sections
MORE

പലപ്പോഴായി ചിലർ

palappozhayi-chilar
SHARE

ചരിത്രം വിരസമായ ഒരു വിഷയമായിട്ടാണ് പലരും കാണുന്നത്. സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളോട് ചോദിച്ചാൽ മറ്റേത് വിഷയങ്ങളേക്കാളും അവർ ചരിത്ര പുസ്തകങ്ങൾക്ക് നൽകുന്ന പ്രാധാന്യം തുലോം കുറവാണെന്നും കാണാം. പലപ്പോഴും രാജാക്കന്മാരുടെ പേരുകളും വർഷങ്ങളും യുദ്ധങ്ങളും ഓർമ്മയിൽ ചാഞ്ചാട്ടം നടത്തുന്ന സ്ഥലനാമങ്ങളും കൂടിചേർന്നാണ് ഈ വിരസത സൃഷ്ടിക്കുന്നത്. എന്നാൽ സരസമായി, ലളിതമായി കഥാഖ്യാനം പോലെ ചരിത്രം പറഞ്ഞാലോ?  ഇത്രയും രസകരമായ മറ്റൊരു വിഷയം ഇല്ലതന്നെ. പറഞ്ഞുവരുന്നത് ലളിതമായി കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ പേജുകൾ മറിഞ്ഞുപോകുന്നത് അറിയാതെ വായന അവസാനിക്കുന്ന ഒരു പുസ്തകത്തെപ്പറ്റിയാണ്. അതാണ് എസ്.മോഹൻ രചിച്ച 'പലപ്പോഴായി ചിലർ' എന്ന ഓർമ്മപുസ്തകം.

ജീവിതപരിസരങ്ങളെ ഇത്രത്തോളം അടുക്കോടെയും ചിട്ടയോടെയും എഴുത്തുകാരൻ ഓർമ്മിച്ച് രേഖപ്പെടുത്തുന്നത് വായനക്കാരനെ അത്ഭുതപെടുത്തിയേക്കാം. ഇതിൽ പ്രതിപാദിക്കുന്ന ഓരോ വ്യക്തികളുടെയും ജീവിതത്തെ നേരിട്ട് കാണുവാനും ജീവിതാനുഭവങ്ങളിൽ പങ്കുചേരുവാനും സാധിക്കുക എന്നത് രചയിതാവിന്റെ ഭാഗ്യം. പോരാട്ടവും സമരവീര്യം നിറഞ്ഞതുമായ നാടിന്റെയും നാട്ടുകാരുടെയും ചരിത്രം ലളിതമായും സരസമായും അവതരിപ്പിക്കുമ്പോൾ ലേഖകൻ പോലും ചിന്തിക്കാത്ത തരത്തിൽ അത് വായനക്കാരനറെ മനസ്സിൽ പതിഞ്ഞുപോകുന്നു. ചിരിയും ചിന്തയും കണ്ണുനീർ ഉപ്പും ഒന്നോടൊന്ന് ലയിപ്പിച്ചുചേർത്ത എഴുത്താണ് എസ്. മോഹൻ നിർവഹിച്ചിരിക്കുന്നത്. പലതും ഇതുവരെ കേൾകാത്തതും കാണാത്തതുമായ കഥകൾ എന്നതാണ് പുസ്‌തകത്തിന്റെ വ്യത്യസ്തതയും.

പതിനേഴ് വ്യക്തികളെക്കുറിച്ചാണ് പുസ്‌തകം പ്രതിപാദിക്കുന്നത്. തുടങ്ങുന്നത് കാമ്പിശ്ശേരി കരുണാകരിനിലാണ്. എളിമയുടെ കുപ്പായം ധരിച്ച ആ വലിയ മനുഷ്യന്റെ മാതൃകാജീവിതത്തിലെ ചില ഏടുകളിലൂടെ ഒരു യാത്ര.  കാമ്പിശേരിയുടെ അന്ത്യാഭിലാഷം എന്തായിരുന്നെന്നും എന്നാൽ പിൻതലമുറ ആ അഭിലാഷത്തോട് എങ്ങനെ പെരുമാറി എന്നതും വായന കൗതുകവും എന്നാൽ ആർദ്രവുമാക്കുന്നുണ്ട്.  പിന്നീട് വരുന്നത് തോപ്പിൽ ഭാസിയുടെ ചരിതങ്ങൾ വർണ്ണിച്ച് ഇറക്കുന്ന പാട്ടുപുസ്തകത്തെയും അത്തരം പാട്ടുപുസ്തകങ്ങളുടെ കഥകളുമാണ്.  തോപ്പിൽ ഭാസിയുടെ ജീവിതത്തിലെ ഇതുവരെ കേൾക്കാത്ത ചില മറക്കാനാകാത്ത മുഹൂർത്തങ്ങൾ വായിച്ചറിയുമ്പോൾ  ഒരു കാലഘട്ടത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ വളർത്തുവാൻ ഇതുപോലെയുള്ള ധീരന്മാർ നടത്തിയ പടപൊരുതൽ വല്ലാതെ ഹൃദയത്തെ സ്പർശിച്ചുകളയും.  'പെരുന്തച്ചൻ' സിനിമാ സംവിധായകനായ തോപ്പിൽ ഭാസിയുടെ മകൻ തോപ്പിൽ അജയൻറെ ബാല്യകാലവും ഭാര്യ അമ്മിണിയമ്മയുടെ ചിത്രീകരണവും ഗതകാല സ്‌മരണയുടെ ഓർമ്മത്തുടിപ്പായി മാറുന്നു. അറിയാത്തവർക്ക് ഒരനുഭവവും.

ഡോ: പുതുശ്ശേരി രാമചന്ദ്രനെ രണ്ടാംഘട്ട നവോത്‌ഥാന നായകൻ എന്ന തലകെട്ടിൽ വിവരിക്കുന്നത് നല്ലൊരു ഓർമ്മപ്പെടുത്തലാണ്.  മുന്നോട്ടുള്ള വായനയിൽ ടോംസ്, യേശുദാസൻ, കുട്ടി, ഹക്കു, ജോയ് കുളനട, വൈ.എ.റഹീം, ശത്രു എന്നിങ്ങനെ മലയാളക്കരയെ കുടുകുടാ ചിരിപ്പിക്കുകയും ആലോചനാപരവശരാക്കുകയും ചെയ്‌ത ഒരുപിടി കാർട്ടുണിസ്റ്റുകളുടെ ജീവിതത്തിൻറെ ഗതിവിഗതികൾ ചുരുങ്ങിയ പേജുകളിലായി അനാവരണം ചെയ്യപ്പെടുന്നു.  ഇവരുടെ ഒക്കെ ജീവിതത്തെപ്പറ്റി ഇതുവരെ മലയാളികൾ അറിയാത്തതും, അറിയുവാൻ ആഗ്രഹിക്കുന്നതുമായ  രസകരവും പുതുമയുള്ളതും ആശ്ചര്യമുണർത്തുന്നതുമായ കഥകൾ. 

സാംസ്‌കാരിക കേരളത്തിന്റെ നവോഥാനത്തിന് വഴിവെട്ടിയ കെപിഎസി പോലെയുള്ള നാടകസമിതികൾ പല കഥകളിലും കടന്നുവരുന്നുണ്ട്. ആദ്യകാല നാടകപ്രവർത്തനവും, സിനിമയിലേക്ക് പലരും പറിച്ചു നടപ്പെട്ടതും, ജനകീയ സാഹിത്യം സംസ്‌കാരത്തെ എങ്ങനെ താലോലിച്ചുവെന്നും ഉലയിൽ ഉരുക്കിയെടുത്ത ലോഹംപോലെ രൂപവും ഭാവവും കൈവരുത്തി എന്നതും വെളിവാക്കുന്നതതാണ് പുസ്തകത്തിലെ മറ്റു ചില വ്യക്തികളുടെ ജീവിതങ്ങൾ. 'ജെ.സി ഡാനിയേലിന്റെ പോലെ ഒരാൾ' എന്ന തലകെട്ടിൽ ഫോട്ടോഗ്രഫിയോടും സിനിമയോടും ഭ്രമം പിടിച്ച് സർക്കാർ ജോലി ഉപേക്ഷിച്ച നടരാജന്റെ കഥ വല്ലാത്ത ഒന്നാണ്. അദ്ദേഹം എടുത്ത ഒരു ഫോട്ടോയുടെ കഥ ഹൃദയസ്പർശിയായി തീരുന്നു. തൊണ്ണൂറ്റി ഒമ്പതാം വയസ്സിലും ഡിജിറ്റൽ സാങ്കേതിക വിദ്യ കമ്പ്യുട്ടറിലൂടെ ചെയ്തിരുന്ന നടരാജൻ എന്ന അതുല്യ പ്രതിഭയെ ഓർമ്മിക്കുന്നത് ഒരു കാലഘട്ടത്തെ നന്നായി വരച്ചിടീൽ ആകുന്നു. ഹരി നീണ്ടകര എന്ന എഴുത്തുകാരനെ 'സിനിമാരംഗത്തെ നീണ്ടകര' എന്ന ഓർമ്മക്കുറിപ്പിൽ കുറിച്ചുവയ്ക്കുമ്പോൾ ഇതുവരെ സിനിമാക്കാർക്ക് പോലും അറിയാത്ത കഥകളാണ് അനാവൃതമാകുന്നത്.  

തേവലക്കര ചെല്ലപ്പൻ എന്ന കലാകാരന്റെ ജീവിതം സിനിമാജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ കൂടി കാട്ടിത്തരുന്നു. സ്‌കൂളിൽ അധ്യാപകൻ വഴക്കു പറഞ്ഞതിന് നാടുവിട്ട ബാല്യത്തിൽ തുടങ്ങി ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച ചെല്ലപ്പന്റെ ജീവിത കഥ വായനക്കാരനിൽ നെടുവീർപ്പുകൾ സൃഷ്ടിക്കും.  'പ്രകൃതിയുടെ കണ്ണുനീർ' എന്ന ഓർമ്മക്കുറിപ്പിൽ ചിത്രകാരനും കാർട്ടുണിസ്റ്റുമായ പി.വി കൃഷ്ണനെ ഓർക്കുന്നു. ഒരുകാലത്ത് കേരളക്കരയാകെ ഹൃദയത്തിൽ ഏറ്റിയ 'പ്രകൃതിയുടെ കണ്ണുനീർ' എന്ന ചിത്രത്തിന്റെ കഥയും ഇവിടെ വായിക്കാം.  കെപിഎസിയുടെ അണിയറയിൽ പ്രവർത്തിച്ചിരുന്ന ശങ്കരപ്പിള്ളയുടെ ജീവിതകഥാകഥനമാണ് 'അണിയറയിൽ നിന്നും അരങ്ങിലേക്ക്' എന്നത്. തോപ്പിൽ ഭാസിയുടെ കാലം നാടകത്തിൽ തിരികെ വരണം എന്നൊരു വലിയ ആഗ്രഹം മനസ്സിൽ പേറുന്ന ആ കലാകാരൻ ആസ്വാദക മനസ്സിൽ വരച്ചിടുന്ന ചിത്രം മായാത്തതാണ്.

ശൂരനാട് സംഭവത്തിലെ പ്രതിയായ പോണാൽ തങ്കപ്പക്കുറുപ്പിന്റെ കഥപറയുന്ന അധ്യായമാണ് 'അവശേഷിച്ച ഒരേയൊരു പ്രതി'. ഈ ജീവിത കഥ വായിക്കുമ്പോൾ അറിയാതെ മനസ്സ് തരളമാവുകയും വേദനയുടെ വിങ്ങൽ അനുഭവിക്കുകയും ചെയ്യും. കേരളത്തിൽ നടമാടിയിരുന്ന ജന്മിത്വത്തിന്റെയും ജാതി വ്യവസ്ഥയുടെയും കരാള ഹസ്തങ്ങളുടെ വർണ്ണന കൂടിയാണ് ഈ ഭാഗം. 

വിളയിൽ പടീറ്റതിൽ ഗോവിന്ദൻ എന്ന സഖാവ് എങ്ങനെ ഗോവിന്ദ സ്വാമിയായി എന്ന കഥയാണ് ഏറ്റവും അവസാനത്തേത്.  പുതിയ തലമുറയ്ക്ക് അന്യമാകുന്ന ആലപ്പുഴയിലെ വള്ളികുന്നത്തെ വിഷ്ണുക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഈ കഥ തികച്ചും കൗതുകം ജനിപ്പിക്കുന്നു. 

പുതുതലമുറ മറന്നുപോകാൻ ഇടയുള്ള ഒരുപിടി ചരിത്ര സംഭവങ്ങളും, വ്യക്തികളും ശോഭയോടെ തിളങ്ങിനിൽക്കുന്ന പുസ്തകമാണ്  'പലപ്പോഴായി ചിലർ'. നമ്മുടെ നാട് സഞ്ചരിച്ച വഴികൾ എത്ര കഠിനവും ദുരന്തപൂർണ്ണവും ആയിരുന്നുവെന്ന് പിന്തിരിഞ്ഞു നടത്തം കൂടിയാണ് ഈ കഥകളെല്ലാം. കലയും സംസ്‌കാരവും, രാഷ്ട്രീയവും, കാർട്ടൂണുകളും, ഐതീഹ്യങ്ങളും എല്ലാം ഒന്നിനൊന്നായി ഇഴചേർന്നു നിൽക്കുന്ന എഴുത്ത്. പതിനേഴ്‌ വ്യക്തികളുടെ ജീവിത കഥകൾ എന്നതുപോലെ തന്നെ അവരുടെ സാകാലികരും, ദേശവും, സഹവാസികളും എല്ലാം കൂടിചേർന്നൊരു വിവരണം കഥകൾ പോലെ വായിച്ചുപോകാം. തൻറെ ദീർഘനാളത്തെ എഴുത്തുപരിചയം വെളിവാക്കുന്നതാണ്  എഴുത്തുകാരന്റെ പ്രതിപാദനരീതി. വിരസമാക്കാത്ത ഒരനുഭവമായിതീരുന്ന ഇത്തരം ഗ്രന്ഥങ്ങൾ പുതുതലമുറയ്ക്ക് അറിവും, പഴയ തലമുറയ്ക്ക് ഓർമ്മ പുതുക്കലും ആകുന്നു.  

പഴമയുടെ കുളിരും, ഓർമ്മകളിലെ ഗൃഹാതുരത്വവും ഒന്നുപോലെ നിറഞ്ഞുനിൽക്കുന്ന ഈ പുസ്തകം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല പോലെ രസകരമായ വായനയാണ് നൽകിയത്. പോയ്പോയകാലത്തേക്ക് തിരിഞ്ഞു നോക്കുവാൻ ആഗ്രഹിക്കുന്നവർക്കും വിജ്ഞാനകുതുകികൾക്കും ഒരിക്കലും നഷ്ടകച്ചവടമാക്കാത്ത റഫറൻസ് ഗ്രന്ഥം.

ഡോൺ ബുക്‌സ് ആണ് പ്രസാധകർ. 118 പേജുകൾ, വില 140 രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA