേർസ് , നൂഡിൽസ് ഒക്കെ മാത്രം , തീ വിലയും , എന്തായാലും പിള്ളാർക്ക് സന്തോഷം . വീട്ടിലിരുന്നു ഓൺലൈൻ സ്കൂൾ ചെയ്തതിന്റെ ബോറടി മാറിയ സന്തോഷം ..എനിക്കും ഭാര്യക്കും ജീവിത തിരക്കിൽ നിന്നും രണ്ടു ദിവസം ഒരിത്തിരി വിശ്രമം . എന്തായാലും പൈസ അൽപം പൊടിച്ചു ...അല്ലേലും ഇതൊക്കെ നമ്മുടെ കുടുംബത്തിനു വേണ്ടി അല്ലേ സമ്പാദിക്കുന്നത്.

കൊറോണ അതിന്റെ സംഹാരം ഇപ്പോഴും തുടരുകയാണ്. 2020 അവസാനിക്കാറായല്ലോ ... ഈ മഹാമാരി ഈ വർഷത്തോടെ അവസാനിക്കണമേ എന്ന് നമുക്ക് സർവശക്തനായ ദൈവത്തോട് അപേക്ഷിക്കാം ...പുതിയ വർഷം പുതിയ പ്രതീക്ഷകൾ ഉയരട്ടെ ...വീടുകൾ പണി തീരട്ടെ ..ബിസിനെസ്സുകൾ വളരട്ടെ , പഴയതിനേക്കാൾ ശക്തിയായി മനുഷ്യ രാശി തിരിച്ചു വരട്ടെ ..പുതിയ വർഷത്തിൽ എല്ലാ നന്മകളും ദൈവം തരട്ടെ , പ്രിയ മനോരമ വായനക്കാർക്ക് ,  ഒരു നല്ല പ്രത്യാശയുടെ  ക്രിസ്മസ് പുതുവത്സരംശാസകൾ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com