sections
MORE

ബഷീറും ബഷീറിയൻ ഭാഷയും

basheer
SHARE

മലയാള  സാഹിത്യ  ലോകത്തെ പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ് അക്ഷര -സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ.മലയാള -ഭാഷയിൽ സ്വന്തമായൊരു ഇരിപ്പിടം സൃഷ്ടിക്കുകയും തന്റേതായ ഭാഷാ ശൈലി കൊണ്ട് മലയാളിയുടെ ഭാഷാ ലാവണ്യ  ബോധത്തെ അട്ടിമറിക്കുകയും ചെയ്ത് കൊണ്ട് അദ്ദേഹം സമ്പന്നമാക്കിയ ഭാഷാസാഹിത്യം ഇതിഹാസത്തിന്റെ ഭാഗം തന്നെയാണ്.

അങ്ങാടിയിൽ,തെരുവിൽ,വീടകത്തളങ്ങളിൽ എല്ലാം ബഷീറിന്റെ കഥാപാത്രങ്ങൾ ഉണ്ട്.ഗ്രാമജീവിതത്തിന്റെ ലാളിത്യവും നോവും വേവും വിഹ്വലതകളും സമം ചേർത്ത് കണ്ണിയിണക്കി  വായനക്കാരന് വിരുന്നൂട്ടിയ ബഷീർ,അനുഭവങ്ങളുടെ വെയിലും മഴയും നനഞ്ഞ ഉമ്മറക്കോലായിൽ ആഖ്യയും ആഖ്യാതവും ഇല്ലാതെ നല്ല 'ചപ്ലാച്ചി 'ഭാഷയിൽ നർമ്മം ചാലിച്ച്‌ ബഷീറിയൻഭാഷയെന്ന കാൻവാസിലേക്ക് പകർന്നുനൽകി.

ഭാഷണ പ്രയോഗങ്ങൾകൊണ്ട് ആധുനിക ഭാഷാ ശൈലിയുടെ വടിവൊത്ത ലോകത്തെ മുഴുവനായും പിളർത്തുന്ന  ഉജ്ജ്വലമായ ഭാഷാസാഹിത്യമാണ് ബഷീർസാഹിത്യവും ബഷീറിയൻഭാഷയും.അലക്കിത്തേച്ചു വടിവൊപ്പിച്ച വ്യാകരണവഴക്കങ്ങൾ തള്ളി വരമൊഴിയുടെ ഭാഗമാക്കിത്തീർത്തഅസംഖ്യം  വാമൊഴികളും ശബ്ദങ്ങളുമാണ്മറ്റെഴുത്തുകാരിൽനിന്നും ബഷീറിനെ  വ്യത്യസ്തനാക്കുന്നത്. 

അർത്ഥശൂന്യമായ വാക്കുകൾക്കും ശബ്ദങ്ങൾക്കും  താളലയമുണ്ടെന്നും കഥാപാത്രങ്ങളുടെ ഭാഷയും ശൈലിയും  ഗദ്യശൈലിയുടെ രസനീയതയും  പദസമ്പത്തും  പ്രസക്തമാക്കുന്നുണ്ടെന്ന്  ബഷീർ തന്റെ കൃതികളിലൂടെ കാണിച്ചുതരുന്നു. നിരർത്ഥക ശബ്ദജാലങ്ങളിലൂടെ ഹാസ്യത്തിന്റെ പൊടിപ്പുകളുണ്ടാക്കാൻ  അസാമാന്യമായ സമർഥ്യമുള്ളതും സാഹിത്യത്തിന്റെ പരിധി-പരിമിതികൾക്കപ്പുറം പോകുന്നതുമായ നവീനമായൊരെഴുത്ത്  ബഷീറിന്റെ ഭാഷാനിർമ്മിതിയിലുടനീളം നമുക്ക് ദർശിക്കാം .

കുണ്ട്രപ്പി , ബുസ്സാട്ടോ , ഡ്രങ്ക്‌ ഡിങ്കാഹോ ,ഹുലീ ഹലീയോ ഹുലി ,ഹുലാലോ ,ഹൻധോന്തു തുടങ്ങിയ വാക്കുകളും ശബ്ദപ്രയോഗങ്ങളും ഭാഷണ  വൈവിധ്യങ്ങളും  കൊണ്ട് സമ്പുഷ്ടമായ ബഷീർസാഹിത്യത്തിലൂടെ  തീർത്ഥാടനം നടത്തുന്നത് ഭാഷയുടെയും ശൈലീപ്രയോഗങ്ങളുടെയും മൂലസ്രോതസ്സിലേക്കാണെന്നു കാണാം. 

ശബ്ദവും വസ്തുവും തമ്മിലുള്ള യുക്തി ബന്ധത്തിൽനിന്നാണ് ഭാഷയുടെ പിറവി എന്ന് സിദ്ധാന്തിക്കുന്ന ഭാഷാപണ്ഡിതന്മാരുടെ വാമൊഴികളും ബഷീർ പിൻപറ്റുന്നുണ്ടെന്ന്  അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം സാക്ഷ്യം നൽകുന്നുണ്ട്. ആഗ്നേയവും യുക്തിരഹിതവും ആയ ശോകത്തെ ചിത്രീകരിക്കാൻ പ്രസാദാത്മകമായ ഒരു ഭാഷ നോവലിലും കഥകളിലും കൊണ്ടുവന്നതിലൂടെ  ബഷീറിന്റെ ശബ്ദങ്ങളിലൂടെ വാക്കുകളുടെ അർത്ഥ തലങ്ങളിലേക്കല്ല ശബ്ദത്തിന്റെ പ്രയുക്തതയിലേക്കാണെന്നു ബോധ്യമാകും. 

വ്യാകരണത്തിന്റെ കടുംപിടുത്തങ്ങളും അലങ്കാരങ്ങളുടെ കടുംകെട്ടുകളുമില്ലാത്ത മേലാളന്മാരുടെ വ്യാകരണക്കെട്ടുകളിൽ നിന്നും ജീവിതത്തിന്റെ അനുഭവവർത്തമാനങ്ങളിലേക്കദ്ദേഹം ഭാഷയെ ഇറക്കിപ്രതിഷ്ഠിച്ചു .ബഷീറിന്റെ 'ആഖ്യാന' ശൈലി ഉദാത്തമാവുന്നത് പദസന്നിവേശത്തിലെ അടുക്കും ചിട്ടയും പാലിച്ചാണ്.  അതുപോലെ പ്രസാധനത്തെ മുകരുന്ന വിഷാദഭാവവും നർമ്മം ചേർത്തൊപ്പിച്ച അനുഭവസാന്ദ്രമായ ഗ്രാമീണശൈലിയും നാടൻ പദപ്രയോഗങ്ങളും മലയാളത്തിന്റെ ഏറ്റുപറച്ചിലിന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ കൃതികളെ വ്യത്യസ്തമാക്കി.     

ചിലപ്പോഴൊക്കെ പച്ച  മലയാളത്തിൽനിന്നും മാറി സംസ്കൃതഭാഷയുടെയും ആംഗലേയ  ഭാഷയുടെയും പിന്നാലെ ബഷീർ സഞ്ചരിക്കുന്നതായി  കാണാൻ സാധിക്കുമെങ്കിലും അക്ഷരങ്ങളുടെ മെഴുതിരിവെട്ടം കൂടാതെതന്നെ ബഷീറിയൻ ഭാഷാലോകത്തേക്ക് ഏതൊരു വായനക്കാരനും അനായാസേന കടന്നുചെല്ലാമെന്നത് പ്രതിഭാധനനായ ബഷീറിന്റെയും ബഷീർസാഹിത്യത്തിന്റെയും ബഷീറി യൻ  ഭാഷയുടെയും മാത്രം പ്രത്യേകതയാണ്.

ഭാഷയിലെ ഭാവനയാണ് സാഹിത്യമെങ്കിൽ സാഹിത്യത്തിലെ ലാളിത്യമായിരുന്നു ബഷീർ .ബഷീർ വ്യാകരണമല്ല തെറ്റിക്കുന്നത് വ്യാകരണം ഭാഷയിൽ ചെലുത്തുന്ന അധികാരത്തെയാണ്. ഭാഷയെന്നത് മാനകീകൃതപദങ്ങളല്ല മറിച്ച് മാനവശബ്ദങ്ങളാണെന്നും അദ്ദേഹത്തിന്റെ കൃതികളിലൂടെ നമുക്ക് തിരിച്ചറിയാം. ഭാഷയെ അധികാരസംസ്കാരത്തിന്റെ കേന്ദ്രമാക്കുന്ന ആധുനിക യുക്തിക്കെതിരായ പ്രതിരോധമായി മാറുന്ന ബഷീറിന്റെ ശൈലികളും ഭാഷാ പ്രയോഗങ്ങളുമെല്ലാം ഭാഷണ വൈവിധ്യത്തെയും അർത്ഥഘടനയെയും ഉടനീളം തകർക്കാൻ ശ്രമിക്കുന്നു എന്നതിൽ തർക്കമില്ല.

ഭാഷാപ്രയോഗങ്ങളിൽ കേവലം ഊന്നലിലെ വ്യതാസംകൊണ്ട്  അർത്ഥ ഘടന മാറുകയും ഖണ്ഡികകൾ മാറുമ്പോൾ മുൻകൂറായി കരുതപ്പെട്ട അർത്ഥങ്ങൾ അവസാന ഖണ്ഡികയിലേക്കെത്തുമ്പോൾ തലകീഴായി മറിയുകയും ചെയ്യുന്ന പ്രതിഭാസവും ബഷീറിയൻ സാഹിത്യത്തിന്റെ മാത്രം സാമാന്യസ്വഭാവമെന്നത് ഏറെ ശ്രദ്ധനീയവും ചിന്തനീയവുമായ കാര്യമാണ് . "ഡും പാത്തുമ്മയുടെ ആട് പെറ്റു" ,ഇത്തരം ശബ്ദങ്ങൾ പ്രയോഗിക്കുമ്പോൾ എവിടെയും മുഴച്ചുനിൽക്കാതെ കഥയിലുടനീളം ലയിപ്പിക്കാനുള്ള വിശ്വശൈലീപിതാവിന്റെ അസാമാന്യമായ കഴിവ് അനിർവ്വചനീയമാണ് .

ആഖ്യാതാവ് ആഖ്യാനത്തിനു ശക്തിയും സൗന്ദര്യവും പകർന്നുനൽകാനുപയോഗിക്കുന്ന ഇത്തരം ശബ്ദങ്ങളും പ്രയോഗങ്ങളും അദ്ദേഹത്തിന്റെ പല കൃതികളുടെയും വായനാനുഭവത്തിനു മാറ്റു കൂട്ടുന്നു. സാധാരണ മനുഷ്യജീവിതത്തെ മലയാളസാഹിത്യത്തിന്റെ വാതായനത്തിലൂടെ തുറന്നുവിടാൻ പുതിയൊരു ഭാഷയും വ്യാകരണവും സൃഷ്ടിച്ച ഭാഷാശൈലിപ്രയോഗങ്ങളുടെ പിതാവായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാൻ അദ്ദേഹത്തിന് സാധിച്ചു.മലയാള സാഹിത്യത്തിന്റെ ചവിട്ടുപടി കയറിവരുന്ന ഏതൊരു മലയാളിക്കും ബഷീർ സാഹിത്യവും ബഷീറിയൻ ഭാഷയും ഏറെ പ്രിയപ്പെട്ടതു  തന്നെയാണെന്ന് നിസ്സംശയം പറയാൻ സാധിക്കും.വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മലയാള  സാഹിത്യത്തിന്റെ ഉമ്മറക്കോലായിൽ ബഷീറിന്റെ ചാരുകസേര ഇപ്പോഴും ഒഴിഞ്ഞു  തന്നെ കിടക്കുന്നു.  മലയാള സാഹിത്യത്തിൽ പകരക്കാരനില്ലാത്ത ബേപ്പൂർ സുൽത്താൻ വരും തലമുറകളിലും ഭാഷാശൈലി പിതാവായിത്തന്നെ അറിയപ്പെടുമെന്നതിൽ സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA