ADVERTISEMENT

കരുതിയതല്ലൊരു കവിത യിനിയുമെൻ

വിരൽത്തുമ്പിലൂടൊഴുകിയെത്തിടുമെന്നതോ !,

സിരകളിൽ ധമനികളിൽ പ്ലാക്കായ് ചേക്കേറും

കറകളെ നീക്കുവാൻ ഹൃദയം പിളർന്നഥ

കരവിരുതാർന്നൊരാ ഭിഷഗ്വരശ്രേഷ്ഠർതൻ

കരങ്ങളാൽ ജീവസ്സു പകർന്നു സചേതനം

ഒരു തിരിനാളമായെരിവാനീ ജീവനെ

കരുണാമയനേ നീ തന്നതാൽ നമിപ്പിതേൻ !

 

ഉരുകും കരളുമായ് ചാതുർ ദശനാളുകൾ

നെരിപ്പോടിനൊപ്പമായ് കത്തിയെരിയുമൊരു

പരിതപ്ത ചിത്തവുമർത്ഥനാ മന്ത്രണവും

നുറുങ്ങുന്ന ചിത്തങ്ങൾ ദർശിക്കും സുരനാഥൻ

മരണവക്രതത്തിന്നഗാഥ ഗർത്തത്തിൽനിന്നും

തിരുക്കരം നീട്ടി കരേറ്റും ശക്തിയേ നമോ !

അറിയുന്നു ഞാനിന്നു ശുശ്രൂഷാ വ്യഗ്രരായ്

വിരവോടോടിയെത്തും നേഴ്സസും സേവകരും

ഒരു നിമിഷം പോലും വൃഥാവിലാക്കീടാതെ

പരിചരിച്ചീടുമാ സാന്ത്വന ലേപാമൃതം,

നിറയ്ക്കുന്നു മാനസേ ആശിസനിർഝരണി

അറിയുന്നു ഞാനിന്നാ സേവന തല്പരത !

 

മറക്കുന്നു സ്വയമവർ നിസ്വാർത്ഥർ നേഴ്സുമാർ

കരുണാർദ്ര മാനസർ മാലാഖാ തുല്യരവർ ;

തിരിനാളമായെരിഞ്ഞു സൗഖ്യം നിറയ്ക്കുവോർ

കരയുന്ന മാനസർതൻ ദൈന്യമുഖങ്ങളും

നിരാംലംബരായ് വിധി നൽകും വിഹിതം കാക്കും

പരമ ദൈന്യത്തിന്റെ മനുഷ്യരൂപങ്ങളെ

നിരന്തരം ദർശിക്കാ മാസ്പത്രി കവാടത്തിൽ

നരജന്മത്തിന്നപാര ദൈന്യം തിങ്ങുന്നിടം

 

ഒരുവനും ആരിലും മേലല്ല, കാട്ടുന്നിടം

ഞരമ്പിലാഴ്ത്തും സൂചിയിൻ ചുംബനത്തിലാരും

നിരായുധർ ആരോഗ്യത്തിനു തുല്യമില്ലേതും

കരുണാർദ്രനാം ദൈവത്തെ തേടും അദേവരും.

ഒരു ദിനം കൂടിയീ യാസ്പത്രിയിലീശ്വര

കരുണയ്ക്കു നന്ദിസ്തവങ്ങളുമായ് നില്പിതേൻ !

 

40 നീണ്ട കാതര ദിനങ്ങളിലെ ഒരു ഐസിയു വാസത്തിന്റെ പ്രസഫുടിതം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com