ആദി മദ്ധ്യാന്തങ്ങള്‍ വിസ്തരിക്കാനാവാത്ത ഒരു ജീവിതയാത്രയിലെ സഞ്ചാരിയായ വിശിഷ്ട വ്യക്തിത്വത്തെപ്പറ്റി പറയുമ്പോള്‍ എവിടെ തുടങ്ങണം എന്നത് അപ്രസക്തം. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്ന ഒഎൻവി കുറുപ്പ്. കേരളത്തിലെ ഒരു കടലോര ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന തന്നില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് സ്വന്തം പിതാവാണെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. കവിതയോടും സംഗീതത്തോടും അഗാധമായ താല്‍പ്പര്യം, ദീനരോടും നിരാലംബരോടുമുള്ള അനുകമ്പ ഇതെല്ലം അച്ഛനില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ച സമ്പത്തുകള്‍.
കവിതയിലൂടെത്തന്നെയാണ് നാം ഒരു കവിയെ വ്യക്തമായി തിരിച്ചറിയുന്നത്, “ഏകാന്തതയുടെ അമാവാസിയില്‍ തനിക്കു കയ്യില്‍ വന്ന ഒരുതുള്ളി വെളിച്ചമാണ് കവിത” എന്നദ്ദേഹം പറയുന്നു. ഭാവസാന്ദ്രവും സംഗീതാത്മകവും ഭൂമിയിലെ സ്നേഹബന്ധങ്ങളെ പ്രകീര്‍ത്തിച്ച് കാട്ടുന്നവയും ആണ് ഒഎൻവി കവിതകള്‍. ആവിഷ്കരണത്തിലെ അസാധാരണത്വം, അനുഭൂതിയുമായി ചേര്‍ന്നുപോകുന്നതും വളരെ ലളിതസുന്ദരവും, ഏതൊരനുവാചകനും സുഗമമായി വായിച്ചു ഗ്രഹിക്കാന്‍ കഴിയുന്നതുമാണ് അദ്ദേഹം എഴുതുന്ന വരികള്‍. അര്‍ത്ഥവ്യാപ്തിയില്‍ അഭൗമികമാവുന്ന സര്‍ഗ്ഗാത്മകത തുളുമ്പുന്ന പദസമ്പുഷ്ടിയാല്‍ പ്രസന്നമായ കവിതകളാണ് മിക്കവയും.
“വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍”.
വിശാലമനസ്കതയും ഉറച്ച വിശ്വാസവും ദ്യോതിപ്പിക്കുന്ന വരികള്‍. മിക്കവാറും എല്ലാം തന്നെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ ഉറഞ്ഞുകൂടുന്ന ദുഃഖത്തിന്‍റെ പ്രതിഫലനങ്ങള്‍ ആണെന്ന് തോന്നാറുണ്ട്.
“അഗ്നിശലഭങ്ങള്‍” എന്ന സമാഹാരത്തില്‍ വ്യതിരിക്തമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായ കവിതകള്‍ വായിക്കയുണ്ടായി.
“പൂവുകളായിരം കീറിമുറിച്ചു ഞാന്‍
പൂവിന്‍റെ സത്യം പഠിക്കാന്‍
ഹൃദയങ്ങളായിരം കൊത്തിനുറുക്കി ഞാന്‍
ഹൃദയത്തിന്‍ തത്ത്വം പഠിക്കാന്‍” –
ഹാ ! എത്ര ഉദാത്തമാണെന്ന് നോക്കൂ, “ഞാന്‍” എന്ന കവിതയിലെ ഈ വരികള്‍?
ആഴമളക്കാന്‍ പറ്റാത്ത സത്യമായി, സാന്ത്വനമായി, പ്രകൃതിയുമായി ബന്ധിപ്പിക്കുന്ന ചങ്ങലയായി അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. അത് മനുഷ്യരാശിക്ക് നന്മയും ശാന്തിയും പ്രദാനം ചെയ്യുന്നവയാകാം. മുറിവില്‍ ഇറ്റുന്ന തൈലമാവാം, ഒരു ചുടു നിശ്വാസമാവാം, നൊന്തു പിടയുന്ന മനസ്സാവാം, കണ്ണുനീര്‍ തുള്ളികളാവാം., വിരഹവേദനയാവാം. സ്നേഹത്തിനുള്ള ദാഹം, കാത്തിരിപ്പ്, നിഷേധം, വിരഹം, താക്കീത് ഇമ്മാതിരി പ്രതിഭാസങ്ങള്‍ പ്രകാശിപ്പിച്ചുകൊണ്ട് വുത്യസ്ത വഴികളിലൂടെ കവിതകള്‍ സഞ്ചരിക്കുന്നു.
തന്‍റെ കവിതയില്‍ സംഗീതമുണ്ടെങ്കില്‍ അത് സഹജമെന്ന് അദ്ദേഹം വിലയിരുത്തുന്നു. എന്റെ ഒരനുഭവം പറയാം...വിദേശത്ത് ഞാന്‍ ഏവിയേഷന്‍ മ്യുസിയം സന്ദര്‍ശിച്ച അവസരത്തില്‍ ഒരു മാത്ര അദ്ദേഹത്തെ ഓര്‍ത്തു നിന്നു. ചന്ദ്രനില്‍ നിന്ന് ബഹിരാകാശസഞ്ചാരികള്‍ കൊണ്ടുവന്ന ഒരു കല്ല് പ്രദര്‍ശിപ്പിച്ചിരുന്നു അവിടെ. “കെട്ടുപോയ് ഞങ്ങളിലെ സൂര്യന്‍. താനേ കെട്ടതോ, കെടുത്തിയതോ?” അത് എന്നോടങ്ങനെ ചോദിച്ചുവോ? മഹാകവിയുടെ മനസ്സറിഞ്ഞെന്ന പോല്‍.
“കവിജന്മം, സുകൃത ജന്മം” അതാണ്, പ്രൊഫ.ഡോ. ഒഎൻവി കുറുപ്പ്.
1946 ല്‍ ആദ്യ കവിത, ആഴച്ചപ്പതിപ്പില്‍ (പ്രാദേശികം) അച്ചടിച്ചു വന്നതു മുതല്‍ 1916ല്‍ അദ്ദേഹം മരിക്കുന്നതു വരെയുള്ള നേട്ടങ്ങളുടെ പട്ടിക വിസ്തരഭയത്താല്‍ ഞാന്‍ ഇവിടെ കുറിക്കുന്നില്ല. 1949 ലാണ് ആദ്യ കവിതാ സമാഹാരം “പൊരുതുന്ന സൗന്ദര്യം” വെളിച്ചം കണ്ടത്. സമുന്നതമായ ജ്ഞാനപീഠം അവാര്‍ഡ് ഉള്‍പ്പടെ, അനവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീ; പത്മവിഭൂഷണ്‍ ബഹുമതികളും കരസ്ഥമാക്കി.
ഫിലിം ഇൻഡ്രസ്റ്റിയില്‍ പയറ്റിത്തെളിഞ്ഞ ഗാനരചയിതാവ്. അനേകം ഹിറ്റ് ഗാനങ്ങളുടെ ജനയിതാവ്. അങ്ങനെ വിശേഷണങ്ങള്‍ അനവധി. കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരള കലാമണ്ഡലം ചെയര്‍മാന്‍ തുടങ്ങി അദ്ദേഹം അലങ്കരിച്ച സ്ഥാനമാനങ്ങള്‍ വേറെയും. ആറു പതിറ്റാണ്ടുകള്‍ നീളുന്ന സാഹിത്യസപര്യ. ആ അപദാനങ്ങള്‍ എത്ര വാഴ്ത്തിയാലും മതിയാവുന്നതല്ല. മാനവികതയുടെ പക്ഷത്തു ചേര്‍ന്ന് നില്‍ക്കുന്ന ഏതൊരു കവിയ്ക്കും ഒഎൻവി എന്ന നമ്മുടെ മഹാകവി നല്ലൊരു മാര്‍ഗ്ഗദര്‍ശിയാണ്. ഞാന്‍ വായിച്ച മൂന്നു സമാഹാരങ്ങള്‍ അതെന്നെ ബോധ്യപ്പെടുത്തുന്നു.
സവിനയം പ്രണമിക്കുന്നു, ആ മഹാനുഭാവനെ !